21 ജനുവരി 2021

46-ാമത് യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു.
(VISION NEWS 21 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകവാഷിങ്ടണ്‍ : അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥിതി ചെയ്യുന്ന യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയിലാണ്‌ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിട്ടുനിന്നെങ്കിലും വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സ് സാന്നിധ്യമറിയിച്ചു. അമേരിക്കന്‍ ചരിത്രത്തിലെ വനിതാ വൈസ് പ്രസിഡന്റായിട്ടാണ് കമല ഹാരിസ് അധികാരമേറ്റത്.

538 ഇലക്ടറല്‍ വോട്ടുകളില്‍ 306 ഉം നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ബൈഡന്‍ വിജയമുറപ്പിച്ചത്. നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായിരുന്ന ട്രംപിന് 232 വോട്ടുകളെ നേടാന്‍ സാധിച്ചിരുന്നുള്ളൂ. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന എഫ്.ബി.ഐ. റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കര്‍ശന സുരക്ഷയാണ് വാഷിങ്ടണ്‍ ഡി.സിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കാപ്പിറ്റോളില്‍ നടക്കുന്ന ചടങ്ങില്‍ യു.എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുക്കും. സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടോമേയറാണ് കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക.

*അമേരിക്കയ്ക്ക് ഇത് പുതുദിനം*

അമേരിക്കയ്ക്ക് ഇത് പുതുദിനമെന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു, ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍നിന്ന് ഫ്‌ളോറിഡയിലേക്ക് യാത്ര തിരിച്ചതിനു തൊട്ടുപിന്നാലെയാണ് ബൈഡന്റെ ട്വീറ്റ് എത്തിയത്. ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാതെയാണ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസ് വിട്ടത്.

*ചരിത്രം കുറിച്ച് കമല ഹാരിസ്*

അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന ചരിത്രമാണ് കമല ഹാരിസ് സൃഷ്ടിക്കുന്നത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയും കമലയാണ്. ചെന്നൈ സ്വദേശി ശ്യാമള ഗോപാലന്റെയും ജമൈക്കന്‍ സ്വദേശി ഡൊണാള്‍ഡ് ജെ ഹാരിസിന്റെയും മകളായ കമല, ഒരുപക്ഷെ ഭാവിയില്‍ അമേരിക്കയുടെ പ്രസിഡന്റ് പദത്തിലേക്കും എത്തിപ്പെട്ടേക്കാം.

*ആശംസ അറിയിച്ച് ബരാക്ക് ഒബാമ*

ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ആശംസ അറിയിച്ച് അമേരിക്കയുടെ മുന്‍പ്രസിഡന്റ് ബരാക്ക് ഒബാമ. എന്റെ സുഹൃത്തിന് അഭിനന്ദനങ്ങള്‍, പ്രസിഡന്റ് ജോ ബൈഡന്‍. ഇത് നിങ്ങളുടെ സമയമാണ്- ഒബാമ ട്വീറ്റ് ചെയ്തു. ഒബാമയും ഭാര്യ മിഷേലും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only