20 December 2020

പ്രഭാത വാർത്തകൾ
(VISION NEWS 20 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക*പ്രഭാത വാർത്തകൾ*
2020 ഡിസംബർ 20 | 1196 ധനു 5 | ഞായർ | ചതയം |
➖➖➖➖➖➖➖➖

🔳കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളുടെ ജീവനാഡിയായ പശ്ചിമഘട്ടം അപായ മുനമ്പിലെന്ന് യുനെസ്‌കോയുടെ പരിസ്ഥിതി റിപ്പോര്‍ട്ട്. അടിയന്തര സംരക്ഷണ നടപടികളുണ്ടായില്ലെങ്കില്‍ ജൈവവൈവിധ്യങ്ങള്‍ക്കൊപ്പം പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന ജനതയുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ലോകത്തെ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളില്‍ അതിപ്രാധാന്യമുള്ളതാണ് പശ്ചിമഘട്ടം. ഇതാദ്യമായാണ് പശ്ചിമഘട്ടമെന്ന അപൂര്‍വ ജൈവവൈവിധ്യ മണ്ഡലത്തിന്റെ സംരക്ഷണത്തില്‍ യുനെസ്‌കോ ആശങ്ക പ്രകടിപ്പിക്കുന്നത്.

🔳കൊവിഡ് -19 കാലത്തെ പ്രതിസന്ധികള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് ഇതുവരെ കാണാത്ത തരത്തിലുള്ള ബജറ്റാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കൊവിഡിനെ തുടര്‍ന്ന് തകര്‍ന്ന സമ്പദ് വ്യവസ്ഥയെ പുനരുജീവിപ്പിക്കാനും വളര്‍ച്ചാ നിരക്ക് തിരിച്ചുപിടിക്കാനും ആവശ്യമായ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

🔳ഉത്തരേന്ത്യയിലെ കടുത്ത ശൈത്യത്തിലും ശക്തമായ രീതിയില്‍ പ്രക്ഷോഭം തുടരുന്ന കര്‍ഷകരെ അനുമോദിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. കര്‍ഷക പ്രക്ഷോഭത്തിന് രാജ്യവ്യാപക പിന്തുണ നല്‍കണമെന്ന് സിപിഎം എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

🔳കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ സഖ്യകക്ഷി രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) നേതാവ് ഹനുമാന്‍ ബെനിവാള്‍ മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്നും രാജിവെച്ചു. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിസംബര്‍ 26ന് രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പാര്‍ട്ടി നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്നും ഹനുമാന്‍ ബെനിവാള്‍ അറിയിച്ചു. ബിജപിയില്‍ കര്‍ഷക നേതാക്കള്‍ ആരും തന്നെയില്ലെന്നും അതുകൊണ്ടാണ് ബിജെപിക്ക് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാവാത്തതെന്നും അദ്ദേഹം ആരോപിച്ചു.

🔳കോണ്‍ഗ്രസ് അധ്യക്ഷനായി വീണ്ടുമെത്തണം എന്ന ആവശ്യം തള്ളി രാഹുല്‍ ഗാന്ധി. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.  കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. ശക്തമായ നേതൃത്വമില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക യോഗം പങ്കുവെച്ചു. ഇക്കാര്യത്തില്‍ കൃത്യമായ ആത്മപരിശോധന വേണമെന്ന നിലപാടും പലരും മുന്നോട്ട് വെച്ചു. എന്നാല്‍ തിരുത്തല്‍വാദി നേതാക്കള്‍ ഉന്നയിച്ച 11 നിര്‍ദേശത്തില്‍ ഇന്നലെ ചര്‍ച്ചയുണ്ടായില്ല.

🔳തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ യു.ഡി.എഫിന്റെ നേതൃത്വം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയമാണ് ഉയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയോയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ ചോദിച്ചു.

🔳മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിലവാരമില്ലായ്മയാണ് കാണിക്കുന്നതെന്ന് ചെന്നിത്തല. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ മുസ്ലീം ലീഗ് ഇടപെടാറില്ല. ഇത് മോശമായിപ്പോയി. വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടി മുഖ്യമന്ത്രി ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും ചെന്നിത്തല.

🔳തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചത് നേട്ടമായെങ്കിലും ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ആര്‍എസ്എസ് പരിവാര്‍ യോഗത്തില്‍ വിലയിരുത്തല്‍.  ബിജെപിയുടെ പല സിറ്റിങ് സീറ്റുകളും നിലനിര്‍ത്താനായില്ലെന്നും ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഇപ്പോള്‍ ലഭിച്ച സീറ്റുകള്‍ നിലനിര്‍ത്താനും, കൂടുതല്‍ സീറ്റുകള്‍ നേടാനും സാധിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് രൂപീകരിക്കേണ്ടതെന്നും യോഗം നിര്‍ദ്ദേശിച്ചു.

🔳കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്. ഒരു യുഡിഎഫ് വിമതന്‍ കൂടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു.  ലീഗ് വിമതനായ ടികെ അഷ്‌റഫ് കഴിഞ്ഞ ദിവസം എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച സനില്‍ മോനും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കൊച്ചി നഗരസഭയില്‍ എല്‍ഡിഎഫ് ഭരണമുറപ്പിച്ചത്.

🔳തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മിന്നും വിജയം നേടിയ കോഴിക്കോട് കോര്‍പ്പറേഷനില്‍ ഡോ.ബീന ഫിലിപ്പ് മേയറാവും. കപ്പക്കല്‍ വാര്‍ഡില്‍ നിന്നും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച മുസാഫിര്‍ അഹമ്മദാവും പുതിയ ഡെപ്യൂട്ടി മേയര്‍. ജില്ലാകമ്മിറ്റി അംഗമായ കാനത്തില്‍ ജമീലയാകും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

🔳ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിലൂടെ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

🔳ജനുവരിയില്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്നും എണ്ണം സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗത്തില്‍ തീരുമാനം. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ക്ക് നല്‍കും. ജനുവരി 1 മുതല്‍ 10, 12 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സംശയ നിവാരണത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂളുകളില്‍ എത്താവുന്നതാണെന്ന് യോഗത്തില്‍ തീരുമാനമെടുത്തു.

🔳ശബരിമലയില്‍ ഞായറാഴ്ചമുതല്‍ 5000 പേരെ പ്രവേശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും ഇതിനായി ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചില്ല. ഓണ്‍ലൈന്‍ ബുക്കിങ്ങിന് പോലീസിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനം ശനിയാഴ്ച രാത്രിവരെയും തുറന്നുനല്‍കിയിട്ടില്ല. ഇതുകാരണം ഞായറാഴ്ച 5000 പേര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല.

🔳കെഎസ്ആര്‍ടിസി ജീവനക്കാരുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി മന്ത്രി എകെ ശശീന്ദ്രന്‍. 2018 മാര്‍ച്ച് മുതലുളള സപ്ലിമെന്ററി ശമ്പളമാണ് വിതരണം ചെയ്യുക. 12,000 ത്തോളം ജീവനക്കാര്‍ക്കായി 9.25 കോടി രൂപയാണ് ഈ ഇനത്തില്‍ നല്‍കാനുണ്ടായിരുന്നത്.

🔳സംസ്ഥാനത്ത് ഇന്നലെ 59,995 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2786 ആയി. 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 60,396 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി 171, കാസര്‍ഗോഡ് 119.

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അഷ്‌റഫ് (62), വര്‍ക്കല സ്വദേശി അബ്ദുള്‍ മജീദ് (80), വെമ്പായം സ്വദേശിനി ലീല (65), കാട്ടാക്കട സ്വദേശി സ്മിതാമ്മ (75), കൊല്ലം മടന്നട സ്വദേശിനി എ.കെ. സുമതി (88), പത്തനംതിട്ട കോന്നി സ്വദേശി ചെല്ലപ്പന്‍ ആചാരി (86), ആലപ്പുഴ കൊറ്റന്‍കുളങ്ങര സ്വദേശിനി റഷീദബീവി (59), ചെങ്ങന്നൂര്‍ സ്വദേശി രവി (64), ചേര്‍ത്തല സ്വദേശിനി രാജമ്മ (82), മുഹമ്മ സ്വദേശിനി പങ്കജാക്ഷി അമ്മ (90), തലവാടി സ്വദേശി തോമസ് ഡാനിയല്‍ (90), മുതുകുളം സ്വദേശി ഗംഗാധരന്‍ നായര്‍ (73), കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ലൈലാമ്മ (41), ആനിക്കാട് സ്വദേശി രാമചന്ദ്രന്‍ നായര്‍ (70), എറണാകുളം നേരിയമംഗലം സ്വദേശി ബാലകൃഷ്ണന്‍ (80), മുളംതുരുത്തി സ്വദേശി പി.എന്‍. ജോഷി (55), പാലക്കാട് ദൈര സ്വദേശി സ്ട്രീറ്റ് സ്വദേശി ദാവൂദ് ഖാന്‍ (74), പുതുപരിയാരം സ്വദേശിനി സൈനബ (60), പുതുനഗരം സ്വദേശിനി റമീസ (60), കുഴല്‍മന്ദം സ്വദേശി പരമേശ്വരന്‍ (75), വല്ലാപുഴ സ്വദേശിനി ആമിന (85), കൊല്ലങ്കോട് സ്വദേശി മാധവന്‍ (45), കോഴിക്കോട് ആര്‍ട്‌സ് കോളേജ് സ്വദേശിനി അമിനാബി (75), വടകര സ്വദേശി ബാലന്‍ (80), വയനാട് പൂത്താടി സ്വദേശി കെ.പി. വാസുദേവന്‍ (70), കണ്ണൂര്‍ തലശേരി സ്വദേശി അബൂബക്കര്‍ (65), പാനൂര്‍ സ്വദേശി ഷമീം (35), ചേളേരി സ്വദേശി സി.വി. ഇബ്രാഹീം (75), അഴീക്കോട് സ്വദേശിനി സാഹിറ (60).

🔳സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 458 ഹോട്ട് സ്‌പോട്ടുകള്‍.

🔳തമിഴ്‌നാട്ടിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ സമ്മാനമായി 2500 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി കെ പളനിസ്വാമി. 2021 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എടപ്പാടി മണ്ഡലത്തില്‍ തുടക്കം കുറിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെ 2.6 കോടി അരി കാര്‍ഡ് ഉടമകള്‍ക്ക് പൊങ്കല്‍ പാക്കേജിന്റെ പ്രയോജനം ലഭിക്കും.

🔳കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറി ചുമതല വഹിച്ചിരുന്ന രുചി ഗുപ്ത സ്ഥാനം രാജിവെച്ചു. തുടര്‍ച്ചയായി തിരഞ്ഞെടുപ്പിലേറ്റ പരാജയവും നേതൃമാറ്റം സംബന്ധിച്ച അനിശ്ചിതത്വവും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരുന്നതിനിടയിലാണ് രുചി ഗുപ്തയുടെ രാജി. ഘടനാമാറ്റങ്ങളിലുണ്ടാകുന്ന കാലതാമസത്തിന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെയാണ് രുചി കുറ്റപ്പെടുത്തുന്നത്.

🔳ആര്‍എസ്എസ് സൈദ്ധാന്തികന്‍ എം.ജി.വൈദ്യ (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് നാഗ്പൂരിലെ സ്പന്ദന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

🔳കര്‍ണാടകയിലെ നരസപുരയില്‍ ഐഫോണ്‍ ഘടകങ്ങള്‍ നിര്‍മിക്കുന്ന വിസ്‌ട്രോണ്‍ ഫാക്ടറിയില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നാലെ ഫാക്ടറിയുടെ നടത്തിപ്പില്‍ വീഴ്ചകള്‍ സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച് ഉടമകള്‍. ശമ്പളം നല്‍കാതിരുന്നതിന് ജീവനക്കാരോട് കമ്പനി മാപ്പു പറഞ്ഞു. ഇന്ത്യ വൈസ് പ്രസിഡന്റ് വിന്‍സെന്റ് ലീയെ നീക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

🔳നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുളളയുടെ 11.86 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിനെ തുടര്‍ന്നാണ് നടപടി.

🔳തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച സുവേന്ദു അധികാരി ഉള്‍പ്പെടെ 11 സിറ്റിങ് എംഎല്‍എമാരും ഒരു എംപിയും, മുന്‍ എംപിയും നിരവധി പ്രവര്‍ത്തകരും അമിത്ത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബിജെപി അംഗത്വം സ്വീകരിച്ചു. സിപിഐയില്‍ നിന്നും സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഓരോ എംഎല്‍എമാരും ഇന്നലെ ബിജെപി അംഗത്വം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. ബിജെപിയില്‍ ചേര്‍ന്ന സുനില്‍ മണ്ഡല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിയാണ്.

🔳ദീദി ... ഇതൊരു തുടക്കം മാത്രമാണ്. തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും നിങ്ങള്‍ ഒറ്റയ്ക്കാകും.' തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട സുവേന്ദു അധികാരിയെയും മറ്റ് എം.എല്‍.എ മാരേയും എം.പിമാരേയും ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് സംസാരിക്കുമ്പോഴാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ഈ പരാമര്‍ശം നടത്തിയത്.

🔳ഇന്ത്യ ഇപ്പോള്‍ ഒരു ദുര്‍ബല രാജ്യമല്ലെന്നും ഏത് തരത്തിലുള്ള അതിര്‍ത്തി ലംഘനത്തിനും ശക്തമായ മറുപടി നല്‍കാന്‍ രാജ്യത്തിന് കഴിയുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദുണ്ടിഗലിലെ വ്യോമസേനാ കേന്ദ്രത്തില്‍ കംബൈന്‍ഡ് ഗ്രാജ്വേഷന്‍ പരേഡിനിടെ പുതിയ കേഡറ്റുമാരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

🔳ഇന്ത്യ കോവിഡ് പ്രതിരോധ വാക്സിന് അനുമതി നല്‍കുന്നതിന് അടുത്തെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. മന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം ഒരു കോടി കടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം. അടുത്ത ആറു മുതല്‍ ഏഴ് മാസത്തിനുളളില്‍ 30 കോടി ആളുകള്‍ക്ക് വാക്സിന്‍ നല്‍കാമെന്നാണ് കണക്കുകൂട്ടല്‍.

🔳നിയമനടപടികളില്‍ നിന്ന് വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനവാല. നിര്‍മാതാക്കള്‍ക്ക് അവരുടെ വാക്സിനുകള്‍ക്കെതിരായ എല്ലാ നിയമ വ്യവഹാരങ്ങളില്‍ നിന്നും, പ്രത്യേകിച്ച് പകര്‍ച്ചവ്യാധി സമയത്ത്, സംരക്ഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

🔳ഇന്ത്യയില്‍ ഇന്നലെ  26,834 കോവിഡ് രോഗികള്‍. മരണം 342. ഇതോടെ ആകെ മരണം 1,45,513 ആയി, ഇതുവരെ 1,00,31,659  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 95.79 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 3.03 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,940 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 1,139 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,155 പേര്‍ക്കും കര്‍ണാടകയില്‍ 1,152 പേര്‍ക്കും ആന്ധ്രയില്‍ 479 പേര്‍ക്കും തമിഴ്നാട്ടില്‍ 1,127 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 5,88,151 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,70,050 പേര്‍ക്കും ബ്രസീലില്‍ 49,243 പേര്‍ക്കും തുര്‍ക്കിയില്‍ 22,195 പേര്‍ക്കും റഷ്യയില്‍ 28,209 പേര്‍ക്കും ജര്‍മനിയില്‍ 23,970 പേര്‍ക്കും ഇംഗ്ലണ്ടില്‍ 27,052 പേര്‍ക്കും  രോഗം ബാധിച്ചു. 10,646 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,486 പേരും  ബ്രസീലില്‍ 669 പേരും ഇറ്റലിയില്‍ 553 പേരും മെക്സിക്കോയില്‍ 762 പേരും റഷ്യയില്‍ 585 പേരും ഇംഗ്ലണ്ടില്‍ 534 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 7.65 കോടി കോവിഡ് രോഗികളും 16.91 ലക്ഷം മരണവും സ്ഥിരീകരിച്ചു.  

🔳ചൈന വിക്ഷേപിച്ച ചാങ്ഇ -5 ചാന്ദ്ര പര്യവേക്ഷണ വാഹനം ചന്ദ്രനില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുമായി തിരിച്ചിറങ്ങി. 1970-കള്‍ക്ക് ശേഷം ആദ്യമായി ചന്ദ്രനില്‍നിന്നു പാറകളും മണ്ണും ഉള്‍പ്പെടുന്ന സാമ്പിളുകള്‍ ഭൂമിയിലെത്തിക്കുന്ന രാജ്യമാണ് ചൈന. ഈ ദൗത്യം വിജയകരമാക്കിയ മൂന്നാമത്തെ രാജ്യമെന്ന നേട്ടവും ചൈനയ്ക്കാണ്. ചൈനയുമായി നേരിട്ടുള്ള പങ്കാളിത്തത്തിന് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ള അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയ്ക്ക്  നിര്‍ഭാഗ്യവശാല്‍, സാമ്പിളുകള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് ചൈന വ്യക്തമാക്കി.

🔳കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന വാക്‌സിന്‍ കമ്പനിയുടെ പ്രസ്താവനയ്ക്കെതിരെ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സോനാരോ. വാക്‌സിന്‍ കുത്തിവച്ച് ആളുകള്‍ മുതലയായി മാറിയാലും സ്ത്രീകള്‍ക്ക് താടി വളര്‍ന്നാലും കമ്പനിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നായിരുന്നു ബോല്‍സോനാരോയുടെ പരിഹാസം.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ തുല്യശക്തികളുടെ പോരാട്ടത്തില്‍ ഗോവയെ കീഴടക്കി ചെന്നൈയിന്‍ എഫ്.സി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. ചെന്നൈയ്ക്ക് വേണ്ടി നായകന്‍ റാഫേല്‍ ക്രിവല്ലാരോ, റഹീം അലി എന്നിവര്‍ ഗോളടിച്ചപ്പോള്‍ ഗോവയുടെ ഗോള്‍ ഓര്‍ട്ടിസ് നേടി.

🔳ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് ഇരുട്ടടിയായി മുഹമ്മദ് ഷമിയുടെ പരിക്ക്. പാറ്റ് കമിന്‍സിന്റെ ബൗണ്‍സര്‍ കൈയില്‍ കൊണ്ട ഷമിയുടെ വലതു കൈക്കുഴക്ക് പൊട്ടലുണ്ടെന്ന് സ്‌കാനിംഗില്‍ സ്ഥിരീകരിച്ചതോടെ താരത്തിന് ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമാവും.

🔳അമേരിക്കയിലേക്ക് 8424 ടണ്‍ അസംസ്‌കൃത പഞ്ചസാര കയറ്റി അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കി. ടിആര്‍ക്യു താരിഫ് പ്രകാരമാണ് കയറ്റുമതി. കുറഞ്ഞ നികുതി നിരക്കില്‍ കയറ്റുമതിക്കുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 2021 സെപ്തംബര്‍ 30 വരെ ഇത്തരത്തില്‍ പഞ്ചസാര കയറ്റുമതി ചെയ്യാം. അമേരിക്കയെ കൂടാതെ യൂറോപ്യന്‍ യൂണിയനിലേക്കും ഇന്ത്യ പ്രിഫറന്‍ഷ്യല്‍ ക്വോട്ട വഴി പഞ്ചസാര കയറ്റുമതി ചെയ്യാറുണ്ട്. അമേരിക്കയിലേക്ക് ഇത്തരത്തില്‍ ഓരോ വര്‍ഷവും പതിനായിരം (10000) ടണ്‍ പഞ്ചസാരയാണ് കയറ്റുമതി ചെയ്യുന്നത്.

🔳കേരളം കണ്ട ഏറ്റവും വലിയ ഡയമണ്ട് പ്രദര്‍ശനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ജോയ് ആലുക്കാസ്. ഡിസംബര്‍ 27 വരെയുള്ള തീയതികളില്‍ ജോയ് ആലുക്കാസിന്റെ കേരളത്തിലെ ഷോറൂമുകളില്‍ എത്തുന്നവര്‍ക്കായി ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍സ് ജ്വവല്ലറികളുടെ മഹാശേഖരമാണ് ഒരുക്കുന്നത്. 50000 രൂപയ്ക്കോ അതിനു മുകളിലോ പ്രഷ്യസ് സ്റ്റോണ്‍ ജ്വല്ലറി വാങ്ങുമ്പോള്‍ 200 മില്ലിഗ്രാം ഗോള്‍ഡ് കോയിന്‍ സമ്മാനം. 50000 രൂപയ്ക്കോ അതിനു മുകളിലോ ഡയമണ്ട് / അണ്‍ കട്ട് ജ്വല്ലറി വാങ്ങുമ്പോള്‍ 500 മില്ലിഗ്രാം ഗോള്‍ഡ് കോയിന്‍ സമ്മാനം. അതിനോടൊപ്പം തിരഞ്ഞെടുത്ത ഡയമണ്ട് / അണ്‍ കട്ട് ജ്വല്ലറി വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 50% കിഴിവ്.

🔳ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും ഫഹദ് ഫാസിലും ഒന്നിക്കുന്നു. അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന 'പാട്ട്' എന്ന ചിത്രത്തിലാണ് ഫഹദിന്റെ നായികയായി നയന്‍താര എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചാണ് ഇക്കാര്യം അല്‍ഫോന്‍സ് പുത്രന്‍ പുറത്തുവിട്ടിരിക്കുന്നത്. പഴയ ഓഡിയോ കാസറ്റിന്റെ മാതൃകയിലാണ് ടൈറ്റില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ഫോന്‍സ് പുതിയ ചിത്രം ഒരുക്കുന്നത്.

🔳നെറ്റ്ഫ്‌ളിക്‌സിന്റെ തമിഴ് ആന്തോളജി ചിത്രം 'പാവ കഥൈകള്‍' മികച്ച പ്രതികരണമാണ് നേടുന്നത്. ഗൗതം വാസുദേവ് മേനോന്‍, സുധ കൊങ്കര, വിഗ്‌നേശ് ശിവന്‍, വെട്രിമാരന്‍ എന്നീ സംവിധായകര്‍ ഒരുക്കുന്ന നാല് സിനിമകളാണ് പാവൈ കഥകളിലുള്ളത്. സുധ കൊങ്കര ഒരുക്കിയ തങ്കം ചിത്രത്തില്‍ വേഷമിട്ട നടന്‍ കാളിദാസ് ജയറാമിന് അഭിനന്ദന പ്രവാഹം. സത്താര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായാണ് കാളിദാസ് വേഷമിട്ടത്. വൈകാരിക രംഗങ്ങളിലെ കാളിദാസിന്റെ പ്രകടനം കരയിച്ചു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.  ആമസോണ്‍ പ്രൈമിന്റെ ആന്തോളജി ചിത്രമായ പുത്തം പുതു കാലൈയിലും സുധ കൊങ്കര കാളിദാസിനെയാണ് നായികയാക്കിയത്. ആ ചിത്രത്തിലും മികച്ച പ്രകടനമാണ് കാളിദാസ് കാഴ്ചവെച്ചത്.

🔳പുതിയ വി7 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് ഇറ്റാലിയന്‍ ഇരുചക്രവാഹന നിര്‍മാതാക്കളായ പിയാജിയോയുടെ ഉടമസ്ഥതയിലുള്ള മോട്ടോ ഗുസി. മോട്ടോ ഗുസിയുടെ വി 7ന്റെ പ്രശസ്തമായ 90 ഡിഗ്രി വി-ട്വിന്‍ എഞ്ചിനാണ് പ്രധാന മാറ്റം. ബൈക്കില്‍ ഒരു ദശാബ്ദക്കാലം ഉണ്ടായിരുന്ന മുന്‍ 744 സിസി എഞ്ചിന്‍ പകരം പുതിയ 850 സിസി യൂണിറ്റ് ലഭിക്കും. ഇതോടെ നേരത്തെ വാഗ്ദാനം ചെയ്തിരുന്ന 52 ബിഎച്ച്പി കരുത്തും 59.9 എന്‍എം ടോര്‍ക്കും 65 ബിഎച്ച്പി പവറായും 72.9 എന്‍എം ടോര്‍ക്ക് ആയും വര്‍ധിച്ചു.

🔳ഉന്മാദത്തിന്റെ പരകോടിയില്‍ മറവുകളില്ലാത്ത ലോകത്തിന്റെ കാഴ്ചയാകുന്ന ഭൈരവിമാര്‍, രാത്രിയുടെ നിഗൂഢതയില്‍ ഉണരുന്ന ഭൈരവന്മാര്‍, ചിതയുടെ ഗന്ധത്തില്‍ ജീവിതത്തിന്റെ സാരം തപിച്ചെടുക്കുന്ന അഘോരികള്‍... ഈ പുസ്തകം തുറന്നിടുന്ന കാഴ്ചകള്‍ അമ്പരപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. 'താന്ത്രിക കഥകള്‍'. കാവില്‍മഠം ഭവദാസ്. ടെല്‍ബ്രയ്ന്‍ ബുക്സ്. വില 150 രൂപ.

🔳തിരഞ്ഞെടുപ്പിനു പിന്നാലെ കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി.  മറ്റു രോഗങ്ങള്‍ക്കു പുറമേ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും കോവിഡ് സംശയിക്കുന്നവര്‍ക്കും ചികിത്സയ്ക്കായും മറ്റു നിര്‍ദേശങ്ങള്‍ക്കായും ഇ-സഞ്ജീവനിയെ ആശ്രയിക്കാം. സ്പെഷ്യല്‍റ്റി വിഭാഗങ്ങള്‍ കൂടാതെ കോവിഡ് ക്ലിനിക്കുകളുടെ സേവനവും ലഭ്യമാണ്. ആരോഗ്യ വകുപ്പിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന സ്പെഷ്യല്‍റ്റി ഒപികള്‍ വിവിധ ജില്ലകളില്‍  ആരംഭിച്ചിട്ടുണ്ട്. മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം ആര്‍സിസി, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, കോഴിക്കോട് ഇംഹാന്‍സ്, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌സ് തുടങ്ങി ആശുപത്രികളിലെ ഒപികള്‍ ഇ-സഞ്ജീവനി വഴിയും ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റ് സന്ദര്‍ശിച്ചും ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.  തിരഞ്ഞെടുപ്പു പരിപാടികളില്‍ പങ്കെടുത്തവരും അവരുമായി ഇടപഴകിയവരും  ഒരാഴ്ചക്കാലം ശ്രദ്ധിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കെ.കെ.ശൈലജ അഭ്യര്‍ഥിച്ചു.  പനി, തൊണ്ടവേദന, ജലദോഷം ഉള്‍പ്പെടെ  ലക്ഷണം ഉണ്ടെങ്കില്‍ നിസ്സാരമായി കാണരുത്. അവര്‍ ഇ-സഞ്ജീവനിയുടെയോ ദിശയുടെയോ (ഫോണ്‍:1056) സേവനം തേടണം.
➖➖➖➖➖➖➖➖
dailynews

Post a comment

Whatsapp Button works on Mobile Device only