*സായാഹ്ന വാർത്തകൾ*
2020 ഡിസംബർ 23 | 1196 ധനു 8 | ബുധൻ | രേവതി |
🔳കവയിത്രിയും സാമൂഹ്യ, പരിസ്ഥതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കൊവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 86 വയസായിരുന്നു. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി.
🔳കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്നിട്ടുള്ള കവയത്രിയാണ് സുഗതകുമാരി. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നത് കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳അന്തരിച്ച കവയിത്രി സുഗതകുമാരിയെ അനുസ്മരിച്ച് എംടി വാസുദേവന്‍ നായര്‍. ഇനി സുഗതയില്ല എന്ന് പറയുമ്പോള്‍ അത് സഹിക്കാനാകുന്ന കാര്യം അല്ല . നമ്മുടെ നഷ്ടം, കാലത്തിന്റെ നഷ്ടം, മാനവിതകത ഇല്ലാതാകുന്ന കാലത്ത്, വീണ്ടെടുക്കാന്‍ നടക്കുന്ന തീവ്ര ശ്രമങ്ങള്‍ക്കിടക്ക് തീരാ നഷ്ടമാണ് ഈ വിയോഗമെന്ന് എംടി.
🔳ഒരാല്‍മരം. തന്റെ ഓര്‍മയ്ക്ക് ജീവിതസായാഹ്നത്തില്‍ സുഗതകുമാരി അതുമാത്രമേ കൊതിക്കുന്നുള്ളൂ. ചുവന്ന പഴങ്ങളുണ്ടാകുന്ന ആല്‍മരം. ഒരുപാട് പക്ഷികള്‍ അതില്‍വരും. തത്തകളൊക്കെ വന്ന് പഴങ്ങള്‍ തിന്നും. അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടുവെക്കരുത്. ആ ആല്‍മരം എവിടെ നടണമെന്നും സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബര്‍ക്കായി അവര്‍ പടുത്തുര്‍ത്തിയ 'അഭയ' യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്...
🔳മലയാളത്തിന്റെ പ്രിയകവി സുഗതകുമാരിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും സംസ്കാരം നടത്തുക. മരിച്ചാല്‍ ഉടന്‍ തന്നെ സംസ്കാരം നടത്തണമെന്നും പൊതുദര്‍ശനവും പുഷ്പാര്‍ച്ചനയും പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കണമെന്നും സുഗതകുമാരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.
🔳സിസ്റ്റര്‍ അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 28 വര്‍ഷം നീണ്ട അന്വേഷണത്തിനും ഒരു വര്‍ഷത്തിലേറെ കാലം നീണ്ട വിചാരണയ്ക്കും ശേഷമാണ് സിസ്റ്റര്‍ അഭയ വധക്കേസില്‍ വിധി പ്രസ്താവിച്ചത്.
🔳അഭയ കൊലക്കേസില്‍ ശിക്ഷാവിധിക്ക് മുമ്പുള്ള വാദത്തിനിടെ ശിക്ഷയില്‍ ഇളവ് തേടി പ്രതികള്‍. പ്രായാധിക്യവും രോഗവും കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്നായിരുന്നു ഫാ. തോമസ് എം. കോട്ടൂരിന്റെ ആവശ്യം. രോഗിയാണെന്നും പ്രായമായ മാതാപിതാക്കളാണുള്ളതെന്നും സിസ്റ്റര്‍ സെഫിയും കോടതിയില്‍ പറഞ്ഞു.
🔳അഭയാകേസിലെ പ്രതികള്‍ക്ക് ലഭിച്ചത് ദൈവശിക്ഷയാണെന്ന് സി.ബി.ഐ. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് പി തോമസ്. സാധുവായ ഒരു തെറ്റും ചെയ്യാത്ത ഒരു കന്യാസ്ത്രീയെ കോണ്‍വെന്റില്‍ വെച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസാണ്. അതിന് ദൈവം കൊടുത്ത ശിക്ഷയാണിതെന്നും വര്‍ഗീസ് പി തോമസ്.
🔳സിസ്റ്റര്‍ അഭയ കേസ് ശിക്ഷാ വിധിയില്‍ പ്രതികരിച്ച് ക്നാനായ കത്തോലിക്കാ സഭ. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ അവിശ്വസനീയമാണെന്ന് ക്നാനായ കത്തോലിക്കാ സഭ പ്രതികരിച്ചു. സിബിഐ കോടതി വിധിയെ മാനിക്കുന്നു. സിസ്റ്റര്‍ അഭയയുടെ മരണം നിര്‍ഭാഗ്യകരമാണെങ്കിലും പ്രതികള്‍ക്ക് തങ്ങളുടെ നിരപരാധിത്യം തെളിയിക്കാനും അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ടെന്നും കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
🔳തുറന്ന മനസ്സോടെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. ചര്‍ച്ചയ്ക്ക് കര്‍ഷകര്‍ തയ്യാറായാലേ ഏതു പുതിയ തീരുമാനവും ചര്‍ച്ച ചെയ്യൂവെന്ന് മന്ത്രി വ്യക്തമാക്കി. ഇന്നലെ പ്രധാനപ്പെട്ട മന്ത്രിമാര്‍ യോഗം ചേര്‍ന്ന് പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷി മന്ത്രിയുടെ പ്രതികരണം.
🔳ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വാഹന വ്യൂഹം വളഞ്ഞ് കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. കരിങ്കൊടികളുമായാണ് കര്‍ഷകര്‍ വാഹനവ്യൂഹം വളഞ്ഞത്. അമ്പാലയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി.
🔳പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ യുഡിഎഫ്. നിയമസഭ ചേരുന്നത് എതിര്‍ത്ത നടപടിയെ യുഡിഎഫ് അപലപിച്ചു. പിന്നാലെ യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ യോഗം ചേര്‍ന്നു.പ്രമേയം പോരാ, നിയമം വേണമെന്ന് ഉമ്മന്‍ ചാണ്ടി.
🔳അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് എന്തും അടിച്ചമര്‍ത്തിക്കളയാം എന്ന രീതിക്കേറ്റ തിരിച്ചടിയാണ് കര്‍ഷകരുടെ പ്രതിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രം ഒതുങ്ങേണ്ടതല്ലായെന്നും രാജ്യത്ത് ഒരു ഭക്ഷ്യക്ഷാമം ഉണ്ടായാല്‍ ഏറ്റവും ആദ്യം അത് ബാധിക്കുന്നത് കേരളത്തെ ആയിരിക്കുമെന്നും പിണറായി വിജയന് ഓര്‍മ്മിപ്പിച്ചു.
🔳നിയമസഭാ യോഗം വിളിച്ചു ചേര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരാകരിക്കുന്നത് വഴി ഗവര്‍ണര്‍ ഒരു തെറ്റായ കീഴ് വഴക്കമാണ് സൃഷ്ടിച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. ഇത് ഗവര്‍ണര്‍ വഹിക്കുന്ന ഭരണഘടനാപരമായ പദവിയുടെ ഉയര്‍ന്ന നിലവാരത്തെ പരിഗണിക്കാത്ത ഒന്നാണെന്നും ഗവര്‍ണര്‍ ഇത്തരം കാര്യങ്ങളില്‍ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടതെന്നും വിജയരാഘവന്
🔳മുഖ്യമന്ത്രി പിണറായി വിജയന് സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പ്രചാരകനാവരുതെന്ന് ജമാ അത്താ ഇസ്ലാമി. കേരളത്തിലെ മുസ്ലീം സമുദായത്തെ സിപിഎം ശത്രുപക്ഷത്ത് നിര്‍ത്തുകയാണെന്നും ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുള്‍ അസീസ് ആരോപിച്ചു.
🔳കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജല്ലിക്കട്ട് നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവായി. എന്നാല്‍, വളരെ കര്‍ശനമായ നിയന്ത്രണങ്ങളോടുകൂടി, കൊവിഡ് വ്യാപനം തടയാന്‍ വേണ്ട മുന്നാെരുക്കങ്ങള് എടുത്ത ശേഷം മാത്രമേ പരിപാടി നടത്താന്‍ പാടുള്ളൂ എന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.
🔳ഒറ്റ ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന പെലെയുടെ റെക്കോര്‍ഡ് മറികടന്ന് ബാഴ്സലോണ താരം ലയണല്‍ മെസി. സ്പാനിഷ് ലീഗില്‍ വയഡോലിഡിനെതിരായ മത്സരത്തില്‍ നേടിയ ഗോളോടെയാണ് മെസി പെലെയെ പിറകിലാക്കിയത്. ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിനായി 665 മത്സരങ്ങളില്‍ നിന്നായി നേടിയ 643 ഗോളുകള്‍ എന്നനേട്ടമാണ് മെസി തിരുത്തിയത്. ബാഴ്സയ്ക്കായി 749 മത്സരങ്ങളില്‍ നിന്നാണ് മെസി 644 ഗോളുകള്‍ നേടി റെക്കോര്‍ഡ് തിരുത്തിയത്.
🔳മെസിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വയഡോലിഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബാഴ്സലോണ വിജയിച്ചു. മറ്റൊരു മത്സരത്തില്‍ റിയല്‍ സോസിഡാഡിനെ തകര്‍ത്ത് അത്ലറ്റിക്കൊ മാഡ്രിഡ്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു അത്ലറ്റിക്കോ മാഡ്രിഡിന്റെ ജയം.
🔳തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനവിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 37,280 രൂപയായി. ഗ്രാമിനാകട്ടെ 40 രൂപ കുറഞ്ഞ് 4660 രൂപയുമായി. 37,600 രൂപയായിരുന്നു ചൊവാഴ്ച പവന്റെ വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,863.83 ഡോളര്‍ നിലവാരത്തിലാണ്.
🔳ടെക് ലോകത്തെ ഭീമന്മാരായ ആപ്പിള്‍ കാര്‍ നിര്‍മ്മാണ രംഗത്തേക്ക്. ആപ്പിളിന്റെ കാറുകള്‍ വൈകാതെ തന്നെ റോഡില്‍ ഇറങ്ങിയേക്കും. 2024-ഓടെ ആപ്പിള്‍ തങ്ങളുടെ ആദ്യ കാര്‍ നിര്‍മിക്കും. കുറഞ്ഞ ചിലവില്‍ ആധുനിക രീതിയിലുള്ള ഇലക്ട്രിക്ക് കാറുകള്‍ ആണ് ആപ്പിള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. 2025ഓടെ വ്യാവസായികമായി കാറുകള്‍ വിപണിയില്‍ ഇറക്കാം എന്നതാണ് ആപ്പിളിന്റെ പ്രതീക്ഷ. 2014ല്‍ തുടങ്ങിയ പ്രോജക്ടിന്റെ ഭാഗമായുള്ള ഡിസൈന്‍ ജോലികള്‍ ആപ്പിള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നാണ് സൂചന. പ്രമുഖരായ വാഹന നിര്‍മ്മാതാക്കളുമായി ചേര്‍ന്നായിരിക്കും ആപ്പിളിന്റെ ഈ സംരംഭം എന്നാണ് സൂചന.
🔳ഫഹദ് ഫാസിലിന്റെ 'മാലിക്' ചിത്രം അടുത്ത വര്‍ഷം പെരുന്നാള്‍ ദിനത്തില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. 25 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ചിരുന്നു. സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് വേഷമിടുന്നത്. 20 വയസ് മുതല്‍ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. ബിജു മേനോന്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്, ജലജ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
🔳സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ സോനു സൂദിന് വേണ്ടി അമ്പലം ഉയരുന്നു. അത് തമിഴ്നാട്ടില്‍ അല്ല തെലങ്കാനയിലാണെന്ന് മാത്രം. കോവിഡ് കാലത്ത് സോനു സൂദ് ചെയ്ത പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന് വേണ്ടിയാണ് ഡബ്ബ താന ഗ്രാമത്തില്‍ അമ്പലം പണിതത്. ഇതൊന്നും താന്‍ അര്‍ഹിക്കുന്നില്ലെന്നായിരുന്നു നടന്റെ പ്രതികരണം. ചിരഞ്ജീവി നായകനായ ആചാര്യയാണ് സോനു സൂദിന്റെ പുതിയ തെലുങ്കു ചിത്രങ്ങളിലൊന്ന്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സോനു സൂദ് എത്തുന്നത്.
🔳ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ലക്ഷ്വറി സെഡാന് മോഡലായ എ4ന്റെ പുതിയ പതിപ്പ് നിരത്തുകളില്‍ എത്താനൊരുങ്ങുന്നു. അവതരണത്തിന് മുന്നോടിയായി ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് നിര്‍മാതാക്കള്‍ ആരംഭിച്ചു. രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് പുതിയ എ4ന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. 90 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇതില്‍ പ്രവര്‍ത്തിക്കുക.
🔳ചരിത്രത്തില്‍ നിന്ന് പിന്നിലേക്കുള്ള യാത്രയാണ് ഫാസിസം. ജീവിതത്തിന്റെ, ചരിത്രത്തിന്റെ രഥവേഗങ്ങള്‍ക്ക് ഗതി നഷ്ടപ്പെട്ട് ഓര്‍മ്മകള്‍ മരിച്ചുള്ള യാത്ര. കറുത്ത വിഷമഴ കൊണ്ട് ലോകം ഇരുണ്ട് പൊള്ളുന്ന പോലെ. മധുര സംഗീതം ശ്രവിക്കേണ്ട കാതുകള്‍ അശാന്തിയുടെ ഇരുണ്ട ഖനികളിലേക്ക് ഏകാന്ത സഞ്ചാരം നടത്തുന്നു. പേനയിലെ മഷി ഉണങ്ങിത്തുടങ്ങും മുമ്പ് മാറ്റിയോ തിരുത്തിയോ എഴുതപ്പെടുന്ന ചരിത്രമാണ് ഫാസിസത്തിന്റേതെന്ന് ഈ പുസ്തകം ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നു. 'ഉന്മാദിയുടെ കരുനീക്കങ്ങള്‍'. സ്റ്റെഫാന്‍ സ്വെയ്ഗ്. പരിഭാഷ: ഏ.കെ. അബ്ദുല്‍ മജീദ്. നിയതം ബുക്സ്. വില 108 രൂപ.
🔳കോവിഡ്19 ബാധിച്ച ഗര്‍ഭിണികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രത്യേകമായി രോഗ സങ്കീര്‍ണതകളൊന്നും കൂടുതല്‍ ഉണ്ടാകില്ലെന്ന് പഠനം. കോവിഡ് ബാധിതരായ അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ കൊറോണ വൈറസിനെതിരായ ആന്റിബോഡികള്‍ കാണപ്പെട്ടതായും സിംഗപ്പൂരില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. എന്നാല്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് വ്യാപിച്ചതായി തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് 16 ഗര്‍ഭിണികളില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടി. ഗര്‍ഭകാലത്തോ പ്രസവ ശേഷമോ അമ്മമാരില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് കോവിഡ് പകരുമോ എന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ല. പഠന ഫലം പ്രസിദ്ധീകരിക്കുന്ന സമയമായപ്പോഴേക്കും പ്രസവിച്ച അഞ്ച് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ആന്റിബോഡികള്‍ കാണപ്പെട്ടു. എന്നാല്‍ ഈ കുട്ടികള്‍ കോവിഡ് ബാധിതരായിരുന്നില്ല. ഈ ആന്റിബോഡികള്‍ നല്കുന്ന സംരക്ഷണത്തിന്റെ വ്യാപ്തിയെ കുറിച്ച് അറിവായിട്ടില്ല. ഇവ എത്ര കാലം നീണ്ടു നില്ക്കുമെന്നറിയാനും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. ഓരോ കുഞ്ഞിലുമുള്ള ആന്റിബോഡിയുടെ തോത് വ്യത്യാസപ്പെട്ടിരുന്നു. പ്രസവത്തിനോട് അടുപ്പിച്ച സമയത്ത് കോവിഡ് ബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങളില്‍ ആന്റിബോഡി തോത് അല്പം ഉയര്‍ന്നിരുന്നതായും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ ശരീരത്തില്‍ ആന്റിബോഡികളുമായാണ് ജനിച്ചു വീഴുകയെന്ന് എമര്‍ജിങ്ങ് ഇന്‍ഫെക്ഷ്യസ് ഡിസീസ് കണ്ട്രോള് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ചൈനയിലെ ഡോക്ടര്‍മാരും റിപ്പോര്‍ട്ട് ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.76, പൗണ്ട് - 99.13, യൂറോ - 89.97, സ്വിസ് ഫ്രാങ്ക് - 83.08, ഓസ്ട്രേലിയന്‍ ഡോളര്‍ - 55.87, ബഹറിന്‍ ദിനാര്‍ - 195.66, കുവൈത്ത് ദിനാര്‍ -241.94, ഒമാനി റിയാല്‍ - 191.58, സൗദി റിയാല്‍ - 19.66, യു.എ.ഇ ദിര്‍ഹം - 20.07, ഖത്തര്‍ റിയാല്‍ - 20.08, കനേഡിയന്‍ ഡോളര്‍ - 57.25.
➖➖➖➖➖➖➖➖
dailynews
Post a comment