കർഷകർ മുന്നോട്ടുവെച്ച് രണ്ട് ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ പ്രതികരിച്ചു. ഡൽഹിയിലെ കടുത്ത ശൈത്യം കണക്കിലെടുത്ത് സ്ത്രീകളേയും കുട്ടികളേയും പ്രായമായവരേയും സമരവേദികളിൽ നിന്ന് വീടുകളിലേക്ക് തിരികെ അയക്കണണെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ ചർച്ചയിൽ നാല് അജണ്ടകളാണ് കർഷകർ മുന്നോട്ടുവെച്ചത്. ഇതിൽ രണ്ട് നിർദേശങ്ങൾ അംഗീകരിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കും, കാർഷിക അവശിഷ്ടം കത്തിക്കുന്നത് നിയന്ത്രിക്കുന്ന ഓർഡിനൻസിൽ മാറ്റം വരുത്തണം എന്നീ നിർദേശങ്ങളാണ് കേന്ദ്രം സ്വീകരിച്ചത്. അതേസമയം കാർഷിക നിയമങ്ങൾ പിൻവലിക്കാനാവില്ല, പകരം നിയമം പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്രം ആവർത്തിച്ചത്. നേരത്തേയും ഇതേ നിർദേശമാണ് കേന്ദ്രം മുന്നോട്ടുവെച്ചിരുന്നത്.
താങ്ങുവില തുടരാമെന്ന ഉറപ്പ് എഴുതി നൽകാമെന്ന കേന്ദ്രനിർദേശം കർഷകർ അംഗീകരിച്ചിട്ടില്ല. ഇതിന് നിയമപ്രാബല്യം നൽകണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
Post a comment