പ്രഭാത വാർത്തകൾ
2020 ഡിസംബർ 17 | 1196 ധനു 2 | വ്യാഴം | ഉത്രാടം |
🔳തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറിച്ച് കേരളം. അസാധാരണമായ പ്രതിസന്ധികളെയും കടുത്ത പ്രതിപക്ഷ ആക്രമണത്തെയും നേരിട്ടാണ് ഇടതുപക്ഷം ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടന്നെത് ഇടതു മുന്നണിയുടെ വിജയത്തിന്റെ മാറ്റു കൂട്ടുന്നു. മുനിസിപ്പല്‍ തലം മാറ്റി നിര്‍ത്തിയാല്‍ ത്രിതല പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും തലയെടുപ്പുള്ള വിജയമാണ് ഇടതുപക്ഷം നേടിയിരിക്കുന്നത്.
🔳ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചും എല്‍ഡിഎഫും നേടിയപ്പോള്‍ ഒന്നു മാത്രമാണ് യുഡിഎഫിനെ ലഭിച്ചത്. 45 മുനിസിപ്പാലിറ്റികള്‍ യുഡിഎഫ് നേടിയപ്പോള്‍ 35 എണ്ണമാണ് എല്‍ഡിഎഫിനെ ലഭിച്ചത്. 2 മുനിസിപ്പാലിറ്റികള്‍ എന്‍ഡിഎ നേടി. 14 ജില്ലാ പഞ്ചായത്തുകളില്‍ പതിനൊന്നും എല്‍ഡിഎഫിനൊപ്പമാണ്. 3 എണ്ണം മാത്രം യു.ഡിഎഫിന്. ബ്ലോക്ക് പഞ്ചായത്തില്‍108 എണ്ണം എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിന് 44 എണ്ണം ലഭിച്ചു. ഗ്രാമ പഞ്ചായത്തുകളില്‍ 514 എണ്ണം എല്‍ഡിഎഫിനാണ്. യുഡിഎഫ് 375 എണ്ണം നേടിയപ്പോള്‍ 23 എണ്ണം എന്‍ഡിഎ നേടി.
🔳തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നീ കോര്‍പ്പറേഷനുകളില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടിയപ്പോള്‍ കൊച്ചിയിലും തൃശൂരിലും നേരിയ വ്യത്യാസത്തില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്ക്കുന്നു. കണ്ണൂര്‍ കോര്പ്പറേഷന് മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.
🔳തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്. മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പ് ഡിസംബര്‍ 28 നും ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും തിരഞ്ഞെടുപ്പ് ഡിസംബര്‍ 30 നും നടക്കും
🔳തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം സംഘടിതമായി നടത്തിയ നുണപ്രചാരണങ്ങള്‍ക്ക് കേരളീയര്‍ ഉചിതമായ മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യുഡിഎഫ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാവുന്ന കാഴ്ചയാണ് കണ്ടതെന്നും ബിജെപിയുടെ അവകാശവാദങ്ങള്‍ ഒരിക്കല്‍ക്കൂടി തകര്‍ന്നടിഞ്ഞെന്നും മുഖ്യമന്ത്രി.
🔳ബിജെപിയുമായി രഹസ്യമായും തീവ്രവര്‍ഗീയപ്രസ്ഥാനമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പരസ്യമായും ധാരണയുണ്ടാക്കിയാണ് യുഡിഎഫ് മത്സരിച്ചതെന്ന് മുഖ്യമന്ത്രി. വര്‍ഗീയതയെ എതിര്‍ക്കുകയും അതേസമയം മുസ്ലിം തീവ്രവാദപ്രസ്ഥാനങ്ങളോട് കൈ കോര്‍ക്കുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി.
🔳തദ്ദേശതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ കേരളത്തില്‍ അന്വേഷണം നടത്തുന്ന അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. വ്യവസ്ഥാപിതമായ രീതിയില്‍ അന്വേഷണം നടത്തി സത്യം കണ്ടെത്താനാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കേണ്ടതെന്നും അതല്ലാതെ കേരളത്തിലെ ബിജെപി നേതാക്കളുടെ ഇംഗിതം അനുസരിച്ച പെരുമാറാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ മോശമാവുമെന്നും മുഖ്യമന്ത്രി.
🔳തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ്സിനും യുഡിഎഫിനും എതിരാണെന്ന പ്രചാരണം ശരിയല്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. യുഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും സി പി എമ്മിന് അമിതമായി ആഹ്ളാദിക്കാന്‍ വഴി ഇല്ലെന്നും മുല്ലപ്പള്ളി.
🔳സര്‍ക്കാരിനെതിരെ രൂപപ്പെട്ട വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ആണ് വിധി നിര്‍ണയിച്ചതെന്നും യുഡിഎഫിന് ആത്മവിശ്വാസം ഉണ്ടാകുന്ന പ്രകടനം ആണ് തെരഞ്ഞെടുപ്പില്‍ നടത്തിയത് എന്നും ചെന്നിത്തല.
🔳തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ ന്യായീകരിച്ച മുല്ലപ്പള്ളിയേയും ചെന്നിത്തലയേയും പരസ്യമായി തളളി കെ മുരളീധരന് എംപി. മുഖ്യമന്ത്രിയാകാന്‍ തയ്യാറെടുത്തിരിക്കുന്നവര്‍ ഈ ശൈലി മതിയാകില്ലെന്ന് തിരിച്ചറിയണമെന്നും തൊലിപ്പുറത്തുള്ള ചികിത്സയല്ല മേജര്‍ സര്‍ജറി തന്നെയാണ് കോണ്‍ഗ്രസിന് ആവശ്യമെന്നും അതിനിനി സമയമില്ലെന്നും മുരളീധരന്.
🔳തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് പരസ്യമായി കാലുവാരിയെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ജില്ലാപഞ്ചായത്തില്‍ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തതിന് കാരണം കോണ്‍ഗ്രസാണെന്നും ഈ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസഫ്.
🔳ജോസ് കെ മാണിയുടെ വരവ് യുഡിഎഫിനെ ദുര്‍ബലമാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി എന്ന തലത്തില്‍ എല്‍ഡിഎഫിനെ ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും കാനം
🔳തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും പരസ്യമായി വോട്ട് കച്ചവടം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷമെന്ന് യുഡിഎഫിനെ അദ്ദേഹം വിമര്‍ശിച്ചു. യുഡിഎഫ് സ്വീകരിച്ചത് സ്ഥാപിത താത്പര്യം സംരക്ഷിക്കാനുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
🔳സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ നടത്തിയ സംഘടിത നീക്കത്തിന്റെ ഭാഗമായുള്ള അട്ടിമറിയാണ് കുട്ടന്‍കുളങ്ങരയിലെ പരാജയമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്. രാഷ്ട്രീയപരമായി ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മിന് കഴിയില്ലെന്നും ഗോപാലകൃഷ്ണന്.
🔳കിഴക്കമ്പലത്തിന് പുറത്തും കളി ജയിച്ച് ട്വന്റി 20. 2015 ല്‍ കിഴക്കമ്പലത്ത് മൂന്ന് മുന്നണികളേയും പിന്നിലാക്കി ഭരണം പിടിച്ച ട്വന്റി 20 ഇത്തവണ ഭരണം പിടിച്ചത് നാല് പഞ്ചായത്തുകളിലാണ്. കിഴക്കമ്പലം കൂടാതെ ഐക്കരനാട്, മഴുവന്നുര്‍, കുന്നത്തുനാട് എന്നീ പഞ്ചായത്തുകളിലും ട്വന്റി 20 ഭരണം പിടിച്ചു. ഇതില്‍ ഐക്കരനാട് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും അവര്‍ തൂത്തുവാരി. എറണാകുളം ജില്ലാ പഞ്ചായത്തിലെ കോലഞ്ചേരി ഡിവിഷനില്‍ നിന്ന് ജയിച്ചത് ട്വന്റി 20 യുടെ സ്ഥാനാര്‍ത്ഥിയാണ്. എല്‍ ഡി എഫും യു ഡി എഫും സംയുക്തമായി പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ സാഹചര്യത്തിലാണ് ട്വന്റി 20 യുടെ ഈ മുന്നേറ്റം എന്നതാണ് ഇവരുടെ വിജയത്തെ ശ്രദ്ധേയമാക്കുന്നത്.
🔳തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച എസ്ഡിപിഐക്ക് തിളക്കമാര്‍ന്ന വിജയം. സംസ്ഥാനത്ത് വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 102 സീറ്റുകളിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
🔳ലൈഫ് മിഷന് ഫ്ലാറ്റ് വിവാദം ഏറെ ചര്‍ച്ചയായ തൃശ്ശൂര്‍ വടക്കാഞ്ചേരി നഗരസഭയിലും ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. 41 സീറ്റുകളില്‍ 21- ലും വിജയിച്ചാണ് എല്‍ഡിഎഫ് ഭരണ തുടര്‍ച്ച നേടിയത്.
🔳കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കൊച്ചിയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള നോട്ടീസ് സ്റ്റേ ചെയ്യണം എന്നാണ് ഹര്‍ജിയിലെ അടിയന്തര ആവശ്യം.
🔳സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുറക്കുന്നതിലും ഈ രണ്ട് ക്ലാസുകളിലെ പരീക്ഷാ നടത്തിപ്പിലും ഇന്ന് തീരുമാനമുണ്ടാകും. സ്കൂള്‍ തുറക്കലും പരീക്ഷാ നടത്തിപ്പും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും
🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക പ്രക്ഷോഭം ഇരുപത്തിരണ്ടാം ദിവസം പിന്നിടിമ്പോഴും നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍. നിയമങ്ങള്‍ അംഗീകരിക്കണമെന്നും സമരം അവസാനിപ്പിക്കണമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
🔳കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിഖ് പുരോഹിതന് സ്വയം വെടിവച്ച് മരിച്ചു. ഹരിയാനയിലെ കര്‍ണാലില്‍ നിന്നുള്ള സന്ത് ബാബ റാം സിംഗ് ആണ് മരിച്ചത്. കര്‍ഷകരുടെ ദുരവസ്ഥയും സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലും തന്നെ വേദനിപ്പിക്കുന്നുവെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്നെഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
🔳സന്ത് ബാബ റാം സിംഗിന്റെ ആത്മഹത്യയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്ത്. കേന്ദ്രസര്‍ക്കാര്‍ നയം കാരണം നിരവധി കര്‍ഷകര്‍ ഇതിനോടകം തന്നെ ജീവത്യാഗം ചെയ്തുവെന്നും ഈ ക്രൂരത ചെയ്യുന്ന മോദിസര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിച്ച് കഴിഞ്ഞിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും സര്‍ക്കാര്‍ അതു കേള്‍ക്കാന്‍ തയാറാകണമെന്നും കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.
🔳കേരളത്തില്‍ ഇന്നലെ 61,882 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2707 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5295 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 770 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5728 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 58,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 959, കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437, പാലക്കാട് 401, വയനാട് 361, തിരുവനന്തപുരം 345, കണ്ണൂര്‍ 250, ഇടുക്കി 186, കാസര്‍ഗോഡ് 60.
🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം തിരുമല സ്വദേശി ശശിധരന് തമ്പി (79), ഭരതന്നൂര്‍ സ്വദേശി വിനോദ് കുമാര്‍ (61), നെടുമങ്ങാട് സ്വദേശി ഷാഫി (55), ധനുവച്ചപുരം സ്വദേശി തങ്കപ്പന് (76), കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി അമ്മിണി ചാക്കോ (79), പത്തനംതിട്ട ഏനാത്ത് സ്വദേശി രാജന് (63), പത്തനംതിട്ട സ്വദേശി സരസമ്മ (69), മക്കപുഴ സ്വദേശി പ്രഭാകരന് (60), ആലപ്പുഴ പള്ളിക്കതായി സ്വദേശി ജയിംസ് (86), മാവേലിക്കര സ്വദേശി ആനന്ദവല്ലി (66), മുതുകുളം സ്വദേശി ഗോപി (72), ചെങ്ങന്നൂര്‍ സ്വദേശി ബാലചന്ദ്രന് (67), എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശി സി.ജെ. സെബാസ്റ്റ്യന്‍ (75), തൃശൂര്‍ മതിലകം സ്വദേശി ബഷീര്‍ (64), പോട്ടോരെ സ്വദേശിനി സീന (45), പാലക്കാട് ഗ്രാമം റോഡ് സ്വദേശി സി.വി. ശശികല (75), മലപ്പുറം ആനമങ്ങാട് സ്വദേശിനി അയിഷ (73), വട്ടള്ളൂര്‍ സ്വദേശിനി ഫാത്തിമ (83), മാമ്പുറം സ്വദേശി അലാവി (86), എടക്കര സ്വദേശി ഏലിയാമ്മ (90), പോരൂര്‍ സ്വദേശി ശിവശങ്കരന് (73), പന്നിപ്പാറ സ്വദേശിനി അയിഷകുട്ടി (76), കോട്ടിലങ്ങാടി സ്വദേശി അബ്ദുറഹ്മാന് (80), കോഴിക്കോട് നരിപ്പറ്റ സ്വദേശി കണ്ണന് (80), വില്ലപ്പള്ളി സ്വദേശി മുഹമ്മദ് ഷാസില്‍ (15), വയനാട് മുട്ടില്‍ സ്വദേശി രാഘവന് (68), കാസര്‍ഗോഡ് ദലംപാടി സ്വദേശി നാരായണന് (80) .
🔳സംസ്ഥാനത്ത് ഇന്നലെ 10 പുതിയ ഹോട്ട് സ്പോട്ടുകള്‍. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 450 ഹോട്ട് സ്പോട്ടുകള്‍.
🔳ഇന്ത്യയില്‍ ഇന്നലെ 18,164 കോവിഡ് രോഗികള്‍. മരണം 356. ഇതോടെ ആകെ മരണം 1,44,487 ആയി, ഇതുവരെ 99.51 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 94.89 ലക്ഷം പേര് രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 3.14 ലക്ഷം രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 5,914 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 1,547 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,293 പേര്‍ക്കും കര്‍ണാടകയില്‍ 1,240 പേര്‍ക്കും ആന്ധ്രയില്‍ 478 പേര്‍ക്കും തമിഴ്നാട്ടില്‍ 1,181 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 6,71,678 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 2,08,178 പേര്‍ക്കും ബ്രസീലില്‍ 68,437 പേര്‍ക്കും തുര്‍ക്കിയില്‍ 29,718 പേര്‍ക്കും റഷ്യയില്‍ 26,509 പേര്‍ക്കും ജര്‍മനിയില്‍ 28,969 പേര്‍ക്കും ഇംഗ്ലണ്ടില്‍ 25,161 പേര്‍ക്കും രോഗം ബാധിച്ചു. 12,930 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,085 പേരും ബ്രസീലില്‍ 968 പേരും ഇറ്റലിയില്‍ 680 പേരും ജര്‍മനിയില്‍ 749 പേരും ഇംഗ്ലണ്ടില്‍ 612 പേരും പോളണ്ടില്‍ 605 പേരും റഷ്യയില്‍ 596 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 7.44 കോടി കോവിഡ് രോഗികളും 16.53 ലക്ഷം മരണവും സ്ഥിരീകരിച്ചു.
🔳2030ലെ ഏഷ്യന്‍ ഗെയിംസിന് ഖത്തര്‍ തലസ്ഥാനമായ ദോഹ വേദിയാവും. 2034ലെ ഗെയിംസിന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദും വേദിയാവും. ഒളിംപിക് കൗണ്‍സില്‍ ഓഫ് എഷ്യ ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പിലാണ് 2030 ലെയും 2034 ലെയും ഗെയിംസ് വേദികള്‍ സംബന്ധിച്ച് തീരുമാനമായത്.
🔳ഇന്ത്യ ഓസേട്രേലിയ ടെസ്റ്റ് സീരീസിന് ഇന്ന് തുടക്കം. നാല് മത്സരങ്ങളുള്ള സീരീസിലെ ആദ്യ മത്സരം ഓസ്ട്രേലിയയിലെ അഡലെയ്ഡിലാണ്.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ശക്തരുടെ പോരാട്ടത്തില്‍ ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി എ.ടി.കെ മോഹന്‍ ബഗാന്. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്. കളിയിലുടനീളം പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്.
🔳സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡില്‍ (ബിപിസിഎല്‍) താല്പര്യം പ്രകടിപ്പിച്ച ശേഷം, അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത ഗ്രൂപ്പ് ഏറ്റെടുക്കല്‍ ഉറപ്പാക്കാന്‍ 8 ബില്യണ്‍ ഡോളര്‍ കടവും ഇക്വിറ്റിയും സമാഹരിക്കാന്‍ പദ്ധതിയിടുന്നു. മൈനിംഗ്-ടു-ഓയില്‍ ഭീമന് വേദാന്ത റിസോഴ്സസ് പിഎല്‍സി ഇതിനകം ബാങ്കുകളുമായി ചര്‍ച്ച ആരംഭിച്ചു. ജെപി മോര്‍ഗനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
🔳കേന്ദ്രസര്‍ക്കാര്‍ സ്വാകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ അമേരിക്കന്‍ കമ്പനിയായ ഇന്ററപ്സ്. എയര്‍ ഇന്ത്യയുടെ ജീവനക്കാരുടെ പങ്കാളിത്തത്തോടെ ഓഹരികള്‍ വാങ്ങാനാണ് നീക്കം. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ 13500 കോടി രൂപ തയ്യാറാണെന്ന് എന്ന് ഇന്ററപ്സ് അറിയിച്ചു. എയര്‍ ഇന്ത്യ ജീവനക്കാരുടെ പങ്കാളിത്തത്തോടെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാനാണ് ഇന്ററപ്സ് ഇപ്പോള്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്. 200ലധികം എയര്‍ ഇന്ത്യ ജീവനക്കാര്‍ ഇന്ററപ്സുമായി ഇക്കാര്യത്തില്‍ സഹകരിച്ചിട്ടുണ്ട്.
🔳സിജു വില്സന് നായകനാകുന്ന 'ഇന്നു മുതല്‍' ചിത്രത്തിന്റെ ടീസര്‍ പുറത്ത്. രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വ്യത്യസ്തമായ ഒരു പ്രമേയവുമായാണ് എത്തുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ചേര്‍ന്നാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. 'ഇന്‍സ്പെയര്‍ഡ് ബൈ ട്രൂ ലൈസ്' എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ടീസര്‍ ഏറെ കൗതുകം നിറഞ്ഞതാണ്. ദൈവത്തിന് കൈക്കൂലി കൊടുത്ത ഒരാളും അവധിയെടുത്ത ദൈവവും എന്ന വാചകങ്ങളോട് കൂടി വന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. സ്മൃതി സുഗതന് ആണ് സിജു വില്‍സന്റെ നായികയായി എത്തുന്നത്.
🔳മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വനെ' കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നടന് വിക്രം ജനുവരിയില്‍ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും. കോബ്ര എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ തന്നെ പൊന്നിയിന്‍ സെല്വന് ലൊക്കേഷനില്‍ വിക്രം എത്തും. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ 'പൊന്നിയിന്‍ സെല്വന്' നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളും ബോളിവുഡ് താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കാര്‍ത്തി, ജയം രവി, അമിതാബ് ബച്ചന്, ജയറാം, ഐശ്വര്യ റായ് ബച്ചന്, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
🔳ഒറ്റ ക്ലിക്കില്‍ കാര്‍ ലോണ്‍ നല്കുന്ന സംവിധാനവുമായി രാജ്യത്തെ ഒന്നാം നമ്പര്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഓണ്‍ലൈന്‍ വായ്പ നല്കാന് സ്മാര്‍ട് ഫിനാന്‍സ് എന്ന പദ്ധതിയുമായിട്ടാണ് കമ്പനി എത്തുന്നത്. പ്രീമിയം ഡീലര്‍ഷിപ് ശൃംഖലയായ നെക്സ വഴി വില്‍ക്കുന്ന കാറുകള്‍ക്കാണ് ഓണ്‍ലൈന്‍ വായ്പാ സൗകര്യം കമ്പനി ഏര്‍പ്പെടുത്തുന്നത്. ഇതിനായി നെക്സ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ കാര്‍ ഫിനാന്‍സ് പ്ലാറ്റ്ഫോമായ 'സ്മാര്‍ട് ഫിനാന്‍സ്' പ്രവര്‍ത്തനസജ്ജമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
🔳ഇസ്ലാമോഫോബിയയുടെ കേരളിയ സാഹചര്യത്തെ വിമര്‍ശന വിധേയമാകുന്ന ഇടപെടലുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഇസ്ലാമോഫോബിയ മലയാള ഭൂപടം'. കെ. അഷ്റഫ്. പെന്‍ഡുലം ബുക്സ്. വില 218 രൂപ.
🔳കൊവിഡ് 19 മഹാമാരിയുടെ സൂചനയായി പല ലക്ഷണങ്ങളും കണ്ടേക്കാം. അതിലൊന്നാണ് ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥയെന്ന് നമുക്കറിയാം. എന്നാല്‍ എല്ലാ രോഗികളിലും ഈ ലക്ഷണം കണ്ടെന്നും വരില്ല. എങ്കില്‍പ്പോലും ചെറിയ രീതിയിലെങ്കിലും കൊവിഡ് പിടിപെടുന്നവരില്‍ ഗന്ധം നഷ്ടപ്പെടാനുള്ള സാധ്യതകളേറെയാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ വീട്ടിലിരുന്ന് നമുക്ക് തന്നെ കൊവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തീര്‍ച്ചയായും എല്ലാവരുടെ കേസിലും ഗന്ധം നഷ്ടപ്പെടുന്നുണ്ടോ എന്ന് നോക്കി, രോഗം കണ്ടെത്തല്‍ സാധ്യമല്ല. എങ്കിലും ഇത് ആര്‍ക്കും പരീക്ഷിക്കാവുന്ന രീതിയാണെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഇതിനായി ഉപയോഗിക്കേണ്ടത് കോഫിയാണെന്നും ഒരു സംഘം ഗവേഷകര്‍ നിര്‍ദേശിക്കുന്നു. വളരെ രൂക്ഷമായ ഗന്ധമാണ് കോഫിയുടേത്. അത് തിരിച്ചറിയാതിരിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ നിലവില്‍ അത് കൊവിഡിലേക്ക് വിരല്‍ചൂണ്ടുന്ന സൂചനയാകാം. അതിനാല്‍ നിത്യവും വീട്ടില്‍ വച്ച് തന്നെ കോഫി ഉപയോഗിച്ച് ഗന്ധം നഷ്ടപ്പെടുന്നുവോ എന്ന് 'ചെക്ക്' ചെയ്യാം. 'അല്പം കാപ്പിപ്പൊടി കയ്യിലെടുക്കുക. എന്നിട്ട് അത് മണത്തുനോക്കുക. എത്രനേരം മണം കിട്ടുന്നുണ്ട്. അതോ മണം തിരിച്ചറിയാന്‍ പറ്റുന്നില്ലേ എന്നെല്ലാം ശ്രദ്ധയോടെ നിരീക്ഷിക്കുക. ഇതില്‍ പ്രശ്നം തോന്നുന്നുവെങ്കില്‍ ആവശ്യാനുസരണം പരിശോധന നടത്താം. ക്ലിനിക്കല്‍ ലെവലില്‍ പോലും ഗന്ധം നഷ്ടമാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കാപ്പി ഉപയോഗിക്കാറുണ്ട്. ഇത് പര്യാപ്തമാണെന്ന് പ്രമുഖ ന്യൂറോളജസിറ്റുകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
➖➖➖➖➖➖➖➖
Post a comment