23 December 2020

പ്രഭാത വാർത്തകൾ
(VISION NEWS 23 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക*പ്രഭാത വാർത്തകൾ*
2020 ഡിസംബർ 23 | 1196 ധനു 8 | ബുധൻ | രേവതി |
➖➖➖➖➖➖➖➖
🔳കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ ഇന്ന് ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. ഗവര്‍ണര്‍ ഫയല്‍ മടക്കി. സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ഫയല്‍ മടക്കിയത്. നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്.

🔳നിയമസഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കാത്തത് ഗൗരവതരമായ പ്രശ്‌നമെന്ന് കൃഷിമന്ത്രി വി. എസ് സുനില്‍ കുമാര്‍. ഗുരുതര സാഹചര്യമായതു കൊണ്ട് മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍ നടപടി കൈക്കൊള്ളുമെന്നും സുനില്‍കുമാര്‍.

🔳കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക പ്രമേയം പാസാക്കാനുള്ള നീക്കം ഗവര്‍ണര്‍ തടഞ്ഞെങ്കിലും പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ കര്‍ഷകനിയമത്തിനെതിരായ പ്രമേയം സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യം വിഎസ് സുനില്‍ കുമാര്‍ പ്രഖ്യാപിച്ചത്.

🔳പുതിയ കാര്‍ഷിക നിയമങ്ങള്‍ തള്ളിക്കളയാനുള്ള പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കത്തെഴുതി. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള അടിയന്തരസാഹചര്യമില്ല എന്ന ഗവര്‍ണറുടെ വാദം തെറ്റാണെന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിക്കുന്നു.

🔳നിയമസഭ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിയന്തര പ്രധാന്യമില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി  ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല.

🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എംപിമാര്‍ക്ക് കത്തയക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കേന്ദ്ര സര്‍ക്കാര്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ കത്തയയ്ക്കുന്നത്.

🔳സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 17 മുതല്‍ 30 വരെ പരീക്ഷ നടത്തും. രാവിലെ 9.40നാണ് പ്ലസ് ടു  പരീക്ഷ. ഉച്ചയ്ക്ക് 1.40 ന് എസ്.എസ്.എല്‍സി പരീക്ഷയും നടക്കും.

🔳സിബിഎസ്ഇ  10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഫെബ്രുവരി അവസാനം വരെ നടത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പരീക്ഷാ തീയതി നിശ്ചയിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

🔳രാജ്യത്തിന്റെ നിലവിലെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിവിശേഷം അനുസരിച്ച് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് നീതി ആയോഗ് അംഗം ഡോ. എം. കെ പോള്‍. ബ്രിട്ടനില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വൈറസിനുണ്ടായ ഈ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിന്റെ കാഠിന്യം കൂട്ടുകയില്ലെന്നും ഡോ. എം. കെ പോള്‍.

🔳കേരളത്തില്‍ ഇന്നലെ 64,829 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്.  ഇതോടെ ആകെ മരണം 2870 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 61,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് :  കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി 108, കാസര്‍ക്കോട് 72.

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ശിവാനന്ദന്‍ (64), പേയാട് സ്വദേശിനി ലില്ലി (63), കടക്കാവൂര്‍ സ്വദേശിനി രാധാമണി (58), കൊല്ലം കുളപാടം സ്വദേശിനി നഫീസ ബീവി (64), കിഴക്കനേല സ്വദേശിനി രാധാമണി (58), പത്തനംതിട്ട സ്വദേശിനി ചെല്ലമ്മ (84), ആലപ്പുഴ അരൂര്‍ സ്വദേശി കെ.ആര്‍. വേണുനാഥന്‍ പിള്ള (76), അമ്പലപ്പുഴ സ്വദേശിനി ശാന്തമ്മ (68), ചേര്‍ത്തല സ്വദേശി തോമസ് (75), എറണാകുളം തിരുവാങ്കുളം സ്വദേശിനി ശാരദ വാസു (68), തോപ്പുമ്പടി സ്വദേശിനി സിസിലി ജോസഫ് (73), തൃക്കരിയൂര്‍ സ്വദേശി ഭാസ്‌കരന്‍ നായര്‍ (85), തൃശൂര്‍ കോട്ടപ്പുറം സ്വദേശിനി ആനി (80), പാലക്കാട് കൂടല്ലൂര്‍ സ്വദേശി ഹംസ (65), മലപ്പുറം തിരൂര്‍ക്കാട് സ്വദേശിനി അയിഷ (75), തെയ്യാത്തുംപാടം സ്വദേശി ബാലകൃഷ്ണന്‍ (57), പാണ്ടിക്കാട് സ്വദേശി കദീജ (53), വാളാഞ്ചേരി സ്വദേശി കുഞ്ഞുമുഹമ്മദ് (90), നടുവത്ത് സ്വദേശി അലാവിക്കുട്ടി (75), വണ്ടൂര്‍ സ്വദേശിനി അയിഷാബി (55), ആനക്കയം സ്വദേശിനി നിര്‍മല (49), ഓമന്നൂര്‍ സ്വദേശി മുഹമ്മദ് കുട്ടി (64), വയനാട് വൈത്തിരി സ്വദേശിനി നഫീസ (80), മേപ്പാടി സ്വദേശി സെയ്ദലവി (64), ബത്തേരി സ്വദേശിനി ആമിന (68), കണ്ണൂര്‍ ആറളം സ്വദേശി കരുണാകരന്‍ (92), അറവാഞ്ചല്‍ സ്വദേശിനി സൈനബ (72) . 

🔳സംസ്ഥാനത്ത് ഇന്നലെ 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് ഇതോടെ ആകെ 458 ഹോട്ട് സ്‌പോട്ടുകള്‍.

🔳കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന  കവയിത്രി സുഗതകുമാരിയുടെടെ ആരോഗ്യനില കൂടുതല്‍ വഷളായി. കൊവിഡിന്റെ ഭാഗമായുള്ള കടുത്ത ബ്രോങ്കോ ന്യുമോണിയയ്ക്കൊപ്പം ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനവും തകരാറിലായതിനാല്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍.

🔳ശബരിമല ദര്‍ശനത്തിന് ദിനംപ്രതി അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി വര്‍ധിപ്പിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചത്. https://sabarimalaonline.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഭക്തര്‍ക്ക് ദര്‍ശനം ബുക്ക് ചെയ്യാന്‍ സാധിക്കും.

🔳തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം അടക്കം ചര്‍ച്ചയാകുമ്പോള്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂരിന് സാധിക്കുമെന്ന അഭിപ്രായവുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ശശി തരൂരിന് കേരളം ഇതുവരെ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാകുവാന്‍ സാധിക്കുമെന്നും പ്രതാപ് പോത്തന്‍.

🔳സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യവസായി എം.എ.യൂസഫലി. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ലെന്നും നെഗറ്റീവ് പ്രചരിപ്പിക്കുകയെന്നത് ചിലരുടെ ശീലമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍ വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

🔳തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുകുള്‍ റോയ്, സുവേന്ദു അധികാരി എന്നിവര്‍ ഉള്‍പ്പെട്ട നാരദ സ്റ്റിങ് ഓപ്പറേഷന്റെ വീഡിയോ ഔദ്യോഗിക യൂട്യൂബ് ചാനലില്‍നിന്ന് ബിജെപി നീക്കിയെന്ന് ആരോപണം.ബിജെപിയില്‍ ചേര്‍ന്നാലുടന്‍ ആര്‍ക്കും പരിശുദ്ധനായി മാറാം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയിത്ര പരിഹസിച്ചു.

🔳ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തിന് മുന്നേറ്റം. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം 95 സീറ്റുകളില്‍ ഗുപ്കാര്‍ സഖ്യം മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപി 57 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 22 സീറ്റുകളില്‍ മുന്നിലാണ്.

🔳ഇന്ത്യയില്‍ ഇന്നലെ  23,880 കോവിഡ് രോഗികള്‍. മരണം 329. ഇതോടെ ആകെ മരണം 1,46,476 ആയി, ഇതുവരെ 1,00,99,308 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 96.362 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 2.87 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,106 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 939 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,653 പേര്‍ക്കും കര്‍ണാടകയില്‍ 1,141 പേര്‍ക്കും ആന്ധ്രയില്‍ 402 പേര്‍ക്കും തമിഴ്നാട്ടില്‍ 1,052 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 5,51,120 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,52,051 പേര്‍ക്കും ബ്രസീലില്‍ 55,799 പേര്‍ക്കും ഇംഗ്ലണ്ടില്‍ 36,804 പേര്‍ക്കും റഷ്യയില്‍ 28,776 പേര്‍ക്കും  ജര്‍മനിയില്‍ 22,495 പേര്‍ക്കും രോഗം ബാധിച്ചു. 12,437 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,725 പേരും ബ്രസീലില്‍ 963 പേരും ജര്‍മനിയില്‍ 944 പേരും ഇംഗ്ലണ്ടില്‍ 691 പേരും ഇറ്റലിയില്‍ 628 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 7.82 കോടി കോവിഡ് രോഗികളും 17.22 ലക്ഷം മരണവും സ്ഥിരീകരിച്ചു.  

🔳ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ അതിര്‍ത്തികള്‍ അടച്ചെങ്കിലും ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സൗദി അറിയിച്ചു. ഈ മാസം 27 മുതല്‍ രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

🔳മുംബൈയിലെ നിശാക്ലബില്‍ പാര്‍ട്ടിയില്‍ നടന്ന റെയ്ഡില്‍ അറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തത്. കൊവിഡ് പ്രോട്ടോക്കോള്‍ സമയക്രമം അറിയില്ലായിരുന്നു എന്നും സുരേഷ് റെയ്‌ന.

🔳ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിനിടെ പാറ്റ് കമിന്‍സിന്റെ ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഡോക്ടര്‍മാര്‍ ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. ഇതോടെ ഷമിക്ക് ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റും നഷ്ടമായേക്കും.

🔳ഓസ്ട്രേലിയക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിലേറ്റ ദയനീയ തോല്‍വി മറന്നേക്കുവെന്ന് ടീം ഇന്ത്യയോട് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. അടുത്ത പോരാട്ടം മെല്‍ബണിലാണെന്നും അതിനായി ഇന്ത്യ തയാറെടുക്കണമെന്നും സ്റ്റീവ് സ്മിത്ത്.

🔳ഐഎസ്എല്ലില്‍ ആദ്യ ജയത്തിനായുള്ള ഒഡീഷ എഫ്‌സിയുടെ കാത്തിരിപ്പ് നീളും. ആവേശപ്പോരില്‍ കരുത്തരായ നോര്‍ത്ത് ഈസ്റ്റ് എഫ്‌സിയെ സമനിലയില്‍ പിടിച്ചുകെട്ടാനായതിന്റെ ആശ്വാസവുമായി ഒഡീഷ കളം വിട്ടു. ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.

🔳ഉത്സവകാല വില്‍പ്പനയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്‌സ് പ്രത്യേക ഡിസ്‌ക്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഡെയിലി വെയര്‍ ആഭരണങ്ങള്‍ മുതല്‍ ഡയമണ്ടുകള്‍ വരെയുള്ളവ വാങ്ങുമ്പോള്‍ സമ്മാനങ്ങളും ഗ്രാന്‍ഡ് പ്രൈസും ലഭിക്കും. കൂടാതെ ഉപയോക്താക്കള്‍ക്ക് ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും പ്രയോജനപ്പെടുത്താം. ഉത്സവകാല വില്‍പ്പനയോട് അനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വളകള്‍, മാലകള്‍, മറ്റ് സ്വര്‍ണാഭരണങ്ങള്‍ എന്നിവയ്ക്ക് പണിക്കൂലിയില്‍ മൂന്നു ശതമാനം മുതല്‍ ഇളവ് സ്വന്തമാക്കാം. ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 25 ശതമാനം വരെ ഇളവ് ലഭിക്കും.

🔳സെപ്റ്റംബര്‍ 30 വരെ വിഛേദിക്കപ്പെട്ട ബിഎസ്എന്‍എല്‍ ലാന്‍ഡ്ലൈന്‍, ബ്രോഡ്ബാന്‍ഡ്, ഫൈബര്‍ കണക്ഷനുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള  ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് ഒഴിവാക്കി. പരിമിതകാലത്തേക്കുള്ള ആനുകൂല്യത്തിനായി അടുത്തുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടണം.

🔳കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'ഹം ദേഖേംഗെ' കവിതയുടെ മലയാളം വേര്‍ഷന്‍ ആലപിച്ച് ഗായിക പുഷ്പവതി പൊയ്പാടത്ത്. തന്റെ യൂട്യൂബ് ചാനലില്‍ കര്‍ഷക സമരത്തിന്റെ ചിത്രങ്ങളോടൊപ്പമാണ് പാട്ട് പുഷ്പവതി പങ്കുവച്ചിരിക്കുന്നത്. ഷമീന ബീഗമാണ് കവിത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. ഫൈസ് അഹമ്മദ് ഫൈസ് 1979 ലാണ് ഹം ദേഖേംഗെ എന്ന കവിത രചിച്ചത്. 1985ല്‍ ഇഖ്ബാല്‍ ബാനോയാണ് കവിതയ്ക്ക് ശബ്ദം നല്‍കിയത്.

🔳ക്രിസ്മസ് ആഘോഷ രാവുകള്‍ക്ക് ആത്മീയതയുടെ നിറം പകര്‍ന്ന 'ആഘോഷ രാവ്' എന്ന കരോള്‍ ഗാനം ശ്രദ്ധേയമാകുന്നു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റും ഷൈന്‍ ഡാനിയലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവ സംഗീത സംവിധായകന്‍ പ്രശാന്ത് മോഹന്‍ എം.പി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ രചയിതാവ് ദിവാകൃഷ്ണ വി.ജെ ആണ്. 'ബെത്ലഹേമില്‍ ഉണ്ണി പിറന്നു' എന്ന് തുടങ്ങുന്ന ക്രിസ്തുമസ് കരോള്‍  ഗാനം റിലീസ് ചെയ്തതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

🔳ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2021 ജനുവരി ഒന്നു മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. നിര്‍മ്മാണ സാമഗ്രികളുടെയും മറ്റ് ചെലവുകളുടെയും കുത്തനെയുള്ള വില വര്‍ധനയാണ് കമ്പനി ഇതിന്നാധാരമായി പറയുന്നത്. എം&എച്ച്‌സിവി, ഐ&എല്‍സിവി, എസ് സി വികളും ബസുകളും തുടങ്ങിയ ഉത്പന്നനിരയിലാകും വില വര്‍ധന. ഓരോ മോഡലിന്റെയും വേരിയന്റിന്റെയും ഇന്ധനത്തിന്റെ സ്വഭാവത്തിന്റെയും അടിസ്ഥാനത്തില്‍ വില വ്യത്യാസപ്പെടും.

🔳പ്രശസ്തമായ സോവിയറ്റ് നാടോടിക്കഥയുടെ സ്വതന്ത്ര പുനരാവിഷ്‌കാരം. അസര്‍ബൈജാന്‍ എന്ന രാജ്യത്തു ജീവിച്ചിരുന്ന ഒരു പക്ഷിവേട്ടക്കാരന്റെ മകനായ ഇബ്രാഹിമിന്റെ സാഹസികമായ ജീവിതമാണ് ഇതിന്റെ ഇതിവൃത്തം. 'അസര്‍ബൈജാനിലെ ഇബ്രാഹിമിന്റെ കഥ'. ഇ.വി പവിത്രന്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 80 രൂപ.

🔳തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. തൈര് കൊണ്ടുള്ള ഹെയര്‍ മാസ്‌ക് തലമുടി വളരാന്‍ നല്ലതാണ്. തൈരിനോടൊപ്പം പ്രകൃതിദത്തവും ഔഷധ സിദ്ധിയുള്ളതുമായ തേന്‍, കറ്റാര്‍വാഴ തുടങ്ങിയവയും ചേര്‍ത്ത് മാസ്‌ക് തയ്യാറാക്കാം. ഇവ തലമുടി മിനുസമാര്‍ന്നതും തിളക്കമുള്ളതുമായി നിലനിര്‍ത്താനും സഹായിക്കും. മൂന്ന് ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, രണ്ട് ടീസ്പൂണ്‍ തൈര്,  ഒരു ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ നന്നായി മിക്സ് ചെയ്തെടുത്ത് തലമുടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഹാരത്തില്‍ നിന്നും ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് പോഷകങ്ങള്‍ എന്നിവ ലഭിക്കാത്തത് മുടി കൊഴിച്ചിലിന് കാരണമാകും. പ്രോട്ടീന്‍ കുറഞ്ഞ ആഹാരം മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും പുതിയ മുടി വളരാനുള്ള ശരീരത്തിന്റെ ശേഷി ഇല്ലാതാക്കുകയും ചെയ്യുന്നത് മുടി കൊഴിച്ചിലിന് കാരണമാകും
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only