29 January 2021

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഫെബ്രുവരി 15ന് ആരംഭിക്കും; മന്ത്രി എ സി മൊയ്തീൻ.
(VISION NEWS 29 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകതിരുവനന്തപുരം:
ഈ വർഷത്തെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഫെബ്രുവരി 15 ന് തുടങ്ങുവാൻ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ. ഇതു സംബന്ധിച്ച് താഴെപ്പറയുന്ന തീരുമാനങ്ങൾ യോഗം കൈക്കൊണ്ടതായും മന്ത്രി അറിയിച്ചു.

✅വാർഡുതല സാനിട്ടേഷൻ സമിതികൾ പുതിയ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കണം.

✅കോവിഡ് മാലിന്യങ്ങൾ ശേഖരിക്കുന്ന സാനിട്ടറി വർക്കർമാർ പിപിഇ കിറ്റ് ധരിച്ചുവേണം ഇവ ശേഖരിക്കുവാൻ ഇവ വാങ്ങി നൽകേണ്ട ഉത്തരവാദിത്വം തദ്ദേശസ്ഥാപനങ്ങൾക്കായിരിക്കും.

✅പുതിയതായി തെരഞ്ഞെടുത്ത ജനപ്രതിനിധികൾക്കുള്ള പ്രീ മൺസൂൺ ക്യാമ്പയിൻ പരിശീലനം കില, ശുചിത്വമിഷൻ എന്നിവർ നടത്തണം. പരിശീലനങ്ങൾ ഫെബ്രുവരി 15 നകം പൂർത്തിയാക്കണം.

✅കൊതുകു നിവാരണത്തിനായി വിവിധ സന്നദ്ധ സംഘടനകൾ, കുട്ടികൾ എന്നിവരുടെ സേവനം വാർഡുതലത്തിൽ ഉപയോഗപ്പെടുത്തി ആഴ്ചയിൽ ഒരു ദിവസം  (എല്ലാ തിങ്കളാഴ്ചയും) സംസ്ഥാനം മൊത്തം ഡ്രൈഡേ ആചരിക്കണം.  ഇത് എല്ലാ ആഴ്ചയും തുടരണം.

✅കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവേണം എല്ലാ പ്രവർത്തനങ്ങളും നടത്തേണ്ടത്.

✅മഴക്കാലത്തിന് മുന്നോടിയായി ഹരിതകർമ്മസേനകൾ വീടുകൾ സന്ദർശിച്ച് അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും അവ തരംതിരിച്ച് എം.സി.എഫ്/ ആർ.ആർ.എഫുകളിൽ എത്തിക്കുകയും മഴക്കാലത്തിന് മുമ്പായി എം.സി.എഫുകൾ ക്ലീയർ ചെയ്യുകയും വേണം.

✅ഇറിഗേഷൻ, കേരള വാട്ടർ അതോറിറ്റി, പി.ഡബ്ല്യ.ഡി എന്നീ വകുപ്പുകൾ കുടിവെള്ള പൈപ്പ് മെയിന്റനൻസ്, ഓട വൃത്തിയാക്കൽ എന്നിവ മഴക്കാലത്തിന് മുമ്പ് നടത്തേണ്ടതാണ്.

✅ജില്ലാതലത്തിലുള്ള ക്ലീനിംഗ് ഡ്രൈവ് വിജയകരമാക്കുവാൻ ജില്ലാ കളക്ടർ, തദ്ദേശസ്ഥാപന പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട മന്ത്രിമാർ, എം.എൽ.എ മാർ എന്നിവരുടെ യോഗം ചേരേണ്ടതും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുമാണ്.

✅വാർഡുതല സാനിട്ടേഷൻ സമിതി ചേർന്ന് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ, കൊതുക് വളരുന്ന സ്ഥലങ്ങൾ എന്നിവ മനസിലാക്കി കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുന്നതിന് പ്രോജക്ടുകൾ/പദ്ധതികൾ ഏറ്റെടുക്കണം.

✅തദ്ദേശസ്ഥാപനപരിധിയിൽ എല്ലാ വീടുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കുകയും കൂടാതെ അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയ്ക്ക് കൈമാറുന്നു എന്ന് ഉറപ്പാക്കണം.

✅മെയ് മാസത്തിൽ സംസ്ഥാന വ്യാപക ശുചീകരണ പ്രവർത്തനങ്ങൾ സന്നദ്ധ പ്രവർത്തനമായി സംഘടിപ്പിക്കുകയും ബഹുജനപങ്കാളിത്തത്തോടെ പൊതുയിട ങ്ങളും, ജലസ്രോതസുകളും ശുചീകരിക്കുകയും വേണം.

✅ഡ്രൈഡേ ആചരണത്തോടൊപ്പം കൊതുക് നശീകരണത്തിനുള്ള ഫോഗിംഗ് ഒരേ ദിവസം ഒരേ സമയം സംസ്ഥാനവ്യാപകമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നത് കൊതുക് നിർമ്മാർജ്ജനം കൂടുതൽ കാര്യക്ഷമമാക്കും.  കുടിവെള്ള സ്രോതസുകളും ഇതേ രീതിയിൽ സംസ്ഥാന വ്യാപകമായി ഒരേ ദിവസം ശുചീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും കാമ്പയിൻ മാതൃകയിൽ നടപ്പാക്കണം.

✅എല്ലാ തലങ്ങളിലും, പരിപാടികളിലും ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

✅ഡ്രെയിനേജുകളിൽ മലിനജലം കെട്ടിക്കിടക്കാതെ വൃത്തിയാക്കുക. MGNREGS, AUEGS, പ്ലാൻ ഫണ്ട്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് എന്നീ പദ്ധതികളുടെ ഫണ്ട് ഉപയോഗിച്ച് സംയോജനം സാധ്യമാക്കണം.

✅ഈ വർഷവും ശുചിത്വമിഷൻ ശുചിത്വകേരളം ഫണ്ടിൽ നിന്നും ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡൊന്നിന് 10,000/- രൂപ വീതവും, കോർപ്പറേഷന് 20,000/- രൂപ വീതവും അനുവദിക്കേണ്ടതാണ്.

✅വാർഡുതല ഐ.ഇ.സി പ്രവർത്തനങ്ങൾക്കായി ഹരിതകർമ്മസേന, ആശാ വോളണ്ടിയർമാർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തണം.

✅പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മരുന്നുകൾ, ബ്ലീച്ചിംഗ് പൗഡർ എന്നിവ ആരോഗ്യ സ്ഥാപനങ്ങളിൽ സ്റ്റോക്ക് ചെയ്യേണ്ടതാണ്.

യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരന്‍ ഐ.എ.എസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. എസ്. ഹരികിഷോര്‍, പഞ്ചായത്ത് ഡയറക്ടര്‍ ഡോ. ജയശ്രീ, നഗരകാര്യവകുപ്പ് ഡയറ്കടര്‍ ഡോ. രേണുരാജ് , എം.ജി.എന്‍.ആര്‍.ജി.എസ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ ശ്രീ. വി.ആര്‍. വിനോദ് , കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, ക്ലീന്‍ കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ ശ്രീ. കേശവന്‍ നായർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only