02 ഡിസംബർ 2020

ഒരു പെര്‍മിറ്റും വേണ്ട, സ്വകാര്യ ബസുകള്‍ക്ക് ഏത് റൂട്ടിലും ഓടാം; വേണ്ടത് ലൈസന്‍സ് മാത്രം
(VISION NEWS 02 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകന്‍കിട കമ്പനികള്‍ക്ക് പെര്‍മിറ്റില്ലാതെ ഏതു റൂട്ടിലും ബസ്സോടിക്കാന്‍ അനുമതിനല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയതിനൊപ്പമാണിത്. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സര്‍ക്കാരിനും ഉത്തരവിറക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.

ഓണ്‍ലൈനില്‍ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഇതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് നല്‍കി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം അഗ്രഗേറ്റര്‍ ലൈസന്‍സ് സമ്പാദിക്കുന്നവര്‍ക്ക് കിട്ടും. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിനെ നിയന്ത്രിക്കാന്‍ ഇറക്കിയ ഭേദഗതി കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തക തകര്‍ക്കുന്നതാണ്. കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരം ഓണ്‍ലൈന്‍ ടാക്സികളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് കേന്ദ്ര നടപടി.

നിലവിലെ അന്തഃസംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് അഗ്രഗേറ്റര്‍ ലൈസന്‍സ് എടുത്താല്‍ ഏത് റൂട്ടിലും ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയും. ഇവര്‍ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനങ്ങളും മൊബൈല്‍ ആപ്പും നിയമവിധേയമാക്കി. ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും യോഗ്യതയും നിഷ്‌കര്‍ഷിച്ചു. ഇവര്‍ക്ക് പരിശീലന ക്ലാസുകളും ആരോഗ്യ പരിശോധനയും ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. യാത്രക്കാര്‍ക്ക് ഡ്രൈവര്‍മാരുടെ സേവനങ്ങള്‍ വിലയിരുത്തി മാര്‍ക്കിടാം.

അഞ്ചുവര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. 100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികള്‍ ഒരുലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്ക്കണം. സഹകരണനിയമപ്രകാരം രജിസ്ട്രര്‍ചെയ്ത സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാരുകളോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികളോ ആണ് ലൈസന്‍സ് നല്‍കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചാല്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ സ്വകാര്യവാഹനങ്ങളും ഉപയോഗിക്കാം. അന്തഃസംസ്ഥാന പാതകളിലെ സ്വകാര്യബസുകള്‍ നിയമവിധേയമാക്കുന്നതാണ് ഓണ്‍ലൈന്‍ അഗ്രഗേറ്റര്‍ പോളിസി.

നിലവിലെ പെര്‍മിറ്റ് അപ്രസക്തമാകും

ഓണ്‍ലൈന്‍ പോളിസി നടപ്പാകുന്നതോടെ നിലവിലെ പെര്‍മിറ്റ് വ്യവസ്ഥ അപ്രസക്തമാകും. കോണ്‍ട്രാക്റ്റ് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ പ്രത്യേകം ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോകുന്നത് റൂട്ട് ബസ് പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനമാണ്. ഇതുപയോഗിച്ചാണ് അനധികൃത ബസുകള്‍ മോട്ടോര്‍വാഹനവകുപ്പ് തടഞ്ഞിരുന്നത്. 

എന്നാല്‍, ഓണ്‍ലൈനില്‍ ടിക്കറ്റ് വില്‍ക്കാനും യാത്രക്കാരെ കൊണ്ടുപോകാനും അനുമതി ലഭിച്ചതോടെ ഇവ തടയാന്‍ കഴിയാതെവരും. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ചശേഷം നടപടിയെടുക്കുമെന്നും ഗതാഗതവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കടപ്പാട് : മാതൃഭൂമി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only