01 ജനുവരി 2021


*പ്രഭാത വാർത്തകൾ* 📡
2021 ജനുവരി 01 | 1196 ധനു 17 | വെള്ളി | പൂയം |

🔳➖🔳➖🔳

🔳ലോകത്തെ സ്തംഭിപ്പിച്ച കോവിഡ് -19ന്റെ ആശങ്കകള്‍ക്കിടയില്‍ ഇന്ന് പുതുവര്‍ഷം . ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ പുതുവത്സരാശംസകള്‍.

🔳പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യുസീലന്‍ഡിലും ന്യൂസിലാന്‍ഡിനു ശേഷം ഓസ്‌ട്രേലിയയിലുമാണ് പുതുവര്‍ഷമെത്തിയത്. പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷത്തെ വരവേറ്റത്.

🔳കര്‍ഷക സമരം മുപ്പത്തിയേഴാം ദിവസത്തിലേക്ക്. രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷേധം സംഘര്‍ഷാവസ്ഥയില്‍. ബാരിക്കേഡ് മറികടന്ന് ദില്ലിക്ക് പോവാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഡിസംബര്‍ 13 മുതല്‍ ജയ്പുര്‍ ദില്ലി ഹൈവേയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്.  കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകസംഘടനകളുടെ ആവശ്യത്തില്‍ അടുത്ത ചര്‍ച്ചയ്ക്കു മുമ്പ് പ്രധാനമന്ത്രി തീരുമാനമെടുക്കുമെന്നാണ് വിവരം.

🔳രാജ്യത്ത് കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് സൂചന നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വിജി സോമനി. ലോകത്തെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് പദ്ധതിക്ക് രാജ്യം തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെ പറഞ്ഞിരുന്നു. അതിനിടെ നാളെ മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കി.

🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തെ താന്‍ അനുകൂലിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഒ.രാജഗോപാല്‍ എംഎല്‍എ. ബി.ജെ.പി എം.എല്‍.എ കേന്ദ്രസര്‍ക്കാരിന് എതിരായ നിലപാട് സ്വീകരിച്ചുവെന്ന വാര്‍ത്ത വിവാദമായതോടെയാണ് അദ്ദേഹം നിലപാട് മാറ്റിയത്.

🔳പോലീസ് തലപ്പത്ത് വിപുലമായ അഴിച്ചുപണി. സുദേഷ് കുമാറിന് ഡിജിപി റാങ്ക് നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. വിരമിച്ച ആര്‍ ശ്രീലേഖയുടെ സ്ഥാനത്തേക്ക് ബി സന്ധ്യ ഫയര്‍ഫോഴ്‌സ് മേധാവിയാകും. ഐജി എസ് ശ്രീജിത്തിന് എഡിജിപി റാങ്ക് നല്‍കി ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. വിജയ് സാക്കറെയെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായും നിയമിച്ചു.

🔳സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മെയ് നാല് മുതല്‍ പരീക്ഷകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്‌റിയാല്‍ അറിയിച്ചു. ജൂണ്‍ പത്തിന് പരീക്ഷകള്‍ അവസാനിക്കും.  മാര്‍ച്ച് ഒന്നിന് സി.ബി.എസ്.ഇ.യുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കും. ജൂലായ് പതിനഞ്ചിനാണ് ഫലപ്രഖ്യാപനം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ടായിരിക്കും പരീക്ഷകള്‍ നടത്തുക..

🔳സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. എസ്.സി.ഇ.ആര്‍.ടി.യുടെ വെബ്‌സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്.  കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകള്‍ക്ക് ഇത്തവണ തിരഞ്ഞെടുക്കാന്‍ അധികചോദ്യങ്ങള്‍ അനുവദിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

🔳പുതുവര്‍ഷത്തില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ വരുത്തി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കുന്നതാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന സുപ്രധാന പരിഷ്‌കാരം. ഇന്ന് മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് വകുപ്പ് അറിയിച്ചിട്ടുള്ളത്.

🔳മതികെട്ടാന്‍ ചോല ദേശീയ ഉദ്യാന പാര്‍ക്കിന്റെ ചുറ്റുപാടുമുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശം ആയി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കി.  കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആണ് വിജ്ഞാപനം ഇറക്കിയത്. 17.5 ചതുരശ്ര കിലോമീറ്ററാണ് പുതുതായി പരിസ്ഥിതി ദുര്‍ബല പ്രദേശം ആകുക.

🔳നാഷണല്‍ ഹൈവേയില്‍ ടോള്‍ പിരിവിന് ഫാസ്റ്റാഗ് നിര്‍ബന്ധമാക്കുന്നത് ഫെബ്രുവരി 15-ലേക്ക് നീട്ടി. ജനുവരി ഒന്ന് മുതല്‍ എല്ലാ നാലു ചക്ര വാഹനങ്ങളിലും ഫാസ്റ്റാഗ് നിര്‍ബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഈ നിര്‍ദേശം നടപ്പാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സമയം അനുവദിച്ചിരിക്കുന്നത്.

🔳കേരളത്തില്‍ ഇന്നലെ 58,283 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3072 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4621 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5376 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,202 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96.

🔳സംസ്ഥാനത്ത് ഇന്നലെ ഒരു പുതിയ ഹോട്ട് സ്‌പോട്ട്. 4 പ്രദേശങ്ങളെ ഇന്നലെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 458 ഹോട്ട് സ്‌പോട്ടുകള്‍.

🔳നീണ്ട കാത്തിരിപ്പിന് ഒടുവില്‍ കൊച്ചിയുടെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം ജനുവരി 9ന് നടക്കും. രണ്ട് മേല്‍പ്പാലങ്ങളുടെയും നിര്‍മ്മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെങ്കിലും കൊവിഡും കാലാവസ്ഥയും തിരിച്ചടിയാകുകയായിരുന്നു.

🔳മത വര്‍ഗീയ വാദികള്‍ ക്യാമ്പസുകളില്‍ പിടിമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ എസ്എഫ് ഐ യുടെ പ്രാധാന്യം വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥി പ്രസ്ഥാനം എന്നാല്‍ രാഷ്ട്രീയത്തിലേക്ക് നേതാക്കളെ സംഭാവന ചെയ്യലല്ല. ദീര്‍ഘ വീക്ഷണവും പൊതുബോധവുമുള്ളവരെ വാര്‍ത്തെടുക്കലുമാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇത് എസ് എഫ് ഐ ചെയ്യുന്നുണ്ടെന്നും പിണറായി.

🔳രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആരാധകരില്‍ ഒരാള്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രജനികാന്തിന്റെ വീടിന് മുന്നിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

🔳വ്യവസായികളുടെ കടം എഴുതിത്തള്ളിയതും പാവപ്പെട്ടവര്‍ക്ക് പ്രതിസന്ധി കാലത്ത് സാമ്പത്തിക സഹായം നല്‍കാത്തതും ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെതിരെ വിമര്‍ശമുന്നയിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. വ്യവസായികളുടെ 2.37 ലക്ഷം കോടി രൂപയുടെ കടമാണ് കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയതെന്ന് അദ്ദേഹം ആരോപിച്ചു. ഈ തുക ഉപയോഗിച്ച് 11 കോടി കുടുംബങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധി കാലത്ത് 20,000 രൂപവീതം നല്‍കാന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

🔳വോട്ടര്‍മാരില്‍ പലരും അവധി ആഘോഷിക്കാനായി പലസ്ഥലങ്ങളിലേക്ക് പോയതാണ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിനുള്ള ഒരു കാരണമെന്ന് ബിജെപി നേതാവ് സഞ്ജയ് ശര്‍മ. തിരഞ്ഞെടുപ്പില്‍ മൂന്നില്‍ ഒരു കോര്‍പ്പറേഷനില്‍ മാത്രമാണ് ബിജെപി-ജെജെപി സഖ്യത്തിന് വിജയിക്കാനായത്.

🔳കര്‍ഷകര്‍ക്ക് താങ്ങുവില നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടാല്‍ രാജി വെക്കുമെന്ന് പ്രഖ്യാപിച്ച് ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഹരിയാണ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.  'ഹരിയാണയില്‍ താങ്ങുവില തുടരാന്‍ തന്നെയാണ് തീരുമാനം. ആരെങ്കിലും താങ്ങുവില സമ്പ്രദായം അവസാനിപ്പിക്കാന്‍ ശ്രമിച്ചാല്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

🔳ക്ലാസ് മുറിയിലെ ഇരിപ്പിടത്തെ ചൊല്ലി പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നടന്ന തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലാണ് സംഭവം. അമ്മാവന്റെ ലൈസന്‍സുളള തോക്കുമായി ക്ലാസിലെത്തി തര്‍ക്കമുണ്ടായ സഹപാഠിക്ക് നേരെ മൂന്നുതവണ വെടിയുതിര്‍ത്തു. തലയിലും നെഞ്ചിലും വയറിലും വെടിയേറ്റ വിദ്യാര്‍ഥി തല്‍ക്ഷണം മരിച്ചു.

🔳ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി 3 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

🔳ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ കാലുകുത്തിയ ആദ്യ ഇന്ത്യന്‍ സൈനികന്‍ എന്ന  ഖ്യാതിയുള്ള നരേന്ദ്ര കുമാര്‍(87) അന്തരിച്ചു. സിയാച്ചിന്‍ കയ്യടക്കാനുള്ള പാകിസ്താന്റെ നീക്കങ്ങളെ ചെറുത്തതില്‍ കേണല്‍ നരേന്ദ്ര കുമാറിന് വലിയ പങ്കാണുള്ളത്.

🔳പാകിസ്താനില്‍നിന്നുള്ള വനിത ഉത്തര്‍പ്രദേശിലെ ഇറ്റായില്‍ ഗ്രാമപഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയിലെത്തിയ സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കറാച്ചി സ്വദേശിനിയായ ബാനൂ ബീഗമാണ് പഞ്ചായത്തിന്റെ ഇടക്കാല അധ്യക്ഷ പദവിയില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. ഇറ്റാ ജില്ലക്കാരനായ ഒരാളെ വിവാഹം കഴിച്ച് 40 വര്‍ഷമായി അവിടെ താമസിക്കുകയാണ് അവര്‍.

🔳മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ച എക്‌സിറ്റ് പദ്ധതി ഇന്ന് അവസാനിക്കും. നവംബറില്‍ ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച എക്‌സിറ്റ് സ്‌കീമിന്റെ ആനുകൂല്യം ഇതിനകം 45,000 പ്രവാസികള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

🔳ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന വന്‍തോതില്‍ അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് പ്രതിരോധ വിദഗ്ധന്‍ എച്ച്.ഐ സട്ടന്‍. മാസങ്ങളോളും നിരീക്ഷണം നടത്തി നാവിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന സീ വിങ് ഗ്ലൈഡറുകള്‍ എന്നറിയപ്പെടുന്ന ഡ്രോണുകളാണ് വിന്യസിച്ചിട്ടുള്ളതെന്നും വെളിപ്പെടുത്തല്‍.

🔳ജനിതക മാറ്റം വന്ന വൈറസ് ബാധിച്ച് രാജ്യത്ത് ഏഴുപേര്‍ കൂടി ചികിത്സയില്‍. ദില്ലി എല്‍എന്‍ജെപി ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. യുകെയില്‍ നിന്ന് കേരളത്തില്‍ എത്തിയ 29 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. അതി തീവ്ര വൈറസ് ആണോ എന്നറിയാന്‍ സ്രവം പുണെ വൈറോളജി ഇന്റ്‌റിറ്റിയൂട്ടിലേക്ക് അയച്ചു.  

🔳ഇന്ത്യയില്‍ ഇന്നലെ  19,045 കോവിഡ് രോഗികള്‍. മരണം 244. ഇതോടെ ആകെ മരണം 1,49,018 ആയി, ഇതുവരെ 1,02,86,329 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 98.81 ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 2.52 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,509 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 574 പേര്‍ക്കും പശ്ചിമബംഗാളില്‍ 1,170 പേര്‍ക്കും കര്‍ണാടകയില്‍ 952 പേര്‍ക്കും ആന്ധ്രയില്‍ 338 പേര്‍ക്കും തമിഴ്നാട്ടില്‍ 937 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ റെക്കോര്‍ഡ് കോവിഡ് വ്യാപനം. ഇന്നലെ 6,90,172 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,99,986 പേര്‍ക്കും ബ്രസീലില്‍ 56,003 പേര്‍ക്കും  ഇംഗ്ലണ്ടില്‍ 55,892 പേര്‍ക്കും റഷ്യയില്‍ 27,747 പേര്‍ക്കും ഇറ്റലിയില്‍ 23,477 പേര്‍ക്കും ജര്‍മനിയില്‍ 23,305 പേര്‍ക്കും രോഗം ബാധിച്ചു. 12,716 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,905 പേരും ബ്രസീലില്‍ 1,036 പേരും മെക്സികോയില്‍ 1052 പേരും ഇംഗ്ലണ്ടില്‍ 964 പേരും ജര്‍മനിയില്‍ 618 പേരും ഇറ്റലിയില്‍ 555 പേരും റഷ്യയില്‍ 593 പേരും പോളണ്ടില്‍ 532 പേരും ഇന്നലെ മരിച്ചു. ഇതോടെ ആകെ 8.37 കോടി കോവിഡ് രോഗികളും 18.24 ലക്ഷം മരണവും സ്ഥിരീകരിച്ചു.  

🔳അജിങ്ക്യാ രഹാനെക്ക് കീഴില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. അഡ്‌ലെയ്ഡിലെ തോല്‍വിയില്‍ നിന്ന് തിരിച്ചുവന്ന് മെല്‍ബണില്‍ ഗംഭീര വിജയം നേടിയ ഇന്ത്യ അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്നും അക്തര്‍.

🔳ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കാനുള്ള സാധ്യതയേറി. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം മെല്‍ബണില്‍ ടീമിനൊപ്പം ചേര്‍ന്ന രോഹിത് ഇന്നലെ പരിശീലനത്തിനിറങ്ങി. കായികക്ഷമതയും ഫോമും കണക്കിലെടുത്തു മാത്രമെ രോഹിത്തിനെ മൂന്നാം ടെസ്റ്റിലേക്ക് പരിഗണിക്കൂവെന്ന് പരിശീലകന്‍ രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു.

🔳മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കുന്നതിനുള്ള ചാര്‍ജ് ജനുവരി ഒന്നു മുതല്‍ റിലയന്‍സ് ജിയോ ഈടാക്കില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശമനുസരിച്ചാണ് നിരക്ക് ജിയോ പിന്‍വലിക്കുന്നത്. 2021 ജനുവരി മുതല്‍ ഇത് നിര്‍ത്തലാക്കുമെന്ന് നേരത്തെ തന്നെ ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വര്‍ക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം. നിലിവില്‍ 40.6 കോടി വരിക്കാരാണ് റിലയന്‍സ് ജിയോക്കുള്ളത്.

🔳സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2020 ജനുവരി 1 മുതല്‍ ചെക്കുകളുടെ പോസിറ്റീവ് പേ സിസ്റ്റം നടപ്പിലാക്കും. പുതിയ സമ്പ്രദായത്തില്‍, 50,000 രൂപയില്‍ കൂടുതലുള്ള പേയ്മെന്റുകള്‍ നടത്തുന്നതിന് ഉപഭോക്താക്കളോട് അവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും. പുതിയ സിസ്റ്റത്തിന് കീഴില്‍, ചെക്ക് പേയ്‌മെന്റുമായി ബന്ധപ്പെട്ട് അക്കൌണ്ട് നമ്പര്‍, ചെക്ക് നമ്പര്‍, ചെക്ക് തുക, ചെക്ക് തീയതി, ചെക്ക് പേയറുടെ പേര് എന്നിവ പോലുള്ള വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. 5 ലക്ഷം രൂപയില്‍ കൂടുതലുള്ള മൂല്യത്തിന്റെ ചെക്കുകള്‍ക്കായിരിക്കും പോസിറ്റീവ് പേ സിസ്റ്റം നിര്‍ബന്ധമാക്കാന്‍ സാധ്യത.

🔳മോഹന്‍ലാല്‍-ബി. ഉണ്ണികൃഷ്ണന്‍ ചിത്രം 'ആറാട്ടി'ലെ ലൊക്കേഷന്‍ ചിത്രം വൈറലാകുന്നു. മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തയും വെള്ള മുണ്ടുമണിഞ്ഞ താരത്തിന്റെ ലുക്ക് വൈറലാവുകയാണ്. ആറാട്ടിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്നാണ് സിനിമയുടെ മുഴുവന്‍ പേര്.  സ്വന്തം ദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക.

🔳മര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് കോംമ്പോയാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും. നടന്‍മാരായി എത്തിയും പ്രേക്ഷക മനസില്‍ നേടിയ താരങ്ങള്‍ പുതിയൊരു ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ്. ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത് പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്. സംവിധാനത്തിനൊപ്പം രചനയും താരങ്ങള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.

🔳ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോഴ്സ് പുതിയ 2021 അപ്പാഷെ ആര്‍ടിആര്‍ 160 4വിയെ അവതരിപ്പിച്ചു. ബംഗ്ലാദേശ് വിപണിയിലാണ് വാഹനത്തിന്റെ അവതരണം. പൂര്‍ണമായും ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന ബ്ലൂടൂത്ത് ഉള്ള സ്മാര്‍ട്ട് കണക്റ്റ് സാങ്കേതികവിദ്യയാണ് മോട്ടോര്‍സൈക്കിളിന്റെ പ്രധാന സവിശേഷത. റൈഡയറിന് ഹാന്‍ഡില്‍ബാറിലെ ഒരു പ്രത്യേക ടോഗിള്‍ സ്വിച്ച് വഴി നിയന്ത്രിക്കാന്‍ സാധിക്കും.
🔳➖🔳➖🔳➖🔳➖🔳➖🔳

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only