22 December 2020

പ്രഭാത വാർത്തകൾ
(VISION NEWS 22 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക*പ്രഭാത വാർത്തകൾ*
2020 ഡിസംബർ 22 | 1196 ധനു 7 | ചൊവ്വ | ഉത്രട്ടാതി |
➖➖➖➖➖➖➖➖

🔳ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വേഗത്തിലാണെന്ന ബ്രിട്ടീഷ് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാന്‍കോകിന്റെ വെളിപ്പെടുത്തലാണ് ലോകത്ത് ആശങ്ക വിതച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ ലോകരാജ്യങ്ങളിലധികവും തീരുമാനിച്ചിരിക്കുകയാണ്.

🔳ബ്രിട്ടനില്‍ അതിവേഗം പടരുന്ന കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

🔳ബ്രിട്ടനിലെ കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികളടച്ചു. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണ് നിലവില്‍ അതിര്‍ത്തികടച്ചിട്ടുള്ളത്. ഇതേ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനും ജോലി സ്ഥലങ്ങളിലേക്ക് പോകാനുമിരുന്ന മലയാളികളടക്കം നിരവധി പ്രവാസികള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി. 

🔳വൈറസിന് പരിവര്‍ത്തനമുണ്ടാവുക എന്നതു സ്വാഭാവിക പ്രക്രിയയാണെന്നും ഇംഗ്ലണ്ടില്‍നിന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ടി. ജേക്കബ് ജോണ്‍ അഭിപ്രായപ്പെട്ടു.

🔳ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംവിധാനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ തിരഞ്ഞെടുപ്പ് സംവിധാനത്തിന് തയ്യാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കിയത്.

🔳എസ്.എന്‍.ഡി.പി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരന്ന കെ.കെ. മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പളളി നടേശന്‍, സഹായി  കെ.എല്‍. അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. ആലപ്പുഴ ജുഡീഷ്യല്‍ കോടതിയാണ് നിര്‍ദേശം നല്‍കിയത്. മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.

🔳പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹാളില്‍ ജയ് ശ്രീരാം വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അവസാന വേളയിലെത്തിയപ്പോഴാണ് ജയ് ശ്രീരാം വിളികള്‍ ഉയര്‍ന്നത്.

🔳തദ്ദേശതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ട്വന്റി 20യുടെ കിഴക്കമ്പലം, ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍ എന്നീ പഞ്ചായത്തുകളിലെല്ലാം അദ്ധ്യക്ഷ സ്ഥാനത്ത് വനിതകള്‍. വനിതകളെ മുന്‍നിര്‍ത്തിയുള്ള പുത്തന്‍ രാഷ്ട്രീയനീക്കത്തിന് കൂടിയാണ് ഇതിലൂടെ ട്വന്റി20 തുടക്കമിടുന്നത്.

🔳കൊച്ചിയിലെ മാളില്‍ യുവ നടിയെ അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഭവത്തില്‍  നടിയും കുടുംബവും പ്രതികള്‍ക്ക് മാപ്പ് നല്‍കിയെങ്കിലും കേസ് നടപടി അവസാനിപ്പിക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.

🔳മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് തുടങ്ങും. രാവിലെ കൊല്ലത്തും വൈകിട്ട് പത്തനംതിട്ടയിലുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. മൂന്ന് മാസത്തിനപ്പുറം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ കേരള പര്യടനം.

🔳മുസ്ലീംലീഗിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ലീഗിനെ വിമര്‍ശിച്ചാല്‍ അതെങ്ങനെ ന്യൂനപക്ഷങ്ങള്‍ക്കെതിരാകുമെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

🔳കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കൊടിയേരിക്കെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. പ്രാഥമിക കുറ്റപത്രമാണ് അടുത്ത തിങ്കളാഴ്ചയ്ക്കകം സമര്‍പ്പിക്കുക. ഒക്ടോബര്‍ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാന്‍ കൂടിയാണ് ഇഡി നടപടി.

🔳സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ഇന്ന് മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്പാം. ബെവ്കോ ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് വരെയാക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം. കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പത്  മാസമായി ബാറുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു

🔳സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രത്യേക സി.ബി.ഐ. കോടതി ഇന്ന് വിധിപറയും. 1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു..  

🔳സംസ്ഥാനത്ത് ഇന്നലെ 34,847 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 3423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2843 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2982 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4494 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 60,504 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : മലപ്പുറം 626, കോഴിക്കോട് 507, എറണാകുളം 377, പാലക്കാട് 305, തൃശൂര്‍ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂര്‍ 159, പത്തനംതിട്ട 112, വയനാട് 65, ഇടുക്കി 55, കാസര്‍ഗോഡ് 43

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം പാങ്ങോട് സ്വദേശിനി സൈബാബ ബീവി (64), മെഡിക്കല്‍ കോളേജ് സ്വദേശി ഒ. അബ്ദുള്‍ മജീദ് (84), കാട്ടായിക്കോണം സ്വദേശി രാമചന്ദ്രന്‍ നായര്‍ (68), പനക്കോട് സ്വദേശി ശങ്കു (62), കോട്ടക്കല്‍ സ്വദേശിനി ഷീല (49), കൊല്ലം കൊട്ടാരക്കര സ്വദേശി സജിമോന്‍ (49), ഇരവിപുരം സ്വദേശിനി ഷീജ (47), ആലപ്പുഴ കാവാലം സ്വദേശിനി ചെല്ലമ്മ (80), തോന്നക്കാട് സ്വദേശി കെ.വി. തമ്പാന്‍ (70), കോട്ടയം ഉള്ളനാട് സ്വദേശി ജോസഫ് (66), ചങ്ങനാശേരി സ്വദേശി എ.ജെ.ജോസ് (75), എറണാകുളം നോര്‍ത്ത് പരവൂര്‍ സ്വദേശി പി.എസ്. രാജന്‍ (72), പുതുപ്പാടി സ്വദേശി എം.എം. മുസ്തഫ (72), പനംപിള്ളി നഗര്‍ സ്വദേശി ശാന്തി പി ലാലന്‍ (85), കോതമംഗലം സ്വദേശി പി.പി. അഗസ്റ്റിന്‍ (86), ചിറ്റാറ്റുകര സ്വദേശി സുബ്രഹ്മണ്യന്‍ (68), മട്ടാഞ്ചേരി സ്വദേശി അമീന്‍ (58), കുണ്ടന്നൂര്‍ സ്വദേശി നാരായണന്‍ (93), തൃപ്പുണ്ണിത്തുറ സ്വദേശി രജനീകാന്ത് (41), തൃശൂര്‍ കണ്ടശംകടവ് സ്വദേശി മാത്യൂസ് (73), ചാലക്കുടി സ്വദേശി കെ.ടി. ഔസേപ്പ് (81), ചെമ്പൂച്ചിറ സ്വദേശി ദിനേശന്‍ (50), പാലക്കാട് കോട്ടപ്പാടം സ്വദേശി അബ്ദു (58), മലപ്പുറം കരക്കുന്ന് സ്വദേശിനി ഫാത്തിമ (70), കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഹാജി (68), കോഴിക്കോട് സ്വദേശിനി കുഞ്ഞൈഷ (65), വയനാട് സ്വദേശിനി പാത്തു (85).

🔳സംസ്ഥാനത്ത് ഇന്നലെ 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍.  ഇന്നലെ 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 457 ഹോട്ട് സ്‌പോട്ടുകള്‍.

🔳കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കവയിത്രി സുഗതകുമാരിയെയും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഗതകുമാരി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സയിലായിരുന്നു. ഹൈ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട രോഗിയായതിനാല്‍  വി.എം.സുധീരന്‍ വിഐപി റൂമില്‍ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ്.

🔳നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്ന് പിടികൂടിയ വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ട് അടച്ചുപൂട്ടും. കൊവിഡ് മാനദണ്ഡം ലംഘിച്ച് പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി റിസോര്‍ട്ട് സീല്‍ വച്ചിരിക്കുകയാണ്. എസ്പിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

🔳ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താനുള്ള അനുമതി നല്‍കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് എതിരെയാണ് ഐഎംഎ കേസ്് ഫയല്‍ ചെയ്തിരിക്കുന്നത്.

🔳ശരദ് പവാറും എന്‍സിപിയും എന്‍ഡിഎയില്‍ ചേരണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ കര്‍ഷക നേതാവെന്ന നിലയിലുള്ള പ്രവര്‍ത്തന പരിചയം ദേശീയ ജനാധിപത്യ സഖ്യത്തെ സഹായിക്കുമെന്നും രാംദാസ് അത്താവാലെ പറഞ്ഞു.

🔳തമിഴ്‌നാട്ടില്‍ മക്കള്‍നീതി മയ്യം അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ചെയ്യുന്ന ജോലിക്ക് ശമ്പളം ഉറപ്പാക്കുമെന്ന് കമല്‍ഹാസന്‍. 2021 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാ വീടുകളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും സംസ്ഥാനത്തെ കര്‍ഷകരെ കൃഷി സംരംഭകരാക്കി മാറ്റുമെന്നും അദ്ദേഹം പുറത്തിറക്കിയ ഭരണ - സാമ്പത്തിക അജണ്ട വാഗ്ദാനം നല്‍കുന്നു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ സമൃദ്ധി രേഖയിലെത്തിക്കും എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു വാഗ്ദാനം.  

🔳മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ (93) അന്തരിച്ചു. ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

🔳അമിത് ഷാ നടത്തിയ പ്രസംഗം നുണകളുടെ മാലിന്യക്കൂമ്പാരം ആയിരുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചതിയന്മാരുടെ പാര്‍ട്ടിയാണ് ബിജെപിയെന്നും രാഷ്ട്രീയത്തില്‍ അവര്‍ എന്തും ചെയ്യാന്‍ മടിക്കില്ലായെന്നും മമത.

🔳യുകെയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ പരിധികളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.  രാത്രി 11 മുതല്‍ പുലര്‍ച്ച ആറു മണിവരെയാണ് നിയന്ത്രണമുള്ളത്.

🔳ഇന്ത്യയില്‍ ഇന്നലെ  19,141 കോവിഡ് രോഗികള്‍. മരണം 300. ഇതോടെ ആകെ മരണം 1,46,145 ആയി, ഇതുവരെ 1,00,75,422 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 96.35 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 2.9 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,834 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 803 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,515 പേര്‍ക്കും കര്‍ണാടകയില്‍ 772 പേര്‍ക്കും ആന്ധ്രയില്‍ 214 പേര്‍ക്കും തമിഴ്നാട്ടില്‍ 1,071 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 4,76,054 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,51,559 പേര്‍ക്കും ബ്രസീലില്‍ 25,019 പേര്‍ക്കും റഷ്യയില്‍ 29,350 പേര്‍ക്കും ഇംഗ്ലണ്ടില്‍ 33,364 പേര്‍ക്കും  രോഗം ബാധിച്ചു. 8,219 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,381 പേരും ബ്രസീലില്‍ 518 പേരും ജര്‍മനിയില്‍ 533 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 7.76 കോടി കോവിഡ് രോഗികളും 17.07 ലക്ഷം മരണവും സ്ഥിരീകരിച്ചു.  

🔳സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിളും ഫെയ്‌സ്ബുക്കും പോലുള്ള സ്ഥാപനങ്ങള്‍ മാധ്യമങ്ങള്‍ക്ക് പണം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം ന്യായവും നിര്‍ണായകവുമാണെന്ന് ഓസ്‌ട്രേലിയയിലെ കോംപറ്റീഷന്‍ കമ്മീഷന്റെയും കണ്‍സ്യൂമര്‍ കമ്മീഷന്റേയും ചെയര്‍മാനായ റോഡ് സിംസ്. പുതിയ നിയമനിര്‍ദേശങ്ങള്‍ മാധ്യമ വ്യവസായത്തിന്റെ നിലനില്‍പ്പിനും അതിജീവനത്തിനും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

🔳ഐഎസ്എല്ലില്‍ കരുത്തരുടെ പോരാട്ടത്തില്‍ , എടികെ മോഹന്‍ ബഗാന് ജയം. ബംഗളുരു എഫ്സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് എടികെ മോഹന്‍ ബഗാന്‍ തോല്‍പ്പിച്ചു. 33 ആം മിനിറ്റില്‍ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വില്ല്യംസ് ആണ് എടികെയെ മുന്നിലെത്തിച്ചത്. ഏഴ് കളിയില്‍ അഞ്ചാം ജയം നേടിയ എടികെയ്ക്ക് 16 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. സീസണില്‍ എടികെയുടെ അഞ്ചാം ജയമാണിത്. ഏഴ് കളികളില്‍ 12 പോയന്റുള്ള ബംഗളൂരു മൂന്നാം സ്ഥാനത്ത് തുടരുന്നു.

🔳നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 'റൂപേ സെലക്ട്' എന്ന പേരില്‍ കോണ്ടാക്ട്‌ലെസ് ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി. ഗോള്‍ഫ് കോഴ്‌സുകള്‍, ജിമ്മുകള്‍, സ്പാകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയില്‍ സെന്‍ട്രല്‍ ബാങ്ക് റുപേ സെലക്ട് ഡെബിറ്റ് കാര്‍ഡിന്റെ ഉപയോക്താക്കള്‍ക്ക് കോംപ്ലിമെന്ററി അംഗത്വവും ആനുകൂല്യവും ലഭിക്കും. കൂടാതെ, ഈ നാഷണല്‍ കോമണ്‍ മൊബിലിറ്റി ഡെബിറ്റ് കാര്‍ഡ് (എന്‍സിഎംസി) ഉപയോഗിച്ച്  സൗജന്യനിരക്കില്‍ ഹെല്‍ത്ത് ചെക്ക്-അപ്പുകള്‍ നടത്താം. അധികച്ചെലവില്ലാതെ പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും.

🔳ലോകത്തെ ഏറ്റവും വലിയ ബസ് നിര്‍മ്മാതാക്കളില്‍ ഒന്നാണ് ബ്രസീല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കോപോളോ എസ്എ. 2006 -ലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ് മാര്‍ക്കോപോളോയുമായി സഹകരിച്ച് 'ടാറ്റ മാര്‍ക്കാപോളോ മോട്ടോര്‍സ്' എന്ന പുതിയ ബസ് നിര്‍മ്മാണ സംരംഭത്തിന് ഇന്ത്യയില്‍ തുടക്കം കുറിച്ചത്.  14 വര്‍ഷങ്ങള്‍ക്കിപ്പുറം പങ്കാളിയായ മാര്‍ക്കോപോളോയില്‍ നിന്നും ബിസിനസ് പൂര്‍ണമായി ഏറ്റെടുക്കുകയാണ് ടാറ്റ. ബ്രസീലിയന്‍ കമ്പനിയുടെ 49 ശതമാനം ഓഹരിയും ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ കാശുകൊടുത്തു വാങ്ങും. 100 കോടി രൂപയുടേതാണ് കരാര്‍. ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ ടാറ്റ മോട്ടോര്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയായി ടിഎംഎംഎല്‍ മാറും.

🔳ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം 'പൗഡര്‍ സിന്‍സ് 1905'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ധ്യാനിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. രാഹുല്‍ കല്ലു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ്, അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ, സംഭാഷണം മനാഫ് ഒരുക്കുന്നു.

🔳ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'കെ.ജി.എഫ് ചാപ്റ്റര്‍ 2'. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. ജനുവരി 8-ന് യഷിന്റെ പിറന്നാള്‍ ദിനത്തില്‍ രാവിലെ 10.18-ന് ടീസര്‍ എത്തും. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗും പൂര്‍ത്തിയായിരിക്കുകയാണ്.  യഷ് നായകനാകുമ്പോള്‍ കൊടുംവില്ലന്‍ അധീരയായി വേഷമിടുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെ.ജി.എഫ്.

🔳ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ജാവ സീരീസിനു വില കൂട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2021 ജനുവരി മുതല്‍ പുതിയ വില നിലവില്‍ വരും. ജാവ, ജാവ42, ജാവ പെറക് എന്നിവയ്ക്കായിരിക്കും ചെറിയ രീതിയില്‍ വിലക്കയറ്റം ഉണ്ടാവുക. നിലവിലെ ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം ഉണ്ടായിരിക്കുന്ന മുടക്കു മുതല്‍ വര്‍ദ്ധനയാണ് വിലക്കയറ്റത്തിനു കാരണം. ജാവ 42 ന് 1.65ലക്ഷം രൂപയില്‍ നിന്നും 1.94 ലക്ഷം രൂപ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്ക്, കാര്‍ വിപണികളെല്ലാം പുതുവല്‍സരത്തില്‍ വില കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.

🔳ദുഃഖമെന്ന പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ ശ്രമിക്കുക.  ഇന്നു നിങ്ങള്‍ ദുഃഖിതനാണെങ്കില്‍ നാളെയും നിങ്ങള്‍ ദുഃഖിതനായിരിക്കും. ദുഃഖത്തിന്റെ കാരണം കണ്ടെത്തണമെങ്കില്‍ നിങ്ങള്‍ അതില്‍നിന്നും ഒഴിഞ്ഞുമാറാതിരിക്കണം. അതിനെ മുഖാമുഖം ആഘോഷപൂര്‍വ്വം നേരിടുകതന്നെ വേണം. 'യോഗയുടെ രാസവിദ്യ'. ഓഷോ. സൈലന്‍സ് ബുക്സ്. വില 252 രൂപ.

🔳കൊവിഡ് 19 മഹാമാരി, മനുഷ്യരാശിയെ സംബന്ധിച്ച് ഇതുവരെ പരിചയിച്ചിട്ടില്ലാത്ത പുതിയൊരു വെല്ലുവിളിയായിരുന്നു. അതിനാല്‍ തന്നെ ഈ രോഗവുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ ഇപ്പോഴും ഗവേഷകര്‍ പഠിച്ചുവരികയാണ്.  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കൊവിഡ് മരണങ്ങളില്‍ 88 ശതമാനം, അതായത് പത്തില്‍ ഒമ്പത് പേരും 45 വയസിന് മുകളില്‍ പ്രായം വരുന്നവരാണ് എന്നതാണ് ഇതില്‍ ഏറ്റവും സുപ്രധാനമായൊരു വിവരം. ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് പോലെ തന്നെ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളോ അസുഖങ്ങളുള്ളവരോ തന്നെയാണ് ഇന്ത്യയിലും കൂടുതലായി മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. 70 ശതമാനം പേരും ഈ വിഭാഗത്തില്‍ പെടുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, കരള്‍ രോഗം, വൃക്ക രോഗം തുടങ്ങിയ അസുഖങ്ങളുള്ളവരാണ് കൂടുതല്‍ കരുതലെടുക്കേണ്ടതെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു. ആകെ വന്നിട്ടുള്ള കൊവിഡ് കേസുകളില്‍ 40 ശതമാനത്തോളം 45 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ബാക്കി വരുന്ന 60 ശതമാനവും അതിന് താഴെയുള്ളവരാണ്. പക്ഷേ മരണനിരക്കിന്റെ കാര്യം വരുമ്പോള്‍ 12 ശതമാനം മാത്രമാണ് 45 വയസിന് താഴെയുള്ള വിഭാഗത്തില്‍ വന്നിരിക്കുന്നത്. അതുപോലെ ശ്രദ്ധേയമായ മറ്റൊരു വസ്തുത, പുരുഷന്മാരിലാണ് മരണനിരക്ക് കൂടുതല്‍ എന്നതാണ്. 70 ശതമാനവും പുരുഷന്മാരാണ് കൊവിഡ് മൂലം മരിച്ചിട്ടുള്ളത്. ആകെ കൊവിഡ് കേസുകളിലാണെങ്കില്‍ 63 ശതമാനവും പുരുഷന്മാര്‍. ഇങ്ങനെ കൊവിഡ് 19 പുരുഷന്മാരെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നു എന്നതും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. കുട്ടികളില്‍ അത്ര വ്യാപകമായി രോഗം പിടിപെടുന്നില്ലെന്നും 25 വയസിന് മുകളിലേക്കാണ് രോഗം ഏറെയും തീവ്രമാകുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
➖➖➖➖➖➖➖➖
dailynews

Post a comment

Whatsapp Button works on Mobile Device only