09 December 2020

സായാഹ്‌ന വാർത്തകൾ
(VISION NEWS 09 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക🔳കാര്‍ഷിക നിയമത്തില്‍ ഭേദഗതി ആകാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി അഞ്ചിന ഭേദഗതി നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്കു മുന്നില്‍ വെച്ചു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ കൂടിയാലോചനകള്‍ക്കു ശേഷം തീരുമാനമെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. ഇന്നു നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയതായും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരുമെന്നും തുടര്‍ന്ന് വൈകിട്ടോടെതന്നെ തീരുമാനം അറിയിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

🔳സര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങള്‍  1. താങ്ങുവില നിലനിര്‍ത്തും എന്ന ഉറപ്പ് കര്‍ഷകര്‍ക്ക് എഴുതിനല്‍കും. 2. ഭൂമിയില്‍ കര്‍ഷകര്‍ക്കുള്ള അവകാശം നിലനിര്‍ത്തും. 3. സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക വിപണന ചന്തകള്‍ നിലനിര്‍ത്തും. ഇതിനായി വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. 4. കാര്‍ഷിക വിപണന ചന്തകളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും. 5. കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് സിവില്‍ കോടതിയെ സമീപിക്കാം.

🔳കോവിഡ് 19 പ്രതിരോധ വാക്സിന്‍ വിതരണത്തിനു തയ്യാറെടുത്ത് ഇന്ത്യ. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും അസ്ട്രസെനകയും ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനു അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്റെയും ശാസ്ത്രജ്ഞരുടെയും പച്ചക്കൊടി ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ വാക്സിന്‍ വിതരണത്തിന്റെ ആദ്യഘട്ടം ആരംഭിക്കും. പ്രാഥമിക പട്ടികയിലുളള മുപ്പതു കോടിയോളം ജനങ്ങള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക..

🔳സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായി ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നതെന്നും രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ലെന്നും ശ്രീരാമകൃഷ്ണന്‍.

🔳മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരായാല്‍ പല ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഡിക്ക് മുന്നില്‍ ഹാജരാവാന്‍ പറയുമ്പോള്‍ സ്ഥിരം അസുഖം വരുന്നത് അതുകൊണ്ടാണെന്നും ഉന്നതരുടെ പേര് വെളിപ്പെടുത്തിയാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ചെന്നിത്തല.

🔳സി.എം. രവീന്ദ്രന്റെ ആശുപത്രിവാസം നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അഴിമതി കേസില്‍ ആരോപണ വിധേയനായ ഒരാളെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ അഭയം പ്രാപിക്കാനുള്ള സ്ഥലമാണോ മെഡിക്കല്‍ കോളേജുകളെന്ന് അദ്ദേഹം ചോദിച്ചു.

🔳മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രവീന്ദ്രന്‍ വിശ്വസ്തനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനാണ് ശ്രമമെന്ന് എല്ലാവര്‍ക്കും മനസ്സിലാകുമെന്നും കടകംപള്ളി.

🔳മുഖ്യമന്ത്രി അജ്ഞാത വാസത്തിലാണെന്നും പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ അധിക നാള്‍ ഇരിക്കാനാവില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാലു പ്രസാദ് യാദവിനെ പോലെ പിണറായി വിജയനും അഴിയെണ്ണുമെന്നും അദ്ദേഹം പറഞ്ഞു.

🔳ജയിലില്‍ ഭീഷണിയെന്ന സ്വപ്നയുടെ നിലപാട് തന്ത്രമെന്ന് സംശയിച്ച് ജയില്‍ വകുപ്പ്. ജാമ്യം ലഭിക്കാനാണ് സ്വപ്ന ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നാണ് ജയില്‍ വകുപ്പിന്റെ നിഗമനം. സ്വപ്ന ആരോപിച്ചതുപോലുള്ള സന്ദര്‍ശകര്‍ ജയിലില്‍ എത്തിയിട്ടില്ലെന്ന് ജയില്‍ വകുപ്പ് കണ്ടെത്തി. ഇത് ഉറപ്പിക്കാന്‍ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കും.

🔳സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണം. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.

🔳യു.ഡി എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ വിശ്വാസികളുടെ വികാരം മാനിക്കുമെന്ന് യു.ഡി എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. വിഷയത്തില്‍ നിയമം കൊണ്ടുവരും. ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി.പി.എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാന്‍ അവകാശമില്ലന്നും അദ്ദേഹം പറഞ്ഞു.

🔳എറണാകുളം എം.പി. ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തെ വയനാട് ലോക്സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യംചെയ്ത് സരിത സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും തള്ളിയിരുന്നു.

🔳അനധികൃത വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കെ.എം ഷാജി എം.എല്‍.എയുടെ ഭാര്യ ആശയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ നോട്ടീസയച്ചു. ഡിസംബര്‍ 17 ന് ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

🔳ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെയായിരിക്കണം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.രണ്ടാം ക്ളാസ് വരെയുള്ള വിദ്യാത്ഥികള്‍ക്ക് ഹോംവര്‍ക്ക് നല്‍കരുതെന്നും നയത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

🔳ബാങ്കില്‍ മുക്ക് പണ്ടം പണയം വച്ച് 1.6 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രധാന കൂട്ട് പ്രതിയെന്ന് കരുതുന്ന പി.എം താജ് റോഡിലെ യൂണിയന്‍ ബാങ്കിലെ അപ്രൈസര്‍ പയിമ്പ്ര സ്വദേശി ചരപറമ്പ് ചന്ദ്രന്‍(70) എന്നയാളാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.

🔳തമിഴ് നടിയും അവതാരകയുമായ വിജെ ചിത്ര മരിച്ച നിലയില്‍. ടെലിവിഷന്‍  സീരിയലിലൂടെ ശ്രദ്ധേയയായ നടിയെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 28 വയസ്സായിരുന്നു.

🔳ആര്‍എസ്എസ് നേതാക്കളെ നേതൃസ്ഥാനത്ത് കൊണ്ടുവന്നതില്‍ രജനി മക്കള്‍ മണ്ഡ്രത്തിനുള്ളില്‍ എതിര്‍പ്പ് ഉയരുന്നു. ആര്‍എസ്എസുകാരെ പരിഗണിച്ചതില്‍ സംഘടനയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും എതിര്‍പ്പുണ്ടെന്നാണ് വിവരം. വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ എല്ലാ സീറ്റിലും മത്സരിക്കാന്‍ ഒരുങ്ങുകയാണ് രജനീ മക്കള്‍ മണ്ഡ്രം.

🔳മധ്യപ്രദേശില്‍ വാഹനം കിണറ്റില്‍ വീണ് ആറ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഛതര്‍പുരിലെ മഹാരാജ്പുരില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒമ്പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. രാത്രിയിലായിരുന്നു അപകടം.

🔳രാജസ്ഥാനില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുകളില്‍ ബിജെപി കോണ്‍ഗ്രസിനെ മറികടന്നു. പഞ്ചായത്ത് സമിതികളില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്ന് ആകെയുള്ള 4,051 സീറ്റുകളില്‍ 1,836 സീറ്റുകള്‍ ബിജെപി നേടി. 1,718 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയം നേടിയത്. ജില്ലാ പരിഷത്തിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 636 സീറ്റുകളില്‍ ബിജെപി 326 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് 250 സീറ്റുകളാണ് ലഭിച്ചത്.

🔳ചൈനയുടെ സഹകരണത്തോടെ നിര്‍മിച്ച വാക്‌സിന് യു.എ.ഇ. ഔദ്യോഗിക അംഗീകാരം നല്‍കി. 86% ഫലപ്രാപ്തിയുണ്ടെന്നും വാക്സിന്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ ഉടന്‍ അനുമതി നല്‍കുമെന്നും  ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

🔳ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. നോട്ട് നിരോധനത്തോടെ ഇന്ത്യയില്‍ സാര്‍വത്രികമായ ഡിജിറ്റല്‍ പണമിടപാട് രീതികളെയും ആധാറിനേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു ബില്‍ ഗേറ്റ്സിന്റെ അഭിപ്രായപ്രകടനം.

🔳ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യയ്ക്കായി 25 ടെസ്റ്റുകളിലും 38 ഏകദിനങ്ങളിലും രണ്ട് ട്വന്റി 20 മത്സരങ്ങളിലും കളിച്ച താരമാണ് പാര്‍ഥിവ്.

🔳ഫുട്ബോള്‍ ലോകം കാത്തിരുന്ന പോരാട്ടത്തില്‍ ബാഴ്‌സലോണയെ തകര്‍ത്ത് യുവന്റസ്. ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വന്ന ചാമ്പ്യന്‍സ് ലീഗിലെ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് ജയിച്ചത്. റൊണാള്‍ഡോയുടെ ഇരട്ടഗോളുകള്‍ യുവന്റസിന് കരുത്തായി.അതേസമയം ലെയ്പ്സിഷിനോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് കാണാതെ പുറത്തായി. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് യുണൈറ്റഡിന്റെ തോല്‍വി.

🔳ഈ വര്‍ഷത്തെ ആദ്യ 11 മാസങ്ങളില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതി 13 ശതമാനം ഇടിഞ്ഞു. ചൈനയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ഇതേ കാലയളവില്‍ 16 ശതമാനം ഉയര്‍ന്നു. തിങ്കളാഴ്ച പുറത്തിറക്കിയ ചൈനീസ് കസ്റ്റംസ് കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടാണിത്. കിഴക്കന്‍ ലഡാക്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് 2020 ന്റെ ആദ്യ 11 മാസത്തെ ഉഭയകക്ഷി വ്യാപാരം 78 ബില്യണ്‍ യുഎസ് ഡോളറിലെത്തിയത്. 2019 ല്‍ ഇരു രാജ്യങ്ങളും ഏകദേശം 92.68 ബില്യണ്‍ ഡോളര്‍ വില വരുന്ന സാധനങ്ങളുടെ വ്യാപാരം നടത്തിയിരുന്നു.

🔳സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,040 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,630 നിലവാരത്തിലുമെത്തി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.3ശതമാനം താഴ്ന്ന് 1,865.46 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി സൂചികയായയ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.6ശതമാനം താഴ്ന്ന് 49,815 രൂപയിലെത്തി.

🔳നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഷക്കീല-നോട്ട് എ പോണ്‍സ്റ്റാര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.  റിച്ച ഛദ്ദയ.ാണ് ചിത്രത്തില്‍ ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്നത്. ക്രിസ്മസിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. കന്നഡ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രമാണ് 'ഷക്കീല'. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരമായ രാജീവ് പിള്ള, കന്നഡ താരം എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

🔳നടി ആലിയ ഭട്ട് രാജമൗലി ചിത്രമായ 'ആര്‍ആര്‍ആറിലൂടെ' തെലുങ്ക് സിനിമയില്‍  അരങ്ങേറ്റം കുറിക്കുകയാണ്.  താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഈ ചിത്രത്തില്‍ ആലിയ സീതയാവുന്നത് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നതിന് തുല്യമാണെന്നാണ് ഇവരുടെ  വാദം. ആലിയ ഭട്ടിന്റെ അച്ഛന്‍ മഹേഷ് ബട്ട് മുസ്ലിമായതിനാല്‍ താരം സീതയാവരുതെന്നും ട്വീറ്റുകളുണ്ട്. ചിത്രത്തില്‍ അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീം ആയി ജൂനിയര്‍ എന്‍ടിആറും വേഷമിടുന്നു. ചിത്രത്തില്‍ രാം ചരണിന്റെ നായികയായാണ് ആലിയ എത്തുന്നത്. ആലിയക്ക് പുറമെ അജയ് ദേവ്ഗണിനെയും ബോളിവുഡില്‍ നിന്നും സമുദ്രക്കനിയെ തമിഴില്‍ നിന്നും കൂടാതെ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ അന്തര്‍ദേശീയ താരങ്ങളും ചിത്രത്തിലുണ്ട്.

🔳ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ 2 സീരീസ് ഗ്രാന്‍ കൂപ്പെ ബ്ലാക്ക് ഷാഡോ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനം കമ്പനിയുടെ ചെന്നൈ പ്ലാന്റില്‍ ആണ് പ്രാദേശികമായി അസംബിള്‍ ചെയ്തതാണ്. ഈ മോഡലിന് സാധാരണ സ്‌പോര്‍ട്ട് ലൈന്‍ മോഡലിനെക്കാള്‍ 3 ലക്ഷം രൂപ കൂടുതലാണ്. 42.30 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം എത്തുന്നത്.

🔳കവിയുടെ മനസ്സും കഥാകൃത്തിന്റെ രചനാരീതിയും ചിന്തകന്റെ ദാര്‍ശനികതയും സമ്യക്കായി സമ്മേളിച്ചിരിക്കുന്ന ഉപന്യാസങ്ങളുടെ സമാഹാരമാണ് ഈ കൃതി. 'രാത്രിയിലെ കടല്‍'. ബൃന്ദ. ഫിംഗര്‍ ബുക്സ്. വില 100 രൂപ.

🔳കോവിഡ്-19 ബാധിച്ച ചില രോഗികളില്‍ വിട്ടുമാറാത്ത ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് രോഗമുക്തിക്ക് ശേഷവും ദീര്‍ഘകാലം ചിലരില്‍  ചര്‍മത്തിലെ അണുബാധ തുടരുന്നതായി മസാച്ചുസെറ്റ്‌സ് ജനറല്‍ ആശുപത്രിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യന്‍ അക്കാദമി ഓഫ് ഡെര്‍മറ്റോളജി ആന്‍ഡ് വെനറോളജിയുടെ 29-ാം കോണ്‍ഗ്രസിലാണ് ഇത് സംബന്ധിച്ച ആശങ്ക മസാച്ചുസെറ്റ്‌സ് ആശുപത്രിയിലെ ഗവേഷകര്‍ ഉയര്‍ത്തിയത്.  കോവിഡ് സംശയിക്കപ്പെടുന്ന 224 കേസുകളിലും കോവിഡ് സ്ഥിരീകരിച്ച 90 കേസുകളിലും ചര്‍മ പ്രശ്‌നങ്ങളുടെ ശരാശരി ദൈര്‍ഘ്യം 12 ദിവസമായിരുന്നു. അഞ്ചാംപനിക്ക് സമാനമായ തിണര്‍പ്പും തടിപ്പും ത്വക്കില്‍ ഏഴു മുതല്‍ 28 ദിവസം വരെ ചില കോവിഡ് രോഗികള്‍ക്കുണ്ടായിട്ടുണ്ട്. ചിലരില്‍ കുരുക്കളും ചെതുമ്പലുകളും പോലുള്ള പാപ്പുലോസ്‌കാമസ് ഇറപ്ഷനുകള്‍ ശരാശരി 20 ദിവസം വരെ നീണ്ടു. ഒരു രോഗിയില്‍ ഇത് 70 ദിവസം വരെ നീണ്ടു നിന്നു. ചില രോഗികളില്‍ കാല്‍പാദങ്ങള്‍ തടിക്കുകയും ചുവക്കുകയും ചെയ്തു. കോവിഡ് ടോസ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ രോഗലക്ഷണം കോവിഡ് സംശയിക്കപ്പെട്ട രോഗികളില്‍ ശരാശരി 15 ദിവസവും സ്ഥിരീകരിക്കപ്പെട്ട രോഗികളില്‍ 10 ദിവസവും കാണപ്പെട്ടു. വിരലുകളിലെ ചര്‍മം ചുവന്ന് തടിക്കുന്ന പെര്‍ണിയോ അഥവാ ചില്‍ബ്ലെയിന്‍സ് എന്ന ലക്ഷണം കുറഞ്ഞത് 60 ദിവസം വരെ ആറ് രോഗികളില്‍ നീണ്ടു നിന്നപ്പോള്‍ രണ്ട് പേരില്‍ അത് 130 ദിവസം വരെ നീണ്ടു. കോവിഡ് 19 ന് ചികിത്സ തേടുന്ന രോഗികളുടെ ചര്‍മ സംബന്ധമായ പ്രശ്‌നങ്ങള്‍ നിസ്സാരമായി അവഗണിക്കരുതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.57, പൗണ്ട് - 98.49, യൂറോ - 89.26, സ്വിസ് ഫ്രാങ്ക് - 82.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.81, ബഹറിന്‍ ദിനാര്‍ - 195.13, കുവൈത്ത് ദിനാര്‍ -242.32, ഒമാനി റിയാല്‍ - 191.35, സൗദി റിയാല്‍ - 19.61, യു.എ.ഇ ദിര്‍ഹം - 20.03, ഖത്തര്‍ റിയാല്‍ - 20.21, കനേഡിയന്‍ ഡോളര്‍ - 57.50.


 കടപ്പാട് : ഡെയിലി ന്യൂസ്

Post a comment

Whatsapp Button works on Mobile Device only