28 ഡിസംബർ 2020

ദുരന്തങ്ങളെ അതിജീവിക്കാൻ അഞ്ച് ഫയർ സ്റ്റേഷനുകൾകൂടി
(VISION NEWS 28 ഡിസംബർ 2020)കോഴിക്കോട്:രക്ഷാപ്രവർത്തനത്തിന് കൂടുതൽ ശക്തിപകരാനും ദുരന്തമുണ്ടായാൽ അതിനെ അതിജീവിക്കാനുമായി ജില്ലയിൽ പുതിയ അഞ്ച് ഫയർസ്റ്റേഷനുകൾ കൂടി വരുന്നു.

രാമനാട്ടുകര, മാവൂർ, പുതുപ്പാടി, റെയിൽവേ സ്റ്റേഷൻ, ചേളന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് പുതിയ ഫയർ‌സ്റ്റേഷൻ ആരംഭിക്കുക. ഇതിനായുള്ള നിർദേശം സർക്കാരിന് സമർപ്പിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സാറ്റ്‌ലൈറ്റ് ഫയർ സ്റ്റേഷൻ സജ്ജമാക്കുക.

മാവൂർ പഞ്ചായത്തിൽ പുതിയ ഫയർസ്റ്റേഷനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. രാമനാട്ടുകരയിൽ ഫയർസ്റ്റേഷന് ആവശ്യമായ സ്ഥലം അനുവദിച്ചു കിട്ടിയിട്ടില്ല. സ്ഥലം കിട്ടിയാൽ ഉടൻ വേണ്ട നടപടികളാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുതുപ്പാടിയിൽ പഞ്ചായത്തിന്റെ സ്ഥലത്താണ് ഫയർസ്റ്റേഷൻ സജ്ജമാക്കുക. ചേളന്നൂരിലും സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന്, മുക്കം, നരിക്കുനി, പേരാമ്പ്ര, വടകര, നാദാപുരം, കൊയിലാണ്ടി എന്നീ ഒമ്പത് ഫയർ യൂണിറ്റുകളാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിനു പുറമെയാണ് പുതിയ അഞ്ചെണ്ണം കൂടി. ദുരന്തത്തെ നേരിടാൻ ആധുനിക സൗകര്യങ്ങളോടുകൂടിയ ഫയർസ്റ്റേഷനുകളാണ് ആരംഭിക്കുക. അടുത്തവർഷത്തോടെ ഫയർസ്റ്റേഷനുകൾ സജ്ജമാകും.നടപടികൾ ഉടൻ പൂർത്തിയാക്കും

_ജില്ലയിൽ പുതിയ നാല് ഫയർ സ്റ്റേഷനുകളും റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഒരു സാറ്റ്‌ലൈറ്റ് ഫയർ സ്റ്റേഷനുമായി സർക്കാരിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ നടപടികൾ പൂർത്തിയാക്കി അഞ്ച് ഫയർ സ്റ്റേഷനുകളും സജ്ജമാകുമെന്നാണ് കരുതുന്നത്._
ടി. രജീഷ്, 
ജില്ലാ ഫയർ ഓഫീസർ, കോഴിക്കോട്.

*സാറ്റലൈറ്റ് ഫയർ സ്റ്റേഷൻ: വർഷങ്ങളായുള്ള ആവശ്യം*

:മിഠായിത്തെരുവിൽ നിരന്തരം തീപ്പിടിത്തമുണ്ടായ സമയത്ത് നഗരമധ്യത്തിൽ സാറ്റ്‌ലൈറ്റ് ഫയർ സ്റ്റേഷനുള്ള ആവശ്യം ഉയർന്നിരുന്നു. എന്നാൽ വർഷങ്ങളായിട്ടും നടപടിയുണ്ടായില്ല. ഇതാണിപ്പോൾ യാഥാർഥ്യമാകാൻ പോകുന്നത്. 2021-ഓടെ സ്റ്റേഷൻ സജ്ജമാക്കും.

2015 ജൂലായിൽ മിഠായിത്തെരുവിൽ സാറ്റ്‌ലൈറ്റ് ഫയർ സ്റ്റേഷന് മന്ത്രിസഭ അനുമതി നൽകിയിരുന്നു. എന്നാൽ അഞ്ച് വർഷമായിട്ടും അത് പ്രാബല്ല്യത്തിൽ വന്നില്ല.

നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ അപകടസ്ഥലത്തേക്ക് അതിവേഗം എത്തിച്ചേരാനാണ് സാറ്റ്‌ലൈറ്റ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only