29 ഡിസംബർ 2020

സായാഹ്‌ന വാർത്തകൾ
(VISION NEWS 29 ഡിസംബർ 2020)

*സായാഹ്‌ന വാർത്തകൾ*
2020 ഡിസംബർ 29 | 1196 ധനു 14 | ചൊവ്വ | മകയിരം |


🔳ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേരില്‍ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാര്‍സ് കൊറോണ വൈറസ് കൊവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്.

🔳ജനിതകമാറ്റം വന്ന പുതിയ വൈറസ് രാജ്യത്ത് ആറ് പേരില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലും അതീവജാഗ്രത. ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്കാണ് കേരളത്തില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ പുതിയ വൈറസ് ആണോ എന്നറിയാന്‍ സ്രവം പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. രോഗ ബാധിതരെ പ്രത്യേകം നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

🔳കഴിഞ്ഞ അഞ്ച് കൊല്ലത്തെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനും എല്‍ഡിഎഫിനും സംതൃപ്തിയും ആത്മവിശ്വാസവും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പ്രകടന പത്രിക തയ്യാറാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി.

🔳നെയ്യാറ്റിന്‍കരയില്‍ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ മരിച്ച രാജന്റെയും അമ്പിളിയുടെയും രണ്ട് മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. കുട്ടികള്‍ക്ക് വീട് വെച്ച് നല്‍കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കി. എത്രയുംവേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി.

🔳സഭാതര്‍ക്കം പരിഹരിക്കുന്നതിനായി ഓര്‍ത്തഡോക്സ്, യാക്കോബായ സഭാപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ത്തിയാക്കി. പ്രശ്നത്തില്‍ തുടര്‍ചര്‍ച്ചകള്‍ക്കായി മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയെയും കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനെയും മോദി ചുമതലപ്പെടുത്തി. അതേസമയം, സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപടുന്നതില്‍ തെറ്റില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. വലിയ ക്രമസമാധാന പ്രശ്നമായി വരുന്ന കാര്യമാണ് സഭാ തര്‍ക്കമെന്നും അതില്‍ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി.

🔳യുഡിഎഫിനെ തളര്‍ത്തി ബിജെപിയെ വളര്‍ത്താനാണ് എല്‍ഡിഎഫിന്റെ ശ്രമമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാകും നിയമസഭാ തിരഞ്ഞെടുപ്പെന്നും ബിജെപിക്ക് അതില്‍ നേട്ടമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ അവകാശ ലംഘനം ഇല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിയില്‍ വ്യക്തമാക്കി. എത്തിക്‌സ് കമ്മിറ്റി എന്ത് നടപടി എടുത്താലും സ്വീകരിക്കാന്‍ തയ്യാറാണെന്നും തോമസ് ഐസക് പറഞ്ഞു.

🔳നടിയെ ആക്രമിച്ച കേസിന്റെ തുടര്‍ വിചാരണയ്ക്കായി പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ ഉടന്‍ നിയമിക്കും. ഇതിനായി അഭിഭാഷകരുടെ പാനല്‍ തയാറാക്കി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ചിരുന്നു. വിചാരണക്കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കേസിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന എ സുരേശന്‍ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം.

🔳വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ആയിരിക്കുമെന്ന് പിജെ ജോസഫ്. എന്‍സിപി ആയി തന്നെ പാലായില്‍ നിന്ന് മാണി സി കാപ്പന്‍ മത്സരിക്കുമെന്നാണ് പിജെ ജോസഫ് ആവര്‍ത്തിക്കുന്നത്. കേരളാ കോണ്‍ഗ്രസിനുള്ള സീറ്റ് മാണി സി കാപ്പന് വിട്ടു കൊടുക്കുമെന്നും പിജെ ജോസഫ്.

🔳എഴുത്തുകാരനും വിവര്‍ത്തകനുമായ കെ.പി ബാലചന്ദ്രന്‍ (81) അന്തരിച്ചു. തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശിയാണ്. ടോള്‍സ്റ്റോയി, ദസ്തയേവിസ്‌കി, തസ്ലീമ നസ്രിന്‍, ഡി.എച്ച് ലോറന്‍സ്, വിക്ടര്‍ ഹ്യൂഗോ എന്നിവരുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

🔳സൂപ്പര്‍ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറി. ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താനീ തീരുമാനം അറിയിക്കുന്നതെന്നും താരം ആരാധകരോട് പ്രസ്താവനയിലൂടെ പറഞ്ഞു.

🔳ലോക രാജ്യങ്ങള്‍ സാമൂഹിക-സാമ്പത്തിക -രാഷ്ട്രീയ കാര്യങ്ങളില്‍ ഭാരതീയ മാതൃകയാണ് ഇപ്പോള്‍ പിന്തുടരുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോക്ടര്‍ മോഹന്‍ ഭാഗവത്. കൊവിഡ് പ്രതിസന്ധിയിലും അത് വ്യക്തമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് ദിവസത്തെ സന്ദര്‍ശത്തിന് കേരളത്തിലെത്തിയ അദ്ദേഹം കോഴിക്കോട്ട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

🔳തെലുഗു സൂപ്പര്‍താരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ ക്വാറന്റീനിലാണെന്നും ആരോഗ്യസ്ഥിതി ഇപ്പോള്‍ തൃപ്തികരമാണെന്നും രാം ചരണ്‍ ട്വീറ്റ് ചെയ്തു.

🔳കര്‍ണാടക നിയമ നിര്‍മാണ സഭാ ഡപ്യൂട്ടി ചെയര്‍മാനും ജെഡിഎസ് നേതാവുമായ എസ്എല്‍ ധര്‍മഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്വദേശമായ ചിക്കമംഗലൂരില്‍ റെയില്‍വേ ട്രാക്കിലാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞതവണ ഉപരിസഭ ചേര്‍ന്നപ്പോള്‍ ചെയര്‍മാന്റെ സീറ്റില്‍ ഇരുന്ന് സഭ നിയന്ത്രിക്കാന്‍ ധര്‍മഗൗഡ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്ത് സഭയ്ക്ക് പുറത്താക്കിയത് വലിയ വിവാദമായിരുന്നു.

🔳മഹാരാഷ്ട്രയില്‍ ത്രികക്ഷി സഖ്യസര്‍ക്കാരില്‍ ഭിന്നത പരസ്യമാകുന്നു. ശിവസേനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം കൂട്ടത്തോടെ രംഗത്ത്. കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ ശിവസേന ധൈര്യം കാണിക്കരുതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ബാലാ സാഹേബ് തോറാട്ട്.

🔳ടെലികോം മേഖലയില്‍ സര്‍ക്കാറിനോട് സഹായം അഭ്യര്‍ത്ഥിച്ച് ടെലികോം ഓപ്പറേറ്റര്‍മാരുടെ സംഘടന. കൊവിഡ് പ്രതിസന്ധി ടെലികോം മേഖലയുടെ സാമ്പത്തികാവസ്ഥ വളരെ ഞെരുക്കത്തിലാക്കി. ഇതിനാല്‍ തന്നെ വളരെ പ്രധാനപ്പെട്ട ചില സാമ്പത്തിക ഇളവുകള്‍ സര്‍ക്കാര്‍ നല്‍കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

🔳ലൈംഗികതയെക്കുറിച്ച് പരസ്യമായി ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന ഒരു രാജ്യത്ത്, ലൈംഗികതയെ കുറിച്ച് സംസാരിക്കാന്‍ മടിക്കേണ്ടതില്ലെന്നും തീര്‍ത്തും സാധാരണമായ ഒന്നാണതെന്നും പറഞ്ഞുതന്ന സെക്സ് ഡോക്ടര്‍ ഡോ. മഹീന്ദര്‍ വാട്സ അന്തരിച്ചു. ഇന്ത്യയുടെ ലൈംഗിക വിദ്യാഭ്യാസ മേഖലയിലും ലൈംഗിക കൗണ്‍സിലിംഗ് രംഗത്തും വേറിട്ട ശബ്ദമായിരുന്നു അദ്ദേഹം. മുംബൈ മിറര്‍ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ആസ്‌ക് ദി സെക്‌സ്‌പെര്‍ട്ട്' എന്ന അദ്ദേഹത്തിന്റെ കോളം വളരെ വിഖ്യാതമായിരുന്നു.

🔳കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്കായിരിക്കും ഇത് ബാധകം. പുതിയ മോഡല്‍ കാറുകള്‍ക്ക് 2021 ഏപ്രിലില്‍ മുതലാകും എയര്‍ബാഗ് നിര്‍ബന്ധമാക്കുക. നിലവിലുള്ള മോഡലുകള്‍ ജൂണ്‍ ഒന്നുമുതല്‍ എയര്‍ ബാഗോടുകൂടിയാണ് നിര്‍മിക്കേണ്ടത്.

🔳ലോകത്തിലെ തന്നെ ശതകോടീശ്വരന്മാരില്‍ ഒരാളായ  ജാക് മായോട് തോന്നിയ ചൈനീസ് സര്‍ക്കാറിന്റെ അതൃപ്തി ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്നായ അലിബാബയുടെ അടിത്തറ ഇളക്കുന്നതായി സൂചന. കമ്പനിക്കെതിരെ ചൈനീസ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ കമ്പനിയുടെ ഓഹരി വിലകള്‍ കുത്തനെ ഇടിഞ്ഞു. അലിബാബ മാത്രമല്ല അവരുടെ എതിരാളികള്‍ക്ക് അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ 14 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായി എന്നാണ് വിവരം.

🔳വിരാട് കോഹ്ലിയും രോഹിത് ശര്‍മയും മുഹമ്മദ് ഷമിയുമില്ലാതെ ഇന്ത്യ ജയിച്ചു. അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. മെല്‍ബണില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ആറിന് 133 എന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഓസീസിന് 67 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് 70 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് മാന്‍ ഓഫ് ദ മാച്ച്. ഇതോടെ ഇന്ത്യ പരമ്പരയില്‍ 1-1ന് ഒപ്പമെത്തി.

🔳ഒരു മാസത്തിനിടെ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ 13.8 കോടിയിലേറെ ഓഹരികള്‍ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി വിറ്റഴിച്ചു. ബാങ്കിന്റെ ആകെ ഓഹരികളില്‍ 2.002 ശതമാനം വരും വിറ്റഴിക്കപ്പെട്ട ഓഹരികള്‍. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 24 വരെയുള്ള കാലയളവിലാണ് ഓഹരികള്‍ വിറ്റഴിച്ചത്. ഇതോടെ ബാങ്കില്‍, എല്‍ഐസിയുടേതായി അവശേഷിക്കുന്ന ഓഹരികളുടെ എണ്ണം 6.74 ശതമാനമായി കുറഞ്ഞു. നേരത്തെ ഇത് 8.74 ശതമാനമായിരുന്നു.

🔳കേരളത്തില്‍ സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 37360 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4670 രൂപയാണ് ഇന്നത്തെ നിരക്ക്. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് വില കുത്തനെ ഇടിഞ്ഞു. ഡിസംബറിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില ഡിസംബര്‍ ഒന്നിന് രേഖപ്പെടുത്തിയ പവന് 35920 രൂപയാണ്.

🔳ജയസൂര്യ നായകനായെത്തുന്ന 'വെള്ളം' എന്ന ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്യാപ്റ്റന് ശേഷം സംവിധായകന്‍ പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ ആല്‍ക്കഹോളിക്ക് ആയ കഥാപത്രത്തെയാണ് ജയസൂര്യ  അവതരിപ്പിക്കുന്നത്. തിയറ്ററുകള്‍ തുറന്നാലുടന്‍ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ അറിയിച്ചു. നായികമാരായി സംയുക്തമേനോന്‍, സ്‌നേഹ പാലിയേരി എന്നിവര്‍ എത്തുന്നു.

🔳തമിഴ് താരം ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രം 'ഭൂമി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നിധി അഗര്‍വാള്‍ ആണ്. ചിത്രം ജനുവരി 14ന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും. റോണിത് റോയ്, രാധാരവി, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.  ഭൂമിനാഥന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയം രവി അവതരിപ്പിക്കുന്നത്. ബഹിരാകാശ യാത്രികന്‍ എന്ന കരിയര്‍ ഉപേക്ഷിച്ച് ഒരു കര്‍ഷകനായി മാറാനുള്ള നിലപാട് സ്വീകരിച്ച വ്യക്തയുടെ കഥയാണ് ചിത്രം പറയുന്നത്.

🔳പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഇ-മോടോറാഡ് ഒരു മാസത്തിനുള്ളില്‍ 1200 യൂണിറ്റ് ഇ-സൈക്കിളുകള്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്.  ഇ-സൈക്കിളിന്റെ ആദ്യ ബാച്ച് സമാരംഭിച്ച് 45 ദിവസത്തിനുള്ളില്‍ മികച്ച പ്രീ-ബുക്കിംഗ് ലഭിച്ചിരുന്നു. രണ്ടാമത്തെ ബാച്ച് ഇ-സൈക്കിളുകളുടെ ഉല്‍പാദനത്തിനായി കമ്പനി ഒരുങ്ങുകയാണ്. ഉപയോക്താവിന് ഇ-ബൈക്കിന്റെ ലൊക്കേഷന്‍ ട്രാക്കുചെയ്യാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ സമാരംഭിക്കാന്‍ ഇഎം പദ്ധതിയിടുന്നു.

🔳ഈ സ്റ്റേഷനില്‍ ഒറ്റയ്ക്ക്, വീടുകള്‍ക്കും ജീവനുണ്ട്, അറവുമൃഗം, അഞ്ചാം മണ്ണിലേക്കുള്ള കത്തുകള്‍, നാറ്റം, നഗരത്തിലെ കുയില്‍ തുടങ്ങിയ ഇരുപത്തിനാല് കഥകള്‍. 'ഈ സ്റ്റേഷനില്‍ ഒറ്റയ്ക്ക്'. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. റെഡ് ചെറി ബുക്സ്. വില 140 രൂപ.

🔳ഒരു നിശ്ചിത പ്രായത്തിന് ശേഷം ഏതൊരു വ്യക്തിയിലും ഉണ്ടാകാന്‍ സാധ്യതയുള്ള ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.ഇന്നത്തെ മാറിയ ജീവിതശൈലിക്ക് അനുസൃതമായി ചെറുപ്പക്കാരിലും ഇത് കാണപ്പെടുന്നുണ്ട്. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ നിരവധി രോഗങ്ങള്‍ക്കും കാരണമായി മാറാന്‍ ഇടയാക്കിയേക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിസാരമായി കാണുന്നത് ഹൃദ്രോഗം പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തലച്ചോറിന് ന്യൂറോളജിക്കല്‍ നാശമുണ്ടാക്കാം. മാത്രമല്ല, മിനിസ്ട്രോക്ക്,  ഡിമെന്‍ഷ്യ എന്നിവ ഉണ്ടാകുന്നതിനും കാരണമാകും. തലച്ചോറിലേക്കുള്ള രക്ത വിതരണത്തെ തടസ്സപ്പെടുത്തുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ധമനികളെ കഠിനമാക്കുകയും മാത്രമല്ല രക്തം കട്ടപിടിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇത് ഒരു സ്ട്രോക്കിന്റെ മുന്നറിയിപ്പ് കൂടിയാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി ശരിയായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടരുക. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഫൈബറും പൊട്ടാസ്യവും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കേണ്ടത്. ഓരോ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. അനാരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും ശ്രദ്ധിക്കണം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.43, പൗണ്ട് - 99.24, യൂറോ - 89.96, സ്വിസ് ഫ്രാങ്ക് - 82.89, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.79, ബഹറിന്‍ ദിനാര്‍ - 194.75, കുവൈത്ത് ദിനാര്‍ -240.50, ഒമാനി റിയാല്‍ - 190.97, സൗദി റിയാല്‍ - 19.57, യു.എ.ഇ ദിര്‍ഹം - 19.99, ഖത്തര്‍ റിയാല്‍ - 20.17, കനേഡിയന്‍ ഡോളര്‍ - 57.27.

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only