*
വളപ്പിലെ മോഷ്ടാവ് നിർണായക സാക്ഷിയാകുമെന്ന് തെളിവുകൾക്കുമേൽ മണ്ണിടാൻ ശ്രമിച്ചവർ സ്വപ്നത്തിൽപ്പോലും വിചാരിച്ചുകാണില്ല. അത്രമേൽ പ്രധാനമായ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെ കടന്നുപോയതാണീ കേസ്.
*പോലീസ് X സി.ബി.ഐ.*
സിസ്റ്റർ അഭയയെ പയസ് ടെൻത് കോൺവെന്റിന്റെ വളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടു എന്നായിരുന്നു വാർത്ത. മരണം ആത്മഹത്യയാണെന്നും സിസ്റ്റർ അഭയക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നും പോലീസ് എഴുതിവെച്ചു.
ഐ.ജി. നേരിട്ടെത്തി പരിശോധന നടത്തിയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതുതന്നെ. പ്രീഡിഗ്രി ആദ്യവർഷം ഇംഗ്ലീഷിനു തോറ്റത് കാരണമായി എഴുതിവെച്ചു. ഒപ്പം, അഭയയുടെ കുടുംബത്തിന് ആത്മഹത്യാപ്രവണത ഉണ്ടെന്നുവരെ വരുത്തിത്തീർക്കാൻ ശ്രമം നടത്തി.
*പോലീസ് വാദം പൊളിക്കുന്നു*
1993 ഏപ്രിൽ 30-ന് മലയാളിയായ വർഗീസ് പി. തോമസിലൂടെ സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കുമ്പോൾ കാര്യങ്ങൾ ശരിയായ ദിശയിലേക്കു വരുകയായിരുന്നു. ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ചും ഏറ്റുപറഞ്ഞതിനു പിന്നാലെയായിരുന്നു സി.ബി.ഐ.യുടെ വരവ്. 1993 ഏപ്രിൽ 30-ന്. മരണം കൊലപാതകമെന്ന് വർഗീസ് പി. തോമസ് കണ്ടെത്തിയെങ്കിലും അദ്ദേഹം സമ്മർദത്തിലായി. തുടർന്ന് രാജിവെച്ചു. പക്ഷേ, അതിനകം കേസിൽ ഇന്നോളം നിർണായകമായ ചില വിവരങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു.
*ശ്വാസകോശത്തിലെ ജലാംശം*
ശ്വാസകോശത്തിലെ ജലാംശമായിരുന്നു ആത്മഹത്യാവാദം ഉറപ്പിക്കാൻ പോലീസും ക്രൈംബ്രാഞ്ചും ഉപയോഗിച്ചത്. വ്യക്തി ജീവനോടെ വെള്ളത്തിൽ വീഴുമ്പോഴാണ് ശ്വാസകോശത്തിലേക്കു വെള്ളം വലിച്ചുകയറ്റാൻ ഇടയാക്കുന്നതെന്ന അഭിപ്രായം. കിണറ്റിലേക്ക് എടുത്തിട്ടാൽ അവർക്ക് കിണറിന്റെ പൈപ്പിൽ പിടിച്ച് കിടക്കാമായിരുന്നല്ലോ എന്ന് മറ്റൊരു വാദം. പൈപ്പ് താഴെവരെ എത്തുന്നുമുണ്ട്.
*കിണറ്റിൽ വീണപ്പോൾ അബോധത്തിലാകാം*
ഈ വാദം സി.ബി.ഐ. പൊളിച്ചു. കിണറ്റിൽ വീഴുമ്പോൾ അഭയക്ക് ജീവനുണ്ടാകാം. പക്ഷേ, ബോധമില്ലെങ്കിലോ. വെള്ളത്തിൽ വീഴുമ്പോൾ ബോധമില്ലെങ്കിലും ശ്വസിക്കും. ശ്വാസകോശത്തിൽ വെള്ളം കയറുകയും ചെയ്യാം. രക്ഷപ്പെടാൻ സ്വയം ശ്രമിക്കുകയുമില്ല. ശരീരത്തിലെ മുറിവുകളിലും ഇതേ പ്രശ്നമുണ്ട്. ആരെങ്കിലും എടുത്തിട്ടാലും സ്വയം ചാടിയാലും ശരീരത്തിൽ മുറിവുണ്ടാകാം. മുറിവുകൾ കിണറ്റിൽ ചാടിയപ്പോൾ ഉണ്ടായതെന്ന് ഉറപ്പിക്കാനാവില്ല. ആക്രമിച്ചശേഷം എടുത്തിടുന്ന സാഹചര്യം തള്ളാനാവില്ല.
*പഠിക്കാനുറച്ച ആളെന്തിന് ജീവനൊടുക്കണം*
അഞ്ചുനിലകളുള്ള മന്ദിരത്തിന്റെ മൂന്നാംനിലയിലാണ് അഭയയുടെ താമസം. പുലർച്ചെ നാലിനുതന്നെ വിളിച്ചുണർത്തണമെന്ന് കൂട്ടുകാരി സിസ്റ്റർ ഷെർളിയോടു പറഞ്ഞിട്ടാണ് അഭയ കിടന്നത്. ഷെർളി അഭയയെ വിളിച്ചുണർത്തുകയും ചെയ്തു. തണുത്ത വെള്ളമെടുക്കാനെന്നു പറഞ്ഞാണ് അഭയ താഴേക്കു പോയത്. പിന്നീട് അവരെ മരിച്ചനിലയിലാണ് സിസ്റ്റർ ഷെർളി കാണുന്നത്. പുലർച്ചെ അഞ്ചിന് പ്രാർഥനയ്ക്ക് മണിയടിച്ചപ്പോഴും അഭയയെ കണ്ടില്ല. അപ്പോഴാണ് അന്വേഷണം തുടങ്ങിയതെന്നു പറയുന്നു. ഈ ഒരു മണിക്കൂറിനുള്ളിലാണ് അഭയ കൊല്ലപ്പെട്ടത്.
അടുക്കളയ്ക്കുസമീപത്തെ ഫ്രിഡ്ജിൽനിന്ന് അവർ വെള്ളമെടുക്കാൻ ശ്രമിച്ച ലക്ഷണമുണ്ടായിരുന്നു. വെള്ളക്കുപ്പി നിലത്ത് വീണുകിടക്കുന്ന നിലയിലാണ്. അഭയയുടെ ചെരിപ്പുകളിലൊന്ന് അവിടെയുണ്ടായിരുന്നു. മറ്റൊരു ചെരിപ്പ് കിണറിനടുത്തുനിന്നാണു കിട്ടിയത്. മുറിയിലെ ഒരു കോടാലിയും മുട്ടക്കൂടയും മറിഞ്ഞുകിടക്കുകയായിരുന്നു. ശിരോവസ്ത്രം അടുക്കളയിൽനിന്നു പുറത്തേക്കുള്ള കതകിൽ കുടുങ്ങിക്കിടന്നു. കതക് പുറത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പഠിക്കാനുറച്ച ആൾ എന്തിന് കൂട്ടുകാരിയോടു വെള്ളമെടുക്കാനെന്നുപറഞ്ഞ് പറഞ്ഞിറങ്ങി ജീവനൊടുക്കണമെന്ന് സി.ബി.ഐ. ചോദിച്ചു.
*തിരക്കിട്ട് ആത്മഹത്യയെന്ന് പോലീസ്*
ഈ വിവരങ്ങളെല്ലാം ആത്മഹത്യയിലേക്കുവേണ്ട ചേരുവയാക്കുകയാണ് പോലീസ് ചെയ്തത്. കിണറ്റിൽ ചാടുംമുമ്പ് അല്പം വെള്ളം കുടിച്ചതാകാം. ചെരിപ്പ് സ്ഥാനം തെറ്റി ചിതറിക്കിടന്നതും വെള്ളക്കുപ്പി മറിഞ്ഞതും ശിരോവസ്ത്രം കുടുങ്ങിയതും അവർ തിടുക്കപ്പെട്ട് ഓടിയപ്പോൾ പറ്റിയതാകും. അരയാൾ പൊക്കമുള്ള കിണറിന്റെ മതിലിൽ കയറിയിരുന്ന് ചാടുകയായിരുന്നുവത്രേ.
*മനോരോഗവാദം*
ആത്മഹത്യാവാദത്തിന് അകമ്പടിയായി അഭയയുടെ കുടുംബത്തിന് മനോരോഗമുണ്ടെന്ന ആരോപണവും ക്രൈംബ്രാഞ്ച് ചമച്ചിരുന്നു. പക്ഷേ, സി.ബി.ഐ. മെഡിക്കൽ രേഖകൾ പരിശോധിച്ചപ്പോൾ ഒന്നും കണ്ടില്ല. ഒന്നാംവർഷ പ്രീഡിഗ്രി പരീക്ഷയിൽ ഇംഗ്ലീഷിനു തോറ്റതിനാണ് അഭയ ജീവനൊടുക്കിയതെന്ന വാദവും ക്രൈംബ്രാഞ്ച് നിരത്തി. ഇതും സി.ബി.ഐ. പൊളിച്ചു.
മരിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് അഭയ അമ്മയ്ക്ക് എഴുതിയ കത്തായിരുന്നു ഇതിനുള്ള തെളിവ്. താൻ നന്നായി പഠിക്കുന്നുണ്ടെന്നും പരീക്ഷ ജയിക്കാൻ പ്രാർഥിക്കണമെന്നും എഴുതിയിരുന്നു. മധ്യവേനൽ അവധിക്ക് വീട്ടിൽവരുമെന്നും അപ്പോൾ അമ്മയെ വെള്ളംചുമക്കാൻ സഹായിക്കാമെന്നും എഴുതിയിരുന്നു. ആത്മഹത്യ ചെയ്യാനുറച്ച ആരെങ്കിലും ഇങ്ങനെയെഴുതുമോ എന്ന ചോദ്യത്തിന് ക്രൈംബ്രാഞ്ചിന് മറുപടിയുണ്ടായില്ല.
*ഒളിപ്പിക്കാനുള്ള തത്രപ്പാടുകൾ*
* സംഭവപ്പിറ്റേന്ന് കോൺവെന്റിലെ ഉത്തരവാദപ്പെട്ട ഒരു കന്യാസ്ത്രീയെ വിദേശത്തേക്ക് തിടുക്കപ്പെട്ടു മാറ്റിയിരുന്നു. എന്തിനാണ് ഇവരെ മാറ്റിയതെന്ന് സ്ഥാപനമോ പോലീസോ വിശദീകരിച്ചില്ല.
* കിണറ്റിൽനിന്ന് മൃതദേഹം എടുത്ത അഗ്നിരക്ഷാസേനയിലെ ഫയർമാൻ ഗോപിനാഥപിള്ള മൃതദേഹത്തെക്കുറിച്ചു രേഖപ്പെടുത്തിയത് പോലീസ് മാറ്റിമറിച്ചു. ആദ്യ വിവരത്തിൽ ഫയർമാൻ ഇല്ലെന്നുപറഞ്ഞ വസ്ത്രങ്ങളെല്ലാം ഉണ്ടെന്ന് ചേർത്തായിരുന്നു പോലീസ് റിപ്പോർട്ട്. ഈ മാറ്റംമറിക്കൽ കേസ് പൊളിക്കാനായിരുന്നു. അഗ്നിരക്ഷാസേനയുടെ വിവരവും പോലീസ് പ്രഥമവിവരവും തമ്മിൽ പ്രകടമായ വ്യത്യാസം.
* മൃതദേഹത്തിന്റെ കഴുത്തിലും തോളെല്ലിലും ചുവന്ന പാടുകൾ കണ്ടതായി നഴ്സ് കൂടിയായ ഒരു കന്യാസ്ത്രീയും മൃതദേഹ ചിത്രമെടുത്ത ഫോട്ടോഗ്രാഫറും പറഞ്ഞിരുന്നു. അതും രേഖപ്പെടുത്തിയില്ല.
* സംഭവദിവസം ഐ.ജി. മൃതദേഹപരിശോധനയ്ക്ക് എത്തിയത് എന്തിന്.
* വിരലടയാള പരിശോധന നടത്താതിരുന്നതാണ് മറ്റൊരു വീഴ്ച. പോലീസ് നായയെ എത്തിച്ചുള്ള പരിശോധനയും നടത്തിയില്ല. അതൊന്നും ആവശ്യമില്ലെന്നായിരുന്നു പോലീസ് വിശദീകരണം.
*സി.ബി.ഐ. കണ്ടെത്തിയ തെളിവുകൾ*
* ഭക്ഷണശാലയുടെ ചുമതല സെഫിക്കായിരുന്നു. അതിനോടു ചേർന്നാണ് അവർ താമസിക്കുന്നത്. രാത്രി 10-നുശേഷം ഇവിടെ വെളിച്ചമുണ്ടാകാറില്ല. പക്ഷേ, സംഭവസമയത്ത് അവിടെ വെളിച്ചമുണ്ടായിരുന്നുവെന്ന് അന്തേവാസികൾ മൊഴിനൽകി. അടുക്കളഭാഗത്ത് സെഫി മാത്രമുള്ളതിനാൽ പുലർച്ചെ അഭയക്ക് എന്തു സംഭവിച്ചാലും സെഫി അറിയാതെവരില്ല. പുലർച്ചെ നാലിന് അഭയ അടുക്കളയിലേക്കു പോയതായി കൂട്ടുകാരിയുടെ മൊഴിയുമായി ഇതിനെ ചേർത്തുവായിക്കാം.
* മോഷ്ടാവ് അടയ്ക്ക രാജു ആ രാത്രി പുരോഹിതനെയും കന്യാസ്ത്രീയെയും മഠത്തിനുള്ളിൽ കണ്ടു. വൈദികൻ ആ സമയത്ത് എന്തിനു വന്നു. പിന്നീട് ആ കന്യാസ്ത്രീ സിസ്റ്റർ സ്റ്റെഫിയാണെന്ന് രാജു പറഞ്ഞു.
* ഫാ. തോമസ് കോട്ടൂരിന്റെ സ്കൂട്ടർ മഠത്തിനു സമീപം ഇരിക്കുന്നതു കണ്ടതായി സമീപവാസിയായ സഞ്ചുവിന്റെ മൊഴി.
* കൊലപാതകമെന്ന് മൃതദേഹപരിശോധന നടത്തിയ ഡോ. രാധാകൃഷ്ണന്റെ മൊഴി. ആന്തരികാവയവങ്ങളുടെ പരിശോധനയിലും ഇതേ കാര്യം പറയുന്നു.
* ഫാ. കോട്ടൂർ മഠത്തിൽ സ്ഥിരമായി വരുന്നതുകൊണ്ടാണ് അദ്ദേഹം ആ രാത്രി വന്നിട്ടും അവിടത്തെ വളർത്തുനായ്ക്കൾ കുരയ്ക്കാതിരുന്നത്.
* അടുക്കളയിലെ അന്തരീക്ഷം. എല്ലാം താറുമാറായി കിടക്കുന്നത് അന്തേവാസികൾ കണ്ടിട്ടുണ്ട്. പിടിവലി നടന്നതിന്റെ സൂചന അത് തരുന്നുണ്ട്.
* അഭയയെ അന്വേഷിച്ച് പുലർച്ചെ അടുക്കളയിലേക്കു വന്ന താൻ അവരുടെ ശിരോവസ്ത്രം, കുപ്പി, ചെരിപ്പ് എന്നിവ ചിതറിക്കിടക്കുന്നത് കണ്ടതായി സിസ്റ്റർ ഷെർളി മൊഴിനൽകി.
*സി.ബി.ഐ. X സി.ബി.ഐ.*
ഇത്തരം തെളിവുകൾ നിരത്തി ആദ്യ സി.ബി.ഐ. ഉദ്യോഗസ്ഥൻ വർഗീസ് പി. തോമസ് വിജയിച്ചെങ്കിലും മേധാവികൾ മറ്റൊരു വഴിക്കാണു പോയത്. അന്വേഷണത്തിനുവേണ്ട ഫണ്ട് നൽകാതെയും സമ്മർദം ചെലുത്തിയും അദ്ദേഹത്തെ വിഷമത്തിലാക്കി. സൂപ്രണ്ട് ത്യാഗരാജനെതിരേ 1994 മാർച്ച് 17-ന് അഭയയുടെ പിതാവ് തോമസും ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലും കോടതിയെ സമീപിച്ചു. എം.പി.മാരും ശക്തമായ നിലപാടെടുത്തതോടെ കേസ് ചുമതലയിൽനിന്ന് ത്യാഗരാജനെ മാറ്റി.
*ഡമ്മി ടു ഡമ്മി*
1994 ജൂണിൽ ഡി.ഐ.ജി. എം.എൽ. ശർമയുടെ നേതൃത്വത്തിൽ അന്വേഷണം പുനരാരംഭിച്ചു. അഭയയുടെ ഡമ്മിയുണ്ടാക്കി കോൺവെന്റിൽ പരീക്ഷണം നടത്തി. 1995 ഏപ്രിൽ ഏഴിനായിരുന്നു ഇത്. അന്വേഷണം ഈ ദിശയിലെത്തിനിൽക്കേ സി.ബി.ഐ. ഉന്നതൻ പറഞ്ഞത് ഇപ്രകാരമായിരുന്നു: ''രണ്ട് സാധ്യതകളായിരുന്നു ഞങ്ങൾക്കു മുന്നിൽ. ഒന്ന് ആത്മഹത്യയുടേത്. മറ്റൊന്ന് കൊലയുടേത്. ഇനിമുതൽ ഒറ്റവഴി. കൊലപാതകത്തിന്റേത്.'' ഈ വാക്കുകൾ പൊതുസമൂഹത്തിന് വലിയ വിശ്വാസം നൽകി. പക്ഷേ, കൊല്ലം ഒന്ന് കാത്തിട്ടും ഒന്നുമുണ്ടായില്ല.
കോട്ടയം ടി.ബി.യിലെ ഏഴാംനമ്പർ മുറിയിലുണ്ടായിരുന്ന സംഘം പിൻവാങ്ങി. 1996 ഡിസംബറിൽ ഇവർ ഹൈക്കോടതിക്കു റിപ്പോർട്ട് നൽകി. മരണം കൊലപാതകം. പക്ഷേ, കുറ്റക്കാരെ കണ്ടെത്താൻ കഴിയുന്നില്ല.
*കൊല സത്യം, പക്ഷേ കുറ്റവാളി കാണാമറയത്ത്*
1996-നു പിന്നാലെ 2002-ലും 2005-ലും സി.ബി.ഐ. അന്വേഷണം നടത്തി. പക്ഷേ, കോടതിക്ക് മുമ്പാകെ പറഞ്ഞത് ഒന്നുമാത്രം. കൊല തന്നെ, പക്ഷേ കുറ്റവാളികളെ കണ്ടെത്താനാകുന്നില്ല. മജിസ്ട്രേറ്റുമാർ മൂന്നുതവണയും സി.ബി.ഐ.യെ മടക്കി അയച്ച് വീണ്ടും അന്വേഷണം നടത്താൻ നിർദേശിച്ചു.
12-ാമത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി. ആർ.കെ. അഗർവാൾ മൂന്ന് പ്രതികളുണ്ടെന്നു കണ്ടെത്തി. പക്ഷേ, പൂർണ തെളിവില്ലാത്തതിനാൽ അറസ്റ്റ് പറ്റില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. പ്രതികളായി അന്ന് രേഖപ്പെടുത്തിയിരുന്ന ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്ക, സിസ്റ്റർ സെഫി എന്നിവരെ നാർക്കോ പരിശോധനയ്ക്കു വിധേയമാക്കിയതും അദ്ദേഹമാണ്.
*ഫലം കണ്ടത് 13-ൽ*
13-ാമത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന നന്ദകുമാരൻ നായരാണ് കേസ് ഇത്രത്തോളം എത്തിച്ചത്. സംഭവം നടന്ന് 15 വർഷത്തിനുശേഷം പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്തു. അറ്റുപോയ കണ്ണികൾ കൂട്ടിച്ചേർത്താണ് അദ്ദേഹം കേസ് ഫലപ്രാപ്തിയിലെത്തിച്ചത്. അഭയയെ ആദ്യം അടിച്ചത് ഫാ. കോട്ടൂരാണെന്ന് സംഘം കണ്ടെത്തി. അവരുടെ തലയിൽ ആറ് മുറിവുകളുണ്ടായി. പിന്നീട് സെഫിയും ചേർന്ന് അഭയയെ കിണറ്റിലിട്ടു.
Post a comment