22 December 2020

സായാഹ്‌ന വാർത്തകൾ
(VISION NEWS 22 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സായാഹ്‌ന വാർത്തകൾ

2020 ഡിസംബർ 22 | 1196 ധനു 7 | ചൊവ്വ | ഉത്രട്ടാതി |

🔳28 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ അഭയയ്ക്ക് നീതി. കേസില്‍ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതി വിധിച്ചു. ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം തെളിഞ്ഞെന്ന് വ്യക്തമാക്കിയ കോടതി ശിക്ഷ നാളെ വിധിക്കും. ദൈവത്തിന് നന്ദിയെന്നായിരുന്നു വിധി പ്രഖ്യാപനം കേട്ടതിന് പിന്നാലെ കുടുംബത്തിന്റെ പ്രതികരണം.

🔳സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന കോടതി വിധി കേട്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി. എന്നാല്‍, ഫാ. തോമസ് കോട്ടൂര്‍ യാതൊരു ഭാവവ്യത്യാസവും കൂടാതെയാണ് പ്രതികൂട്ടില്‍ നിന്നത്. കുറ്റം ചെയ്തിട്ടില്ല .ദൈവത്തിന്റെ പദ്ധതിയനുസരിച്ച് എല്ലാം നടക്കുമെന്നും ഫാദര്‍ കോട്ടൂര്‍ പ്രതികരിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കോട്ടയത്തെ ക്‌നാനായ സഭാ ആസ്ഥാനത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വിധിയോടുള്ള പ്രതികരണം അറിയിക്കാന്‍ ഇത് വരെ സഭാ നേതൃത്വം തയ്യാറായിട്ടില്ല.

🔳അഭയക്കേസില്‍ അവസാനം നീതികിട്ടയതില്‍ സന്തോഷം രേഖപ്പെടുത്തി സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു. നിറ കണ്ണുകളോടെയാണ് മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.തോമസ് പ്രതികരിച്ചത്. അന്വേഷണം നീതിപൂര്‍വം ആണെന്നതിന്റെ തെളിവാണ് കോടതിയുടെ കണ്ടെത്തലെന്ന് വര്‍ഗീസ് പി.തോമസ്. അഭയയ്ക്ക് നീതി കിട്ടിയതില്‍ സന്തോഷമെന്ന് കേസിലെ മുഖ്യസാക്ഷിയായ അടയ്ക്കാ രാജു.

🔳അഭയ കേസിലെ വിധിയിലൂടെ പണവും സ്വാധീനവും ഉപയോഗിച്ച് കോടതിയെ വിലയ്‌ക്കെടുക്കാവില്ലെന്ന് തെളിഞ്ഞെന്ന് കേസിലെ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. വിധിയിലൂടെ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം വര്‍ധിച്ചു. പണവും അധികാരവുമുണ്ടെങ്കില്‍ സത്യത്തെ അട്ടിമറിക്കാനാവില്ലെന്ന് തെളിഞ്ഞു. ദൈവമാണ് അടയ്ക്കാ രാജുവിന്റെ രൂപത്തില്‍ ദൃക്‌സാക്ഷിയായത്. വിജയത്തില്‍ താനൊരു നിമിത്തം മാത്രമാണെന്നും ജോമോന്‍ പറഞ്ഞു.

🔳വൈദ്യപരിശോധനയ്ക്ക് പിന്നാലെ അഭയകേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും ജയിലിലേക്ക് മാറ്റി. സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റിയത്.

🔳സമരം ചെയ്യുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച കേന്ദ്രസര്‍ക്കാരിന്റെ കത്ത് സമയം കൊല്ലിയെന്ന് കര്‍ഷക സംഘടനകളുടെ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഭൂരിപക്ഷം സംഘടനകളും ഈ അഭിപ്രായക്കാരായിരുന്നു. എന്നാല്‍ ചര്‍ച്ച വേണമെന്ന അഭിപ്രായമാണ് യോഗത്തില്‍ രണ്ട് സംഘടനകള്‍ നിലപാടെടുത്തത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തികളില്‍ നടത്തൂന്ന പ്രക്ഷോഭം ഇന്ന് 27-ാം ദിവസത്തിലേക്കെത്തി.

🔳കാര്‍ഷിക നിയമ ഭേദഗതി തള്ളാന്‍ നാളെ ചേരാനിരിക്കുന്ന നിയമസഭ പ്രത്യേക സമ്മേളനത്തിന് അനിശ്ചിതത്വം. പ്രത്യേക സമ്മേളനം ചേരുന്നതില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. സഭാ സമ്മേളനം നേരത്തെ ചേരാന്‍ ഉള്ള സാഹചര്യം വിശദീകരിക്കണം എന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. അടിയന്തിര സാഹചര്യം ഉണ്ടെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഗവര്‍ണ്ണറുടെ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

🔳കെ കെ മഹേശന്റെ ആത്മഹത്യ കേസില്‍ വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസെടുക്കാനാകില്ലെന്ന് മാരാരിക്കുളം പൊലീസ് കോടതിയെ അറിയിച്ചു. നിലവില്‍ അസ്വാഭാവിക മരണത്തിന് എഫ്ഐആര്‍ ഉണ്ട്. ഐജിയുടെ കീഴില്‍ പ്രത്യേകസംഘം കേസ് അന്വേഷിക്കുകയാണ്. പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസ്സമുണ്ടെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചു.

🔳കൊച്ചി മെട്രോയില്‍ കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ സമയ നിയന്ത്രണം മാറ്റി. മെട്രോയുടെ സമയക്രമം മുന്‍പത്തെ പോലെ രാവിലെ 6മണി മുതല്‍ രാത്രി 10 മണി വരെയാക്കി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സമയം രാവിലെ 7 മുതല്‍ രാത്രി 9 മണി വരെയാക്കിയത്.

🔳മുഖ്യമന്ത്രിയുടെ ജില്ലാ തല സമ്പര്‍ക്ക പരിപാടി എന്‍ എസ് എസ് ബഹിഷ്‌കരിച്ചു. തങ്ങളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്നതിനാലാണ് ബഹിഷ്‌കരണമെന്ന് എന്‍ എസ് എസ് കൊല്ലം താലൂക്ക് യൂണിയന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്കൊപ്പം രാവിലെ എട്ടരയ്ക്ക് പ്രാതലിനുള്ള ക്ഷണമാണ് നിരസിച്ചത്.

🔳തൃശൂര്‍ ജില്ലയിലെ അഞ്ചു വീടുകളില്‍ എന്‍ ഐ എ സംഘം റെയ്ഡ് നടത്തുന്നു. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്. പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. പ്രവാസികളുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് പരിശോധന.

🔳ഗുരുവായൂര്‍ ക്ഷേതത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം. വെര്‍ച്ചല്‍ ക്യൂ വഴി 3000 പേരെ അനുവദിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകള്‍ നടത്താനും അനുമതിയുണ്ട്. പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് തീരുമാനം. കളക്ടറുടെ തീരുമാനം വന്നാലുടന്‍ പ്രവേശന തീയതി തീരുമാനിക്കും.

🔳അമേരിക്കയിലെ പരമോന്നത സൈനിക ബഹുമതിയായ 'ലെജിയന്‍ ഓഫ് മെരിറ്റ്' പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇന്ത്യയെ ആഗോള ശക്തിയായി ഉയര്‍ത്തിക്കൊണ്ടുവരാനും വഹിച്ച നേതൃത്വപരമായ പങ്ക് കണക്കിലെടുത്താണ് മോദിയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

🔳കൊവിഡ് വാക്സിന്‍ സ്വീകരിച്ച് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍. ടെലിവിഷനില്‍ ലൈവായാണ് ബൈഡന്‍ വാക്സിന്‍ സ്വീകരിച്ചത്. വാക്സിനെതിരായ പ്രചാരണങ്ങളെ തള്ളിക്കളയാനും ആളുകള്‍ക്ക് വാക്സിനിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുമായായിരുന്നു ബൈഡന്‍ രാജ്യത്തിന് മുന്നില്‍ ലൈവായി വാക്സിന്‍ എടുത്തത്.

🔳ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണവൈറസിന്റെ പുതിയ വകഭേദം നിലവില്‍ നിയന്ത്രണാതീതമല്ലെന്ന് ലോകാരോഗ്യസംഘടന. വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധമാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാണെന്ന് ഡബ്ല്യു.എച്ച്.ഒ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അതേ സമയം നിസ്സാരമായി കാണേണ്ടതില്ലെന്നും ഡബ്ല്യു.എച്ച്.ഒ.യുടെ അടിയന്തരവിഭാഗം മേധാവി മൈക്കല്‍ റയാന്‍ പറഞ്ഞു.

🔳മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ എയര്‍പോര്‍ട്ടിനടുത്ത് ഡ്രാഗണ്‍ഫ്ളൈ പബ്ബില്‍ നടത്തിയ പരിശോധനയിലാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഗായകന്‍ ഗുരു രണ്‍ധാവയേയും സൂസന്നഖാനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുകൂടിയതിനാണ് അറസ്റ്റ്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

🔳ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജാക് കാലിസിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് ഉപദേശകനായി നിയമിച്ചു.  ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കാലിസ് ഇംഗ്ലണ്ട് ടീമിനൊപ്പമുണ്ടാകും. ജനുവരി 14 മുതല്‍ ശ്രീലങ്കയിലാണ് ടെസ്റ്റ്.

🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ചെല്‍സിക്ക് ജയം. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. മറ്റൊരു മത്സരത്തില്‍ ബേണ്‍ലി ഒന്നിനെതിരെ രണ്ട് ഗോളിന് വോള്‍വ്‌സിനെ തോല്‍പ്പിച്ചു.

🔳സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന്റെ വില 80 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയുമായി.  തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില.

🔳കൊവിഡില്‍ വ്യാപാര മേഖല വന്‍ തിരിച്ചടി ഏറ്റുവാങ്ങിയ 2020 ല്‍ ആമസോണ്‍ അധികമായി ചേര്‍ത്തത് ഒന്നര ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വ്യാപാരികളെ. ആകെയുള്ള വ്യാപാരികളില്‍ 4,152 പേര്‍ ഒരു കോടിയിലേറെ വിറ്റുവരവ് നേടിയതും ആമസോണിന് അഭിമാനകരമായ നേട്ടമായി മാറി. 70,000 ത്തോളം ഇന്ത്യന്‍ കയറ്റുമതിക്കാരും തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ ഭാഗമായെന്ന് കമ്പനി അറിയിച്ചു. വ്യാപാരികളും ലോജിസ്റ്റിക്സ് പങ്കാളികളും സ്റ്റോറുകളും അടക്കം പത്ത് ലക്ഷത്തിലധികം സ്ഥാപനങ്ങളുമായാണ് തങ്ങള്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

🔳ആധുനിക വിര്‍ച്വല്‍ ലോകത്ത് ഏറി വരുന്ന രഹസ്യ ജീവിതങ്ങളുടെ പൊതുവായുള്ള മന:ശാസ്ത്രം തിരയുകയാണ് 'തേര്‍ഡ് ലൈഫ്' എന്ന നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്ന മലയാളം ഹ്രസ്വചിത്രം.  നവാഗതനായ കെ. ജെ. അനന്തന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ സുരേഷ്, തമിഴ് സീരിയല്‍ നടനായ നിയാസ് ജെ എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്നു. ഒരു കൂട്ടം ചെറുപ്പക്കാരുടെ ആദ്യ സ്വതന്ത്ര സംരംഭമായ ചിത്രം മൂന്നു ജീവിതങ്ങള്‍ ജീവിക്കുന്ന മനുഷ്യരുടെ കാലികപ്രസക്തമായ ചിത്രം വരച്ചുകാട്ടുന്നു.

🔳പീറ്റര്‍ ഹെയ്ന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.  പീറ്റര്‍ ഹെയ്ന്‍ അടക്കമുള്ളവര്‍ ടീസര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. മികച്ച ആക്ഷന്‍ രംഗങ്ങള്‍ തന്നെ ചിത്രത്തില്‍ പ്രതീക്ഷിക്കാം. സാം ഹോയി എന്നാണ് സിനിമയുടെ പേര്. വിയറ്റ്നാമീസ് ഭാഷയിലാണ് ചിത്രം എത്തുക. ബിന്‍, ആന്‍ തു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അടുത്ത വര്‍ഷം ജനുവരി 15ന് ആണ് ചിത്രം റിലീസ് ചെയ്യുക. ബോക്സറുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. തെന്നിന്ത്യിയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് പീറ്റര്‍ ഹെയ്ന്‍.

🔳ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ സ്പാനിഷ് വിപണിയിലെ വാഹനമാണ് എക്സ്പ്ലോറര്‍ എസ്യുവി. ഏകദേശം 71 ലക്ഷം രൂപ വില വരുന്ന ഈ വാഹനത്തിന് ഒരു കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഗെയിമിങ് ആരാധകര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന കണ്‍സോള്‍ ആയ സോണിയുടെ പ്ലേസ്റ്റേഷന്‍ 5 ആണ് ഫ്രീയായി വണ്ടിയുടൊപ്പം ലഭിക്കുക. നവംബറില്‍ ലോക വിപണിയിലെത്തിയ പ്ലേസ്റ്റേഷന്‍ 5-ന് 49,990 രൂപയും പ്ലേസ്റ്റേഷന്‍ 5 ഡിജിറ്റല്‍ എഡിഷന് 39,990 രൂപയും ആണ് വില. ബുക്ക് ചെയ്ത പ്ലേസ്റ്റേഷന്‍ 5 ലഭിക്കാന്‍ നിലവില്‍ മാസങ്ങളോളം കാത്തിരിക്കണം.

🔳ഭീതിയും നിഗൂഢതയും നിറഞ്ഞ കഥകള്‍ കൊണ്ട് ലോക സാഹിത്യത്തില്‍ വിസ്മയം സൃഷ്ടിച്ച എഡ്ഗാര്‍ അലന്‍പോയുടെ അഷര്‍ തറവാടിന്റെ പതനം, ലിജിയ, കരിമ്പൂച്ച, ഗര്‍ത്തവും ദോലകവും തുടങ്ങിയ ഏറ്റവും പ്രശസ്തമായ കഥകളുടെ സമാഹാരം. 'ലോകോത്തര കഥകള്‍'. വിവര്‍ത്തനം വിനു എന്‍. ഡിസി ബുക്സ്. വില 110 രൂപ.

🔳ഹൃദയാഘാതത്തെ സംബന്ധിച്ച് ശരീരം നല്‍കുന്ന ഒരു അപകടസൂചനയാണ് അമിതമായ  കോട്ടുവായ. പലപ്പോഴും ഉറക്കമില്ലായ്മയുടെ ഒരു ലക്ഷണമായിട്ടാണ് നാം കോട്ടുവായയെ  കാണുന്നത്. എന്നാല്‍ നല്ല ഉറക്കം കിട്ടിയിട്ടും ക്ഷീണമൊന്നും ഇല്ലാത്തപ്പോഴും ദിവസങ്ങളോളം കോട്ടുവായ വന്നാല്‍ സൂക്ഷിക്കുക. അത് ഗൗരവകരമായ ഒരു ആരോഗ്യ പ്രശ്‌നത്തിന്റെ  ലക്ഷണമാകാം. പഠനങ്ങളനുസരിച്ച് വായ്‌ക്കോട്ട നമ്മുടെ രക്തത്തിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ അമിതമായ കോട്ടുവായ വേഗസ് നാഡിയുമായി ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ അടി വശത്ത് നിന്ന് ഹൃദയത്തിലേക്കും വയറിലേക്കും എത്തുന്ന നാഡിയാണ് വേഗസ് നാഡി. ഹൃദയത്തിന് ചുറ്റും രക്തസ്രാവമുണ്ടാകുമ്പോഴുണ്ടാകുന്ന ഒരു പ്രതികരണമെന്ന നിലയില്‍ ചിലപ്പോള്‍  കോട്ടുവായ വരാം. പക്ഷാഘാതവുമായിട്ടും ഇത് ബന്ധപ്പെട്ടിരിക്കുന്നു. പക്ഷാഘാതത്തിനു മുന്‍പും ശേഷവും അമിത കോട്ടുവായ വരാം. മരവിപ്പ്, വായ കോടല്‍, കൈകള്‍ക്ക് തളര്‍ച്ച, സംസാരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയും ഇതിന്റെ ഒപ്പം വരുന്ന ലക്ഷണങ്ങളാണ്. വ്യായാമം ചെയ്യുമ്പോള്‍ ഒരു പാട് കോട്ടുവായ ഇടുന്നത്, പ്രത്യേകിച്ച് ചൂടുള്ള ദിനങ്ങളില്‍ അങ്ങനെ സംഭവിക്കുന്നത് ഹൃദയാഘാതത്തിന് മുന്നോടിയാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഹൃദയാഘാതവും പക്ഷാഘാതവുമായി മാത്രമല്ല അമിതമായ കോട്ടുവായ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ട്യൂമര്‍, ചുഴലിദീനം, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, കരള്‍ രോഗം, താപനില നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവുകേട് എന്നിവയുടെ എല്ലാം ലക്ഷണമാണ് കോട്ടുവായ. കാരണമൊന്നുമില്ലാതെ വല്ലാതെ കോട്ടുവായ ഇടുന്നുണ്ടെങ്കില്‍ ഉടനെതന്നെ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.92, പൗണ്ട് - 99.27, യൂറോ - 90.27, സ്വിസ് ഫ്രാങ്ക് - 83.36, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.80, ബഹറിന്‍ ദിനാര്‍ - 196.06, കുവൈത്ത് ദിനാര്‍ -242.83, ഒമാനി റിയാല്‍ - 191.99, സൗദി റിയാല്‍ - 19.70, യു.എ.ഇ ദിര്‍ഹം - 20.07, ഖത്തര്‍ റിയാല്‍ - 20.12, കനേഡിയന്‍ ഡോളര്‍ - 57.39.
➖➖➖➖➖➖➖➖

dailynews

*

Post a comment

Whatsapp Button works on Mobile Device only