16 December 2020

പ്രഭാത വാർത്തകൾ
(VISION NEWS 16 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പ്രഭാത വാർത്തകൾ
2020 ഡിസംബർ 16 | 1196 ധനു | ബുധനാഴ്ച | പൂരാടം |


🔳കേന്ദ്രസര്‍ക്കാര്‍ എല്ലായ്‌പ്പോഴും കര്‍ഷകക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്നും കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തുള്ളവര്‍ക്ക് അവരുടെ സര്‍ക്കാരിന്റെ കാലത്ത് ഒരു തീരുമാനം എടുക്കാന്‍ സാധിച്ചില്ലെന്നും ഇന്ന് രാജ്യം ചരിത്രപരമായ ചുവടുവെപ്പ് നടത്തുമ്പോള്‍ അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി.

🔳പുതിയ കാര്‍ഷിക നിയമങ്ങളെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. എങ്കിലും പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി 'യഥാര്‍ഥ' കര്‍ഷക സംഘടനകളുമായി തുറന്ന ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

🔳20 ദിവസം പിന്നിടുന്ന കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള സമരമാര്‍ഗവുമായി കര്‍ഷകസംഘടനകള്‍. കടലാസുസംഘടനകളെ രംഗത്തിറക്കി കര്‍ഷകപ്രക്ഷോഭത്തെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമം വിലപ്പോവില്ലെന്ന് കിസാന്‍സഭ നേതാക്കള്‍ പ്രതികരിച്ചു.

🔳പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഊതിക്കത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍. രാജ്യത്തെ യഥാര്‍ത്ഥ തുക്‌ഡെ തുക്‌ഡെ ഗ്യാങ് ബിജെപിയാണെന്നും അവര്‍ ദേശീയ ഐക്യത്തെയും സമാധാനത്തേയും തകര്‍ത്തുവെന്നും സുഖ്ബീര്‍ സിങ് ബാദല്‍ പറഞ്ഞു. ഹിന്ദുക്കളെ മുസ്ലീങ്ങള്‍ക്കെതിരെ തിരിച്ച അവര്‍ ഇപ്പോള്‍ പഞ്ചാബി ഹിന്ദുക്കളെ അവരുടെ സിഖ് സഹോദരന്മാര്‍ക്കെതിരെ, പ്രത്യേകിച്ച് കൃഷിക്കാര്‍ക്കെതിരെയാക്കിയെന്നും ബാദല്‍ ആരോപിച്ചു.

🔳ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(എയിംസ്) നഴ്‌സിംഗ് ജീവനക്കാര്‍ നടത്തി വരുന്ന സമരം ദില്ലി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിന്‍വലിച്ചു. കോടതി ഉത്തരവിനെ മാനിച്ചാണ് സമരം പിന്‍വലിച്ചതെന്ന് നഴ്‌സസ് യൂണിയന്‍ വ്യക്തമാക്കി.

🔳ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ  വില സിലിന്‍ഡറിന് ഇന്നലെ 50 രൂപ വര്‍ധിച്ചു. ഇതോടെ, കൊച്ചിയില്‍ വില 701 രൂപയായി. രണ്ടാഴ്ചയ്ക്കിടെ 100 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പാചകവാതകത്തിനുപുറമേ ഇന്ധനവിലയും ബിഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഒരു ലിറ്റര്‍ പെട്രോളിന് 1.37 രൂപയും ഡീസലിന് 1.53 രൂപയും കൂട്ടി. 2008-ല്‍ ക്രൂഡോയില്‍ വില 150 ഡോളറിനടുത്തായിരുന്നപ്പോള്‍പ്പോലും ആഭ്യന്തരവിപണിയില്‍ ഇന്ധനവില ഈ നിലവാരത്തിനു താഴെയായിരുന്നു. ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ വീപ്പയ്ക്ക് 50 ഡോളറിനടുത്ത് മാത്രമാണ്.

🔳കഴിഞ്ഞ ഏഴ്- എട്ട് മാസക്കാലമായി തുടര്‍ച്ചയായി കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഇടവേള നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. തുടര്‍ച്ചയായുള്ള ജോലി ഡോക്ടര്‍മാരുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

🔳കേരളം കാത്തിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ഇന്ന്. രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകള്‍ എട്ടരയോടെ അറിയാനാകും. മുഴുവന്‍ ഫലവും ഉച്ചയോടെ അറിയുമെന്ന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളുടെ ഫലം 11 മണിയോടെ അറിയും. കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി ഫലം ഉച്ചയോടെ അറിയാം. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക.

🔳മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) നോട്ടീസ് അയച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രവീന്ദ്രനോട് ഇ.ഡി. ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നാലാംതവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രവീന്ദ്രന് ഇ.ഡി. നോട്ടീസ് അയക്കുന്നത്. നേരത്തെ മൂന്നുതവണയും ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ച് രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

🔳എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ ഇളവു തേടി സി.എം. രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. നിരന്തരം നോട്ടീസ് അയച്ച് ഇ.ഡി. ബുദ്ധിമുട്ടിക്കുന്നെന്നും ഇടക്കാല ആശ്വാസമായി ഹൈക്കോടതിയുടെ ചില ഇടപെടലുകള്‍ ആവശ്യമുണ്ടെന്നും രവീന്ദ്രന്‍ ഹര്‍ജിയില്‍ പറയുന്നു.

🔳വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയ് കോടിയേരിയ്‌ക്കെതിരെ മുംബൈ പോലീസിന്റെ കുറ്റപത്രം. കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം നല്‍കുന്നത്. ടിക്കറ്റും വിസയും യുവതിയ്ക്ക് അയച്ചുകൊടുത്തതിന്റേയും മുബൈയില്‍ ഫ്‌ളാറ്റ് എടുത്ത് കൊടുത്തതിന് ഉടമകളുടെയും മൊഴികള്‍ ബിനോയ്‌ക്കെതിരെ കുറ്റപത്രത്തിലുണ്ട്.

🔳തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് ചൊവ്വാഴ്ച വൈകുന്നേരം 6 മുതല്‍ വ്യാഴാഴ്ച വൈകുന്നേരം 6 വരെ ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചത്. കോഴിക്കോടിനു പുറമെ കാസര്‍കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

🔳മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ അപകടമരണത്തില്‍ ലോറി ഡ്രൈവറെ പോലീസ് ചോദ്യംചെയ്തു. ഭയം കാരണമാണ് നിര്‍ത്താതെ പോയതെന്നും അപകടസമയത്ത് ലോറി ഉടമയായ മോഹനനും ഒപ്പമുണ്ടായിരുന്നെന്നും അറസ്റ്റിലായ ലോറി ഡ്രൈവര്‍.

🔳വൈദ്യുതി മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെ കാര്‍ ഓടിച്ച് പോയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. മൂന്നാര്‍ സ്റ്റേഷനിലെ എ.എസ്.ഐ. സജീവ് മാത്യുവിനെതിരെയാണ് നടപടി.

🔳ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിന്റെ നിയമനത്തില്‍ എം.ശിവശങ്കര്‍ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തിലാണ് നിയമനം നടത്തിയതെന്നും ഉദ്യോഗസ്ഥ നിയമനത്തില്‍ അന്വേഷണമില്ലെന്നും ഹൈക്കോടതി രജിസ്ട്രാര്‍ വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

🔳കേരളത്തില്‍ ഇന്നലെ 56,453 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2680 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 57,757 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍കോട്് 20

🔳കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ : തിരുവനന്തപുരം വെള്ളനാട് സ്വദേശി ചെല്ലയ്യന്‍ (84), അണ്ടൂര്‍കോണം സ്വദേശി സത്യന്‍ (58), കാപ്പില്‍ സ്വദേശി ഹാഷിം (78), ചിറ്റാറ്റുമുക്ക് സ്വദേശി ഗോപാലന്‍ (72), മടവൂര്‍ സ്വദേശി മുഹമ്മദ് രാജ (61), പാപ്പനംകോട് സ്വദേശിനി ഷെറീഫ ബീവി (76), മാരായമുട്ടം സ്വദേശിനി ശ്രീകുമാരി (56), കൊല്ലം പുത്തന്‍പുരം സ്വദേശിനി തങ്കമണി (66), ചവറ സ്വദേശി ക്രിസ്റ്റഫര്‍ (74), കിളികല്ലൂര്‍ സ്വദേശി വിജയന്‍ (68), കല്ലട സ്വദേശി വിഗ്നേശ്വരന്‍ പിള്ള (78), പരവൂര്‍ സ്വദേശി ശ്രീധരന്‍ നായര്‍ (69), പത്തനംതിട്ട തിരുവല്ല സ്വദേശി ഗീവര്‍ഗീസ് (68), ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശി രാധാകൃഷ്ണന്‍ (65), ഹരിപ്പാട് സ്വദേശി മുരുഗന്‍ (58), തൃശൂര്‍ ഇരിങ്ങാലകുട സ്വദേശി വത്സന്‍ (61), മാള സ്വദേശിനി ഓമന (48), ഗുരുവായൂര്‍ സ്വദേശി രാമന്‍ നായര്‍ (89), കടപ്പുറം സ്വദേശി മുഹമ്മദ് അലി (78), പനമുക്ക് സ്വദേശി ബാലന്‍ (74), പാലക്കാട് കോയിപ്ര സ്വദേശി മിചല്‍ സ്വാമി (72), മലപ്പുറം വേലൂര്‍ സ്വദേശിനി മാലതി (69), ചുള്ളിപ്പാറ സ്വദേശി ബാലന്‍ (64), പൊന്നാനി സ്വദേശി മുഹമ്മദ് ഉണ്ണി (60), ഒതുക്കുങ്ങല്‍ സ്വദേശി ഷാജഹാന്‍ (40), പാരമലങ്ങാടി സ്വദേശി ഹസന്‍ (86), കോഴിക്കോട് ഫറോഖ് സ്വദേശി വീരന്‍ (84), വടകര സ്വദേശിനി സുബൈദ (62), അയിക്കരപ്പാടി സ്വദേശിനി റുബീന (35), ചുങ്കക്കുന്ന് സ്വദേശിനി അനിത (48), പാഴൂര്‍ സ്വദേശിനി ഉണ്ണിപാത്തു (88), വയനാട് കല്‍പറ്റ സ്വദേശി സുലൈമാന്‍ (70), കണ്ണൂര്‍ ഉളിയില്‍ സ്വദേശിനി ഷറീഫ (55).  

🔳സംസ്ഥാനത്ത് ഇന്നലെ 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് ആകെ 442 ഹോട്ട് സ്‌പോട്ടുകള്‍

🔳കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുന്നതിന് പിന്നാലെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുന്നൊരുക്കങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍.

🔳2022ലെ ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഉത്തര്‍ പ്രദേശില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അഴിമതി രഹിത സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

🔳പശ്ചിമ ബംഗാളിലെ ക്രമസമാധാന നില കശ്മീരിലേതിനെക്കാള്‍ മോശമാണെന്ന ആശങ്ക പ്രകടിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കള്‍. 2021 നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് അടിയന്തരമായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും നേതാക്കള്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

🔳ബംഗാളില്‍ മന്ത്രിസ്ഥാനം രാജിവെച്ച സുവേന്ദു അധികാരി ഈ ആഴ്ച ബിജെപിയില്‍ ചേര്‍ന്നേക്കും. ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് സുവേന്ദു അധികാരി ബിജെപിയില്‍ ഔദ്യോഗികമായി ചേരാനൊരുങ്ങുന്നത്.

🔳ഇന്ത്യയില്‍ ഇന്നലെ 26,251 കോവിഡ് രോഗികള്‍. മരണം 383. ഇതോടെ ആകെ മരണം 1,44,130 ആയി, ഇതുവരെ 99.32 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 94.55 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 3.30 ലക്ഷം രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,442 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 1,617 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,289 പേര്‍ക്കും കര്‍ണാടകയില്‍ 1,185 പേര്‍ക്കും ആന്ധ്രയില്‍ 500 പേര്‍ക്കും തമിഴ്നാട്ടില്‍ 1,132 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ  5,39,458 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,70,277 പേര്‍ക്കും ബ്രസീലില്‍ 40,625 പേര്‍ക്കും തുര്‍ക്കിയില്‍ 32,102 പേര്‍ക്കും റഷ്യയില്‍ 26,689 പേര്‍ക്കും ജര്‍മനിയില്‍ 21,377 പേര്‍ക്കും  രോഗം ബാധിച്ചു. 11,743 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,465 പേരും  ബ്രസീലില്‍ 854 പേരും ഇറ്റലിയില്‍ 846 പേരും ജര്‍മനിയില്‍ 805 പേരും റഷ്യയില്‍ 577 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 7.37 കോടി കോവിഡ് രോഗികളും 16.39 ലക്ഷം മരണവും സ്ഥിരീകരിച്ചു.  

🔳2021 ലെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുഖ്യാതിഥിയാകും. ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം യുകെ പ്രധാനമന്ത്രി ജോണ്‍സണ്‍ സ്വീകരിച്ചുവെന്നും അതൊരു വലിയ അംഗീകാരമാണെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചു.

🔳ട്വിറ്റരിലൂടെ പരിചയപ്പെട്ട ഒമ്പത് പേരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ വെട്ടിനുറുക്കുകയും ചെയ്ത ജപ്പാനിലെ ട്വിറ്റര്‍ കില്ലര്‍ക്ക് വധശിക്ഷ. ടോക്കിയോയിലെ കോടതിയാണ് തക്കാഹിറോ ഷിറൈഷി(30) എന്ന സീരിയല്‍ കില്ലര്‍ക്ക് വധശിക്ഷ വിധിച്ചത്. 2017 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് എട്ട് സ്ത്രീകളെയും ഒരു യുവാവിനെയും തക്കാഹിറോ അതിക്രൂരമായി കൊലപ്പെടുത്തിയത്.

🔳പാകിസ്താനില്‍ പുതിയ ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന് പ്രസിഡന്റ് ആരിഫ് ആല്‍വി ചൊവ്വാഴ്ച അംഗീകാരം നല്‍കി. ബലാത്സംഗ കേസുകളില്‍ കുറ്റക്കാരനാണെന്ന് പലതവണ കണ്ടെത്തുന്നവരെ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഷണ്ഡീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഓര്‍ഡിന്‍സ്.

🔳മലയാളി താരം ശ്രീശാന്തിന്റെ സജീവ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിന് കളമൊരുങ്ങുന്നു. ജനുവരി 10-ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരളത്തിന്റെ 26 അംഗ സാധ്യതാ ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്തി. ഏഴു വര്‍ഷത്തിനു ശേഷമാണ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്.

🔳ഏറെ നാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു. ഓസ്‌ട്രേലിയക്കെിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ രോഹിത്തിന് കളിക്കാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

🔳ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന് പോരാടിയ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഹൈദരാബാദ് എഫ്.സി. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ഇരട്ട ഗോളുകളുമായി അരിഡാനെ സന്റാനയാണ് ഹൈദരാബാദിനായി തിളങ്ങിയത്. ഹാളിചരണ്‍ നര്‍സാരിയാണ് ശേഷിച്ച ഒരു ഗോള്‍ നേടിയത്. ജാക്വസ് മഗോമയാണ് ഈസ്റ്റ് ബംഗാളിന്റെ രണ്ടു ഗോളുകളും നേടിയത്.

🔳2021 ജനുവരി ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്ക് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകന്‍ ഉദയ് കൊട്ടക്കിനെ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും വീണ്ടും നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി. കൊട്ടക് മഹീന്ദ്ര ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാര്‍ട്ട് ടൈം ചെയര്‍മാനായി പ്രകാശ് ആപ്‌തെയും ജോയിന്റ് മാനേജിംഗ് ഡയറക്ടറായി ദിപാക് ഗുപ്തയെയും വീണ്ടും നിയമിക്കാനും കേന്ദ്ര ബാങ്ക് അംഗീകാരം നല്‍കി.  

🔳രാജ്യത്തെ വന്‍കിട ക്യുക് സര്‍വീസ് റെസ്റ്റോറന്റുകളായ മെക്ഡൊനാള്‍ഡ്, ബര്‍ഗര്‍ കിങ്, കെഎഫ്സി തുടങ്ങിയ കമ്പനികളിലൊന്നായ മിസിസ് ബക്ടേഴ്സ് ഫുഡ് സ്പെഷാലിറ്റീസും ഐപിഒയുമായി രംഗത്ത്. ബര്‍ഗര്‍ കിങിന്റെ മികച്ച ലിസ്റ്റിങിന് പിന്നാലായാണ് മിസിസ് ബക്ടേഴ്സും ഐപിഒ രംഗത്തെത്തിയത്. ഡിസംബര്‍ 17വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം. 286-288 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില നിശ്ചയിക്കുക. ബിസ്‌കറ്റ്, ബ്രഡ്, ബണ്‍, ജാം, സിറപ് തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മിസിസ് ബക്ടേഴ്സ്.

🔳ബിബിസിയില്‍ 'സോങ് ഓഫ് ദ വീക്കാ'കുന്ന ആദ്യ മലയാളം ആല്‍ബം ഗാനമാവുകയാണ് ഗ്രീന്‍ട്യൂണ്‍സ് മ്യൂസിക്കല്‍സ് പുറത്തിറക്കിയ 'നദി'. ബിബിസി സൗണ്ട്സിലെ 'അശാന്തി ഓംകാര്‍ ഷോ'യിലാണ് ആര്യ ദയാല്‍ പാടിയ 'നദി' ഇടം നേടിയത്. അനില്‍ രവീന്ദ്രന്‍ രചിച്ച ഗാനത്തിന് ഈണം പകര്‍ന്നത് സംഗീത് വിജയനാണ്. ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത് യു ബി അഭിജിത്ത്, അനഘ അശോക്, ജി റീന എന്നിവരാണ്.

🔳സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബായില്‍ ആരംഭിച്ചു. ഡോ. ഇക്ബാല്‍ കുറിപ്പുറം ആണ് തിരക്കഥ. ആലുവക്കാരനായ ദസ്തഗീറിന്റെയും ഭാര്യ സുലേഖയുടെയും കഥയാണ് ചിത്രം പറയുക. ദസ്തഗീറായി സൗബിനും സുലേഖയായി മംമ്തയും വേഷമിടും. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തും. മൂന്നു കുട്ടികളും പൂച്ചയും ഇവര്‍ക്കൊപ്പം കഥാപാത്രങ്ങളാകുന്നു.

🔳മഹീന്ദ്രയുടെ നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി മോഡലാണ് ബൊലേറോ എന്ന് റിപ്പോര്‍ട്ടുകള്‍. വാര്‍ഷിക കണക്കുകളില്‍ 18.10 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ബൊലേറോയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 നവംബറില്‍ ബൊലേറോയുടെ 6,055 യൂണിറ്റുകളാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയതെന്നാണ് കണക്കുകള്‍. ഒക്ടോബര്‍ മാസത്തില്‍ മഹീന്ദ്രയുടെ ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലും ഇതു തന്നെയായിരുന്നു. 2020 ഒക്ടോബറില്‍ ബൊലേറോയുടെ 7,624 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത്തവണ പ്രതിമാസ വില്‍പ്പനയില്‍ അല്‍പ്പം ഇടിവ് സംഭവിച്ചു.

🔳പ്രകൃതിയുടെ പ്രകൃതത്തിലേക്കും, വൈവിധ്യപൂര്‍ണമായ അതിന്റെ കാഴ്ച്ചകളിലേക്കുമുള്ള ഒരു വാതായനമാണ് ഈ പുസ്തകം. നമുക്ക് വസതിയായ ഭൂമിയിലെ നിത്യഹരിതസസ്യജാതികള്‍ മുതല്‍ മണലാരണ്യവിശേഷങ്ങള്‍വരെ, പ്രകൃതിദുരന്തങ്ങള്‍ മുതല്‍ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ വരെ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. മഴയും നദികളും സുന്ദരജീവികളും പക്ഷികളുമൊക്കെയായി ഈ താളുകള്‍ പ്രകൃതിക്ക് സ്തുതിഗീതങ്ങള്‍ പാടുന്നു. 'പ്രകൃതി കാഴ്ചകളും വിശേഷങ്ങളും'. വിഎംഎ ലത്തീഫ്. എച്ച്ആന്‍ഡ്സി ബുക്സ്. വില 70 രൂപ.

🔳രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ ചിലര്‍ക്ക് കാഴ്ചശക്തി നഷ്ടമാക്കുന്ന അത്യപൂര്‍വ ഫംഗസ് ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍. കോവിഡ് സ്ഥിരീകരിച്ചവരിലും അസുഖം ഭേദമായവരിലുമാണ് മ്യൂകോര്‍മൈകോസിസ് എന്ന ഫംഗല്‍ ബാധ കണ്ടെത്തിയത്. ഡല്‍ഹി സര്‍ ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ പത്തു പേര്‍ക്കു ഫംഗല്‍ ബാധ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അണുബാധകളിലാണ് ഈ ഫംഗല്‍ ബാധ ഉണ്ടാവുന്നത്. പ്രമേഹം, വൃക്കരോഗങ്ങള്‍, അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയവര്‍ എന്നിവരിലാണ് മ്യൂകോര്‍മൈകോസിസ് ബാധിക്കാറുള്ളത്. കോവിധ് ബാധിതര്‍ക്കു കൂടുതലായി സ്റ്റിറോയ്ഡ് മരുന്നുകള്‍ നല്‍കുന്നത് പ്രതിരോധ ശേഷിയെ ബാധിക്കുന്നുണ്ടാവുമെന്ന സംശയവും ഡോക്ടര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഫംഗല്‍ ബാധ വന്നവരില്‍ ചിലര്‍ക്ക് കാഴ്ചശക്തി നഷ്ടമായെന്ന് മാത്രമല്ല അവരുടെ മൂക്കിലെ അസ്ഥി നീക്കം ചെയ്യേണ്ട അവസ്ഥയുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ രോഗം ബാധിച്ചവരില്‍ പകുതി പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ബാക്കി പകുതി ശതമാനം ആളുകള്‍ക്ക് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരികയും ചെയ്തു. അന്തരീക്ഷത്തില്‍ കാണപ്പെടുന്ന മ്യുകോര്‍മൈസെറ്റെസ് എന്ന പൂപ്പലാണ് ഈ രോഗത്തിന് കാരണം. ശരീരത്തില്‍ ഏത് ഭാഗത്ത് വേണമെങ്കിലും രോഗം ബാധിക്കാമെങ്കിലും ശ്വാസകോശത്തിനെയോ സൈനസ് പ്രദേശങ്ങളെയോ ആണ് ഇത് സാധാരണ ബാധിക്കുക. ഉയര്‍ന്ന പ്രമേഹരോഗമുളളവരിലും ഈ രോഗമുണ്ടാകാം. കണ്ണുകളെ ബാധിച്ചാല്‍ കണ്ണ് വീര്‍ക്കുകയും വെളളം നിറയുകയും ചെയ്യാം. രോഗം ഭേദമാകുന്നവര്‍ക്ക് രൂപത്തില്‍ മാറ്റമുണ്ടാകുമെന്ന് വിദഗ്ധര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only