തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള മുന്നൊരുക്കത്തിന് സി.പി.എമ്മും സർക്കാരും ഒരുങ്ങുന്നു. ഇതിനു തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ 'കേരളപര്യടനം' നടത്തും. വെള്ളിയാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇതിനുള്ള അന്തിമരൂപം നൽകും.
തുടർഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന 'കേരളപര്യടനം' കൊല്ലത്തുനിന്ന് ആരംഭിച്ചേക്കും. ഓരോ ജില്ലയിലും ക്യാമ്പ് ചെയ്ത് അവിടെയുള്ള സാമൂഹിക, സാംസ്കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന വിധത്തിലാണ് പര്യടനത്തിനു രൂപംനൽകുന്നത്. പ്രകടനപത്രികയ്ക്കുള്ള അഭിപ്രായം സ്വരൂപിക്കലാണു ലക്ഷ്യം. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പൊതുജന വിലയിരുത്തൽ അറിയാനും ശ്രമിക്കും.
തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ 21-ന് അധികാരമേൽക്കും. ഇതിന് തൊട്ടടുത്തദിവസം കേരളപര്യടനം തുടങ്ങാനാണ് ആലോചന. നിയമസഭയുടെ ബജറ്റ് സമ്മേളത്തിനു മുമ്പ് പര്യടനം പൂർത്തിയാക്കും.
തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങാത്തത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പും പിണറായി വിജയൻ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായി ആശയവിനിമയം നടത്തിയിരുന്നു. 2016 ഫെബ്രുവരിയിൽ 'നവകേരള യാത്ര'യുടെ ഭാഗമായിട്ടായിരുന്നു ഇത്.
ക്ഷേമപെൻഷൻ കൂട്ടിയതും അത് കൃത്യമായി വിതരണംചെയ്തതും ജനങ്ങളെ ഏറെ സ്വാധീനിച്ചുവെന്നാണ് സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നത്. കോവിഡ് കാലത്തെ സമൂഹഅടുക്കളയും ഭക്ഷ്യക്കിറ്റ് വിതരണവുമെല്ലാം അടിസ്ഥാന ജനവിഭാഗങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ഇടത് പ്രവർത്തകരുടെ ജനകീയ ഇടപടലും ജനങ്ങൾക്കു ബോധ്യപ്പെട്ടു.
കേന്ദ്ര ഏജൻസികൾ സർക്കാരിന്റെ വികസന നേട്ടങ്ങളെ അട്ടിമറിക്കാനുള്ള ഉപകരണമാകുന്നുവെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണവും ജനങ്ങൾ വിശ്വാസത്തിലെടുത്തുവെന്നാണ് അവരുടെ വിലയിരുത്തൽ. ഇതോടെയാണ് കൂടുതൽ ജനകീയ ഇടപെടലുകൾക്കും രാഷ്ട്രീയമുന്നേറ്റമുണ്ടാക്കാനും മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കുന്നത്.
കടപ്പാട്: മാതൃഭൂമി
Post a comment