രാജ്യത്ത് ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്ത് ഒരുവർഷം പൂർത്തിയാകുമ്പോൾ രോഗികളുടെ എണ്ണം ഒരു കോടിയും മരണം ഒന്നര ലക്ഷവും കടന്നു. രോഗം പടരുന്നത് താൽക്കാലികമായെങ്കിലും നിയന്ത്രണവിധേയമായെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. മൊത്തം രോഗികള് 1,07,20,048, മരണം 1,54,010.
രാജ്യത്തെ ആദ്യ കോവിഡ് 2020 ജനുവരി 30ന് കേരളത്തിൽ റിപ്പോർട്ട് ചെയ്തെങ്കിലും മാർച്ചുമുതലാണ് മറ്റു സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചത്. മാർച്ച് 13ന് ഡൽഹിയിലും കർണാടകത്തിലും ആദ്യ മരണം റിപ്പോർട്ട് ചെയ്തു. മാർച്ച് അവസാനത്തോടെ 27 സംസ്ഥാനത്തിലേക്ക് വ്യാപിച്ചു. മാർച്ച് 23ന് മൂന്നാഴ്ചത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു.
നാലുഘട്ടമായി മെയ് 31 വരെ അടച്ചുപൂട്ടൽ നീണ്ടു. ജൂൺ ആദ്യം ഇളവ്നൽകിയതോടെ രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായി. ഒരുമാസത്തിനകം രോഗികൾ 1.8 ലക്ഷത്തിൽനിന്ന് 5.6 ലക്ഷമായി. ജൂലൈ, ആഗസ്ത് മാസങ്ങളിൽ രോഗികളും മരണവും ഗണ്യമായി വർധിച്ചു. സെപ്തംബറിൽ രോഗികൾ 60 ലക്ഷം കടന്നു. സെപ്തംബർ 17ന് 97, 894 രോഗികൾ റിപ്പോർട്ട് ചെയ്തു. പിന്നീട് പ്രതിദിന രോഗികൾ കുറയാൻ തുടങ്ങി. നിലവിൽ പ്രതിദിന രോഗികൾ കുറയുന്നതും രോഗമുക്തരുടെ എണ്ണം കൂടുന്നതും ആശ്വാസകരമാണ്. 16ന് തുടങ്ങിയ വാക്സിനേഷനും പ്രത്യാശ പകരുന്നു. ജനസംഖ്യയിൽ ഭൂരിപക്ഷത്തിന് രോഗം വന്നുപോയതിനെ തുടർന്നുണ്ടാകുന്ന സ്വാഭാവിക പ്രചാരണം അനുചിതമാണെന്നും മുന്നറിയിപ്പ് നൽകുന്നു.
നമ്മൾ പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിൽ
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ചത് "ഡിലേയിങ് ദ പീക്ക്' എന്ന രോഗപ്രതിരോധ രീതിയുടെ ഭാഗമായാണെന്ന് സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർ മുഹമ്മദ് അഷീൽ. തുടക്കത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ ‘ബ്രേക്ക് ദ ചെയിൻ’ പോലുള്ള ക്യാമ്പയിനുകൾ രോഗം കുത്തനെ ഉയരുന്നത് ഒഴിവാക്കാൻ സഹായിച്ചു. നിലവിൽ രോഗപ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
പകർച്ചവ്യാധിയുണ്ടാകുമ്പോൾ ജനങ്ങളെ രോഗ സാധ്യതയുള്ളവർ, രോഗവാഹകർ, ബാധിതർ, മുക്തർ, മരണപ്പെട്ടവർ എന്നിങ്ങനെ തിരിക്കാറുണ്ട്. സംസ്ഥാനത്ത് രോഗം ബാധിക്കാത്തവർ (രോഗ സാധ്യതയുള്ളവർ) കൂടുതലാണ്. അതിനാലാണ് അടുത്തിടെ രോഗവ്യാപനം കൂടിയത്. ഇളവുകൾ കൊടുക്കുമ്പോൾ സ്വാഭാവികമായും കേസുകൾ വർധിക്കും. എല്ലാവരിലും വാക്സിൻ എത്തിച്ച് രോഗപ്രതിരോധ ശക്തിയുണ്ടാക്കുകയാണ് വേണ്ടത്. അതുവരെ ജാഗ്രത തുടരണം.
രോഗവ്യാപനം അനിയന്ത്രിതമായിരുന്നെങ്കിൽ സംസ്ഥാനത്തെ മരണനിരക്ക് പ്രകാരം ഒരു ലക്ഷം രോഗികളിൽ 410 പേർ മരിക്കുമായിരുന്നു. വാക്സിൻ ലഭ്യമാകുംവരെ രോഗത്തെ പിടിച്ചുകെട്ടുന്നതുവഴി മരണനിരക്ക് പൂജ്യമാക്കാനാകും. ഈ വഴിയാണ് സംസ്ഥാനം സ്വീകരിച്ചതെന്നും മുഹമ്മദ് അഷീൽ പറഞ്ഞു.
പീക്ക് ഡിലേയിങ്
അതിവേഗതയിലുള്ള രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതാണ് ‘ഡിലേയിങ് ദ പീക്ക്’. ലോകത്ത് ഏറ്റവും നല്ല ആരോഗ്യ സംവിധാനമുള്ള ഇറ്റലി പോലുള്ള രാജ്യങ്ങളിലും ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും പെട്ടന്ന് രോഗികൾ വർധിച്ചപ്പോൾ വെന്റിലേറ്ററുകളും ഐസിയുകളും നിറഞ്ഞ് ചികിത്സ കിട്ടാതായി. കേരളത്തിൽ ഒരു ഘട്ടത്തിൽ പോലും 50 ശതമാനത്തിൽ കൂടുതൽ ഐസിയുകളും 25 ശതമാനത്തിലധികം വെന്റിലേറ്ററുകളും ഉപയോഗിക്കേണ്ടി വന്നില്ല. നിലവിൽ സംസ്ഥാന ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാവുന്നതാണ് രോഗികളുടെ എണ്ണം. തുടക്കത്തിൽത്തന്നെ വ്യാപനതോത് വർധിച്ചിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല. മരണനിരക്കും വർധിക്കുമായിരുന്നു–-അദ്ദേഹം പറഞ്ഞു.
ചികിത്സയിൽ 72,239 പേർ
ബ്രിട്ടനിൽ നിന്നെത്തിയ ഒരാൾ ഉൾപ്പെടെ സംസ്ഥാനത്ത് വെള്ളിയാഴ്ച 6268 പേർക്ക് കൂടി കോവിഡ്. ഇതുവരെ ബ്രിട്ടനിൽനിന്നെത്തിയ 75 പേർക്കാണ് രോഗം- സ്ഥിരീകരിച്ചത്. പുതിയ രോഗികളിൽ 118 പേർ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവർ. 48 ആരോഗ്യപ്രവർത്തകരുൾപ്പെടെ 5647 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 455 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6398 പേർ രോഗമുക്തരായി. 72,239 പേർ ചികിത്സയിലുണ്ട്. 8,41,444 പേർ ഇതുവരെ കോവിഡ് മുക്തരായി.
24 മണിക്കൂറിനിടെ 58,815 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക് 10.66 ശതമാനം. 22 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 3704. രണ്ട് പുതിയ ഹോട്ട് സ്പോട്ട് കൂടി. ആകെ 400 ഹോട്ട് സ്പോട്ട്.
Post a comment