കോഴിക്കോട്: സ്ലാബിടാത്ത ഓടയിൽവീണു മുങ്ങിമരിച്ച കാൽനടയാത്രക്കാരന്റെ കുടുംബത്തിന് സംസ്ഥാനസർക്കാർ 30 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതിവിധി.
ഹോട്ടൽജോലിക്കാരനായ കോട്ടൂളി പുതിയാറമ്പത്ത് സതീശൻ 2017 ജൂലായ് 22-ന് രാത്രിയാണ് കോട്ടൂളി കെ.ടി. ഗോപാലൻ റോഡിൽ ഓടയിൽവീണു മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങവെ വെള്ളത്തിൽ വീഴാൻകാരണം സ്ലാബുകളോ കൈവരികളോ സ്ഥാപിക്കാതെ അധികൃതർ നിയമപ്രകാരമുള്ള ബാധ്യത നിർവഹിക്കാത്തത് കൊണ്ടാണെന്നും സർക്കാർ നൽകിയ രണ്ടുലക്ഷംരൂപ അപര്യാപ്തമെന്നും കാണിച്ച് കുടുംബം നൽകിയ ഹർജിയിലാണ് രണ്ടാം അഡീഷണൽ സബ് ജഡ്ജ് എസ്. സുരാജിന്റെ ഉത്തരവ്.
സതീശന്റെ ഭാര്യ കെ. സുമ, മകൾ അഭിരാമി, മാതാവ് ശ്രീമതി എന്നിവർ സംസ്ഥാന സർക്കാരിനെയും പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനിയറെയും എതിർകക്ഷികളാക്കിയാണ് കേസ് നൽകിയത്. ഹോട്ടലിൽ പാചകക്കാരനായിരുന്ന സതീശൻ തലേന്ന് രാത്രി വീട്ടിലേക്ക് വരവേ ശക്തമായ മഴയിൽ ഓവും റോഡും തിരിച്ചറിയവനാവാത്ത അവസ്ഥയിൽ താഴ്ചയിലേക്ക് വീഴുകയായിരുന്നു. അടുത്തദിവമാണ് മൃതദേഹം കിട്ടിയത്. റോഡും ഓവുചാലും തിരിച്ചറിയാത്ത സ്ഥിതിയില്ലായിരുന്നുവെന്നും സതീശൻ മദ്യപിച്ചിരുന്നുവെന്നും അശ്രദ്ധകൊണ്ടുള്ള അപകടമാണെന്നുമുള്ള സർക്കാർ അഭിഭാഷകരുടെ വാദം കോടതി തള്ളി.
Post a comment