24 December 2020

സായാഹ്‌ന വാർത്തകൾ
(VISION NEWS 24 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*
*സായാഹ്‌ന വാർത്തകൾ*
2020 ഡിസംബർ 24 | 1196 ധനു 9 | വ്യാഴം | അശ്വതി |

🔳കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത പ്രിയങ്ക വദ്ര ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസിന്റേതാണ് നടപടി.

🔳ഇന്ത്യയില്‍ ജനാധിപത്യം നിലവിലില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ സങ്കല്‍പ്പം മാത്രമാണ്. മാത്രമല്ല, പ്രധാനമന്ത്രിക്കെതിരെ നില കൊള്ളുന്നവരെ ഭീകരരായി മുദ്ര കുത്തുകയും ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നടക്കുന്ന കര്‍ഷകസമരങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ രാഹുല്‍ ഗാന്ധിയുടെ രൂക്ഷപ്രതികരണം.

🔳കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷകനിയമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കിസാന്‍ സേനയിലെ ഇരുപതിനായിരത്തോളം അംഗങ്ങള്‍ യു.പിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തും. ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന സമരത്തില്‍ കര്‍ഷകരാണ് പങ്കെടുക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ലെന്നും എന്നാല്‍, ഇന്ത്യയിലെ മൊത്തം കര്‍ഷകരെ അവര്‍ പ്രതിനിധീകരിക്കുന്നില്ലെന്ന് അറിയിക്കാനാണീ മാര്‍ച്ചെന്നും കിസാന്‍ സേനാ നേതാക്കള്‍.

🔳കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്നതിന് ഡിസംബര്‍ 31-ന് നിയമസഭ വിളിക്കാന്‍ തീരുമാനം. ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രത്യേക നിയമസഭാ സമ്മേളനത്തിന് നേരത്തെ ഗവര്‍ണര്‍ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വീണ്ടും ശുപാര്‍ശ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

🔳തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നൂറ് ദിന  കര്‍മ്മ പരിപാടി പ്രഖ്യാപിച്ചു. ജനുവരി മുതല്‍ ക്ഷേമപെന്‍ഷന്‍ തുക 1500 രൂപ ആയി ഉയര്‍ത്തുമെന്നും എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഏപ്രില്‍ വരെ സൗജന്യമായി ഭക്ഷ്യക്കിറ്റുകളും നല്‍കുമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

🔳കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു. ഫറോക്ക് സ്വദേശിയായ ഒന്നരവയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് ഇതുവരെ എട്ട് പേര്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.

🔳സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെ കോടതി ശിക്ഷിച്ചെങ്കിലും ഫാ.കോട്ടൂരിന്റെ പൗരോഹിത്യം, സിസ്റ്റര്‍ സെഫിയുടെ സന്ന്യാസ സഭാംഗത്വം നീക്കല്‍ നടപടികള്‍ ഇപ്പോഴുണ്ടാകില്ല. ഇവര്‍ക്ക് അപ്പീല്‍സാധ്യത ഉള്ളതുകൊണ്ടാണിത്. ഇവരുടെപേരിലുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്നാണ് കോട്ടയം അതിരൂപതയുടെ പ്രതികരണം.

🔳അഭയ കേസ് അന്വേഷണത്തിനിടെ തെളിവുകള്‍ നശിപ്പിച്ചതിന് അന്നത്തെ എസ്.പി. കെ.ടി. മൈക്കിളിനെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് കോടതി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട സമയത്ത് അഭയ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, സ്വകാര്യ ഡയറി, എന്നിവ സി.ബി.ഐ.ക്ക് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി.മൈക്കിള്‍ കൈമാറിയില്ല. തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മൈക്കിള്‍ ശ്രമിച്ചതായി കോടതി കണ്ടെത്തിയിരുന്നു.

🔳കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍റഹ്മാന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്. യൂത്ത് ലീഗ് ഭാരവാഹി ഇര്‍ഷാദ്, ഹസന്‍, ഇസ്ഹാക്ക് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.

🔳തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ട ലീഗ് അക്രമങ്ങള്‍ കെട്ടഴിച്ചു വിടുകയാണെന്നും ഔഫിന്റെ കൊലപാതകം അതിന്റെ തുടര്‍ച്ചയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കൊലക്കത്തി രാഷ്ട്രീയം നാടിന്റെ സമാധാനം തകര്‍ക്കുന്നതിന് വേണ്ടിയുള്ളതാണെന്നും 5 മാസത്തിനിടെ 6 സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും വിജയരാഘവന്‍.

🔳മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയത്തിനോ കൊലപാതക രാഷ്ട്രീയത്തിനോ  ഒരു തരത്തിലുമുള്ള പിന്തുണ നല്‍കാത്ത പാര്‍ട്ടിയാണെന്ന് മുസ്ലീം ലീഗ് നേതാവും എം.എല്‍.എയുമായ എന്‍.എ. നെല്ലിക്കുന്ന്. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ട ആളായാലും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ്  മുസ്ലീം ലീഗിന്റെ നിലപാടെന്നും നെല്ലിക്കുന്ന്.

🔳നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ സംസ്ഥാന ബിജെപിയിലുള്ള തര്‍ക്കം പൊട്ടിത്തെറികളിലേക്ക് പോകരുതെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണനാണ് നിലപാട് അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന ശോഭാ സുരേന്ദ്രനെതിരേ നടപടി വേണമെന്ന് നിലപാടുയര്‍ന്ന സാഹചര്യത്തലാണീ കേന്ദ്ര നിര്‍ദ്ദേശം.

🔳പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൂറ് കോടിയോളം രൂപ എത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ശരീഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരമായിട്ടാണ് ഇ.ഡി. കോടതിയെ ഇക്കാര്യം അറിയിച്ചത്.

🔳സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിലക്കി ജയില്‍ വകുപ്പ്. നിലവിലെ ജയില്‍ നിയമം അനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുവദിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കി ജയില്‍ ഡി.ജി.പി. സര്‍ക്കുലര്‍ പുറത്തിറക്കി.

🔳ശബരിമലയില്‍ ദര്‍ശനം നടത്തുന്ന പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി വര്‍ദ്ധിപ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. വസ്തുതാപരമായ കണക്കുകള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉത്തരവിട്ടതെന്ന് കേരളം പ്രത്യേക അനുമതി ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

🔳മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം നഷ്ടപ്പെട്ട മെഡിക്കല്‍ കോളേജില്‍നിന്ന് മറ്റു കോളേജിലേക്ക് മാറിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നല്‍കാന്‍ തയ്യാറാകാതെ അധികൃതര്‍. തിരുവനന്തപുരം എസ്.ആര്‍. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് കോടതി ഉത്തരവുണ്ടായിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാത്തത്.

🔳ബ്രിട്ടണില്‍കണ്ടെത്തിയ വ്യാപനനിരക്ക് കൂടിയ വൈറസിന്റെ വകഭേദത്തിന് ദക്ഷിണാഫ്രിക്കയുമായി ബന്ധമുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക്. ജനികതമാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം രണ്ടു കോവിഡ് രോഗികളില്‍ തിരിച്ചറിഞ്ഞതായും ഇവര്‍ക്ക് കഴിഞ്ഞയാഴ്ചകളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബ്രിട്ടനിലെത്തിയ വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായതായും മാറ്റ് ഹാന്‍കോക്ക് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതായും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവിന് പിന്നില്‍ പുതിയ വൈറസായിരിക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ ആരോഗ്യവകുപ്പ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

🔳ഒക്ടോബറിലും ഏറ്റവും കൂടുതല്‍ സബ്സ്‌ക്രൈബര്‍മാരെ തങ്ങളുടെ ഭാഗമാക്കി ഭാരതി എയര്‍ടെല്‍. 37 ലക്ഷം പേരെ കൂടി ചേര്‍ത്ത് തങ്ങളുടെ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം 330.29 ദശലക്ഷത്തിലേക്ക് എത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടേതാണ് കണക്ക്. ജിയോ ഇതേ സമയത്ത് 22 ലക്ഷം പേരെയാണ് നെറ്റ്വര്‍ക്കിന്റെ ഭാഗമാക്കിയത്. എന്നാല്‍ വൊഡഫോണ്‍ ഐഡിയ (വിഐ)ക്ക് 27 ലക്ഷം പേരെ നഷ്ടപ്പെട്ടു. സെപ്തംബറിലും എയര്‍ടെല്ലായിരുന്നു ഉപഭോക്തൃ വളര്‍ച്ചയില്‍ മുന്നില്‍. 38 ലക്ഷം പേരെയാണ് എയര്‍ടെല്‍ അധികമായി ചേര്‍ത്തത്.

🔳ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതിയ ഫീച്ചറുമായി ടെലഗ്രാം എത്തുന്നു. ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ അപ്ഡേറ്റിലൂടെ ലഭിക്കുന്ന ഫീച്ചറിന്റെ പേര് വോയിസ് ചാറ്റ് എന്നാണ്. ഒരു ഗ്രൂപ്പില്‍ അല്ലെങ്കില്‍ വ്യക്തിയുമായി വോയിസ് ചാറ്റ് നടത്തുമ്പോള്‍ തന്നെ മറ്റ് കാര്യങ്ങള്‍ ചെയ്യാവുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം. ഒപ്പം തന്നെ പുതിയ ഔട്ട് ലൈന്‍ സ്റ്റിക്കര്‍ സീരിസും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. 180 ഫ്രൈം അനിമേറ്റഡ് സ്മൂത്ത് സ്റ്റിക്കേര്‍സാണ് ഇതില്‍ ഉള്‍പ്പെടുന്നത് എന്നാണ് ടെലഗ്രാം പറയുന്നത്. 50 കെബിക്ക് താഴെയുള്ളവയാണ് ഈ സ്റ്റിക്കറുകള്‍.

🔳രതീഷ് ആനേടത്ത് നിര്‍മ്മിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പവര്‍സ്റ്റാറില്‍ കന്നഡ യുവതാരം ശ്രേയസ് മഞ്ജു അഭിനയിക്കുന്നു. കന്നടയിലെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് കെ മഞ്ജുവിന്റെ മകനാണ് ശ്രേയസ് മഞ്ജു.  ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് ഇത്. കൊക്കെയ്ന്‍ വിപണി പശ്ചാത്തലമാക്കുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നായികയോ പാട്ടുകളോ ഇല്ല.

🔳നടനും അവതാരകനും ആര്‍ജെയുമായ മാത്തുക്കുട്ടിയുടെ സംവിധാനത്തിലെത്തുന്ന ആസിഫ് അലി ചിത്രം 'കുഞ്ഞല്‍ദോ'യുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. സന്തോഷ് വര്‍മ്മ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു. കോളേജ് വിദ്യാര്‍ത്ഥിയായാണ് ആസിഫ് അലി വേഷമിടുന്നത്. പുതുമുഖം ഗോപിക ഉദയന്‍ ആണ് ചിത്രത്തില്‍ നായിക.

🔳ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ പ്രീമിയം സെഡാന്‍ മോഡലായ ത്രീ സീരീസ് ഗ്രാന്‍ ലിമോസില്‍ പതിപ്പ് വരുന്നു. വാഹനം ജനുവരി 21-ന് അവതരിപ്പിക്കും. ഗ്രാന്‍ ലിമോസിന്‍ ത്രീ സീരീസിന്റെ ലോങ്ങ് വീല്‍ ബേസ് (എല്‍ഡബ്ല്യുബി) വേരിയന്റായാണ് എത്തുന്നത്. ഈ വാഹനത്തിന്റെ ആദ്യമായി ഒരുങ്ങുന്ന റൈറ്റ് ഹാന്‍ഡ് പതിപ്പാണ്  ഇന്ത്യയിലെത്തുക. 

🔳നിങ്ങള്‍ ആരാണ്? എന്തുകൊണ്ടാണ് നിങ്ങള്‍ ഈ ലോകത്തിലേക്ക് വന്നത്? നിങ്ങളുടെ ഇവിടുത്ത പ്രവൃത്തി എന്താണ്? എങ്ങനെയാണ് നിങ്ങളുടെ പ്രവൃത്തി പൂര്‍ത്തികരിക്കപ്പെടുക... ഇവിടെ ഉത്തരങ്ങള്‍ ഉണ്ട്...-ഓഷോ. 'ഞാന്‍ ആകുന്നു, വാതില്‍'. സൈലന്‍സ് ബുക്സ്. വില 242 രൂപ.

🔳നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിന്‍ എ, സി, ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നു വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീന്‍, കാല്‍സ്യം എന്നിവയാലും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. അതുകൊണ്ടുതന്നെ പോസ്റ്റ് വര്‍ക്ക് ഔട്ട് ആഹാരം എന്ന നിലയില്‍ ഏറെ ഫലപ്രദമാണ് ഏത്തപ്പഴം. ഈസി ഡൈജസ്റ്റ് കാര്‍ബ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയ നേന്ത്രപ്പഴം മസിലുകളുടെ പ്രോട്ടീന്‍ ആഗിരണം കൂട്ടാന്‍ സഹായിക്കും. ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പത്തില്‍ ഒന്ന് ഫൈബര്‍ ഇതില്‍ നിന്നു ലഭിക്കും. അതുകൊണ്ടുതന്നെ ദഹനത്തിനും നല്ല ശോധനയ്ക്കുമെല്ലാം ഏറെ നല്ലതാണ് എത്തപ്പഴം.  അമിതവ്യായാമം മൂലമുള്ള ക്ഷീണം ഒഴിവാക്കാന്‍ ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഡോപാമിന്‍, പോളിഫിനോള്‍സ് എന്നിവയ്ക്കു സാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ മസില്‍ നിര്‍മാണത്തിനും ഏത്തപ്പഴം ഏറെ ഫലപ്രദം. അധികം പഴുക്കാത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് വണ്ണം കുറയ്ക്കാന്‍ ഏറെ ഉത്തമമാണ്. ഇതില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹം വരുന്നതു തടയുന്ന ഒന്നാണ്. ഇതുപോലെ ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന ഘടകവും ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. വൈറ്റമിന്‍ സി സമ്പുഷ്ടമാണ് പഴുത്തതും പച്ചയുമായ നേന്ത്രന്‍. അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം. കൂടാതെ ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയതാണ് ഏത്തപ്പഴം.  പ്രതിരോധശേഷിയെ കൂട്ടുന്ന ബയോജെനിക് അമെയ്ന്‍സ്, ഫിനോളിക്സ്,  കാര്‍ട്ടിനോയ്ഡ്സ് എന്നിവയും ഇതിലുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.54, പൗണ്ട് - 99.85, യൂറോ - 89.77, സ്വിസ് ഫ്രാങ്ക് - 82.84, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.85, ബഹറിന്‍ ദിനാര്‍ - 195.07, കുവൈത്ത് ദിനാര്‍ -240.91, ഒമാനി റിയാല്‍ - 191.27, സൗദി റിയാല്‍ - 19.60, യു.എ.ഇ ദിര്‍ഹം - 20.02, ഖത്തര്‍ റിയാല്‍ - 20.20, കനേഡിയന്‍ ഡോളര്‍ - 57.25.
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only