29 ഡിസംബർ 2020

കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപ്പിടിത്തം
(VISION NEWS 29 ഡിസംബർ 2020)കോഴിക്കോട്: ചെറുവണ്ണൂർ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തിൽ വൻ തീപ്പിടിത്തം. രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. 

ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. 20 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്ത് തന്നെ പോലീസ് സ്റ്റേഷനുണ്ടായിരുന്നതിനാല്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനായി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.


ആക്രിക്കടയ്ക്ക് സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ തീപ്പിടിത്തം ഉണ്ടായ ഉടന്‍ പോലീസ് എടുത്തുമാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നല്ലളം പോലീസിന്റെ നേതൃത്വത്തില്‍ തന്നെ സമീപത്തുണ്ടായിരുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

സമീപത്ത് കാര്‍ഷോറൂമുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഉള്ളതിനാല്‍ തീ പടരുന്നത് തടയാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്. ആക്രിസാധനങ്ങള്‍ക്ക് തീപിടിച്ചത് മൂലമുണ്ടായ കനത്ത പുക  രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഒരു ഭാഗത്ത് തീയണയ്ക്കുമ്പോള്‍ മറുഭാഗത്ത് തീ ആളിപ്പടരുകയാണ്. അതിനാല്‍ തന്നെ കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.

 കടപ്പാട് :മാതൃഭൂമി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only