29 ഡിസംബർ 2020

ആര് കൈവിട്ടാലും ചേട്ടന്‍ മുന്നിലുണ്ടാവും, നന്നായി പഠിക്കണം എല്ലാത്തിനും നമുക്ക് വഴി കാണാം , രാജന്റെ മക്കള്‍ക്ക് പിന്തുണയറിയിച്ച് ഫിറോസ് കുന്നംപറമ്പില്‍.
(VISION NEWS 29 ഡിസംബർ 2020)


തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കെതിരെ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ മക്കള്‍ക്ക് പിന്തുണയറിച്ച് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍.
ആര് കൈവിട്ടാലും അവര്‍ക്കൊപ്പം താനുണ്ടാവുമെന്ന് ഫിറോസ് കുന്നംപറമ്പില്‍ അറിയിച്ചു. അവര്‍ക്ക് വീടൊരുക്കാന്‍ മുന്നില്‍ തന്നെയുണ്ടാവുമെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വീട് വാഗ്ദാനം നല്‍കിയത്.‘നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ ഈ വരുന്ന ജനുവരി മാസം മുതല്‍ നിങ്ങളുടെ വീടിന്റെ പ്രവര്‍ത്തനം ഞങ്ങള്‍ തുടങ്ങും. എല്ലാ സംവിധാനങ്ങളും നിങ്ങളുടെ മുന്നില്‍ കൊട്ടിയടച്ചാലും ഞാന്‍ മുന്നില്‍ തന്നെയുണ്ട്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കിയാലും ഇല്ലെങ്കിലും ഒരു വീട് ഞാന്‍ പണിത് തരും. ജനുവരി 10, 11 ദിവസങ്ങളില്‍ തിരുവനന്തപുരം വന്ന് നിങ്ങളുടെ വീട് സന്ദര്‍ശിക്കുകയും അതിന്റെ കുറ്റിയടക്കല്‍ ചടങ്ങ് നിര്‍വഹിക്കുകയും ചെയ്യും.’ ഫിറോസ് കുന്നം പറമ്പില്‍ പറഞ്ഞു.അതിനുള്ള നടപടികള്‍ ഇതിനകം തുടങ്ങിയിട്ടുണ്ടെന്നും ഇത് വെറും വാഗ്ദാനമല്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍ നീതിയെന്ന് പറയുന്നത് ആത്മഹത്യയായി മാറിയിരിക്കുന്നു. നീതി ലഭിക്കുന്നത് അദാനിക്കും അംബാനിക്കുമാണെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെല്ലിമൂട് വേട്ടത്തോട്ടം സ്വദേശി രാജനും, ഭാര്യ അമ്പിളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം.കുടിയൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് ഭാര്യയെ കെട്ടിപിടിച്ച് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ രാജന്‍ ശരീരത്തില്‍ ഒഴിക്കുന്നത്. എന്നാല്‍ പൊലീസുകാരെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും, എസ്ഐ ലൈറ്റര്‍ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും രാജന്‍ പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെയാണ് പൊലീസ് തങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചതെന്ന് രാജന്റെ മകന്‍ പറഞ്ഞു.നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ അയല്‍വാസിയുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. ഈ ഭൂമിയില്‍ നിന്ന് രാജനെ ഒഴിപ്പിക്കാന്‍ കോടതി വിധിയുണ്ടായി. ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചുട്ടുണ്ട്. അടിയന്തിര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ വീട് വെച്ചു നല്‍കുമെന്നും അറിയിച്ചു. രാജന്റെ കുടുംബത്തിന് യൂത്ത് കോണ്‍ഗ്രസ് വീട് വെച്ച് നല്‍കുമെന്ന് ശബരിനാഥന്‍ എംഎല്‍എ അറിയിച്ചിരുന്നു.

 *ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ്*

‘ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്…..
അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ എന്റെ സഹോദരങ്ങള്‍ക്ക് ഒരു വീടൊരുക്കാന്‍
ഈ ചേട്ടന്‍ മുന്നിലുണ്ടാവും,ഞാന്‍ പണിഞ്ഞു തരും
നിങ്ങള്‍കൊരു വീട് ……..
നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം പറയുന്നതും എന്നാല്‍ അവര്‍ക്കുള്ള വീട് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് പറയുന്ന വാര്‍ത്തയും എന്നാല്‍ സര്‍ക്കാരിന്റെ ഉറപ്പൊന്നും ലഭിച്ചില്ല എന്ന് കുട്ടികള്‍ പറയുന്ന വാര്‍ത്തയും കണ്ടു എന്തായാലും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം നിങ്ങള്‍ക്കൊരു വീടൊരുക്കാന്‍ ഞാനുണ്ട് മുന്നില്‍ ആരുടെ മുന്നിലും തലകുനിക്കരുത് നന്നായി പഠിക്കണം എല്ലാത്തിനും വഴി നമുക്ക് കാണാം……’

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only