03 December 2020

ബുറെവി കേരളത്തിലെത്തുന്നത് ഇങ്ങനെ
(VISION NEWS 03 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


തിരുവനന്തപുരം:ബുറെവി ചുഴലിക്കാറ്റ് കേരളത്തിലെത്തുന്നത് വെള്ളിയാഴ്ച ഉച്ചയോടെയായിരിക്കും. വ്യാഴാഴ്ച രാവിലെ ശ്രീലങ്ക കടന്ന് മാന്നാർ കടലിടുക്കിലും കന്യാകുമാരിയിലുമായിരിക്കും ബുറെവി എത്തുക. അപ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. ഉച്ചയ്ക്ക് പാമ്പനിൽ കേന്ദ്രീകരിക്കും (വേഗം 90 കിലോമീറ്റർവരെ), രാത്രി/നാളെ പുലർച്ചെ -പാമ്പനും കന്യാകുമാരിക്കും ഇടയിൽ തീരത്ത് കടക്കും (90 കിലോമീറ്റർവരെ), നാളെ ഉച്ചയോടെ -തിരുവനന്തപുരത്ത് (വേഗം 70 കിലോമീറ്റർവരെയായിരിക്കും കാറ്റിന്റെ വേഗം.).

*നേരിടാൻ യുദ്ധസന്നാഹം*

കേന്ദ്ര ദുരന്തപ്രതികരണസേനയുടെ എട്ടുസംഘങ്ങൾ കേരളത്തിലെത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ കോയമ്പത്തൂർ ജില്ലയിലെ സുലൂർ എയർഫോഴ്സ് ബേസിൽ തയ്യാറാണ്. നാവികസേനയും തയ്യാറെടുത്തുകഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.

*ചുഴലിക്കാറ്റ് ഇവിടെ അപൂർവം*

കേരളത്തിൽ ചുഴലിക്കാറ്റ് വീശുന്നത് അപൂർവമാണ്. 2017-ൽ ഓഖി ചുഴലിക്കാറ്റ് വീശിയെങ്കിലും അത് കരയിലായിരുന്നില്ല. കടലിലൂടെ കേരളത്തിന് വളരെ അടുത്തായി കടന്നുപോയതിന്റെ പ്രത്യാഘാതങ്ങളാണ് കേരളം അനുഭവിച്ചത്. കഴിഞ്ഞവർഷം ഗജ ചുഴലിക്കാറ്റ് ശക്തികുറഞ്ഞശേഷം കേരളത്തിന്റെ ഒരു ഭാഗത്തുകൂടെ കടന്നുപോയി. ആലപ്പുഴ ജില്ലയിൽ ഗജ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കി.

*അതിതീവ്രമഴ: ഇന്ന് നാലുജില്ലകളിൽ റെഡ് അലർട്ട്*

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ

*മൂന്നുജില്ലകളിൽ ഓറഞ്ച് അലർട്ട്*

കോട്ടയം, എറണാകുളം, ഇടുക്കി

*നാളെ ഏഴുജില്ലകളിൽ ഓറഞ്ച് അലർട്ട്*

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

*പ്രധാനമന്ത്രി വിളിച്ചു*

ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിലും മുഖ്യമന്ത്രി അടിയന്തരസാഹചര്യം വിശദീകരിച്ചു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് നിരീക്ഷണത്തിന് നിർദേശം നൽകി.

*ശബരിമല തീർഥാടനത്തിന് നിയന്ത്രണം*

ബുറെവി ചുഴലിക്കാറ്റിന്റെ ഭാഗമായി പത്തനംതിട്ടയിൽ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കടന്നുപോകുന്നതുവരെ ശബരിമല തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യം വിലയിരുത്തി കളക്ടർ നിയന്ത്രണം ഏർപ്പെടുത്തും.

Post a comment

Whatsapp Button works on Mobile Device only