മുക്കം: ലോകത്തെ ഞെട്ടിച്ചുകൊണ്ട് വ്യാപിച്ചുകൊണ്ടിരിക്കുന്ന റാന്‍സംവേര്‍ വൈറസ് ആക്രമണം മുക്കത്തും സ്ഥിരീകരിച്ചു. മുക്കത്തെ പ്രമുഖ പ്രിന്റിങ് പ്രസ്സുകളിലെ കംപ്യൂട്ടറുകളിലാണ് റാന്‍സംവെയര്‍ ആക്രമണം ഉണ്ടായത്. കെ.ടി പ്രിന്റേഴ്സ്, ഫോട്ടോ പ്ലേറ്റ്, ബസൂക ഗ്രാഫിക്സ് എന്നീ സ്ഥാപനങ്ങളില്‍ മാത്രം ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ഉടമകള്‍ അറിയിച്ചു. ആയിരക്കണക്കിന് ഡിസൈനിംങ് ഫയലുകളും 10 ലക്ഷം രൂപ വിലയുള്ള പ്ലേറ്റ് മേക്കിങ് സോഫ്ട്വെയറും തകരാറിലായി പ്രവര്‍ത്തനം പ്രതിസന്ധിയിലായെന്നു ഉടമ നിസാര്‍ ഫോട്ടോപ്ലേറ്റ് പറഞ്ഞു.
ആക്രമണത്തിനിരയായ കംപ്യൂട്ടറുകളിലെ ഫയലുകള്‍ തിരിച്ചു കിട്ടണമെങ്കില്‍ പണം നല്‍കണമെന്ന ഹാക്കര്‍മാരുടെ ഇ-മെയില്‍ സന്ദേശവും ഉടമകള്‍ക്ക് ലഭിച്ചിട്ടുണ്ട്. അജ്ഞാതരായ അക്രമണകാരികള്‍ അറുപതിനായിരം രൂപ ബിറ്റ് കോയിനായി (ഡിജിറ്റല്‍ മണി) നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. പ്രതിസന്ധിയിലായ സ്ഥാപന ഉടമകള്‍ വടകര റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേരളത്തില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അപരിചിത ഇമെയില്‍ സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുകയും, കംപ്യൂട്ടറുകളില്‍ സുരക്ഷിതമായ ആന്റിവൈറസ്, ആന്റി മാല്‍വെയര്‍ സോഫ്റ്റ്വെയറുകള് ഇന്‍സ്റ്റാള്‍ ചെയ്യുകയുമാണ് പ്രതിവിധിയെന്ന് കമ്പ്യൂട്ടര്‍ വിദഗ്ധനും അധ്യാപകനുമായ നസീബ് ഉള്ളാട്ടില്‍ പറഞ്ഞു.
//സാലിം ജീറോഡ്//
Post a comment