26 ഡിസംബർ 2020

പ്രഭാത വാർത്തകൾ
(VISION NEWS 26 ഡിസംബർ 2020)*പ്രഭാത വാർത്തകൾ*
2020 ഡിസംബർ 26 | 1196 ധനു 11 | ശനി | ഭരണി |
➖➖➖➖➖➖➖➖

🔳കര്‍ഷക സമരം തുടരുന്നതിനിടയില്‍, കാര്‍ഷിക നിയമങ്ങള്‍ ഒരു വര്‍ഷത്തേക്കോ മറ്റോ നടപ്പാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍. നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലെങ്കില്‍ ഭേദഗതികള്‍ വരുത്താമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. താന്‍ ഒരു കര്‍ഷകന്റെ മകനാണെന്നും മോദി സര്‍ക്കാര്‍ കര്‍ഷകരുടെ താല്‍പ്പര്യത്തിന് നിരക്കാത്ത ഒന്നും ചെയ്യില്ലെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

🔳കേരളത്തിലെ മുഴുവന്‍ മുസ്ലീങ്ങളുടെയും അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് രാഷ്ട്രീയ മര്യാദ പാലിക്കാത്തതിനെയാണ് താന്‍ ചോദ്യം ചെയ്തത്.  അതിനാണ് വര്‍ഗീയവാദി എന്ന പട്ടം ചാര്‍ത്തിത്തരാന്‍ ശ്രമിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.

🔳ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍പ്പെടുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് അനിലിനെ കരയ്ക്ക് എത്തിക്കാനായത്. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു.

🔳പാലക്കാട്ട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ദുരഭിമാനക്കൊലയെന്ന് സംശയം. തേന്‍കുറിശ്ശി സ്വദേശി അനീഷാണ് ഇന്നലെ വൈകുന്നേരം കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷ് പോലീസ് കസ്റ്റഡിയിലാണ്. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും സുരേഷുമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നതായി പാലക്കാട് ഡി.വൈ.എസ്.പി. പി. ശശികുമാര്‍ പറഞ്ഞു. പ്രഭുകുമാറിനു വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്.

🔳കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് നിയന്ത്രിക്കുന്നതിലും മരണ നിരക്ക് കുറക്കുന്നതിലും കേരള സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മറ്റ് സംസ്ഥാനങ്ങളിലെ വിഷയങ്ങളില്‍ ഇടപെടുന്നതിന് പകരം കൊവിഡ് നിയന്ത്രണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

🔳കേരളത്തില്‍ ഇന്നലെ 48,853 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2930 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4690 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4506 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി 214, കാസര്‍ഗോഡ് 56.

🔳സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ . ഇന്നലെ ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ആകെ 463 ഹോട്ട് സ്‌പോട്ടുകള്‍.

🔳മലങ്കര സഭാ തര്‍ക്കം പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ ഓര്‍ത്തോഡോക്സ് യാക്കോബായ സഭകളില്‍ നിന്ന് മൂന്ന് വൈദികര്‍ വീതം പങ്കെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. സഭകളുമായി വെവ്വേറെ നടത്തുന്ന ചര്‍ച്ചയില്‍ ഇരു സഭകളുടെയും ആശങ്ക പ്രധാനമന്ത്രി കേള്‍ക്കും. 28, 29 ദിവസങ്ങളിലാകും ചര്‍ച്ച എന്നാണ് സൂചന.

🔳രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് രജനീകാന്തിനെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നടന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നും  രക്തസമ്മര്‍ദം കുറയ്ക്കാന്‍ മരുന്നുകള്‍ നല്‍കുന്നത് തുടരുകയാണെന്നും അപ്പോളോ ആശുപത്രി അധികൃതര്‍.

🔳നടന്‍ കമല്‍ഹാസന്‍ രൂപീകരിച്ച മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി എ അരുണാചലം ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അരുണാചലം ബിജെപിയില്‍ ചേര്‍ന്നത്.

🔳മഹാരാഷ്ട്രയിലെ ധാരാവിയില്‍ ഇന്നലെ ഒരു കൊവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തില്ല. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ധാരാവിയില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ ഒരു ദിവസം കടന്നുപോയത്. ഏഷ്യയിലെ ഏറ്റവുംവലിയ ചേരിയാണ് ധാരാവി. ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധരും നിരന്തരമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ധാരാവിയില്‍  കൊവിഡ് വ്യാപനം തടയാനായത്.

🔳കര്‍ഷക നിയമത്തില്‍ രാഹുല്‍ ഗാന്ധി കള്ളം പറയുകയും തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കര്‍ഷകരുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധി മുതലക്കണ്ണീരൊഴുക്കുകയാണെന്നും അയാളുടെ സഹോദരി ഭര്‍ത്താവ് തന്നെ കര്‍ഷകരുടെ ഭൂമി കയ്യേറിയിട്ടുണ്ടെന്നും സ്മൃതി ഇറാനി ആരോപിച്ചു.

🔳അരുണാചലില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡില്‍ നിന്നും ആറ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ 60 അംഗ നിയമസഭയില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് ഒറ്റ എംഎല്‍എയായി ചുരുങ്ങി. ബിജെപി വിശ്വാസവഞ്ചന നടത്തിയെന്നാണ് ജനതാദള്‍ യുണൈറ്റഡിന്റെ വിലയിരുത്തല്‍. ഏഴ് സീറ്റുകള്‍ നേടിയതിനേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ജെ.ഡി.യുവിന് അരുണാചല്‍ പ്രദേശില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം ലഭിച്ചത്.

🔳മമത ബാനര്‍ജിയുടെ 'പ്രത്യയശാസ്ത്രം' ബംഗാളിനെ നശിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലെത്താതെ  മമത സര്‍ക്കാര്‍  തടയുകയാണെന്നും പിഎം കിസാന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എഴുപത് ലക്ഷം കര്‍ഷകര്‍ക്ക് ലഭിക്കേണ്ട തുക മമത സര്‍ക്കാര്‍ നിഷേധിച്ചതായും അദ്ദേഹം പറഞ്ഞു.

🔳വിമാനത്താവളങ്ങളില്‍ അദാനി എന്റര്‍പ്രൈസസ് അവരുടെ ബ്രാന്‍ഡ് നാമം ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ). രണ്ട് മാസം മുന്‍പ് മാത്രം ഏറ്റെടുത്ത മംഗളൂരു, ലഖ്നൗ, അഹമ്മദാബാദ് എന്നീ മൂന്ന് വിമാനത്താവളങ്ങളില്‍ അദാനി എന്റര്‍പ്രൈസസ് അവരുട ബ്രാന്‍ഡ് നാമം പ്രദര്‍ശിപ്പിക്കുന്നതിനെയാണ് എഎഐ എതിര്‍ത്തിരിക്കുന്നത്.

🔳കൊവിഡ് ഭീഷണി വീണ്ടും ശക്തമായിക്കൊണ്ടിരിക്കെ ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറച്ച് വിമാനക്കമ്പനികള്‍. യുഎഇ വിമാനക്കമ്പനികളായ ഫ്ലൈ ദുബൈ, എയര്‍ അറേബ്യ എന്നിവയ്ക്ക് പുറമെ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്റിഗോ അടക്കമുള്ള കമ്പനികളും ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്.

🔳ഇന്ത്യയില്‍ ഇന്നലെ  22,350 കോവിഡ് രോഗികള്‍. മരണം 251. ഇതോടെ ആകെ മരണം 1,47,379 ആയി, ഇതുവരെ 1,01,69,818 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 97.39 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 2.80 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,431 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 758 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,541 പേര്‍ക്കും കര്‍ണാടകയില്‍ 1,005 പേര്‍ക്കും ആന്ധ്രയില്‍ 355 പേര്‍ക്കും തമിഴ്നാട്ടില്‍ 1,027 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ 8 കോടി കോവിഡ് രോഗികള്‍. ഇന്നലെ 4,62,651 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 97,772 പേര്‍ക്കും ബ്രസീലില്‍ 22,267 പേര്‍ക്കും ഇംഗ്ലണ്ടില്‍ 32,725 പേര്‍ക്കും റഷ്യയില്‍ 29,018 പേര്‍ക്കും ഫ്രാന്‍സില്‍ 20,262 പേര്‍ക്കും രോഗം ബാധിച്ചു. 8211 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,197 പേരും മെക്സിക്കോയില്‍ 861 പേരും റഷ്യയില്‍ 563 പേരും ഇംഗ്ലണ്ടില്‍ 570 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 8.01 കോടി കോവിഡ് രോഗികളും 17.56 ലക്ഷം മരണവും സ്ഥിരീകരിച്ചു.  

🔳ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീം സെലക്ഷനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കളിച്ച നാലുപേരെ ഒഴിവാക്കിയാണ് ഇന്ത്യ മെല്‍ബണില്‍ കളിക്കാനിറങ്ങുന്നത്.സ്വന്തം സ്ഥാനത്തെക്കുറിച്ച് സുരകഷിതത്വമില്ലാത്ത സാഹചര്യത്തില്‍ ഒരിക്കലും അവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവില്ലെന്നും ഗംഭീര്‍.

🔳ഷവോമിയുടെ വിപണി മൂല്യം 100 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുടെ കണക്കില്‍ ഏതാണ്ട് 7.36 ലക്ഷം കോടി രൂപ വരും ഇത്.  ഓഹരി വിപണിയിലെ കുതിപ്പാണ് ഷവോമിയുടെ വിപണി മൂല്യത്തില്‍ ഇത്രയും വലിയ വര്‍ദ്ധനയുണ്ടാക്കിയത്. ഹോങ്കോങില്‍ 9.1 ശതമാനം ആണ് ഷവോമിയുടെ മൂല്യം കുതിച്ചുയര്‍ന്നത്. 20 ശതമാനത്തോളം ആണ് ഓഹരി വിപണിയിലെ ഈ മാസത്തെ മാത്രം കുതിപ്പ്.

🔳ജനുവരി ഒന്ന് മുതല്‍ ഇന്ത്യയിലെ വാഹന കമ്പനികള്‍ വില ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് മുതല്‍ ബിഎംഡബ്ല്യു വരെ മിക്കവാറും എല്ലാ പ്രമുഖ കാര്‍ നിര്‍മാതാക്കളും വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചു. വര്‍ദ്ധിച്ച നിര്‍മ്മാണ ചെലവുകളെയും ബിഎസ് 6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റത്തെയും തുടര്‍ന്നാണ് വില വര്‍ദ്ധനവ്.

🔳'പൊടിമീശക്കാരന്‍' കോമഡി വെബ് സീരിസ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി വിഷ്ണു വിക്രം എഴുതി സംവിധാനം ചെയ്യുന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡാണ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റിന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തത്. വികൃതികളായ ഒരു ചേട്ടന്റെയും അനിയന്റെയും കഥയാണ് പൊടിമീശക്കാരന്‍ പറയുന്നത്. മാസ്റ്റര്‍ സിദ്ധാര്‍ഥ്, വിഷ്ണു വിക്രം, ആശ വാസുദേവന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

🔳'കോബ്ര'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ അജയ് ജ്ഞാനമുത്തു. ഏറെ വ്യത്യസ്തമായ ലുക്കിലാണ് വിക്രം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ''എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്'' എന്ന ടാഗ്*!*!*െൈ!ലനും പോസ്റ്ററിലുണ്ട്. വിക്രത്തിന്റെ മുഖത്തിന്റെ ഒരു ഭാഗം നമ്പറുകള്‍ വരുന്ന രീതിയില്‍ ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ വൈറലാവുകയാണ്. സൂപ്പര്‍നാച്ചുറല്‍ ത്രില്ലര്‍ എന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ ഏഴ് വ്യത്യസ്ത രൂപങ്ങളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചനകള്‍. മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ആണ് വിക്രത്തിന്റെ വില്ലനായി എത്തുന്നത്.

🔳ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗന്റെ മിഡ് സൈസ് എസ്യുവി ടൈഗൂണ്‍ നിരത്തിലെത്താന്‍ ഒരുങ്ങുന്നു. ഈ മോഡലിന്റെ ടീസര്‍ ഇപ്പോള്‍ കമ്പനി പുറത്തുവിട്ടു.  ഫോക്‌സ്വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിയില്‍ ആദ്യമായി ഒരുങ്ങുന്ന വാഹനമെന്ന പ്രത്യേകതയും ടൈഗൂണിനുണ്ട്.  ഈ വാഹനത്തിലും സ്‌കോഡയുടെ വിഷന്‍ ഇന്‍ എസ്യുവില്‍ നല്‍കിയിട്ടുള്ള 148 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാകും നല്‍കുക.

🔳സാമൂഹിക സാംസ്‌കാരിക രംഗത്തും പാരിസ്ഥിതിക രംഗത്തുമുള്ള പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് എഴുതപ്പെട്ട ലേഖനങ്ങളുടെ ഏറ്റവും പുതിയ സമാഹാരം. 'ഉള്‍ച്ചൂട്'. സുഗതകുമാരി. ഡിസി ബുക്സ്. വില 117 രൂപ.

🔳ചായയുടെ മികച്ചൊരു ഗുണം എന്ന പേരില്‍ ഏറ്റവും പുതിയൊരു പഠനറിപ്പോര്‍ട്ട് കൂടി ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 'യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് ചൈനയില്‍ നിന്നുള്ള ഗവേഷകസംഘം നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. പതിവായി ചായ കഴിക്കുന്നവരില്‍, മരണത്തിന് വരെ കാരണമാകുന്ന ഹൃദ്രോഗങ്ങള്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള സാധ്യത കുറവാണെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. അതിനാല്‍ത്തന്നെ, ആയുസ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ചായയ്ക്കും പരോക്ഷമായൊരു പങ്കുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഒരു ലക്ഷം ആളുകളെ ഉള്‍ക്കൊള്ളിച്ചാണ്രേത ഗവേഷകര്‍ പഠനം നടത്തിയത്. ഹൃദയാഘാതം, പക്ഷാഘാതം, ക്യാന്‍സര്‍ എന്നീ രോഗാവസ്ഥകളൊന്നുമില്ലാത്ത ആളുകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഇതില്‍ അമ്പതുകാരായ ആളുകളുടെ കൂട്ടമെടുക്കുകയാണെങ്കില്‍, പതിവായി ചായ കഴിക്കാത്തവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും പക്ഷാഘാതവുമെല്ലാം നേരത്തേ പിടിപെടുന്നതായി കണ്ടുവെന്നാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്ന വിവരം. പതിവായി ചായ കുടിക്കുന്നവരിലാകട്ടെ, മറുവിഭാഗത്തെ അപേക്ഷിച്ച് ഈ സാധ്യതകളെല്ലാം 20 ശതമാനത്തോളം കുറവാണ് കണ്ടതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ചായകളില്‍ തന്നെ ഗ്രീന്‍ ടീയാണ് ഇത്തരത്തില്‍ ഏറ്റവും പ്രയോജനപ്പെടുന്നതെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. ഗ്രീന്‍ ടീക്ക് പിന്നാലെ ബ്ലാക്ക് ടീയും ഇടം പിടിച്ചിരിക്കുന്നു.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only