20 December 2020

സായാഹ്‌ന വാർത്തകൾ
(VISION NEWS 20 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*
*സായാഹ്‌ന വാർത്തകൾ*
2020 ഡിസംബർ 20 | 1196 ധനു 5 | ഞായർ | ചതയം |

🔳ഉത്തരേന്ത്യയിലെ കൊടുംതണുപ്പ് വകവെക്കാതെ കര്‍ഷകപ്രക്ഷോഭം 25-ാം ദിവസത്തേക്ക് പ്രവേശിച്ചിരിക്കേ, ഭരണപക്ഷത്ത് നീരസങ്ങള്‍ പുകയുന്നു. കാര്‍ഷികനിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണങ്ങള്‍ തള്ളി ഹരിയാണയില്‍നിന്നുള്ള മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ബീരേന്ദര്‍ സിങ് കര്‍ഷകസമരത്തില്‍ പങ്കുചേര്‍ന്നു. ഇതിനുപുറമേ, കര്‍ഷകരോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ. സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി യുടെ എം.പി. ഹനുമാന്‍ ബേനിവാള്‍ മൂന്ന് പാര്‍ലമെന്ററി സമിതികളില്‍നിന്നും രാജിവെച്ചു.

🔳കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ അപ്രതീക്ഷിതമായി ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റകാബ്ഗഞ്ച് സാഹിബ് ഗുരുദ്വാരയില്‍ ആണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ഗുരു തേജ് ബഹദൂറിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലമാണ് റകാബ്ഗഞ്ച് സാഹിബ് ഗുരുദ്വാര. താന്‍ ഗുരുദ്വാരയിലെത്തി പ്രാര്‍ത്ഥന നടത്തിയ വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

🔳കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തമായിരിക്കെ നിയമം പിന്‍വലിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍. തണുപ്പത്ത് കിടക്കുന്ന കര്‍ഷകരെ കാണാന്‍ മോദിക്ക് സമയമില്ലെന്നും ഗുരുദ്വാര സന്ദര്‍ശനം നാടകമാണെന്നും കര്‍ഷകര്‍ പ്രതികരിച്ചു. നാടകമല്ല, നിയമങ്ങള്‍ പിന്‍വലിക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

🔳കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞെന്നാണ് സൂചന. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്.

🔳ശോഭാ സുരേന്ദ്രനെതിരേ ബി.ജെ.പി സംസ്ഥാന നേതൃത്വം. വ്യക്തമായ കാരണമില്ലാതെയാണ് ശോഭാ സുരേന്ദ്രന്‍ പ്രവര്‍ത്തന രംഗത്തുനിന്ന് മാറിനില്‍ക്കുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ആര്‍.എസ്.എസ് സംസ്ഥാന ഘടകത്തെയും ബിജെപി കേന്ദ്ര നേതൃത്വത്തെയുമാണ് സംസ്ഥാന ഘടകം ഈ നിലപാട് അറിയിച്ചത്. നിലവില്‍ ബി.ജെ.പി വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നു വിട്ടുനിന്ന് പ്രതിഷേധം ഉയര്‍ത്തുന്ന രീതി ശരിയല്ല. പാര്‍ട്ടിയില്‍ സഹകരിക്കാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിച്ചിരിക്കുന്നത്.

🔳കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരേ കൊല്ലത്ത് പ്രതിഷേധ പോസ്റ്ററുകള്‍. 'കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍എസ്എസ്സിന് വിറ്റുതുലച്ച ആര്‍എസ്എസ് റിക്രൂട്ട് ഏജന്റായ കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെ പുറത്താക്കുക' എന്നെഴുതിയ പോസ്റ്ററുകളാണ് കൊല്ലത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയ്‌ക്കെതിരേയും കൊല്ലത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഐ ഗ്രൂപ്പിലെ തര്‍ക്കമാണ് പോസ്റ്റര്‍ പ്രതിഷേധത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳തദ്ദേശതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ശനിയാഴ്ച കേരളത്തില്‍ എത്തും. ഞായറാഴ്ച താരിഖ് അന്‍വര്‍ കൂടി പങ്കെടുക്കുന്ന രാഷ്ട്രീയ കാര്യ സമിതിയോഗം ചേരും. എംഎല്‍എമാര്‍, എംപിമാര്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

🔳കോണ്‍ഗ്രസിന്റെ നേതൃത്വത്തെ തീരുമാനിക്കുന്നത് ആ പാര്‍ട്ടിയാണെന്നും അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എംപി. മുഖ്യമന്ത്രിയുടെ ഫെയസ്ബുക്ക് പോസ്റ്റ് അസംബന്ധമാണ്. മുസ്ലീം ലീഗ് വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും പി.കെ കുഞ്ഞാലിക്കുട്ടി.

🔳പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ സഹോദരനും അതേ കേസില്‍ സിബിഐ അന്വേഷിക്കുന്നയാളുമായ നേഹല്‍ മോദിക്കെതിരേ ന്യൂയോര്‍ക്കില്‍ വജ്രമോഷണക്കേസ്. 7.36 കോടി രൂപ വിലമതിക്കുന്ന വജ്രം തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.

🔳കോവിഡ് വാക്‌സിന് ഉടന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഒന്നിലധികം വാക്‌സിനുകള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നും ഹര്‍ഷ് വര്‍ദ്ധന്‍.

🔳നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി ശുപാര്‍ശ ചെയ്തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം രൂക്ഷമായതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശര്‍മ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തത്.

🔳പൊലീസില്‍ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോള്‍ ടീമുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌പോര്‍ട്സ് ക്വാട്ടയില്‍ നിന്നും നിയമനം ലഭിച്ച 57 ഹവില്‍ദാര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

🔳ഇറ്റാലിയന്‍ സീരി എ യില്‍ യുവന്റസിന് വമ്പന്‍ ജയം. എതിരില്ലാത്ത നാലു ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സംഘം പാര്‍മയെ തോല്‍പ്പിച്ചത്. റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. ഈ ഗോളുകളോടെ സീരി എയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 33 ഗോളുകള്‍ നേടുന്ന നാലാമത്തെ മാത്രം താരമെന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

🔳സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് മിന്നും ജയം. എല്‍ഷെയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ തോല്‍പ്പിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡിനായി ലുയിസ് സുവാരസ് രണ്ടു ഗോളുകള്‍ നേടി. തിയാഗോ കോസ്റ്റയുടേതാണ് മൂന്നാം ഗോള്‍.

🔳എമിറേറ്റ്‌സ്, എത്തിഹാദ്, ഒമാന്‍ എയര്‍ എന്നിവയുടെ പ്രീമിയം ഫ്‌ളൈറ്റ് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് കനത്ത വെല്ലുവിളിയാകുന്നു. മൂന്ന് വിമാനക്കമ്പനികളും കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് അവസാനിപ്പിച്ച് പകരം ബജറ്റ് വിമാന സര്‍വ്വീസുകള്‍ നടത്താനാണ് ഒരുങ്ങുന്നത്. വലുതും ചെറുതുമായ വിമാനങ്ങളില്‍ ലഭ്യമായ സേവനങ്ങള്‍ വ്യത്യസ്തമായിരിക്കും. സാധാരണയായി, ബജറ്റ് എയര്‍ലൈനുകള്‍ എക്‌സിക്യൂട്ടീവ് ക്ലാസ് വാഗ്ദാനം ചെയ്യുന്നില്ല. രണ്ട് ഫ്‌ലൈറ്റുകളിലും സീറ്റുകളും ഭക്ഷണവുമെല്ലാം വ്യത്യസ്തമായിരിക്കും.

🔳റെയില്‍വെക്ക് യാത്രക്കാരുടെ പക്കല്‍ നിന്നുള്ള വരുമാനം 87 ശതമാനം ഇടിഞ്ഞു. കൊവിഡിനെ തുടര്‍ന്നേറ്റ തിരിച്ചടിയാണ് ഇതിന് കാരണമായി പറയുന്നത്. 53,000 കോടി രൂപയില്‍ നിന്ന് 4600 കോടി രൂപയിലേക്കാണ് വരുമാനം കൂപ്പുകുത്തിയത്. 2021 മാര്‍ച്ച് മാസം അവസാനിക്കുമ്പോഴേക്കും വരുമാനം 15,000 കോടിയിലെത്തുമെന്നാണ് റെയില്‍വെ മന്ത്രാലയത്തിന്റെ പ്രതീക്ഷ. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ ശരാശരി 30 മുതല്‍ 40 ശതമാനം വരെ യാത്രക്കാര്‍ മാത്രമേയുള്ളൂ. 1089 പ്രത്യേക ട്രെയിനുകള്‍ റെയില്‍വെ സര്‍വീസ് നടത്തുന്നുണ്ട്. മാര്‍ച്ച് 25 വരെ റെഗുലര്‍ ട്രെയിനുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

🔳സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 'മ്യാവൂ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന സിനിമയാണിത്. ഡോ. ഇക്ബാല്‍ കുറിപ്പുറം ആണ് തിരക്കഥ. ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും കഥയാണ് ചിത്രം പറയുക. ദസ്തഗീറായി സൗബിനും സുലേഖയായി മംമ്തയും വേഷമിടും. സുഹൈല്‍ കോയ സിനിമയ്ക്ക് പാട്ടുകളെഴുതുന്നു.

🔳ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കാനൊരുങ്ങി മോഹന്‍ലാല്‍. 'ദൃശ്യം 2' ചിത്രത്തിന്റെ ടീസറിലെ ഒരു ചിത്രം പങ്കുവച്ചാണ് ജനുവരി ഒന്നിന് ടീസര്‍ എത്തുമെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. 46 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.  ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്.

🔳നിരത്തുകളില്‍ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ എം.വി അഗസ്ത. ഒരു ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍ ബൈക്ക് പുറത്തിറക്കിയാണ് എം.വി അഗസ്ത ഡയമണ്ട് ജൂബിലി ആഘോഷമാക്കിയത്.  സൂപ്പര്‍വെലോസ് ആല്‍ഫൈന്‍ എന്ന പേരിലാണ് എം.വി. അഗസ്തയുടെ ആനിവേഴ്‌സറി എഡിഷന്‍ 110 യൂണിറ്റ്  ബൈക്ക് പുറത്തിറങ്ങിയത്. ബൈക്കിന്റെ അവതരണം നടവന്ന് 75 മണിക്കൂറിനുള്ളില്‍ 75 യൂണിറ്റ് വിറ്റഴിക്കുകയായിരുന്നു. 33 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ വില.

🔳പ്രകൃതി സ്നേഹികള്‍ക്കും പരിസ്ഥിതി വാദികള്‍ക്കും വിശുദ്ധ ഗ്രന്ഥമാണ് റേച്ചല്‍ കാഴ്സന്റെ ദ സൈലന്റ് സ്പ്രിംഗ്. ഈ പുസ്തകം തേടുന്നത് റേച്ചല്‍ കാഴ്സന്റെ വിരല്‍പ്പാടുകളും കാല്‍പ്പാടുകളുമാണ്. ആ വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഇതള്‍ വിരിഞ്ഞ ഹരിതപ്രപഞ്ചത്തിന്റെ സമഗ്രദൃശ്യം. 'റേച്ചല്‍ കാഴ്സന്‍ - പരിസ്ഥിതി എഴുതിയ ജീവിതം' രാജന്‍ തുവ്വാര. എച്ച്ആന്‍ഡ്സി ബുക്സ്. വില 150 രൂപ.

🔳കൊവിഡ് രോഗികളില്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങളുള്ളവര്‍ക്ക് മരണ സാധ്യത കൂടുതലാണെന്ന് പഠനം. മെഡിക്കല്‍ ജേണലായ അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. കൊറോണ വൈറസ് ബാധിച്ചവരില്‍ ഉറക്കമില്ലായ്മ, മറവിരോഗം, ഉത്കണ്ഠ രോഗം എന്നിവ കൂടുതലാണെന്നും പഠനത്തില്‍ കണ്ടെത്തി. യുഎസിലെ മോണ്ടെഫിയോര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച 4,711 കൊവിഡ് രോഗികളില്‍ പഠനം നടത്തുകയായിരുന്നു. ഇതില്‍ 581 പേര്‍ക്കും ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഒരു വ്യക്തിയ്ക്ക് കൊവിഡ് -19 അണുബാധയെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് സാധ്യതയുണ്ടോ എന്നും പഠനം പരിശോധിച്ചു. സാധ്യത കൂടുതലാണ് എന്നാണ് പഠനം പറയുന്നത്. ന്യൂറോളജിക്കല്‍ പ്രശ്നങ്ങളുള്ള രോഗികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകന്‍ ഡേവിഡ് ആല്‍റ്റ്ഷുള്‍ പറഞ്ഞു.
➖➖➖➖➖➖➖➖


dailynews

Post a comment

Whatsapp Button works on Mobile Device only