22 December 2020

കോവിഡ് വാക്സിൻ പരീക്ഷണം; അമേരിക്കയിലെ സംഘത്തിൽ മലയാളിയും
(VISION NEWS 22 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പഴയന്നൂർ(തശ്ശൂർ):അമേരിക്കയിൽ കോവിഡ് വാക്സിൻറെ സമഗ്ര പരീക്ഷണത്തിന് നേതൃത്വം നൽകുന്ന സംഘത്തിൽ തൃശ്ശൂർ സ്വദേശിയായ യുവഗവേഷകൻ. പഴയന്നൂർ സ്വദേശിയും പിറ്റ്സ്ബർഗ് സർവകലാശാല സെൻറർ ഫോർ വാക്സിൻ റിസർച്ചിലെ ഗവേഷകനുമാണ് ഡോ. ശ്യാം നമ്പുള്ളിയെന്ന 38-കാരൻ. ലോകത്താദ്യമായി പോളിയോ വാക്സിൻ വികസിപ്പിച്ചെടുത്തത് ഈ സർവകലാശാലയുടെ പരീക്ഷണശാലയിലാണ്. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഈ കേന്ദ്രം.

വൈറസ് ശരീരത്തിൽ പ്രവേശിക്കാതിരിക്കാനുള്ള പ്രതിരോധവും പ്രവേശിച്ചവരിൽ അതിനെ നശിപ്പിക്കുന്ന വിധത്തിലുള്ള സംരക്ഷണവുമാണ് ഈ വാക്സിനിലൂടെ ലക്ഷ്യമിടുന്നത്. ആൻറിബോഡി ഉണ്ടാക്കുകയും കോശങ്ങളെ വൈറസിൽനിന്നും സംരക്ഷിക്കുകയും ചെയ്യുന്ന വിധത്തിലാണ് വാക്സിൻറെ പ്രവർത്തനം. സാർസ് കൊറോണ വൈറസ് 2-ൽ നിന്നുള്ള സ്പൈക്ക് പ്രോട്ടീനും നിർവീര്യമാക്കപ്പെട്ട മീസിൽസ് വൈറസുമടങ്ങുന്ന വാക്സിൻ(എയ്റോകോംബിനന്റ് വെക്ടർ വാക്സിൻ) രൂപപ്പെടുത്താനാണ് ശ്രമമെന്ന് ഡോ. ശ്യാം പറഞ്ഞു. ലോകത്തിലെ ഏറ്റവും ഫലപ്രദമായ വാക്സിനുകളിലൊന്നായതിനാലാണ് മീസിൽസ് വാക്സിനെ പരീക്ഷണത്തിലുൾപ്പെടുത്തിയത്. കുരങ്ങന്മാരിലുൾപ്പെടെ പരീക്ഷിച്ച മൂന്നുഘട്ടങ്ങളും വിജയകരമായിരുന്നു.

വൈറോളജിസ്റ്റായാണ് തുടക്കമിട്ടതെങ്കിലും ഗവേഷണത്തിലുള്ള താത്പര്യമാണ് ശ്യാമിനെ പിറ്റ്സ്ബർഗ് സർവകലാശാലയിലെത്തിച്ചത്.

പഴയന്നൂർ സർക്കാർ ഹൈസ്കൂൾ, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം മദ്രാസ് സർവകലാശാലയിൽനിന്ന് ബി.എസ്സി. മൈക്രോബയോളജി ബിരുദം നേടി. തുടർന്ന് ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെത്തി. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽനിന്ന് മെഡിക്കൽ മൈക്രോബയോളജി, വൈറോളജിയിൽ പിഎച്ച്.ഡി. നേടി. 2010 മുതൽ ക്ലിനിക്കൽ വൈറോളജിസ്റ്റായി സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ പ്രവർത്തിച്ചു. 2012-മുതൽ അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിൽ വൈറോളജിസ്റ്റാണ്.

തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ വടക്കേത്തറ നമ്പുള്ളി (രാധാ നിവാസിൽ) പരേതനായ നാരായണൻ നായരുടെയും (എൻ.ജി. നായർ) രാധാ നായരുടെയും മകനാണ്. ഭാര്യ: നിഖില. മക്കൾ: വാസുദേവ്, വരദ. സഹോദരങ്ങൾ: ജീവൻ, വിദ്യ.

Post a comment

Whatsapp Button works on Mobile Device only