10 ഡിസംബർ 2020

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ്. സീതാരാമന്‍ അന്തരിച്ചു.
(VISION NEWS 10 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ആലുവ: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.എസ്. സീതാരാമൻ(74) അന്തരിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 12-ഓടെ വീട്ടിൽ കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

രാവിലെ എട്ട് മണിക്ക് കടയിൽ പോയി തിരികെ വീട്ടിലേക്ക് വരുമ്പോൾ റോഡിൽ വെച്ച് കുഴഞ്ഞു വീണിരുന്നു. തുടർന്ന് നാട്ടുകാർ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു.

കാലടി ശ്രീശങ്കര കോളേജിലെയും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിലേയും മുൻ അധ്യാപകനായിരുന്നു. കോളേജുകളിൽ ഇക്കോ ക്ലബ്ബുകൾ രൂപീകരിക്കാനും വിദ്യാർഥികൾക്കിടയിൽ പരിസ്ഥിതി ബോധവത്കരണ ക്ലാസുകൾ നടത്താനും സീതാരാമൻ മുൻപന്തിയിലായിരുന്നു.

പരിസ്ഥിതി സംരക്ഷണ സംഘത്തിന്റെ സ്ഥാപകനും 20 വർഷത്തോളം സെക്രട്ടറിയുമായിരുന്നു. കേരള നദീ സംരക്ഷണ സമിതിയുടെ പ്രസിഡന്റുമായിരുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്.

1990കളിൽ നൂറ് കണക്കിന് വൃക്ഷങ്ങൾ കൊണ്ട് ശിവരാത്രി മണപ്പുറത്ത് കുട്ടിവനം രൂപീകരിച്ചു. വിദ്യാർഥികൾക്കിടയിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനായി 'മാതൃഭൂമി' രൂപീകരിച്ച സീഡ് പദ്ധതിക്ക് പ്രൊഫ. സീതാരാമൻ ഉൾപ്പെട്ട പരിസ്ഥിതി പ്രവർത്തകർ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.

തീരദേശ പരിപാലന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ. എസ്. സീതാരാമൻ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ആലുവയിൽ ടൂറിസം വകുപ്പിന്റെ ഹോട്ടൽ ക്ലബ് 9 പൊളിച്ചു നീക്കിയത്. തീരദേശ പരിപാലന നിയമ പ്രകാരം രാജ്യത്ത് ആദ്യമായി ഒരു കെട്ടിടം പൊളിക്കുന്നതിന് പ്രൊഫ.എസ്. സീതാരാമൻ കാരണമായി. കെട്ടിടം നിലനിന്നിരുന്ന സ്ഥലത്ത്, സീതാരാമന്റെ ആശയ പ്രകാരമാണ് 'മാതൃഭൂമി'യുടെ നേതൃത്വത്തിൽ വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നിറച്ച് മാതൃകാത്തോട്ടമൊരുക്കിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only