നായയെ കാറിൽ കെട്ടിവലിച്ച ചാലാക്ക സ്വദേശി യൂസഫിനെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി അത്താണിക്ക് സമീപമായിരുന്നു കൊടും ക്രൂരത. കുന്നുകര സ്വദേശി യൂസഫാണ് വളർത്തുനായയോട് കടുത്ത ക്രൂരത കാട്ടിയത്. ബൈക്ക് യാത്രക്കാരനായ യുവാവ് പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ മൃഗക്ഷേമ സംഘടനയായ ദയ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. വീട്ടുകാർക്ക് ഇഷ്ടമില്ലാത്തതിനാൽ വളർത്തുനായയെ ഉപേക്ഷിക്കാനായിരുന്നു ശ്രമമെന്നാണ് യൂസഫ് പൊലീസിന് നൽകിയ മൊഴി.
കഴുത്തില്‍ കുരുക്കിട്ട് അഞ്ഞൂറ് മീറ്ററോളമാണ് യൂസഫ് നായയെ കാറില്‍ റോഡിലൂടെ കെട്ടിവലിച്ചത്. ചാലാക്കയിലെ റോഡിലൂടെ കെട്ടിവലിക്കുന്നതിനിടെ നായ കുഴഞ്ഞു വീണു. എന്നാൽ കാർ നിർത്താതെ യൂസഫ് ക്രൂരത തുടർന്നു. അതുവഴി കടന്നുവന്ന ബൈക്ക് യാത്രക്കാരനായ അഖിലാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കാർ നിർത്താൻ ആവശ്യപ്പെട്ടിട്ടും വകയ്ക്കാതെ മുന്നോട്ടു പോയ യൂസഫിനെ അഖിൽ തടഞ്ഞു. അഖിലിനോട് കയർത്ത യൂസഫ് ഒടുവിൽ നായയെ ഉപേക്ഷിച്ചു കടന്നു.
സംഭവം മൃഗക്ഷേമ സംഘടനയായ ദയയുടെ ശ്രദ്ധയിൽപ്പെടുത്തിയതും അഖിലാണ്. ദയയുടെ പ്രവർത്തകരാണ് പിന്നീട് നായയെ കണ്ടെത്തിയതും. നായയുടെ ശരീരത്തിൽ പലയിടത്തും പരുക്കുണ്ട്. ദയ പ്രവർത്തകർ നായയെ പറവൂരിലെ മൃഗാശുപത്രിയിലെത്തിച്ച് ചികിൽസ നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ