28 ഡിസംബർ 2020

പ്രഭാത വാർത്തകൾ
(VISION NEWS 28 ഡിസംബർ 2020)*പ്രഭാത വാർത്തകൾ*
2020 ഡിസംബർ 28 | 1196 ധനു 13 | തിങ്കൾ | രോഹിണി |
➖➖➖➖➖➖➖➖

🔳ലോകം അഭിമുഖീകരിക്കുന്ന അവസാന മഹാമാരിയായിരിക്കില്ല കോവിഡ് 19 എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. ഇത്തരം മഹാമാരികള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ അത് നിയന്ത്രണവിധേയമാക്കാന്‍ പണം ചിലവഴിക്കുകയും എന്നാല്‍ അടുത്ത മഹാമാരിയെ നേരിടാന്‍ തയ്യാറെടുക്കാതിരിക്കുകയും ചെയ്യുന്ന ലോകത്തിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയെ ടെഡ്രോസ് അപലപിക്കുകയും ചെയ്തു. കോവിഡ് 19 മഹാമാരിയില്‍ നിന്ന് ഒരു പാഠം പഠിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳കൃഷി എന്താണെന്ന് പോലും അറിയാത്തവര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. നിയമഭേദഗതിയിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്നും മാറ്റങ്ങളുടെ  ഫലം വ്യക്തമാകാന്‍ കുറച്ചു സമയം എടുക്കുമെന്നും രാജ്നാഥ് സിംഗ്. അടുത്ത ഒന്നര വര്‍ഷത്തില്‍ വരുന്ന മാറ്റങ്ങള്‍ കാണാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും നിയമങ്ങള്‍ ചര്‍ച്ചകളിലൂടെ മെച്ചപ്പെടുത്താമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

🔳സാമൂഹിക നീതിയിലധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനം ലക്ഷ്യമിട്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ തട്ടിലും വികസന സ്പര്‍ശമേല്‍ക്കണം. ഒരു വിഭാഗത്തിനും വികസനം ലഭ്യമാവാതിരിക്കരുത്. ഇതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🔳കെപിസിസിയില്‍ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി. തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ 14 ജില്ലകളിലേയും നേതാക്കളുമായി അവലോകന ചര്‍ച്ച നടത്തി. നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

🔳എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. നേതൃത്വം നിഷ്‌ക്രിയമെന്ന് ചര്‍ച്ചയില്‍ പൊതുവികാരം ഉയര്‍ന്നു.  തിരഞ്ഞെടുപ്പിന് ആവശ്യമായ മുന്നൊരുക്കമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി പ്രചാരണത്തെ ബാധിച്ചു. പ്രചാരണ സാമഗ്രികള്‍ എത്തിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. സാമുദായിക-സാമൂഹിക സംഘടനകളുമായി ചര്‍ച്ച നടന്നില്ല, വോട്ട് ചോര്‍ച്ച തിരിച്ചറിയാന്‍ പോലും നേതൃത്വത്തിന് കഴിഞ്ഞില്ല തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

🔳മലങ്കരസഭയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കുന്നത് സംബന്ധിച്ച് ഓര്‍ത്തഡോക്സ് പ്രതിനിധികള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയും ഒപ്പമുണ്ടാകും. അടുത്തദിവസം യാക്കോബായ പ്രതിനിധികള്‍ക്കും ജനുവരി ആദ്യവാരം കത്തോലിക്കാ സഭക്കാര്‍ക്കും പ്രധാനമന്ത്രി സമയമനുവദിച്ചിട്ടുണ്ട്.

🔳കേരളത്തില്‍ ഇന്നലെ 46,116 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 4905  പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2976 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4307 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3463 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,169 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍ 289, ആലപ്പുഴ 231, വയനാട് 231, പാലക്കാട് 230, ഇടുക്കി 81, കാസര്‍ഗോഡ് 37.

🔳സംസ്ഥാനത്ത് ഇന്നലെ 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ ആകെ 466 ഹോട്ട്സ്‌പോട്ടുകള്‍.

🔳സ്വകാര്യലാബുകളിലും ആശുപത്രികളിലും കോവിഡ് പരിശോധനാനിരക്ക് കേരളവും കുറയ്ക്കുന്നു. പരിശോധനാകിറ്റുകളുടെയും പി.പി.ഇ. വസ്ത്രവിലകളും കുറഞ്ഞ പശ്ചാത്തലത്തിലാണിത്. ഒരാഴ്ചയ്ക്കകം പുതിയ നിരക്കുകള്‍ നിലവില്‍വരും. നിരക്ക് കുറയ്ക്കുമ്പോള്‍ വിലകുറഞ്ഞ പരിശോധനാ ഉപാധികള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കും.

🔳പത്ത്, പ്ലസ്ടു ക്ലാസുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള നിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ആദ്യഘട്ടത്തില്‍ പരമാവധി 50 ശതമാനം കുട്ടികളെ മാത്രമേ സ്‌കൂളുകളില്‍ അനുവദിക്കാന്‍ പാടുള്ളു. ആദ്യത്തെ ആഴ്ച ഒരു ബഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസ് ക്രമീകരിക്കണം.

🔳കാലാവധി അവസാനിച്ച വാഹനരേഖകള്‍ പുതുക്കാനുളള സമയം 2021 മാര്‍ച്ച് 31 വരെ നീട്ടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. രജിസ്ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്നസ്, പെര്‍മിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുതുക്കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ സമയം നീട്ടി ഗതാഗത വകുപ്പ് ഉത്തരവിറക്കി.

🔳പികെ ശശിയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 2018 നവംബറിലാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പികെ ശശിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തത്. രണ്ടംഗ കമ്മീഷനെ വെച്ച് പരാതി അന്വേഷിക്കുകയും തീവ്രത കുറഞ്ഞ വിഷയമാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

🔳ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ക്ക് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മില്‍നിന്ന്. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലാണ് 21-കാരിയായ രേഷ്മ മറിയം റോയ് പ്രസിഡന്റ് പദം അലങ്കരിക്കുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു രേഷ്മ മറിയം റോയ്.

🔳പാര്‍വതി തിരുവോത്ത് നായികയായ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്. ആര്യാടന്‍ ഷൗക്കത്തിന്റെ തിരക്കഥയില്‍ സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത 'വര്‍ത്തമാനം' എന്ന സിനിമയ്ക്കാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്. ജെ.എന്‍.യു സമരം, കാശ്മീര്‍ സംബന്ധമായ പരാമര്‍ശം എന്നിവ മുന്‍നിര്‍ത്തിയാണ് അനുമതി നിഷേധിച്ചതെന്നാണ് വിവരം.
അനുമതി നിഷേധിക്കാനുള്ള കാരണം സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി എസ് സി മോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. വി സന്ദീപ് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയതും വിവാദമായിട്ടുണ്ട്.

🔳തിരുവനന്തപുരം കാരക്കോണത്ത് ശാഖാകുമാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കള്‍ വേണമെന്ന് ശാഖാ കുമാരി ആവശ്യപ്പെട്ടിരുന്നതാണ് തര്‍ക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ശാഖാകുമാരിയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തിയ ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് അരുണ്‍ പൊലീസിനോട് പറഞ്ഞു.

🔳കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഞായറാഴ്ച വിദേശത്തേക്ക് തിരിച്ചു. യാത്ര എവിടേക്കാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം ഏതാനും ദിവസം വിദേശത്തായിരിക്കുമെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു. കോണ്‍ഗ്രസിന്റെ 136-ാം സ്ഥാപകവാര്‍ഷികം ഇന്നായിരിക്കെയാണ് രാഹുലിന്റെ യാത്ര.

🔳രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ ചികിത്സയിലായിരുന്ന നടന്‍ രജനികാന്ത് ആശുപത്രി വിട്ടു. ഒരാഴ്ചത്തെ വിശ്രമവും കോവിഡ് വരാതിരിക്കാന്‍ ശ്രദ്ധയും വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതോടെ രജനിയുടെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന് തുടങ്ങി.

🔳കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന മുഖപത്രമായ സാമ്ന. കേന്ദ്രസര്‍ക്കാറും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുമ്പോള്‍ ഇത്തരത്തിലാണ് കാര്യങ്ങള്‍ എങ്കില്‍ അധികം സമയമെടുക്കാതെ നമ്മുടെ രാജ്യത്ത് നിന്നും സോവിയറ്റ് യൂണിയനില്‍ എന്ന പോലെ സംസ്ഥാനങ്ങള്‍ വിട്ടുപോകും എന്ന് സാമ്‌ന എഡിറ്റോറിയല്‍.

🔳ജീവനക്കാര്‍ കുടിശ്ശികയെന്തെങ്കിലും നല്‍കാനുണ്ടെങ്കില്‍ അവരുടെ ഗ്രാറ്റ്വിറ്റി തടഞ്ഞുവെക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാം. സുപ്രീംകോടതിയുടേതാണീ നിര്‍ണായക വിധി.

🔳ജനതാദള്‍ (യു) ദേശീയ പ്രസിഡന്റായി രാജ്യസഭ എംപി ആര്‍.സി.പി.സിങ്ങിനെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം തിരഞ്ഞെടുത്തു. നിതീഷ് കുമാറാണ് പ്രസിഡന്റ് പദവിയിലേക്ക് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. അരുണാചല്‍പ്രദേശില്‍ നിന്നുളള ആറ് എംഎല്‍എമാര്‍ ജെ.ഡി.യു. വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നത് ദുഃഖകരമാണ്. ഇത് സഖ്യരാഷ്ട്രീയത്തിന് നല്ല മാതൃകയല്ലെന്ന് ജെ.ഡി.യു.നേതാവ് കെ.സി.ത്യാഗി പറഞ്ഞു. 

🔳അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയും മലയാളിയുമായ അബ്ദുള്‍ മജീദ് കുട്ടി അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ജംഷേദ്പുരില്‍നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

🔳ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ആശങ്ക പടര്‍ത്തുന്നതിനിടെ ബ്രിട്ടണില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളം വഴി തിരിച്ചെത്തിയ 279 യാത്രക്കാരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് തെലങ്കാന ആരോഗ്യവകുപ്പ് അധികൃതര്‍. തിരിച്ചെത്തിയവരില്‍ 184 പേര്‍ നല്‍കിയ ഫോണ്‍ നമ്പര്‍ തെറ്റാണെന്നും, ബന്ധപ്പെടാന്‍ സാധിക്കാത്ത 279 പേരില്‍ 92 പേര്‍ കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും തെലങ്കാന പോലീസ് പറഞ്ഞു. 

🔳ഇന്ത്യയില്‍ ഇന്നലെ  20,333 കോവിഡ് രോഗികള്‍. മരണം 281. ഇതോടെ ആകെ മരണം 1,47,940 ആയി, ഇതുവരെ 1,02,08,725 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 97.81 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 2.76 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3.314 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 757 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,435 പേര്‍ക്കും കര്‍ണാടകയില്‍ 911 പേര്‍ക്കും ആന്ധ്രയില്‍ 349 പേര്‍ക്കും തമിഴ്നാട്ടില്‍ 1,009 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 3,98,293 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,20,706 പേര്‍ക്കും  ഇംഗ്ലണ്ടില്‍ 30,501 പേര്‍ക്കും റഷ്യയില്‍ 28,284 പേര്‍ക്കും രോഗം ബാധിച്ചു. 6,906 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,186 പേരും റഷ്യയില്‍ 552 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 8.11 കോടി കോവിഡ് രോഗികളും 17.71 ലക്ഷം മരണവും സ്ഥിരീകരിച്ചു.  

🔳ബ്രിട്ടീഷ് മരുന്നുകമ്പനിയായ ആസ്ട്രസെനക്കയും ഓക്‌സഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിന്‍ ഗുരുതരമായ കോവിഡ് 19 നെതിരെ നൂറുശതമാനം ഫലപ്രദമാണെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാസ്‌കല്‍ സോറിയറ്റ്. വാക്‌സിന് വിജയ ഫോര്‍മുല ഉളളതായും അദ്ദേഹം അവകാശപ്പെട്ടു.

🔳കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കം കുറിച്ച് യൂറോപ്യന്‍ യൂണിയന്‍. ഫൈസര്‍-ബയോണ്‍ടെക്ക് കോവിഡ് വാക്‌സിന്‍ വിതരണത്തിന് ഇന്നലെ യൂറോപ്യന്‍ യൂണിയന്‍ തുടക്കം കുറിച്ചു.

🔳സൗദി അറേബ്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് വിമാനസര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാല്‍ വിദേശത്തുനിന്നും സൗദിയിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്ന കാര്യം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സര്‍ക്കുലറില്‍ സൂചന നല്‍കിയിട്ടില്ല.

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ആവേശകരമായ മത്സരത്തില്‍ കരുത്തരായ ഹൈദരാബാദ് എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.  ആദ്യപകുതിയില്‍ മലയാളി താരം അബ്ദുള്‍ ഹക്കുവും രണ്ടാം പകുതിയില്‍ ജോര്‍ദാന്‍ മുറെയും ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തു.

🔳ഐസിസിയുടെ പതിറ്റാണ്ടിലെ പുരുഷ ടി20 ടീമിന്റെ നായകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി. ധോണിയെ കൂടാതെ രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നീ ഇന്ത്യന്‍ താരങ്ങളും ഇലവനിലുണ്ട്. അതേസമയം പാകിസ്ഥാനിലും ന്യൂസിലന്‍ഡിലും ഇംഗ്ലണ്ടിലും നിന്ന് താരങ്ങളാരുമില്ല എന്നത് സവിശേഷതയാണ്.

🔳ഐസിസിയുടെ പതിറ്റാണ്ടിന്റെ പുരുഷ ഏകദിന ടീമിനും എം എസ് ധോണി തന്നെ നായകന്‍.. പതിറ്റാണ്ടിന്റെ ഏകദിന ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയും റണ്‍മെഷീന്‍ വിരാട് കോലിയുമാണ് ടീമില്‍ ഇടം പിടിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

🔳ഐസിസിയുടെ പതിറ്റാണ്ടിന്റെ പുരുഷ ടെസ്റ്റ് ടീം നായകന്‍ ഇന്ത്യയുടെ വിരാട് കോലി. വമ്പന്‍ ബാറ്റിംഗ്-ബൗളിംഗ് നിരയുള്ള ഇലവനില്‍ രവിചന്ദ്ര അശ്വിന്‍ മാത്രമാണ് കോലിക്ക് പുറമെ ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ചത്. 

🔳2021 മുതല്‍ ജനപ്രിയ മെസേജിംഗ് ആപ്പായ ടെലഗ്രാം ചില സേവനങ്ങള്‍ക്ക് പണം ഈടാക്കി തുടങ്ങുമെന്ന് വ്യക്തമാക്കിയത് ടെക് ലോകത്ത് ചര്‍ച്ചയാകുന്നു. നിലവില്‍ ലഭ്യമായ എല്ലാ ഫീച്ചറുകളും തുടര്‍ന്നും സൗജന്യമായി ലഭിക്കും. എന്നാല്‍ വാണിജ്യ ഉപയോക്താക്കള്‍ക്കും മറ്റുമായി ചില ഫീച്ചറുകള്‍ കൂടി ടെലിഗ്രാമില്‍ ഉള്‍പ്പെടുത്തും. ഈ ഫീച്ചറുകളില്‍ ചിലതിന് പ്രീമിയം ഉപയോക്താക്കളില്‍നിന്ന് പണം ഈടാക്കും. അതേസമയം സ്ഥിരം ഉപയോക്താക്കള്‍ക്ക് ടെലഗ്രാമില്‍ പഴയപോലെ തുടരാനാകും. വണ്‍ ടു വണ്‍ മെസേജിങില്‍ പരസ്യം ഉണ്ടാവില്ല. എന്നാല്‍ ടെലിഗ്രാം ചാനലുകള്‍ വഴി പരസ്യം പ്രദര്‍ശിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഏകദേശം 50 കോടിയോളം ആളുകളാണ് ടെലഗ്രാം സജീവമായി ഉപയോഗിക്കുന്നത്.

🔳ഗൂഗിള്‍ പിക്സല്‍ 5, പിക്സല്‍ 4എ 5ജി എന്നീ ഫോണുകളില്‍ വലിയ പ്രധാന്യം നല്‍കി ഗൂഗിള്‍ അവതരിപ്പിച്ച പ്രത്യേകതകള്‍ ആരും അറിയാതെ മുക്കിയതായി പരാതി. ഗൂഗിള്‍ പിക്സല്‍ ഫോണിലെ ക്യാമറ ഫീച്ചറാണ് പുതിയ അപ്ഡേഷനിലൂടെ അപ്രത്യക്ഷമായത്. ഈ ഫോണുകളുടെ പുറത്തിറക്കല്‍ സമയത്ത് ഏറെ ചര്‍ച്ചയായ ഫീച്ചറായ 'ആസ്ട്രോഫോട്ടോഗ്രഫി' ഫീച്ചറാണ് നവംബറില്‍ വന്ന ക്യാമറ 8.1 അപ്ഡേറ്റോടെ കാണാതായത്.  പുതിയ ഗൂഗിള്‍ ക്യാമറ 8.1 അപ്ഡേഷന് ശേഷം, സാധാരണ നൈറ്റ് സൈറ്റ് മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതേ സമയം 9 ടു 5 ഗൂഗിള്‍ സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ നല്‍കിയ അപ്ഡേഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പഴയ ഗൂഗിള്‍ ക്യാമറ 7.6 പതിപ്പിലേക്ക് പോയാല്‍ നിങ്ങള്‍ക്ക് വീണ്ടും 'ആസ്ട്രോഫോട്ടോഗ്രഫി' എന്ന ഫീച്ചര്‍ ലഭിക്കും എന്നാണ്.

🔳സിസ്റ്റര്‍ അഭയ കേസിന്റെ ചലച്ചിത്രാവിഷ്‌കാരം എന്ന പേരില്‍ പ്രസിദ്ധി നേടിയ ചിത്രമാണ്  ക്രൈം ഫയല്‍. സിനിമയില്‍  സിസ്റ്റര്‍ അമല എന്ന കഥാപാത്രത്തിന്റെ കൊലപാതകം അന്വേഷിക്കാന്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഈശോ പണിക്കര്‍ ഐപിഎസ്. സുരേഷ് ഗോപി അഭിനയിച്ച് അനശ്വരമാക്കിയ ഈ കഥാപാത്രത്തെ വീണ്ടും കൊണ്ടുവരാനൊരുങ്ങുകയാണ് ക്രൈംഫയല്‍ സിനിമയുടെ സംവിധായകന്‍ കെ. മധു. ഈശോപണിക്കരെ സൃഷ്ടിച്ച എ.കെ. സാജന്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ.

🔳സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റിമേക്കില്‍ ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. പോലീസ് കഥാപാത്രമായ വിക്രമായി സെയ്ഫ് അലിഖാനെത്തും. നേരത്തേ ആമീര്‍ ഖാനെയാണ് ചിത്രത്തിന് വേണ്ടി തീരുമാനിച്ചിരുന്നത്. ആമീറിന് പകരമാണ് ഹൃത്വിക് എത്തിയത്. തമിഴ് ചിത്രമൊരുക്കിയ ഗായത്രി-പുഷ്‌കര്‍ ജോഡിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്.

🔳ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയുടെ ജനപ്രിയ മോഡലാണ് എന്‍ഡവര്‍ എസ്യുവി. ഇപ്പോഴിതാ എന്‍ഡവര്‍ മോഡല്‍ നിരയിലുടനീളം ചില ഫീച്ചറുകള്‍ കമ്പനി നീക്കംചെയ്തിരിക്കുകയാണ്. ഈ ഏഴ് സീറ്റര്‍ എസ്യുവിയുടെ എല്ലാ വകഭേദങ്ങളിലും ഇനിമുതല്‍ നോയിസ് ക്യാന്‍സലേഷന്‍ സവിശേഷത ഉണ്ടാവില്ല. ടൈറ്റാനിയം വേരിയന്റില്‍ മുന്‍വശത്തെ ഡോര്‍ സ്റ്റീല്‍ സ്‌കഫ് പ്ലേറ്റും 10 സ്പീക്കര്‍ ഓഡിയോ സിസ്റ്റവും ഒഴിവാക്കി. എട്ട് സ്പീക്കര്‍ യൂണിറ്റാകും എന്‍ഡവര്‍ ടൈറ്റാനിയത്തില്‍ ലഭിക്കുക. പിന്‍ സീറ്റ് യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന ഓക്‌സിലറി ഹീറ്റര്‍ ഇനി മുതല്‍ ടൈറ്റാനിയം പ്ലസ്, സ്‌പോര്‍ട്ട് വേരിയന്റുകളില്‍ ഉണ്ടാകില്ല.  

🔳ഉയിര് ഉടലില്‍ ഉള്ളവന് അജ്ഞാനത്തിന്റെ അന്ധകാരം നിറഞ്ഞ താഴ്വരയാണ് ആത്മാക്കളുടെ ലോകം. ഈ അജ്ഞാനത്തിന്റെ ആന്ധ്യത്തത്തിലേക്ക് അവിസ്മരണീയമായ അറിവിന്റെ തേജസായും അനശ്വരനായ ആരാധിതന്റെ ആര്‍ദ്രതയുടെ അടയാളത്തെ അനുഭവമാക്കി ആവിഷ്‌കരിക്കുകയും ചെയ്യപ്പെട്ട നോവല്‍. 'വിടപറഞ്ഞവന്റെ വിലാപം'. ജെ.പി. കാപ്പുംതല. ആത്മ ബുക്സ്. വില 110 രൂപ.

🔳ഗര്‍ഭസ്ഥ ശിശുക്കളുടെ പ്ലാസന്റയില്‍ ചെറിയ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകര്‍. നിരവധി കുട്ടികളുടെയും അവരുടെ അമ്മമാരുടെയും ശരീരത്തില്‍ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ കണ്ടെന്നും ഇത് ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും ഗവേഷകര്‍ പറഞ്ഞു. ആറ് ഗര്‍ഭിണികളായ സ്ത്രീകളുടെ പ്ലാസന്റ ശേഖരിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് വഴിതെളിച്ചത്. പ്ലാസ്റ്റിക് സാന്നിധ്യം കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. പഠനത്തിനായി ശേഖരിച്ച ആറ് പേരുടെ പ്ലാസന്റയില്‍ നാലിലും വ്യത്യസ്ത വലുപ്പത്തിലുള്ള 12 പ്ലാസ്റ്റിക് തുണ്ടുകള്‍ കണ്ടെന്ന് പഠനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മൂന്ന് പ്ലാസ്റ്റിക് കഷ്ണങ്ങള്‍ പോളിപ്രൊപ്പലിന്‍ ആണെന്ന് കണ്ടെത്തി. മറ്റ് ഒന്‍പത് കഷ്ണങ്ങളില്‍ വിവിധ തരം ആവരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പെയിന്റ് , പശ, നെയില്‍പോളിഷ് തുടങ്ങിയ മനുഷ്യനിര്‍മ്മിത ആവരണങ്ങളാണ് ഇവയില്‍ കണ്ടെത്തിയത്. റോം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അന്റോണിയോ റഗുസയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്.  

*ശുഭദിനം*
*കവിത കണ്ണന്‍*
1930 ലാണ് തോമസ് ഷോണ്‍ കോണറി ജനിച്ചത്. അയര്‍ലണ്ടില്‍ നിന്ന് സ്‌കോട്ട്ലന്റിലേക്ക് കുടിയേറിയവരായിരുന്നു ഷോണിന്റെ കുടുംബം. തുച്ഛമായ ശമ്പളം കിട്ടുന്ന ഒരു ഫാക്ടറിതൊഴിലാളിയായിരുന്നു ഷോണിന്റെ അച്ഛന്‍.  അലക്കായിരുന്നു അമ്മയുടേ ജോലി.  ഇരുവരുടേയും വരുമാനം കൊണ്ട് കഷ്ടിച്ച് പട്ടിണികൂടാതെയാണ് ആ കുടുംബം കഴിഞ്ഞുപോയിരുന്നത്.  എത്ര കഷ്ടപ്പാടുണ്ടെങ്കിലും പഠനം മുടങ്ങാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചു.  കണക്കില്‍ മിടുക്കനായ ഷോണിനെ ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കും വലിയ ഇഷ്ടമായിരുന്നു.  കൂട്ടുകാര്‍ക്കിടയില്‍ ഷോണ്‍ ശ്രദ്ധിക്കപ്പെടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഒപ്പമുള്ളവരില്‍ ഏറ്റവും പൊക്കവും തടിമിടുക്കും ഷോണിനായിരുന്നു.  അതുകൊണ്ടുതന്നെ അവര്‍ അവനെ സ്നേഹത്തോടെ 'ബിഗ് ടോം' എന്ന് വിളിച്ചു.  12 വയസ്സില്‍ ടോമിന് 6 അടിയോളം പൊക്കമുണ്ടായിരുന്നു! സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ അവന്‍ തെരുവില്‍ പാല്‍ വില്‍ക്കാന്‍ ആരംഭിച്ചു.  18 വയസ്സായപ്പോള്‍ അവന്‍ സൈന്യത്തില്‍ ചേര്‍ന്നു. പക്ഷേ, കുടലില്‍ അള്‍സര്‍ ബാധിച്ചതുമൂലം സൈന്യത്തില്‍ നിന്നും അവന്‍ പുറത്തായി.  ലൈഫ് ഗാര്‍ഡ്, ഇഷ്ടികപ്പണി, ശവപ്പെട്ടികള്‍ക്ക് പെയിന്റടിക്കല്‍ അങ്ങനെ തേടിയെത്തുന്ന ഏതുജോലിയും അവന്‍ ചെയ്തു.  ജോലി ചെയ്തു കിട്ടിയ പണം സ്വരൂപിച്ച് ഷോണ്‍ ഒരു വെയ്റ്റ് ലിഫ്റ്റിങ്ങ് ക്ലബ്ബില്‍ ചേര്‍ന്നു.  പിന്നീട് കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മിസ്റ്റര്‍ യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.  ലണ്ടനില്‍ നടന്ന ആ മത്സരത്തിനിടയ്ക്ക് അഭിനേതാക്കളെ തേടുന്ന ഒരാള്‍ ഷോണിനെ ശ്രദ്ധിച്ചു.  അയാള്‍ വഴി ഒരു സംഗീത പരിപാടിയില്‍ അഭിനയിക്കാന്‍ ഷോണിന് അവസരം ലഭിച്ചു.  അതില്‍ ശ്രദ്ധിക്കപ്പെട്ടതോടെ പല സിനിമകളിലും ചെറിയ വേഷങ്ങള്‍ അവന് ലഭിച്ചു.  തുടര്‍ന്ന് ട്വന്റിയത്ത് സെഞ്ചറി ഫോക്സ് എന്ന വമ്പന്‍ ഹോളിവുഡ് സിനിമാ നിര്‍മ്മാണകമ്പനി ഷോണ്‍ കോണറിയെ അഭിനയിക്കാന്‍ ക്ഷണിച്ചു.  അവന്റെ അസാമാന്യ അഭിനയപ്രതിഭകണ്ട് വലിയൊരു സിനിമയിലെ നായകവേഷം നല്‍കി.  സാഹസികനായ ബ്രിട്ടീഷ് ചാരനായ നായകന്‍.  ജെയിംസ് ബോണ്ട്    സൗന്ദര്യവും ബുദ്ധികൂര്‍മ്മതയും ഒത്തിണങ്ങിയ ജെയിംസ്ബോണ്ടായി ഷോണ്‍ കോണറിയുടെ മിന്നുന്ന പ്രകടമാണ് പിന്നെ നമ്മള്‍ വെള്ളിത്തിരയില്‍ കണ്ടത്. 1988 ല്‍ ഷോണിനെ തേടി ഓസ്‌കാര്‍ എത്തി.   2000 ത്തില്‍ എലിസബത്ത് രാജ്ഞി ഷോണ്‍ കോണറിക്ക് 'സര്‍' പദവി സമ്മാനിച്ചു.  വിജയത്തിന് ഒരേയൊരു മൂലമന്ത്രമേയുള്ളൂ,  അത് കഠിനാധ്വാനം മാത്രമാണ്.  കഠിനാധ്വാനം ഏത് പ്രതിബന്ധത്തേയും തരണംചെയ്ത് വിജയിക്കാനുള്ള വഴി നമുക്ക് കാണിച്ചു തരിക തന്നെ ചെയ്യും - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only