*പ്രഭാത വാർത്തകൾ*
2020 ഡിസംബർ 24 | 1196 ധനു 9 | വ്യാഴം | അശ്വതി |
➖➖➖➖➖➖➖➖
🔳സര്‍ക്കാര്‍ കര്‍ഷക മുന്നേറ്റത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കര്‍ഷകര്‍. സര്‍ക്കാര്‍ ചില സ്വയം പ്രഖ്യാപിത കര്‍ഷക സംഘടനകളെയും നേതാക്കളെയും വിളിച്ചു വരുത്തി തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തുകയാണ്. അവരാരും തന്നെ ഞങ്ങളുടെ പ്രക്ഷോഭവുമായി സഹകരിക്കുന്നവരല്ല. ഇത് ഞങ്ങളുടെ മുന്നേറ്റത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. സര്‍ക്കാര്‍ തങ്ങളോട് പ്രതിപക്ഷത്തെ പോലെയാണ് പെരുമാറുന്നതെന്ന് സമര നേതാക്കള്‍.
🔳ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ആശയ വിനിമയം നടത്തും. പി.എം കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്ന ചടങ്ങും ഇതോടൊപ്പം നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 18,000 കോടി രൂപയാവും ഒമ്പത് കോടി കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് കൈമാറുക..
🔳മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിക്ക് വിട. തിരുവനന്തപുരം ശാന്തികവാടത്തില്‍ ഇന്നലെ വൈകുന്നേരം നാലുമണിക്ക് സുഗതകുമാരിയുടെ സംസ്കാര ചടങ്ങുകള്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു അന്ത്യ ചടങ്ങുകള്‍ നടന്നത്.
🔳സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളെയും ജയിലിലേക്ക് മാറ്റി. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കുമാണ് മാറ്റിയത്. കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷമാണ് ഇരുവരെയും ജയിലില്‍ എത്തിച്ചത്.
🔳കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കൊല്ലപ്പെട്ടു. കല്ലൂരാവി പഴയകടപ്പുറത്തെ ഔഫ് അബ്ദുള്‍ റഹ്മാ(32)നാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.30-ഓടെയാണ് സംഭവം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലൂരാവി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് സൂചന. കൊലപാതകത്തിനു പിന്നില്‍ മുസ്ലിം ലീഗ് ആണെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ മുസ്ലിം ലീഗിന് പങ്കില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചു.
🔳പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി നല്കിയ കത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നല്കി. പ്രത്യേക സമ്മേളനത്തിനുള്ള അനുമതി തേടിയത് ചട്ടപ്രകാരമല്ലെന്നാണ് ഗവര്‍ണറുടെ മറുപടി. മുഖ്യമന്ത്രിയുടെ കത്ത് മാധ്യമങ്ങളിലൂടെ പുറത്തായതിലും ഗവര്‍ണ്ണര്‍ അതൃപ്തി അറിയിച്ചു.
🔳കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസക്കാനാവാത്ത സാഹചര്യത്തില്‍ കേന്ദ്രനിയമത്തെ മറികടക്കാന്‍ സംസ്ഥാനം നിയമനിര്‍മാണം കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി.
🔳പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു. എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കും. മലപ്പുറത്ത് ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറത്ത് ലോക്സഭാ തിരഞ്ഞെടുപ്പും വരുന്ന രീതിയിലാവും രാജിയെന്ന് റിപ്പോര്‍ട്ടുകള്‍.
🔳പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി വരുന്ന ചിലവ് പാണക്കാട് തങ്ങള്‍ വഹിക്കുമോയെന്ന് ബി.ജെ.പി സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. നിരുത്തരവാദപരമായ പണിയാണ് കുഞ്ഞാലിക്കുട്ടിയും ലീഗും ചെയ്യുന്നത്. ലീഗ് യു.ഡി.എഫിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിയാണിതെന്നും സുരേന്ദ്രന്.
🔳എം.പി സ്ഥാനം രാജിവെച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി കെ.ടി ജലില്‍. 2021ല്‍ ലീഗിന് ഭരണം ലഭിച്ചില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്ക് പോകുമോയെന്നാണ് ജലീലിന്റെ ചോദ്യം. യുഡിഎഫിന്റെ ഹെഡ്മാഷായി പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്നും ജലീല്‍ പരിഹസിച്ചു.
🔳പാര്‍ട്ടി പോകുന്നത് റിവേഴ്സ് ഗിയറിലാണെന്നും സ്വര്‍ണവും സ്വപ്നയും രക്ഷിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. തോറ്റത് മെച്ചമായി. അല്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ തകര്‍ന്നേനെ. ഇപ്പോള്‍ പരാജയം വിശകലനം ചെയ്യാന്‍ അവസരം കിട്ടിയെന്നും കെ.മുരളീധരന്.
🔳മന്ത്രി വിഎസ് സുനില്‍കുമാറിന് വധഭീഷണി. ഇന്റര്‍നെറ്റ് കോളില്‍ നിന്നാണ് വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
🔳കേരളത്തില്‍ ഇന്നലെ 61,437 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6,169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2892 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5349 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4808 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 62,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍: എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍കോട് 68.
🔳സംസ്ഥാനത്ത് ഇന്നലെ പുതിയ 9 ഹോട്ട് സ്പോട്ടുകള്‍. ഇന്നലെ 7 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസേഥാനത്ത് ആകെ 460 ഹോട്ട് സ്പോട്ടുകള്‍.
🔳പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രോഗലക്ഷണങ്ങളില്ല. നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും.കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ചെന്നിത്തല നിരീക്ഷണത്തിലായിരുന്നു.
🔳അഭയ കേസ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ തിരുവസ്ത്രം സഭ തിരികെ വാങ്ങണമെന്ന് സംവിധായകന് ജൂഡ് ആന്റണി. താനുള്‍പ്പെടെയുള്ള വിശ്വാസികളെ സഭ കൊഞ്ഞനം കുത്തി കാണിക്കരുതെന്നും ജൂഡ് ആന്റണി.
🔳സംസ്ഥാനത്തെ കോളേജുകള്‍ ജനുവരി നാലുമുതല്‍ ആരംഭിക്കാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകള്‍. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവര്‍ത്തിക്കുക. പകുതി കുട്ടികളെ മാത്രമാകും ഒരേസമയം ക്ലാസില്‍ അനുവദിക്കുക. കോളേജ് പ്രിന്‍സിപ്പല്‍മാരും അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഡിസംബര്‍ 28 മുതല്‍ കോളേജില്‍ ഹാജരാകണം.
🔳സംവിധായകന് നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കരി, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്.
🔳കൊവിഡ് ലോക്ഡൗണ്‍ കാലയളവില്‍ സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സഹായം എത്തിച്ച 10 എംപിമാരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്ത്. ബിജെപി എംപി അനില്‍ ഫിറോജിയയാണ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് നെല്ലൂര്‍ എംപി അദാല പ്രഭാകര റെഡ്ഡിയാണ് രണ്ടാം സ്ഥാനത്ത്.
🔳ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി റദ്ദാക്കിയത് കോവിഡ് പ്രതിസന്ധി മൂലമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച് പ്രചരിക്കുന്ന മറ്റുതരത്തിലുള്ള വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പരമ്പരാഗത ബന്ധങ്ങള്‍ നശിപ്പിക്കുന്നത് ഇന്ത്യയുടെ ഭാവിക്ക് അപകടകരമാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശനമുന്നയിച്ചതിനു പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
🔳കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളിലുള്ള ഇടതുപാര്‍ട്ടികളുടെ നിലപാട് കപടമാണെന്ന് ബിജെപി. അവര്‍ ത്രിപുര, കേരളം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ അധികാരത്തിലിരിക്കെ കര്‍ഷകരെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും ബിജെപി വക്താവ് സംപീത് പത്ര ആരോപിച്ചു. ഇടതുപാര്‍ട്ടികള്‍ അധികാരത്തിലിരുന്നിടത്തെല്ലാം കര്‍ഷകരിലും സമ്പദ്വ്യവസ്ഥയിലും ഒന്നും ബാക്കിയില്ലായെന്നും കൂട്ടിച്ചേര്‍ത്തു.
🔳തൃണമൂല്‍ കോണ്‍ഗ്രസ് കോവിഡ്-19 വൈറസിനെക്കാള്‍ അപകടകാരിയായ വൈറസാണെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വൈറസിനെതിരേയുള്ള വാക്സിന്റെ രൂപത്തില്‍ ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസിനെ തുടച്ചുനീക്കുമെന്നും ദിലീപ് ഘോഷ് വ്യക്തമാക്കി.
🔳ജമ്മു കശ്മീര്‍ ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പ് ഫലം തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും വിഘടനവാദികള്ക്കുമുള്ള അടിയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപിയെ തിരഞ്ഞെടുത്ത ജമ്മു കശ്മീരിലെ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ നിലപാടുകള്കള്ക്ക് പിന്തുണ നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
🔳കോവാക്സിന് എടുക്കുന്നവരില്‍ ആന്റീബോഡികള്‍ ആറ് മുതല്‍ 12 മാസം വരെ നിലനില്‍ക്കുമെന്ന് വാക്സിന് വികസിപ്പിച്ച ഭാരത് ബയോടെക്ക്. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് 19 വാക്സിനാണ് കോവാക്സിന്.
🔳ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയായിരിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ. ഇന്ന് മുതല്‍ ജനുവരി രണ്ടുവരെയായിരിക്കും കര്‍ഫ്യൂ എന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
🔳ബ്രിട്ടണില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 22 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വ്യാപന ശേഷിയുള്ള കോവിഡ് വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടണില്‍ പടര്‍ന്നുപിടിക്കുന്നതിനിടയില്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി തിരിച്ചെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക പരത്തുകയാണ്. അതേസമയം രാജ്യത്ത് എവിടെയും കോവിഡിന്റെ പുതിയ വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
🔳ഇന്ത്യയില്‍ ഇന്നലെ 24,236 കോവിഡ് രോഗികള്‍. മരണം 302. ഇതോടെ ആകെ മരണം 1,46,778 ആയി, ഇതുവരെ 1,01,23,544 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 96.92 ലക്ഷം പേര് രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 2.81 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,913 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 871 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,628 പേര്‍ക്കും കര്‍ണാടകയില്‍ 958 പേര്‍ക്കും ആന്ധ്രയില്‍ 379 പേര്‍ക്കും തമിഴ്നാട്ടില്‍ 1,066 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
🔳ആഗോളതലത്തില്‍ ഇന്നലെ 6,45,862 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 2,03,396 പേര്‍ക്കും ബ്രസീലില്‍ 46,657 പേര്‍ക്കും ഇംഗ്ലണ്ടില്‍ 39,237 പേര്‍ക്കും ജര്‍മനിയില്‍ 31,297 പേര്‍ക്കും റഷ്യയില്‍ 27,250 പേര്‍ക്കും രോഗം ബാധിച്ചു. 12,928 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 3,089 പേരും ബ്രസീലില്‍ 979 പേരും മെക്സിക്കോയില്‍ 897 പേരും ജര്‍മനിയില്‍ 886 പേരും ഇംഗ്ലണ്ടില്‍ 744 പേരും ഇറ്റലിയില്‍ 553 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 7.89 കോടി കോവിഡ് രോഗികളും 17.35 ലക്ഷം മരണവും സ്ഥിരീകരിച്ചു.
🔳ഡല്‍ഹി ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തില്‍ അന്തരിച്ച ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധിച്ച് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിങ് ബേദി. പ്രതിമ സ്ഥാപിക്കാനുള്ള ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നീക്കത്തെ തുടര്‍ന്ന് ബേദി ഡി.ഡി.സി.എ അംഗത്വം ഉപേക്ഷിക്കുകയാണെന്ന് തുറന്നടിച്ചു.
🔳അടുത്ത സീസണിലെ ഐ പി എല്ലിന് മുന്നോടിയായി മെഗാ താരലേലം ഉണ്ടായേക്കില്ലെന്ന് സൂചന. ഐപിഎല്ലില്‍ ടീമുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി മെഗാ താരലേലം നടക്കുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വരുന്ന സീസണില്‍ പുതിയ ടീമുകള്‍ ഉണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പായതോടെയാണ് മെഗാ താരലേലം ഒഴിവാക്കുന്നത്.
🔳ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിയെ തകര്‍ത്ത് എഫ്.സി ഗോവ. ഒരു ഗോളിന് പിന്നില്‍ പോയ ശേഷം ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ഇഗോള്‍ അംഗുളോയാണ് ഗോവയ്ക്കായി രണ്ടു ഗോളുകളും സ്കോര്‍ ചെയ്തത്. സ്റ്റീഫന്‍ എസെയാണ് ജംഷേദ്പുരിന്റെ ഗോള്‍ നേടിയത്.
🔳1996 ല്‍ ഇന്ത്യയില്‍ കാര്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിച്ച ആദ്യത്തെ ബ്രാന്‍ഡുകളിലൊന്നായ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. 2017ല്‍ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയിലെ അവശേഷിക്കുന്ന ഒരേയൊരു പ്ലാന്റിന്റെ പ്രവര്‍ത്തനമാണ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള രൂക്ഷമായ സംഘര്ഷത്തിനിടയിലാണ് ചൈനയുടെ ഏറ്റവും വലിയ എസ്യുവി നിര്‍മാതാക്കളായ ഗ്രേറ്റ് വാള് മോട്ടോഴ്സിന് മഹാരാഷ്ട്ര ഫാക്ടറി 2,000 കോടി രൂപയ്ക്ക് വില്ക്കാന് ജിഎം തീരുമാനിച്ചത്.
🔳ബിപിസിഎല്ലിന് ശേഷം മറ്റൊരു പൊതുമേഖലാ സ്ഥാപനം കൂടി കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും വില്‍ക്കുന്നു. ഷിപ്പിങ് കോര്‍പറേഷനിലെ 63.75 ശതമാനം ഓഹരിയും വാങ്ങുന്നതിന് സ്വകാര്യ കമ്പനികളില്‍ നിന്നും വ്യക്തികളില്‍ നിന്നും നിക്ഷേപം സ്വാഗതം ചെയ്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍. താത്പര്യമുള്ളവര്‍ക്ക് 2021 ഫെബ്രുവരി 13 ന് മുന്‍പ് സര്‍ക്കാരിന്റെ 63.75 ശതമാനം ഓഹരികളും വാങ്ങാവുന്നതാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അതുന്നയിക്കാന്‍ ജനുവരി 23 വരെ സമയം അനുവദിച്ചിട്ടുണ്ട്.
🔳ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനായി 'ചെയ്ഞ്ച് വിത്തിന്'ന്റെ ഭാഗമായി 'എപിക് സീരീസ്' പ്രഖ്യാപിച്ച് സംവിധായകന് കരണ്‍ ജോഹര്‍. സ്വാതന്ത്രത്തിന്റെ അവശ്വസനീയമായ കഥകള്‍ പറയാന്‍ സംവിധായകന് രാജ്കുമാര് സന്തോഷിക്കും നിര്‍മ്മാതാവ് ദിനീഷ് വിജാനുമൊപ്പം ഒത്തു ചേരുന്നു എന്ന ട്വീറ്റാണ് കരണ്‍ പങ്കുവച്ചിരിക്കുന്നത്. പുതിയ തലമുറക്കായി ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള നല്ല കഥകള്‍ ഒരുക്കുക. രാജ്യത്തിന്റെ സംസ്കാരത്തെയും, മൂല്യത്തെയും ഉയര്‍ത്തിക്കാട്ടുന്ന കഥകളാണ് സംവിധായകര്‍ ഒരുക്കുന്നത്. സണ്‍ഡയല്‍ എന്റര്‍ട്ടെയ്ന്‍മെന്റും മാഡോക് ഫിലിംസും ചേര്‍ന്നാണ് ചെയ്ഞ്ച് വിത്തിന് സംരംഭത്തിന്റെ എപിക് സീരീസ് നിര്‍മ്മിക്കുന്നത്.
🔳നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖ'ത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ലോകപ്രശസ്തമായ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍. 50-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലെ ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന് വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മറ്റു 14 സിനിമകള്‍ക്കൊപ്പമാണ് 'തുറമുഖ'വും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണിത്.
🔳ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ അള്‍ട്രോസിന്റെ ടര്‍ബോ പതിപ്പും എത്താന്‍ ഒരുങ്ങുകയാണ്. ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ടാറ്റ ആള്‍ട്രോസ് ടര്‍ബോ എഞ്ചിന് മോഡല്‍ അവതരിപ്പിച്ചിരുന്നു. ജനുവരി 13നായിരിക്കും വാഹനത്തിന്റെ അവതരണം എന്നാണ് സൂചനകള്‍. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിനാകും പുതിയ പതിപ്പില്‍ ഇടംപിടിക്കുക. 99 ബിഎച്ചപി കരുത്തും 141 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിന് തന്നെയാകും ടര്‍ബോ പതിപ്പിനും കരുത്ത് പകരുന്നത്.
🔳കുട്ടിക്കാലത്ത് കേട്ടു പഠിച്ച കവിതകളാഇരുന്നു ഭാഷയുടെ അടിത്തറ വിപുലമാക്കിയത്. ഓര്‍മിക്കാനും ഓര്‍ത്തുപാടാനും കഴിയുന്ന ഏതാനും കൊച്ചു കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. 'ഉപ്പുതൊടുന്ന മലയാളം'. രമേശ് കാവില്‍. ഫിംഗര്‍ ബുക്സ്. വില 60 രൂപ.
🔳കോവിഡ് വാക്സീന് വിതരണം പല രാജ്യങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ അവയെ ചുറ്റിപറ്റി നിരവധി സംശയങ്ങള്‍ പൊതുജനങ്ങള്‍ക്കുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് ഒരിക്കല്‍ കോവിഡ് ബാധിച്ച് രോഗമുക്തരായവര്‍ ഇനി വാക്സീന് എടുക്കണോ എന്നതാണ്. ഇതിനുള്ള ആരോഗ്യ വിദഗ്ധരുടെ ഉത്തരം വേണം എന്നതാണ്. കാരണം വീണ്ടും കോവിഡ് വരാനുള്ള സാധ്യത ഇല്ലാതാക്കാന്‍ വാക്സീന് മാത്രമേ സാധിക്കൂ. ഒരിക്കല്‍ കോവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ വൈറസിനെതിരെ പ്രതിരോധ പ്രതികരണം ഉണ്ടാകുന്നുണ്ട്. വീണ്ടും വൈറസ് ശരീരത്തെ ആക്രമിക്കുന്ന വേളയില്‍ ശരീരം ഇതോര്‍മിക്കുകയും വീണ്ടും പ്രതിരോധം തീര്‍ക്കുകയും ചെയ്യും. പക്ഷേ, കോവിഡിന്റെ കാര്യത്തില്‍ ഇത് എത്ര കാലം നീണ്ടു നില്ക്കും എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതിനാല്‍തന്നെ വീണ്ടും രോഗബാധിതനാകാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. അതിനാല്‍തന്നെ ഒരു വാക്സീനെടുത്ത് കാര്യങ്ങള്‍ സുരക്ഷിതമാക്കുന്നതാണ് നല്ലത്. ഇനി രോഗം ഒരിക്കല്‍ വന്നവര്‍ക്ക് തങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താനുള്ള ഉപാധിയെന്ന നിലയ്ക്കും വാക്സീനെ കാണാം. കോവിഡ് വന്നവര്‍ രോഗബാധിതനായി 90 ദിവസമെങ്കിലും കഴിഞ്ഞ് വാക്സീന് എടുത്താല്‍ മതിയെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം കടുത്ത അലര്‍ജിയുള്ളവര്‍ വാക്സീന് സ്വീകരിക്കുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ബ്രിട്ടനിലും അമേരിക്കയിലും വാക്സീന് പരീക്ഷണങ്ങള്‍ക്കിടെ അലര്‍ജി പ്രതികരണമുള്ളവരില് കടുത്ത പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. അലര്‍ജി രോഗങ്ങള്‍ക്ക് ചികിത്സയിലുളളവര്‍ എടുക്കാന്‍ പോകുന്ന വാക്സീന്റെ ചേരുവകളെ സംബന്ധിച്ചും വാക്സീന്റെ പാര്‍ശ്വ ഫലങ്ങളെ സംബന്ധിച്ചും തങ്ങളുടെ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുന്നത് അഭികാമ്യമാണ്.
➖➖➖➖➖➖➖➖
Post a comment