13 December 2020

സായാഹ്‌ന വാർത്തകൾ
(VISION NEWS 13 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*
*

🔳കര്‍ഷക സംഘടനകളുടെ രണ്ടാം ഘട്ട ദില്ലി ചലോ മാര്‍ച്ച് തുടങ്ങി. രാജസ്ഥാനിലെ കോട്ട് പുത്തലിയില്‍ നിന്ന് നൂറു കണക്കിന് കര്‍ഷകര്‍ രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയായ ഷജഹാന്‍പൂരിലേക്ക് തിരിച്ചു. ഹരിയാന അതിര്‍ത്തി വരെ രാജസ്ഥാന്‍ പൊലീസിന്റെ അകമ്പടിയോടെയാണ് മാര്‍ച്ച്. അതേസമയം, കര്‍ഷകസമരം തീര്‍ക്കാന്‍ നാളെ ചര്‍ച്ചയാവാമെന്ന് കേന്ദ്രകൃഷിമന്ത്രി വീണ്ടും സൂചന നല്കി . ബില്ലുകള്‍ പിന്‍വലിക്കുന്ന കാര്യം ആദ്യ അജണ്ടയാക്കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു.

🔳കോവിഡ് കാരണം ജീവിത മാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ട് ഇന്ത്യയിലെ പകുതി ജനങ്ങള്‍ പട്ടിണിയോട് പൊരുതുകയാണെന്നും ആ സമയത്ത് 1000 കോടി രൂപ ചിലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണെന്നും നടന്‍ കമല്‍ഹാസന്‍. തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നല്‍കണം എന്നും കമല്‍ ആവശ്യപ്പെട്ടു.

🔳മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാണ് യുഡിഎഫിന്റെ പരാതി. കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെസി ജോസഫ് ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

🔳മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം നടത്തിയ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് വിശദീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. അതില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎ ഹസ്സന്റെ വാദം ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.

🔳നഷ്ടമായ പളളികളിലേക്ക് ആരാധനയ്ക്കായി തിരികെ കയറാനൊരുങ്ങി യാക്കോബായ സഭ തീരുമാനം. മുളന്തുരുത്തി പളളിയിലും കായംകുളം കട്ടച്ചിറ സെന്റ്മേരീസ് പളളിയിലും എത്തിയ യാക്കോബായ വിശ്വാസികളെ പോലീസ് തടഞ്ഞു. അതേസമയം പ്രതിഷേധിക്കാനാണ് യാക്കോബായ സഭ തീരുമാനമെങ്കില്‍ നിയമവഴി സ്വീകരിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ.

🔳മുസ്ലീംലീഗ് നേതാവ് എം.സി.മായിന്‍ ഹാജിക്കും മകനുമെതിരേ ദുബായില്‍ ചെക്ക് കേസ്. അഞ്ചുകോടി രൂപ തട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ് കണ്ണൂര്‍ സ്വദേശിയായ പ്രവാസി മായിന്‍ ഹാജിക്കെതിരേ പരാതി നല്‍കിയത്. ലീഗ് നേതൃത്വത്തിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.

🔳മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് താഴെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തമിഴ്‌നാട് സ്വദേശി കുമാരി(50) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് സാരിയില്‍ തൂങ്ങി താഴേക്ക് ചാടുകയായിരുന്നു.

🔳ടിആര്‍പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ടിആര്‍പി തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുന്ന പതിമൂന്നാമത്തെ പ്രതിയാണ് വികാസ്.

🔳ഡോ.കഫീല്‍ ഖാനെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രകോപനപരമായി സംസാരിച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരം യുപി സര്‍ക്കാര്‍ ജയിലിലാക്കിയ ഡോ.കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി സെപ്റ്റംബര്‍ ഒന്നിനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്.

🔳പൊതുമേഖലയില്‍ പത്ത് വര്‍ഷം സേവനം ചെയ്യാന്‍ തയ്യാറാകാത്തവര്‍ ഒരു കോടി രൂപ പിഴ നല്‍കണമെന്ന് പിജി മെഡിക്കല്‍ വിദ്യാര്‍ഥികളോട് ഉത്തര്‍ പ്രദേശ്. പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലാത്തവരോടാണ് ഉത്തര്‍പ്രദേശിന്റെ മുന്നറിയിപ്പ്.

🔳ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി ഇന്റലിജന്‍സ് വിഭാഗം തകര്‍ത്തു. ഭീകരാക്രമണപദ്ധതിയ്ക്കായി മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന നടത്തിയ രണ്ട് ലക്ഷം ഡോളറിന്റെ പണമിടപാട് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) കണ്ടെത്തിയതോടെയാണ് പദ്ധതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്.

🔳കഴിഞ്ഞ സീസണിലെ മികച്ച ഫുട്‌ബോള്‍ താരത്തെ കണ്ടെത്താനുള്ള ഫിഫയുടെ ചുരുക്കപ്പട്ടികയായി. ഫിഫ ബെസ്റ്റിനായുള്ള അവസാന 10 പേരുടെ ലിസ്റ്റ് ചുരുക്കി മികച്ച മൂന്ന് താരങ്ങള്‍ ഉള്‍പ്പെട്ട അന്തിമ പട്ടികയാണ് ഇപ്പോള്‍ ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബാഴ്സലോണയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സി, ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കി എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്. ഡിസംബര്‍ 17-ന് ജേതാവിനെ പ്രഖ്യാപിക്കും.

🔳ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അഭിമാനപ്പോരാട്ടം. സീസണിലെ അഞ്ചാം മത്സരത്തില്‍ അയലത്തെ വൈരികളായ ബെംഗളൂരു എഫ്സിയെ ബ്ലാസ്റ്റേഴ്സ് നേരിടും. രാത്രി 7.30നാണ് മത്സരം. നാല് കളിയില്‍ ഒന്നില്‍ പോലും ജയിക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. രണ്ട് തോല്‍വിയും രണ്ട് സമനിലയും വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്.

🔳2020 ല്‍ ഏറ്റവും അധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക് ടോക് ആണ് എന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ അനലിറ്റിക്സ് സ്ഥാപനമായ ആപ്പ് ആനിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് ആപ്പ് ആയിരുന്നു ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൊബൈല്‍ ആപ്പ്. ഫേസ്ബുക്കിന് തൊട്ടുപിറകില്‍ ഉള്ളത് മെസേജിങ് ആപ്പ് ആയ വാട്സ്ആപ്പ് ആണ്. സൂം ആപ്പ് ആണ് നാലാം സ്ഥാനത്ത്. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയില്‍ ഉള്ള ഇന്‍സ്റ്റാഗ്രാം അഞ്ചാം സ്ഥാനത്തും ഫേസ്ബുക്ക് മെസഞ്ചര്‍ ആറാം സ്ഥാനത്തും ആണുള്ളത്. ഏഴാം സ്ഥാനത്ത് ഗൂഗിളിന്റെ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പ് ആയ ഗൂഗിള്‍ മീറ്റും ഉണ്ട്. ആദ്യ പത്തില്‍ സ്നാപ് ചാറ്റും ടെലഗ്രാമും ലൈക്കിയും ഇടം പിടിച്ചിട്ടുണ്ട്. ഫ്രീ ഫയര്‍ ഗെയിം ആണ് 2020 ല്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം. പബ്ജി രണ്ടാം സ്ഥാനത്തേക്ക് പോയി.

🔳ആഭ്യന്തര വിപണിയില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ നേരിയ വര്‍ധനവ്. 12.73 ശതമാനമാണ് ഉയര്‍ന്നിട്ടുള്ളത്. 2, 85,367 യൂണിറ്റുകളാണ് ഉല്‍പ്പാദിപ്പിച്ചത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. യാത്രാ, വാണിജ്യ വാഹനങ്ങള്‍ ഉള്‍പ്പെടെ സെഗ്മെന്റുകളിലുടനീളമുള്ള മൊത്തം വില്‍പ്പന നവംബറില്‍ 19,09,372 യൂണിറ്റിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 11.02 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. ഇരുചക്രവാഹന വില്‍പ്പനയും 13.43 ശതമാനം വര്‍ധിച്ച് 16,00,379 യൂണിറ്റിലെത്തിയിട്ടുണ്ട്.

🔳'സണ്‍ ഓഫ് അലിബാബാ നാല്‍പ്പത്തൊന്നാമന്‍' എന്ന ചിത്രത്തിനു ശേഷം നജീബ് അലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'വംദൈ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷ തന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെയാണ് റിലീസ് ചെയ്യതത്. സംവിധായകരായ അജയ് വാസുദേവ്, സന്തോഷ് വിശ്വനാഥ്  (വണ്‍), ഒമര്‍ ലുലു എന്നിവരും സിനിമാ താരങ്ങളായ ആന്‍സന്‍ പോള്‍, നമിതാ പ്രമോദ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍
തുടങ്ങിയവരും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. ചിത്രത്തിന്റെ ഗാനരചന ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കുന്നു.

🔳അന്ന ബെന്നിനെ നായികയാക്കി പുതിയ ചിത്രവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. 'സാറാസ്' എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പച്ചക്കറി മാര്‍ക്കറ്റില്‍ മത്തങ്ങയും പിടിച്ചു നില്‍ക്കുന്ന അന്നയെയാണ് പോസ്റ്ററില്‍ കാണാനാവുക. അന്നയുടെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. പ്രസവിക്കാന്‍ താല്‍പര്യമില്ലാത്ത പെണ്‍കുട്ടിയുടെ കഥയാണ് സാറാസ് പറയുക.

🔳ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഇന്ത്യയില്‍ പുതിയ മോഡലുകളുമായി എത്താന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പേറ്റന്റ് ഡിസൈന്‍, വ്യാപാരമുദ്രകളുടെ പോര്‍ട്ടലില്‍ അടുത്തിടെയുള്ള ഒരു ലിസ്റ്റിംഗ് അനുസരിച്ച് കമ്പനി അഞ്ച് പുതിയ ഉല്‍പ്പന്ന നാമങ്ങള്‍ വരെ ഇന്ത്യന്‍ വിപണിയില്‍ രജിസ്റ്റര്‍ ചെയ്തു. കൊണാര്‍ക്ക്, ക്ലിക്ക്, കര്‍മിക്, കോസ്മിക്, കുഷാക്ക് തുടങ്ങിയവ രജിസ്റ്റര്‍ ചെയ്ത പേരുകളില്‍ ഉള്‍പ്പെടുന്നതായാണ് സൂചന.
🔳➖🔳➖🔳➖🔳➖🔳➖🔳

Post a comment

Whatsapp Button works on Mobile Device only