*പ്രഭാത വാർത്തകൾ*
2020 ഡിസംബർ 21 | 1196 ധനു 6 | തിങ്കൾ | പൂരുരുട്ടാതി |
➖➖➖➖➖➖➖➖
🔳സി.എ.എ, എന്‍ആര്‍സി നിയമങ്ങള്‍ കോവിഡ് വാക്സിനേഷന് ശേഷം പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാള്‍ സന്ദര്‍ശനത്തിലുള്ള അമിത്ഷാ, വാര്‍ത്തസമ്മേളനത്തിനിടെ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മന് കി ബാത്ത്' നടക്കുന്ന വേളയില്‍ എല്ലാവരും പാത്രം കൊട്ടണമെന്ന ആഹ്വാനവുമായി പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. ഡിസംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 'മന് കി ബാത്തി'ല്‍ സംസാരിക്കുന്ന സമയം വീടുകളില്‍ പാത്രം കൊട്ടാന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് ജഗജിത് സിംഗ് ദാലേവാല.
🔳കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒരു മണിക്കൂര്‍ നീളുന്ന പ്രത്യേക സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ മാത്രമാവും സംസാരിക്കുക.
🔳തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. നഗരസഭകളിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെയും വോട്ടുകള്‍ കണക്കിലെടുത്താന് എന്‍.ഡി.എക്ക് സംസ്ഥാനത്ത് 35.75 ലക്ഷത്തിലധികം വോട്ട് നേടാന്‍ കഴിഞ്ഞെന്ന് സുരേന്ദ്രന്.
🔳തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്. തിരഞ്ഞെടുപ്പും അന്വേഷണം ഏജന്‍സികളും തമ്മില്‍ ബന്ധമില്ല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ജനങ്ങള്‍ പൂര്‍ണ്ണമായും നിരാകരിച്ചു എന്ന് പറയുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് ക്ലീന്‍ചിറ്റ് ലഭിച്ചെന്ന് പറയുന്നതെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമനുസരിച്ച് ഭരണത്തില്‍ നിന്ന് എല്‍ഡിഎഫ് ഇറങ്ങി പോകണമായിരുന്നുവെന്നും വി.മുരളീധരന്.
🔳സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ കേരളത്തില്‍ അമിത് ഷായുടെ കടമ ഏറ്റെടുക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. തെരഞ്ഞെടുപ്പുകളിലെ താല്‍ക്കാലിക ലാഭത്തിന് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വിഷം കലക്കരുതെന്നും ഫാസിസത്തോട് മറുചോദ്യങ്ങളുയരാത്ത ഗുജറാത്താക്കി കേരളത്തെ മാറ്റരുതെന്നും പികെ ഫിറോസ്.
🔳മുസ്ലിംലീഗ് ഒരു രാഷ്ടീയ പാര്‍ട്ടിയാണോ അതല്ല ഒരു മുസ്ലിം സാമുദായിക സംഘടനയാണോ എന്ന കാര്യത്തില്‍ ലീഗ് നേതൃത്വം തന്നെ തികഞ്ഞ ആശയക്കുഴപ്പത്തിലാണെന്ന് മന്ത്രി കെ.ടി.ജലീല്‍.ലീഗിന്റെ സംശയം മാറാന്‍ ഓരേയൊരു പോംവഴിയേ ഉള്ളൂ. ലീഗെന്ന ന്യൂനപക്ഷ രാഷട്രീയ സംഘടനയുടെ പേരില്‍ നിന്ന് 'മുസ്ലിം' ഒഴിവാക്കുക. അല്ലാത്തിടത്തോളം കാലം സംശയ രോഗം ലീഗിനെ വേട്ടയാടിക്കൊണ്ടേയിരിക്കുമെന്നും ജലീല്‍.
🔳കോട്ടയം നഗരസഭയില്‍ ഭരണം നിശ്ചയിക്കുക നറുക്കെടുപ്പിലൂടെ. കോണ്‍ഗ്രസ് വിമത ബിന്‍സി സെബാസ്റ്റിയന് ഡിസിസിയില്‍ എത്തി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. മറ്റൊരു സ്വതന്ത്രന് എന്‍ഡിഎഫിനെ പിന്തുണയ്ക്കും. ഇരുപക്ഷത്തും തുല്യ അംഗങ്ങളായതോടെയാണ് നഗരസഭയില്‍ നറുക്കെടുപ്പ് വേണമെന്ന നിലയിലായത്.
🔳യുഡിഫ് ശിഥിലമാകുന്നതിന്റെ സൂചനകളാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്. കോണ്‍ഗ്രസില്‍ തീരുമാനമെടുക്കുന്നത് ലീഗാണെന്നും ലീഗിന്റ വളര്‍ച്ചയില്‍ ബി.ജെ.പിക്ക് ആശങ്കയുണ്ടെന്നും ലീഗില്‍ ചിലര്‍ ഭീകരവാദികളെ സഹായിക്കുന്നവരാണെന്നും മുരളീധരന്.
🔳നടിയെ അപമാനിച്ച കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍, ഇര്‍ഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കീഴടങ്ങാന്‍ അഭിഭാഷകര്‍ക്കൊപ്പം എത്തുന്നതിനിടെയാണ് പോലീസ് നടപടി. അതേസമയം പ്രതികളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി യുവനടി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. ഞായറാഴ്ച രാവിലെയാണ് ആദിലും ഇര്‍ഷാദും മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയും നടിയോട് മാപ്പ് ചോദിക്കുന്നതായും പ്രതികരിച്ചത്.
🔳സംസ്ഥാനത്ത് ഇന്നലെ 53,858 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5711 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2816 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,604 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂര്‍ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂര്‍ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസര്‍ഗോഡ് 94.
🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം പെരുകാവ് സ്വദേശി തോമസ് (74), കണ്ണമ്മൂല സ്വദേശി അബ്ദുള്‍ ഷുകൂര്‍ ഖാന് (79), പുനലാല്‍ സ്വദേശി യേശുദാനം (56), പത്തനംതിട്ട സ്വദേശിനി സരോജിനി അമ്മ (64), ആലപ്പുഴ മാളികമുക്ക് സ്വദേശി റെയ്നോള്‍ഡ് (61), പൂച്ചക്കല്‍ സ്വദേശിനി സുബൈദ (68), നൂറനാട് സ്വദേശിനി കുഞ്ഞിക്കുട്ടി (93), കോട്ടയം ഉഴവൂര്‍ സ്വദേശി വി.ജെ. തോമസ് (67), കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമ കുറുപ്പ് (84), എറണാകുളം ചെന്നൂര്‍ സ്വദേശി ടി.ഡി. ആന്റണി (75), കുന്നത്തുനാട് സ്വദേശിനി റൂബിയ (68), എളകുന്നപുഴ സ്വദേശി നദീസന്‍ (76), തൃശൂര്‍ വെളുതൂര്‍ സ്വദേശി ടി.പി. ഔസേപ്പ് (81), പുന്നയൂര്‍കുളം സ്വദേശി വാസു (53), കാട്ടൂര്‍ സ്വദേശിനി ഭവാനി (86), തളിക്കുളം സ്വദേശിനി മൈമൂന (67), പാലക്കാട് തച്ചംപാറ സ്വദേശി മുഹമ്മദ് (72), പട്ടാമ്പി സ്വദേശി രാജ മോഹന്‍ (67), എലവംപാടം സ്വദേശി ബാബു (42), ശ്രീകൃഷ്ണപുരം സ്വദേശി മുഹമ്മദ് ഹാജി (82), മലപ്പുറം നെല്ലികുന്ന് സ്വദേശിനി അയിഷ (73), വഴിക്കടവ് സ്വദേശിനി ഹാജിറ (58), അരീക്കോട് സ്വദേശി മമ്മദ് (87), കോഴിക്കോട് തിരുവാങ്ങൂര്‍ സ്വദേശിനി അയിഷാബി (75), വടകര സ്വദേശിനി കുഞ്ഞൈഷ (76), ചെറുവാറ്റ സ്വദേശി കുഞ്ഞുമൊയ്തീന് കുട്ടി (68), പെരുമണ്ണ സ്വദേശിനി കുട്ടിയാത്ത (69), അടകര സ്വദേശി മായിന്‍കുട്ടി (72), ചാലിയം സ്വദേശി നൗഷാദ് (37), വയനാട് പടിഞ്ഞാറേത്തറ സ്വദേശി മൊയ്ദു (80) .
🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെസംസ്ഥാനത്ത് ആകെ 458 ഹോട്ട് സ്പോട്ടുകള്‍.
🔳ഇടുക്കി വാഗമണ്ണിലെ റിസോര്‍ട്ടിലെ നിശാപാര്‍ട്ടിയില്‍ വന്‍ ലഹരിമരുന്നുവേട്ട. അറുപതോളം പേര് പിടിയിലായി. ഇതില്‍ 25 പേര് സ്ത്രീകളാണ്. എല്‍.എസ്.ഡിയും മറ്റ് ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടി നടന്നത്.
🔳സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി.വഴി നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ച് കൃഷിവകുപ്പിനുകീഴിലെ 10 പൊതുമേഖലാസ്ഥാപനങ്ങളില്‍ നിയമനചട്ടം രൂപവത്കരിക്കണമെന്നു കാണിച്ച് ഉത്തരവിറങ്ങി.
🔳തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പി.യും വോട്ടുകച്ചവടം നടത്തിയതിന് തെളിവെന്ന് അവകാശപ്പെട്ട് സി.പി.എം. ജില്ലാസെക്രട്ടറി എം.വി. ജയരാജന് ശബ്ദരേഖ പുറത്തുവിട്ടു. അതേസമയം, ഇവര്‍ ബി.ജെ.പി.യുടെയും ലീഗിന്റെയും പ്രവര്‍ത്തകരാണെന്ന് തെളിയിക്കുന്ന രേഖകളോ ഇവരുടെ പേരുകളോ ജയരാജന് വെളിപ്പെടുത്തിയില്ല. അത് സമയമാകുമ്പോള്‍ പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
🔳ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം മലയാളിക്ക്. കൊവിഡ് 19 പ്രതിസന്ധി മൂലം ജോലി നഷ്ടമായ പ്രവാസി മലയാളി നവനീത് സജീവനാണ് 7.3 കോടി ഇന്ത്യന്‍ രൂപയ്ക്കര്ഹനായത്.
🔳അങ്കമാലിയില്‍ പെണ്‍കുട്ടിയെ സ്വകാര്യ ലാബിനുള്ളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ മുന്‍കാമുകനായ യുവാവ് അറസ്റ്റില്‍. അങ്കമാലി മേക്കാട് കൂരന്‍ വീട്ടില്‍ ബേസില്‍ ബാബുവിനെ(19)യാണ് അങ്കമാലി പോലീസ് പിടികൂടിയത്.
🔳കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗം നിയന്ത്രണത്തിലെന്ന് ഡിഎംഒ. രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന് പൂര്‍ത്തിയാക്കി. കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗ വ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. അതേസമയം കോട്ടാംപറമ്പ് മേഖലയില്‍ ഷിഗെല്ലയുടെ ഉറവിടം എങ്ങനെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
🔳ഇന്ത്യന്‍ കറന്‍സി യുഎസ് ഡോളറിനെതിരെ അടുത്ത വര്‍ഷം മികച്ച പ്രകടനം നടത്തുമെന്ന് റിപ്പോര്‍ട്ട്. മോട്ടിലാല്‍ ഓസ്വാള്‍ പുറത്തുവിട്ട 'ഇക്കോസ്കോപ്പ് - ഇന്ത്യസ് ക്വാര്‍ട്ടര്‍ലി ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്. 2021 കലണ്ടര്‍ വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളര്‍ച്ച മെച്ചപ്പെടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
🔳ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളില്‍ നടത്തുന്ന റോഡ് ഷോയില്‍ വന്‍ ജനസാന്നിധ്യം. നിരവധി റോഡ്ഷോകള്‍ക്ക് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു ജനക്കൂട്ടത്തെ ആദ്യമായി കാണുകയാണെന്ന് ബംഗാളിലെ ബോള്‍പൂരില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.
🔳മമത സര്‍ക്കാരിനെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മമതാ സര്‍ക്കാരിനെ താഴെയിറക്കുമെന്നും അഴിമതി മാത്രമാണ് ബംഗാളില്‍ നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ബംഗാളിന്റെ നേട്ടം ആഗ്രഹിക്കുന്നവര്‍ ബിജെപിയിലേക്ക് വരണമെന്നാണ് അമിത്ഷായുടെ അഭ്യര്‍ത്ഥന.
🔳ലോകത്തെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ സ്ഥാപിക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ജാംനഗറിലാണ് മൃഗശാല സ്ഥാപിക്കുകയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ലോകത്താകമാനമുള്ള 100 സ്പീഷിസില്‍പ്പെട്ട പക്ഷിമൃഗാദികള്‍ മൃഗശാലയിലുണ്ടാകുമെന്ന് കമ്പനി അവകാശപ്പെട്ടു. ജാംനഗറിനടത്തുള്ള മോട്ടി ഖാവ്ഡിയില്‍ കമ്പനിയുടെ റിഫൈനറി നില്ക്കുന്ന സ്ഥലത്തെ 280 ഏക്കറിലായിരിക്കും മൃഗശാല സ്ഥാപിക്കുക.
🔳കോവിഡ് പ്രതിരോധ വാക്സിന് ജനുവരിയില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. പ്രഥമ പരിഗണന വാക്സിന്റെ സുരക്ഷക്കും ഫലപ്രാപ്തിക്കുമാണെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
🔳ഇന്ത്യയില്‍ ഇന്നലെ 24,589 കോവിഡ് രോഗികള്‍. മരണം 330. ഇതോടെ ആകെ മരണം 1,45,843 ആയി, ഇതുവരെ 1,00,56,243 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 96.05 ലക്ഷം പേര് രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 3.02 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,811 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 1,091 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,978 പേര്‍ക്കും കര്‍ണാടകയില്‍ 1,194 പേര്‍ക്കും ആന്ധ്രയില്‍ 438 പേര്‍ക്കും തമിഴ്നാട്ടില്‍ 1,114 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 5,31,639 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,73,573 പേര്‍ക്കും ബ്രസീലില്‍ 25,445 പേര്‍ക്കും തുര്‍ക്കിയില്‍ 20,316 പേര്‍ക്കും റഷ്യയില്‍ 28,209 പേര്‍ക്കും ജര്‍മനിയില്‍ 20,822 പേര്‍ക്കും ഇംഗ്ലണ്ടില്‍ 35,928 പേര്‍ക്കും രോഗം ബാധിച്ചു. 7,821 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,384 പേരും മെക്സിക്കോയില്‍ 627 പേരും റഷ്യയില്‍ 511 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 7.71 കോടി കോവിഡ് രോഗികളും 16.99 ലക്ഷം മരണവും സ്ഥിരീകരിച്ചു.
🔳കോവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് അനിയന്ത്രിതമാം വിധം പടര്‍ന്നുവെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ബ്രിട്ടനില്‍നിന്നുള്ള വിമാനയാത്രക്ക് പല രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്.
🔳ഫൈസറിന്റെ കോവിഡ് വാക്സിനെടുത്ത ശേഷം നഴ്സ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ ബോധരഹിതയായി. യുഎസിലെ ടെന്നസിയിലുള്ള ചട്ടനൂഗ ആശുപത്രിയിലുള്ള ടിഫാനി ഡോവര്‍ എന്ന നഴ്സാണ് ബോധരഹിതയായത്. വാര്‍ത്താസമ്മേളനത്തിനിടെ തനിക്ക് തല കറങ്ങുന്നെന്ന് പറഞ്ഞ ടിഫാനി കുഴഞ്ഞുവീഴുകയായിരുന്നു. അതേ സമയം വേദന അനുഭവപ്പെടുമ്പോള്‍ താന്‍ തളര്‍ന്ന് പോകുന്ന അവസ്ഥയുണ്ടാകാറുണ്ടെന്ന് ടിഫാനി പിന്നീട് പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
🔳ഐ.എസ്.എല്ലില്‍ ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് മുംബൈ സിറ്റി എഫ്.സി. 38-ാം മിനിറ്റില്‍ വിഗ്നേഷ് ദക്ഷിണാമൂര്‍ത്തിയും 59-ാം മിനിറ്റില്‍ ആദം ലെ ഫോണ്ഡ്രെയുമാണ് മുംബൈക്കായി സ്കോര്‍ ചെയ്തത്. മികച്ച പ്രകടനം നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പിഴവുകള്‍ ഹൈദരാബാദിന് തിരിച്ചടിയായി.
🔳ഐ.എസ്്.എല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഈസ്റ്റ് ബംഗാളിനെതിരേ സമനില. 13-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഡിഫന്‍ഡര്‍ ബക്കാരി കോനെയുടെ സെല്‍ഫ് ഗോളിലുടെ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് ഇന്‍ജുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് ജെയ്ക്സണ്‍ സിങ്ങിലൂടെ സമനില പിടിച്ചത്. ഐ.എസ്.എല്ലിലെ ആദ്യ ജയമെന്ന ഈസ്റ്റ് ബംഗാളിന്റെ സ്വപ്നമാണ് ഇതിലൂടെ ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്.
🔳കൊവിഡിനെ തുടര്‍ന്ന് തിരിച്ചടി നേരിട്ട ഇന്ത്യന്‍ വ്യോമഗതാഗത രംഗം പതിയെ പൂര്‍വ സ്ഥിതിയിലേക്ക് വളരുന്നു. നവംബര്‍ മാസത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ 20 ശതമാനം വര്‍ധനവ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നവംബര്‍ മാസത്തില്‍ 63.5 ലക്ഷം പേരാണ് വിമാനങ്ങളില്‍ യാത്ര ചെയ്തത്. ഒക്ടോബറി ഇത് 52.7 ലക്ഷം പേരായിരുന്നു. എന്നാല്‍ 2019 നവംബര്‍ മാസത്തെ അപേക്ഷിച്ച് 51 ശതമാനം ഇടിവാണ് യാത്രക്കാരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
🔳ഡിസംബര്‍ മാസം നാലിന് അവസാനിച്ച ദ്വൈവാരത്തില്‍ രാജ്യത്തെ ബാങ്ക് വായ്പ 5.73 ശതമാനം വര്‍ധിച്ച് 105.04 ലക്ഷം കോടി രൂപയായി. ബാങ്ക് നിക്ഷേപങ്ങള്‍ 11.34 ശതമാനം വര്‍ധനയോടെ 145.92 ലക്ഷം കോടി രൂപയായി. റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുളളത്. പോയ വര്‍ഷം ഡിസംബര്‍ ആറിന് അവസാനിച്ച ദ്വൈവാരത്തില്‍ ഇവ യഥാക്രമം, ബാങ്ക് വായ്പ 99.35 ലക്ഷം കോടിയും നിക്ഷേപങ്ങള്‍ 131.06 ലക്ഷം കോടിയും ആയിരുന്നു. 2020 ല്‍ നവംബര്‍ 20 ന് അവസാനിച്ച ദ്വൈവാരത്തില്‍ ബാങ്ക് വായ്പ 104.34 ലക്ഷം കോടിയും നിക്ഷേപം 143.70 ലക്ഷം കോടിയും ആയിരുന്നു. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് വര്‍ധന യഥാക്രമം 5.82 ശതമാനവും 10.89 ശതമാനവുമായിരുന്നു.
🔳തെന്നിന്ത്യയിലെ പ്രമുഖ സംഗീത സംവിധായകന് സന്തോഷ് നാരായണന് മലയാളത്തിലേക്ക് എത്തുന്നു. നവാഗത സംവിധായകന് ഡാര്വിന് കുര്യാക്കോസ് ഒരുക്കുന്ന ടൊവിനോ തോമസ് ചിത്രത്തിലാണ് സന്തോഷ് നാരായണന് സംഗീത സംവിധായകനാകുന്നത്. 2012ല്‍ പാ രഞ്ജിത്ത് ചിത്രം ആട്ടക്കത്തിയിലൂടെയാണ് സന്തോഷ് നാരായണന് സ്വതന്ത്ര സംഗീത സംവിധായകനാണ്. ടൊവിനോ ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജിനു എബ്രഹാം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഗരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സൈജു ശ്രീധര്‍ ആണ് എഡിറ്റിംഗ്.
🔳സൂര്യ നായകനായ സൂരരൈ പൊട്ര് സിനിമ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എഴുത്തുകാരനും വ്യവസായിയും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര് ഗോപിനാഥന്റെ ജീവിതം പ്രചോദനമാക്കിയാണ് സിനിമ എടുത്തത്. സിനിമ സംവിധാനം ചെയ്തത് സുധ കൊങ്ങര പ്രസാദ് ആണ്. സൂര്യയുടെ അഭിനയം തന്നെയായിരുന്നു സിനിമയുടെ പ്രധാന ആകര്‍ഷണം. എഴുപത്തിയെട്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്സില്‍ വിദേശ ഭാഷ ചിത്രത്തിന്റെ വിഭാഗത്തിലേക്കാണ് സൂരരൈ പൊട്രു തെരഞ്ഞെടുക്കപ്പെട്ടത്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തില്‍ നായികയായത്.
🔳ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് 2019 ഓഗസ്റ്റ് മാസത്തിലാണ് ആര്‍വി 300, ആര്‍വി 400 എന്നിങ്ങനെ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഈ മോഡലുകളുടെ നിര്‍ത്തിവച്ച ബുക്കിംഗ് കമ്പനി വീണ്ടും തുടങ്ങി. ഉയര്‍ന്ന മോഡലായ ആര്‍വി 400ന് വിപണിയില്‍ 1,08,999 രൂപയായിരുന്നു എക്സ്ഷോറും വില. 84,999 രൂപ എക്സ്ഷോറൂം വിലയിലാണ് ആര്‍വി 300 അവതരിപ്പിച്ചത്. ആവശ്യക്കാര്‍ കൂടിയതോടെ ഇരുമോഡലുകളിലും ഏകദേശം 14,200 രൂപ വില വര്‍ധിപ്പിച്ചു.
🔳യു.ആര്. അനന്തമൂര്‍ത്തിയുടെ രചനാലോകത്തിലെ സവിശേഷമായ ഒരു കാലഘട്ടത്തെ രേഖപ്പെടുത്തുന്ന നോവല്‍. ഗ്രന്ഥകാരന് കുട്ടിക്കാലം ചെലവഴിച്ച തീര്‍ഥഹള്ളിയിലെ ഓര്‍മകളും അനുഭവങ്ങളുമാണ് ഈ രചനയുടെ അസംസ്കൃതവസ്തു. സവിശേഷമായ രചനാമുദ്രയുള്ള കന്നടനോവലിന്റെ പരിഭാഷ. 'ദിവ്യം'. മാതൃഭൂമി ബുക്സ്. വില 261 രൂപ.
🔳പഞ്ചസാരയ്ക്കു പകരം തേന്‍ ഉപയോഗിക്കുന്നതായിരിക്കും ശരീരഭാരം കുറയ്ക്കാന്‍ നല്ലത്. പഞ്ചസാരയെ അപേക്ഷിച്ച് കാലറി വളരെ കുറഞ്ഞതാണ് തേന്‍ എന്നതാണിതിന്റെ കാരണം. ഇത് മാത്രമല്ല തേനിന് പല ഗുണങ്ങളും ഉണ്ട്. ആന്റി ഓക്സിഡന്റുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ് തേന്‍. ഇത് ചര്‍മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും തേനിനുണ്ട്. പഞ്ചസാരയ്ക്കു പകരം ശര്‍ക്കര ഉപയോഗിക്കാം. കാലറി വളരെ കുറഞ്ഞ ഒന്നാണിത്. ജലദോഷം, ചുമ, മലബന്ധം ഇവയെല്ലാം അകറ്റും. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കും. ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ ശര്‍ക്കരയോ തേനോ മികച്ചത് എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. തേനിനും ശര്‍ക്കരയ്ക്കും അതാതിന്റെ ആരോഗ്യഗുണങ്ങള്‍ ഉണ്ട്. ഹ്രസ്വ കാലത്തേക്ക് ഇവ ശരീരത്തിനു ഗുണകരവുമാണ്. എന്നാല്‍ ദീര്‍ഘ നാള് ഉപയോഗിക്കുമ്പോള്‍ ഇവയിലടങ്ങിയ നാച്വറല്‍ ഷുഗറിന്റെയും കാലറിയുടെയും കാര്യം ചിന്തിക്കേണ്ടി വരും. ഇവ രണ്ടും മിതമായ അളവില്‍ ഉപയോഗിച്ചില്ലെങ്കില്‍ ശരീരഭാരം കൂടും. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന തേനിലും ശര്‍ക്കരയിലും പ്രിസര്‍വേറ്റീവുകളും ഷുഗറും ചേര്‍ത്തിട്ടുണ്ടാകും. ഇതുമൂലം അവയിലെ കാലറിയും കൂടും. ശര്‍ക്കരയോ തേനോ? ഏതാണ് കൂടുതല്‍ ആരോഗ്യകരം. തീര്‍ച്ചയായും പ്രോസസ് ചെയ്യാത്ത, നാച്വറല്‍ ആയ തേന്‍ തന്നെയാണ് മികച്ചത്. ഇങ്ങനെയുള്ള തേന്‍ ലഭ്യമല്ല എങ്കില്‍ പകരം ആയി ശര്‍ക്കര വെയ്റ്റ് ലോസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം എന്ന് മാത്രം.
➖➖➖➖➖➖➖➖
dailynews
Post a comment