27 ഡിസംബർ 2020

പ്രഭാത വാർത്തകൾ
(VISION NEWS 27 ഡിസംബർ 2020)*പ്രഭാത വാർത്തകൾ*
2020 ഡിസംബർ 27 | 1196 ധനു 12 | ഞായർ | കാർത്തിക |
➖➖➖➖➖➖➖➖

🔳കേന്ദ്ര സര്‍ക്കാരുമായി ഡിസംബര്‍ 29-ന് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കര്‍ഷക സംഘടനകള്‍. സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. എന്നാല്‍, നാല് നിബന്ധനകള്‍ കര്‍ഷക സംഘടനകള്‍  മുന്നോട്ടുവെച്ചിട്ടുണ്ട്.

🔳എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. കര്‍ഷകര്‍ക്കെതിരായവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്ന് ആര്‍.എല്‍.പി നേതാവ് ഹനുമാന്‍ ബെനിവാല്‍ പറഞ്ഞു.

🔳എല്ലാ ദിവസവും തന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ വരുന്നവര്‍ക്കുള്ള കണ്ണാടിയാണ് ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ജനാധിപത്യമില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരോക്ഷ പ്രതികരണം.

🔳ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും സംയുക്തമായി വികസിപ്പിച്ച കൊവിഷീല്‍ഡായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഷീല്‍ഡിന് അടുത്ത ആഴ്ച്ചയോടെ ഇന്ത്യയില്‍ അടിയന്തരാനുമതി നല്‍കിയേക്കുമെന്നാണ് വിവരം.

🔳ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' വിഷയത്തില്‍ സമവായം തേടി ബിജെപി അടുത്ത ആഴ്ചകളില്‍ പ്രഗത്ഭരെ ഉള്‍പ്പെടുത്തി 25 വെബ്ബിനാറുകള്‍ സംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ആലോചിക്കേണ്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമാണെന്നും മോദി പറഞ്ഞിരുന്നു.

🔳ജനുവരി എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിലേക്ക്  ക്ഷണിക്കുന്നതിനു വേണ്ടി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. ഇതിനിടയില്‍ നിയമസഭാസമ്മേളനത്തിന് അനുമതി നല്‍കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രമേയത്തിന്റെ ഉളളടക്കം സംബന്ധിച്ച് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുമുണ്ട്.

🔳തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നേതൃമാറ്റത്തെ കുറിച്ച് നിലവില്‍ ഒന്നും പറയുന്നില്ലായെന്നും നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും താരിഖ് അന്‍വര്‍

🔳പാലക്കാട് തേങ്കുറിശ്ശിയില്‍ ദുരഭിമാനക്കൊലയ്ക്കിരയായ അനീഷിന്റെ മരണകാരണം രക്തസ്രാവമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കാലുകളിലെ ആഴത്തിലുള്ള മുറിവുകള്‍ രക്തം വാര്‍ന്നൊഴുകാന്‍ കാരണമായെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ സംസ്‌കരിച്ചു. അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യാപിതാവ് പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

🔳സംസ്ഥാനത്ത് ഇന്നലെ 35,586 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2951 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 324 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3782 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 63,752 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52.

🔳സംസ്ഥാനത്ത് ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല. നിലവില്‍ ആകെ 463 ഹോട്ട് സ്‌പോട്ടുകള്‍.

🔳നടന്‍ അനില്‍ നെടുമങ്ങാടിന് അന്ത്യാഞ്ജലി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മൃതദേഹം നെടുമങ്ങാട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

🔳തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പിക്കാന്‍ ശ്രമിച്ചതിന് തൃശ്ശൂരില്‍ ഒന്‍പത് പേരെ ബി.ജെ.പി. പുറത്താക്കി. മുന്‍ കൗണ്‍സിലര്‍ ലളിതാംബിക
ഉള്‍പ്പടെയുളളവരെയാണ് പുറത്താക്കിയത്. ആറുവര്‍ഷത്തേക്കാണ് അച്ചടക്ക നടപടി. ബി.ജെ.പി.യുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ഗോപാലകൃഷ്ണന്‍ തോറ്റ കുട്ടന്‍കുളങ്ങര ഡിവിഷനിലെ സിറ്റിങ് കൗണ്‍സിലറായിരുന്നു ലളിതാംബിക.

🔳കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖാകുമാരിയെ ബാലരാമപുരം പത്താംകല്ല് സ്വദേശി അരുണ്‍ കൊലപ്പെടുത്തിയത് ഷോക്കടിപ്പിച്ചെന്ന് കുറ്റസമ്മതം.തന്നെക്കാള്‍ പ്രായമേറിയ ഭാര്യയെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനാണ് അരുണ്‍ ശാഖാകുമാരിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.ക്രിസ്മസ് ട്രീയിലെ അലങ്കാര വിളക്കുകള്‍ ശരീരത്തിലാകെ ചുറ്റിപ്പിണഞ്ഞ് കിടക്കുന്നനിലയിലാണ് ശാഖയെ അയല്‍വീട്ടുകാര്‍ കണ്ടത്.

🔳രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനീകാന്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍. താരത്തെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കി. പരിശോധനാ റിപ്പോര്‍ട്ടുകളും, രാത്രിയിലെ രക്തസമ്മര്‍ദ്ദവും വിലയിരുത്തിയ ശേഷമേ ഡിസ്ചാര്‍ജ് തീരുമാനിക്കൂ എന്നു അപ്പോളോ ആശുപത്രി അധികൃതര്‍

🔳ശിവസേനയടക്കുമുള്ള മുഴുവന്‍ ബിജെപി വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളും കോണ്‍ഗ്രസ് നയിക്കുന്ന യുപിഎക്ക് പിന്നില്‍ അണിനിരക്കണമെന്ന് ശിവസേന. ബിജെപിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമല്ലെന്ന് പാര്‍ട്ടി മുഖപത്രം സാമ്‌ന എഡിറ്റോറിയല്‍ എഴുതിയതിന് പിന്നാലെയാണ് യുപിഎയുടെ പ്രാധാന്യത്തെക്കുറിച്ച് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് സംസാരിച്ചത്.

🔳തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുച്ചിറപ്പള്ളിക്ക് സമീപം അല്ലൂരിലാണ് സംഭവം. മോഷ്ടാക്കളെന്നാരോപിച്ചാണ് ദീപുവിനേയും അരവിന്ദിനേയും ജനക്കൂട്ടം മര്‍ദ്ദിച്ചത്.

🔳ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റില്‍ വിജയിച്ചവരെ മറ്റൊരു രാഷ്ട്രീയ സംഘടനയില്‍ എത്തിക്കാന്‍ ബിജെപി സമ്മര്‍ദതന്ത്രം പയറ്റുന്നുവെന്ന ആരോപണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തിന്റെ ഉദാഹരണമായി കശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ഒമര്‍ അബ്ദുള്ളയുടെ ആരോപണം.

🔳ജമ്മു കശ്മീരിനും പഞ്ചാബിനും പുറമേ പാകിസ്താന്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തികള്‍ ഉപയോഗിക്കുന്നതായി ബി.എസ്.എഫിന്റെ റിപ്പോര്‍ട്ട്. ഈവര്‍ഷം നുഴഞ്ഞുകയറ്റങ്ങളുടെ എണ്ണം വര്‍ധിച്ചതായും ബി.എസ്.എഫ്. റിപ്പോര്‍ട്ട് പറയുന്നു.

🔳ഇന്ത്യയില്‍ ഇന്നലെ  18,575 കോവിഡ് രോഗികള്‍. മരണം 280. ഇതോടെ ആകെ മരണം 1,47,659 ആയി, ഇതുവരെ 1,01,88,392 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 97.60 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 2.77 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,854 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 655 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,253 പേര്‍ക്കും കര്‍ണാടകയില്‍ 857 പേര്‍ക്കും ആന്ധ്രയില്‍ 282 പേര്‍ക്കും തമിഴ്നാട്ടില്‍ 1,019 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,12,994 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,25,228 പേര്‍ക്കും ഇംഗ്ലണ്ടില്‍ 34,693 പേര്‍ക്കും റഷ്യയില്‍ 29,258 പേര്‍ക്കും രോഗം ബാധിച്ചു. 6953 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,325 പേരും മെക്സിക്കോയില്‍ 665 പേരും റഷ്യയില്‍ 567 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 8.06 കോടി കോവിഡ് രോഗികളും 17.64 ലക്ഷം മരണവും സ്ഥിരീകരിച്ചു.  

🔳ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട്, കൊവിഡ് കാലത്ത് പോലും വന്‍ മുന്നേറ്റം നേടിയ മുകേഷ് അംബാനിക്ക് തിരിച്ചടി. ഇന്ത്യയിലെയും ഏഷ്യയിലെയും അതിസമ്പന്നരിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് ഇദ്ദേഹം പുറത്തായി. ബ്ലൂംബെര്‍ഗ് ബില്യണയേര്‍സ് സൂചികയില്‍ നിലവില്‍ പതിനൊന്നാം സ്ഥാനത്താണ് റിലയന്‍സ് ഇന്റസ്ട്രീസിന്റെ ചെയര്‍മാന്‍. ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് തന്നെയാണ് പട്ടികയില്‍ ഇപ്പോഴും ഒന്നാമത്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്കാണ് രണ്ടാമത്. മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് മൂന്നാമതാണ്.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്.സിയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.  ചെന്നൈയിന് വേണ്ടി ചങ്‌തെ, റഹീം അലി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഈസ്റ്റ് ബംഗാളിനായി ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ
മാറ്റി സ്റ്റെയിന്‍മാന്‍ ഇരട്ടഗോളുകളുമായി തിളങ്ങി. 

🔳കഴിഞ്ഞ 25 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ അതിവേഗം സമ്പാദ്യം വര്‍ധിപ്പിച്ച കമ്പനി ഇന്‍ഫോസിസാണെന്ന് മോട്ടിലാല്‍ ഓസ്വാള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് റിപ്പോര്‍ട്ട്. ഇതേകാലയളവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ധനസമ്പാദനം നടത്തിയത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസിന്റെ ഇപ്പോഴത്തെ വിപണി മൂല്യം 2.73 ലക്ഷം കോടി രൂപയാണ്. 1995 -ല്‍ 300 കോടി രൂപയായിരുന്നു ഇത്.

🔳വീഡിയോ കോണ്‍ഫറന്‍സിംഗ് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്ന സൂം ഇപ്പോള്‍ അതിന്റെ സേവനങ്ങള്‍ വിപുലീകരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമ്പനി ഇപ്പോള്‍ സ്വന്തം ഇമെയില്‍ സേവനം ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കൂടാതെ, ഒരു കലണ്ടര്‍ അപ്ലിക്കേഷന്‍ കൂടി നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നു. കൊറോണ വൈറസ് പാന്‍ഡെമിക് കാരണം സൂമിന്റെ ബിസിനസ്സ് 2020 ല്‍ കുത്തനെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പാണ് സൂം.

🔳തമിഴില്‍ ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ വിജയ് ചിത്രം 'മാസ്റ്ററി'ന്റെ സ്ട്രീമിംഗ് റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം തീയേറ്റര്‍ റിലീസ് തന്നെ ആയിരിക്കും. തീയേറ്റര്‍ റിലീസിനു പിന്നാലെയുള്ള സ്ട്രീമിംഗ് അവകാശമാണ് ആമസോണ്‍ പ്രൈം നേടിയിരിക്കുന്നതെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയൊട്ടാകെ വന്‍ റിലീസിനാണ് ഒരുങ്ങുന്നതെന്നും വിവരമുണ്ട്.

🔳ഹലാല്‍ ലൗ സ്റ്റോറിക്ക് ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന ചില്‍ഡ്രന്‍സ്-ഫാമിലി സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന 'മോമോ ഇന്‍ ദുബായ്' ഉടന്‍ ചിത്രീകരണം ആരംഭിക്കും. ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസിന്റെ ബാനറില്‍ സക്കരിയ, പി.ബി അനീഷ്, ഹാരിസ് ദേശം  എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അനീഷ് ജി മേനോന്‍, അനുസിത്താര, അജുവര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

🔳വര്‍ഷവസാനം എത്തിയതോടെ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ഗ്രാസിയ 125 ബിഎസ് 6 പതിപ്പിന് ക്യാഷ്ബാക്ക് ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഹോണ്ട. പുതിയ ഗ്രാസിയ 125 വാങ്ങുന്നവര്‍ക്ക് അഞ്ച് ശതമാനം (5,000 രൂപ വരെ) ക്യാഷ്ബാക്ക് ലഭിക്കും. ഹോണ്ട ടൂ വീലര്‍ ഇന്ത്യയുടെ പങ്കാളി ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ഫെഡറല്‍ ബാങ്ക് എന്നിവയില്‍ നിന്നുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഇഎംഐ സ്‌കീമില്‍ ഓഫര്‍ ലഭ്യമാണ്.

🔳ഇന്ത്യ കണ്ട ആത്മാന്വേഷകരില്‍ ഏറ്റവും പ്രമുഖനായിരുന്നു ദാര ഷിക്കോഹ്. അന്‍പതിലധികം ഉപനിഷത്തുകളും ഭഗവദ്ഗീത, ജ്ഞാനവാസിഷ്ഠം തുടങ്ങിയവയും സംസ്‌കൃതപണ്ഡിതന്‍ കൂടിയായിരുന്ന ദാര, പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.  'ദാര ഷിക്കോഹ്'. വേണു വി ദേശം. റെഡ് ചെറി ബുക്സ്. വില 123 രൂപ.

🔳തികച്ചും ആരോഗ്യവാനായ വ്യക്തിയുടെ ജീവനു പോലും ഭീഷണി ഉയര്‍ത്താവുന്ന, അവരുടെ ജീവിതം മാറ്റി മറിക്കാവുന്ന മാരക വൈറസാണ് സാര്‍സ് കോവ്-2. പലര്‍ക്കും പല രൂപത്തിലാണ് കോവിഡിന്റെ ആക്രമണമുണ്ടാകുന്നത്. ദ്രുതഗതിയില്‍ വൈറസ് ശരീരത്തില്‍ വ്യാപിക്കുമ്പോള്‍ വരുന്ന ഒന്നാണ് പേശീവേദന. പുറം വേദന, സന്ധിവേദന, നീര്‍ക്കെട്ട് എന്നിങ്ങനെ പല ലക്ഷണങ്ങളും അണുബാധ മൂര്‍ച്ഛിക്കുന്ന ദിവസങ്ങളില്‍ കാണപ്പെടാം. വിശപ്പില്ലായ്മയും തുടര്‍ന്ന് ശരീരത്തിനുണ്ടാകുന്ന ഭാരക്കുറവും മെലിയലുമെല്ലാം കോവിഡുമായി ബന്ധപ്പെട്ട് വരാം. അതിസാരം, ഛര്‍ദ്ദി എന്നിവയെല്ലാം വയറിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കാം. കോവിഡ് രോഗമുക്തിയുടെ സമയത്ത് സമീകൃതവും ആരോഗ്യ സമ്പുഷ്ടവുമായ ആഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. രക്തം കട്ടം പിടിക്കുക, രക്തസമ്മര്‍ദം ക്രമാതീതമായി ഉയരുക എന്നിവയും കോവിഡുമായി ബന്ധപ്പെട്ട് ചിലരില്‍ പ്രകടമായ സങ്കീര്‍ണതകളാണ്. ഇതിനാലാണ് കോവിഡ് ബാധിതര്‍ ഇടയ്ക്കിടെ തങ്ങളുടെ രക്തസമ്മര്‍ദം പരിശോധിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നത്. നാഡികളിലെ രക്തം കട്ട പിടിച്ച് ഉണ്ടാകുന്ന മറ്റൊരു സങ്കീര്‍ണതയാണ് കാലുകളിലെ ഡീപ് വെയ്ന്‍ ത്രോംബോസിസ്. ശരീരത്തിലെ ഓക്‌സിജന്‍ തോത് വളരെ താഴ്ന്നിട്ടും രോഗിക്ക് ശ്വാസംമുട്ടല്‍ ഉണ്ടാകാത്ത അവസ്ഥയെയാണ് സൈലന്റ് ഹൈപോസീമിയ അഥവാ ഹാപ്പി ഹൈപോക്‌സിയ എന്ന് പറയുന്നത്. കോവിഡ് രോഗികളില്‍ പലര്‍ക്കും ഈ അസ്വാഭാവിക ലക്ഷണം ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ച്ചയായ ഇക്കിളാണ് കോവിഡുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു അസ്വാഭാവിക ലക്ഷണം. മുടികൊഴിച്ചില്‍, കേള്‍വി നഷ്ടം പോലുള്ള വിചിത്ര ലക്ഷണങ്ങളും കോവിഡുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധയിടങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only