07 December 2020

സായാഹ്‌ന വാർത്തകൾ
(VISION NEWS 07 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കര്‍ഷക സമരത്തിന് പരസ്യപിന്തുണയുമായി ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍ സമരവേദിയായ സിംഘുവില്‍ എത്തി. കര്‍ഷകരുടെ ആവശ്യം കേന്ദ്രം അംഗീകരിക്കണം എന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും കര്‍ഷകസമരത്തിന് പിന്തുണയുമായി ജന്തര്‍മന്ദിറില്‍ .എത്തിയിട്ടുണ്ട്.

🔳സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളോ, അഭിപ്രായ സ്വാതന്ത്രമോ തടയാന്‍ സാധിക്കില്ലെന്നും ഇത്തരത്തിലുള്ള ഏതൊരു നീക്കവും നിയമവ്യവഹാരത്തെ ക്ഷണിച്ചുവരുത്തുമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. ഈ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ഒരു നീക്കവും കൊണ്ടുവരരുതെന്നും നമുക്ക് തുറന്ന ജനാധിപത്യവും തുറന്ന ചര്‍ച്ചകളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳താങ്ങുവില വിഷയത്തില്‍ മറ്റേത് സര്‍ക്കാരിനെക്കാളും കൂടുതല്‍ കാര്യങ്ങള്‍ കര്‍ഷകര്‍ക്കായി ചെയ്തത് നിലവിലെ സര്‍ക്കാര്‍ ആണെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ വാദം പൊളിയുന്നു. നിലവിലെ മോദി സര്‍ക്കാരിനെ അപേക്ഷിച്ച് കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ കാലത്താണ് താങ്ങുവിലയില്‍ വന്‍വര്‍ധന ഉണ്ടായതായതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

🔳നെഹ്റു ട്രോഫി വളളംകളിയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന ആളുകളെ വിഡ്ഢികളാക്കുന്നതാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കേന്ദ്രമന്ത്രിയുടെ പദവിക്ക് ചേരാത്ത പ്രസ്താവന നടത്തിയ മുരളീധരന്‍ മാപ്പുപറയണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

🔳അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗവേഷണസ്ഥാപനമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം കേന്ദ്രസര്‍ക്കാരിനെ രാജീവ് ഗാന്ധി ബയോടെക്‌നോളജി ഗവേഷണ കേന്ദ്രം ഏല്‍പ്പിച്ചത്, അല്ലാതെ സംഘിനേതാക്കളുടെ പേരിട്ട് നാടിനെ അപമാനിക്കാനല്ലായെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. കേരളീയരെ പൊതുവിലും കേരളത്തിലെ സ്ത്രീകളെ വിശേഷിച്ചും പരസ്യമായി അപമാനിച്ച ഒരാളിന്റെ പേരിലുമല്ല നമ്മുടെ നാട്ടിലെ ഒരു ശാസ്ത്രഗവേഷണ സ്ഥാപനം അറിയപ്പെടേണ്ടതെന്നും തോമസ് ഐസക്.

🔳സ്വര്‍ണക്കടത്തിലെ പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതന് പോലും റിവേഴ്‌സ് ഹവാലയില്‍ പങ്കുണ്ടെന്നും  ഉന്നതനെ അറിഞ്ഞാല്‍ ജനം ബോധംകെട്ടു വീഴുമെന്നും ചെന്നിത്തല.

🔳ഹൈക്കോടതിയിലെ ഹൈലെവല്‍ ഐടി ടീമിനെ നിയമിച്ചതിലും എം ശിവശങ്കറിന്റെ ഇടപെടല്‍. എം ശിവശങ്കര്‍ കൂടി പങ്കെടുത്ത യോഗമാണ് അഞ്ചംഗ ടീമിനെ നിയമിച്ചത്. അറുപതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയായിരുന്നു ഇവരുടെ ശമ്പളം. ഇവരെ നിയമിച്ച ശേഷം വിവരച്ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍.

🔳തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് ലഭിക്കുമെന്നും വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഫലം സ്വാധീനം ചെലുത്തുമെന്നും ബിജെപി എം.എല്‍.എ ഒ.രാജഗോപാല്‍. ശോഭ സുരേന്ദ്രന് അവര്‍ ആഗ്രഹിച്ചിരുന്ന സ്ഥാനം ലഭിച്ചില്ല എന്നത് അവരുടെ മാത്രം പ്രശ്നമാണെന്നും ഇതൊന്നും വോട്ടര്‍മാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കില്ലെന്നും രാജഗോപാല്‍. വലിയ പാര്‍ട്ടിയാകുമ്പോള്‍ ഇത്തരത്തിലുള്ള ആകാംക്ഷകളും പ്രതീക്ഷകളും ഓരോരുത്തര്‍ക്കുമുണ്ടാകുമെന്നും ഇതൊന്നും പൂര്‍ണമായും നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

🔳ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധനവില കൂട്ടിയത്. 18 ദിവസത്തിന് ഇടയില്‍ പെട്രോളിന് 2.62 രൂപയും ഡീസലിന് 3.57 രൂപയും വര്‍ധിച്ചു. പല ജില്ലകളിലും പെട്രോള്‍ വില 85 രൂപയും ഡീസല്‍ വില 80 രൂപക്കും അടുത്തെത്തി. 

🔳ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് അപേക്ഷ നല്‍കി. അനുമതി തേടി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന് അപേക്ഷ നല്‍കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. യുഎസ്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ അവരുടെ കോവിഡ് പ്രതിരോധ വാക്സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി നേരത്തെ തേടിയിരുന്നു.

🔳കോഴിക്കോട് പി.എം. താജ് റോഡിലെ യൂണിയന്‍ ബാങ്ക് ശാഖയില്‍നിന്ന് സ്വര്‍ണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പണയംവെച്ച് 1,69,51,385 രൂപ തട്ടിയ വയനാട് സ്വദേശിനിയെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. വയനാട് ഇരുളം പുതിയേടത്ത് വീട്ടില്‍ കെ.കെ. ബിന്ദു (43) ആണ് പിടിയിലായത്. കേസില്‍ ബാങ്കിലെ അപ്രൈസര്‍ ഉള്‍പ്പടെ ഒമ്പതുപേരെ പ്രതികളാക്കിയാണ് പോലീസ് അന്വേഷണം നടത്തുന്നത്.

🔳മണ്‍റോത്തുരുത്തില്‍ സിപിഎം പ്രവര്‍ത്തകനും ഹോംസ്റ്റേ ഉടമയുമായ മണിലാല്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍. സിപിഎം നേതൃത്വത്തില്‍ കുണ്ടറ മണ്ഡലത്തിലെ മണ്‍റോ തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. ഉച്ചക്ക് ഒരു മണി മുതല്‍ നാല് മണിവരെയാണ് ഹര്‍ത്താല്‍. വില്ലിമംഗലം നിധി പാലസ് വീട്ടില്‍ മയൂഖം ഹോംസ്റ്റേ ഉടമ മണിലാല്‍ (ലാല്‍-53) ആണ് മരിച്ചത്. കേസിലെ പ്രതിയായ ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച പട്ടംതുരുത്ത് തൂപ്പാശ്ശേരില്‍ അശോകനെ പോലീസ് കസ്റ്റഡിയിലെടുത്തു.

🔳ഇടുക്കി വലിയ തേവാളയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയില്‍ രണ്ട് പേര്‍ വെട്ടേറ്റുമരിച്ചു. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ സ്വദേശി ജംഷ് മറാണ്ടി(32), ഷുക്ക് ലാല്‍ മറാണ്ടി (43) എന്നിവരാണ് മരിച്ചത്.

🔳വീടുകളില്‍ പുരപ്പുറ സൗരോര്‍ജപ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 200 മെഗാവാട്ടിന്റെ പദ്ധതികൂടി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു. ഇതിലൂടെ ഏകദേശം 66,000 പേര്‍ക്ക് സബ്‌സിഡിയോടെ വീടുകളില്‍ സൗരോര്‍ജപ്ലാന്റുകള്‍ സ്ഥാപിക്കാനാവും. ഇതിനുള്ള രജിസ്‌ട്രേഷന്‍ വൈദ്യുതിബോര്‍ഡ് തുടരുകയാണ്. 

🔳പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റേത് ഉള്‍പ്പടെയുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആരംഭിക്കുന്നതിനെതിരേ സുപ്രീം കോടതി. പദ്ധതിക്ക് എതിരായ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ പുതുതായി നിര്‍മാണം നടത്തുകയോ, കെട്ടിടങ്ങള്‍ പൊളിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജ മാത്രമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

🔳ആന്ധ്രപ്രദേശിലെ എല്ലൂരുവില്‍ അജ്ഞാതരോഗം പടരുന്നു. രോഗികള്‍ അപസ്മാരം, ഛര്‍ദി എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ബോധരഹിതരാവുകയാണ് ചെയ്യുന്നത്. ഇതുവരെ 292 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നലെ രോഗബാധിതനായ ഒരാള്‍ മരിച്ചു. രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

🔳തെലങ്കാനയില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. നാരായണ്‍ റെഡ്ഡി പാര്‍ട്ടി വിട്ടു. എ.ഐ.സി.സി. അംഗവും തെലങ്കാന കോണ്‍ഗ്രസ് ട്രഷററുമായിരുന്നു ഇദ്ദേഹം. നാരായണ്‍ റെഡ്ഡി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

🔳കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരായി ലണ്ടനില്‍ പ്രതിഷേധം. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കിനാളുകളാണ് ഞായറാഴ്ച മധ്യ ലണ്ടനില്‍ പ്രതിഷേധിച്ചത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഒട്ടേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു.

🔳നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് കണ്‍ട്രോള്‍ മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണ് ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് അറിയപ്പെടുന്ന മൊഹ്സിന്‍ ഫഖ്രിസാദെയെ കൊലപ്പെടുത്തിയതെന്ന് റെവല്യൂഷിനറി ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍. ഫഖ്രിസാദെയുടെ മുഖത്തേക്ക് മെഷീന്‍ഗണ്‍ സൂം ചെയ്ത് 13 റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് റിയര്‍ അഡ്മിറല്‍ അലി ഫഡവി പറഞ്ഞു.

🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. വൂള്‍വ്‌സിനെ എതിരിലാത്ത നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ടോട്ടനം എതിരില്ലാത്ത രണ്ട് ഗോളിന്  ആഴ്‌സനലിനെ തോല്‍പ്പിച്ചപ്പോള്‍ ലെസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പിച്ചു.

🔳ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ടിന്റെ സ്വന്തമായ ഫ്‌ളിപ്കാര്‍ട്ട് ഐപിഒയുമായി വരുന്നു. 2021ന്റെ തുടക്കത്തില്‍ യുഎസ് വിപണിയിലാകും കമ്പനി ലിസ്റ്റ്
ചെയ്യുക. 25 ശതമാനം ഓഹരി വിറ്റ് 1000 കോടി ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പനയുടെ പ്രാഥമിക നടപടികള്‍ക്കായി ഗോള്‍ഡ്മാന്‍ സാച്‌സിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നിലവില്‍ ഫ്‌ളിപ്കാര്‍ട്ടിലെ 82.3 ശതമാനം ഓഹരികളും വാള്‍മാര്‍ട്ടിന്റെ കൈവശമാണുള്ളത്.

🔳രാജ്യത്ത് ഡിജിറ്റല്‍ പെയ്മെന്റ് ഇടപാടുകള്‍ അനുദിനം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ ഡിജിറ്റല്‍ പേയ്മെന്റ് സുരക്ഷാ നിയന്ത്രണ നിയമങ്ങള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചത്. യുപിഎ പേയ്മെന്റുകള്‍, മൊബൈല്‍ വാലറ്റുകള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ നിയമത്തിന്റെ പരിധിയില്‍പെടും. ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

🔳മലയാളികളുടെ പ്രിയ താരമാണ് നിമിഷ സജയന്‍. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നിമിഷ സജയന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ആദ്യമായി അഭിനയിക്കുന്ന ഇംഗ്ലീഷ് സിനിമയ്ക്കായി ലണ്ടനിലെത്തിയ നിമിഷ സജയന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലണ്ടനിലെ ഒരു സുഹൃത്തിനൊപ്പമുള്ള ഫോട്ടോയാണ് നിമിഷ സജയന്‍ പങ്കുവെച്ചിരിക്കുന്നത്. അന്റോണിയോ ആകീല്‍ എന്നയാള്‍ക്കൊപ്പമുള്ള ഫോട്ടോയാണ് ഇത്. ഇംഗ്ലണ്ടില്‍ നിന്നുള്ള നടനാണ് അന്റോണിയോ. നിമിഷയുടെ ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍ എന്ന സിനിമയില്‍ അന്റോണിയോയും അഭിനയിക്കുന്നുണ്ട്. മലയാളി താരം ലെനയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

🔳പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹോളിവുഡ് സൂപ്പര്‍ഹീറോ അഡ്വഞ്ചര്‍ ചിത്രം 'വി കാന്‍ ബി ഹീറോസി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ലോകത്തെ അന്യഗ്രഹ ജീവികളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന കുട്ടി സൂപ്പര്‍ ഹീറോസ് ആണ് ചിത്രത്തിന്റെ പ്രമേയം. റോബര്‍ട്ട് റോഡ്രിഗസ് സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. 2005ല്‍ പുറത്തെത്തിയ 'ദി അഡ്വഞ്ചേഴ്സ് ഓഫ് ഷാര്‍ക് ബോയ് ആന്‍ഡ് ലാവാഗിരി'യുടെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആണ് ചിത്രം. പ്രിയങ്കയ്ക്കൊപ്പം പെഡ്രോ പാസ്‌കല്‍, ക്രിസ്റ്റ്യന്‍ സ്ലേറ്റര്‍, ബോയ്ഡ് ഹോല്‍ബ്രൂക്ക് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

🔳ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കി.മി സഞ്ചരിക്കാവുന്ന കാറുമായി ഒരു ഇന്ത്യന്‍ കമ്പനി. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവീഗ് എന്ന സ്റ്റാര്‍ട്ട്അപ്പാണ് ഇന്ത്യയ്ക്കായി ഈ ഇലക്ട്രിക് കാര്‍ നിരത്തുകളിലെത്തിക്കാനൊരുന്നത്. എക്സ്റ്റിങ്ഷന്‍ എം കെ1 എന്നാണ് ഈ പ്രീമിയം ഇലക്ട്രിക് കാറിന്റെ പേര്. ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളെക്കാള്‍ ഉയര്‍ന്ന റേഞ്ചാണിത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.4 സെക്കന്‍ഡുകള്‍ മാത്രം മതി വാഹനത്തിന്. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 196 കിലോമീറ്ററാണ്.

🔳നീഗ്രോ ജീവിതത്തിന്റെ ഹൃദയഭേദകമായ കാഴ്ചകള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച നെഗ്രിറ്റൂഡ് എന്ന മഹത്തായ സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ കൃതി പീഡിതരായ കറുത്ത മനുഷ്യരുടെ കണ്ണീരിന്റെയും നിലവിളികളുടെയും ചരിത്രരേഖ. 'ഒരു അമേരിക്കന്‍ അടിമയുടെ ആത്മകഥ'. പരിഭാഷ- പത്മരാജ് ആര്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 38 രൂപ.

🔳പ്രായാധിക്യമോ, ഗ്ലോക്കോമ പോലുള്ള രോഗങ്ങള്‍ മൂലമോ കണ്ണിലെ ഒപ്റ്റിക് നാഡിക്ക് ക്ഷതം സംഭവിക്കുമ്പോഴാണ്  കാഴ്ച മങ്ങുന്നതും പൂര്‍ണമായും കാഴ്ച നഷ്ടമാകുന്നതും. ഒപ്റ്റിക് നാഡി പുനഃസ്ഥാപിക്കാന്‍ സാധിക്കാത്തതിനാല്‍ ഈ കാഴ്ച നഷ്ടം പലപ്പോഴും സ്ഥിരമായി സംഭവിക്കുന്നതായിരിക്കും. എന്നാല്‍ കണ്ണിലെ കോശങ്ങള്‍ക്ക് യുവത്വം തിരികെ നല്‍കി ഈയവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍. പ്രായാധിക്യം മൂലം കാഴ്ച നഷ്ടപ്പെട്ട എലികളുടെ കാഴ്ച പുനഃസ്ഥാപിച്ചു കൊണ്ടാണ് ശാസ്ത്രലോകത്ത് നാഴികക്കല്ലായി മാറാവുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 'ഒഎസ്‌കെ' എന്ന് വിളിക്കുന്ന മൂന്ന് പ്രോട്ടീനുകളുടെ മിശ്രിതം കുത്തിവച്ചാണ് എലികളുടെ കണ്ണിലെ റെറ്റിനല്‍ ഗാംഗ്ലിയോണ്‍ കോശങ്ങളെ ഇവര്‍ യൗവനാവസ്ഥയിലേക്ക് എത്തിച്ചത്. പരീക്ഷണത്തിന്റെ ഭാഗമായി ഒപ്റ്റിക് നാഡിക്ക് ക്ഷതം പറ്റിയ എലികളുടെ കണ്ണുകളിലേക്ക് ഒഎസ്‌കെ കുത്തിവച്ചു. അതിജീവിക്കുന്ന റെറ്റിനല്‍ ഗാംഗ്ലിയോണ്‍ കോശങ്ങളുടെ എണ്ണം ഇരട്ടിയാകുകയും നാഡികളുടെ വീണ്ടുമുള്ള വളര്‍ച്ച അഞ്ച് മടങ്ങ് വര്‍ധിക്കുകയും ചെയ്തു. നാഡികള്‍ വീണ്ടും വളര്‍ന്ന് തലച്ചോറിലേക്ക് എത്താന്‍ ചികിത്സ സഹായകമായി. അടുത്തതായി മനുഷ്യരിലെ ഗ്ലോക്കോമയ്ക്ക് സമാനമായ സാഹചര്യം എലികളില്‍ ഉണ്ടാക്കി. അവരുടെ കണ്ണുകളിലെ സമ്മര്‍ദം വര്‍ധിപ്പിച്ച് ഒപ്റ്റിക് നാഡിക്ക് ക്ഷതമേല്‍പ്പിച്ച ശേഷം ഈ പരീക്ഷണം ആവര്‍ത്തിച്ചു. ഒഎസ്‌കെ ചികിത്സ ലഭിച്ച എലികളില്‍ ഗണ്യമായ മാറ്റമുണ്ടായതായി നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നു. കൂടുതല്‍ മൃഗങ്ങളില്‍ പരീക്ഷണം നടത്തിയ ശേഷം മാത്രമേ മനുഷ്യരില്‍ ഈ ചികിത്സയുടെ സാധ്യത തേടാനാകൂ.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.77, പൗണ്ട് - 98.68, യൂറോ - 89.39, സ്വിസ് ഫ്രാങ്ക് - 82.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.76, ബഹറിന്‍ ദിനാര്‍ - 195.66, കുവൈത്ത് ദിനാര്‍ -242.35, ഒമാനി റിയാല്‍ - 191.87, സൗദി റിയാല്‍ - 19.66, യു.എ.ഇ ദിര്‍ഹം - 20.08, ഖത്തര്‍ റിയാല്‍ - 20.26, കനേഡിയന്‍ ഡോളര്‍ - 57.71.

Post a comment

Whatsapp Button works on Mobile Device only