*സായാഹ്ന വാർത്തകൾ*
2021 ജനുവരി 01 | 1196 ധനു 17 | വെള്ളി | പൂയം | 📡
🔳➖🔳➖🔳➖🔳➖🔳
🔳ആരോഗ്യവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവത്സരം നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തസ്സോടെയും ആത്മാഭിമാനത്തോടെയും പോരാടുന്ന കര്‍ഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ മനസ്സെന്ന് രാഹുല്‍ ഗാന്ധിയുടെ പുതുവത്സര സന്ദേശം.
🔳പുതുവര്‍ഷത്തെ വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി രചിച്ച് ആലപിച്ച കവിത പങ്കുവെച്ച് കേന്ദ്രസര്‍ക്കാര്‍. ഇപ്പോഴാണ് സൂര്യന് ഉദിച്ചത് എന്ന തലക്കെട്ടിലുള്ള വീഡിയോ ആണ് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.
🔳കോവിഡ് പശ്ചാത്തലത്തില്‍ ജനുവരി 26ന് രാജ്യതലസ്ഥാനത്തു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് നിയന്ത്രണമേര്‍പ്പെടുത്തി. രാജ്പഥിലെ മാര്‍ച്ചില്‍ സംഘങ്ങളുടെ അംഗബലം 144-ല്‍നിന്ന് 96 ആക്കും. വിജയ് ചൗക്കില്‍നിന്ന് ആരംഭിച്ച് ചെങ്കോട്ടയില്‍ അവസാനിക്കുന്നതിനു പകരം നാഷണല്‍ സ്റ്റേഡിയം വരെയായിരിക്കും പരേഡ്. കാഴ്ചക്കാരുടെ എണ്ണവും കുറയ്ക്കും.
🔳ഡിസംബറിലെ ചരക്ക് സേവന നികുതി വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. പുതിയ നികുതി സമ്പ്രദായം നിലവില്‍വന്നശേഷം ഇതാദ്യമായാണ് വരുമാനം 1,15,174 കോടി രൂപയിലെത്തുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറിലെ വരുമാനത്തേക്കാള്‍ 12ശതമാനം അധികമാണിത്. നടപ്പ് സാമ്പത്തിക വര്‍ഷം തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരുലക്ഷം കോടിക്കു മുകളിലെത്തുന്നത്.
🔳ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അടുത്ത ആഴ്ച നോട്ടീസ് നല്കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം.
🔳ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ശരിയാണെങ്കില്‍ സ്പീക്കര്‍ക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തില്‍ സ്പീക്കറുടെ സ്ഥാനം ഉന്നതമാണ്. ആ സ്പീക്കര്‍ തന്നെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ക്കടത്ത് കേസില്‍ പങ്കാളിയാവുന്നുവെന്നത് കേരളനിയമസഭയ്ക്ക് തന്നെ അപമാനകരമാണ്. മാന്യതയുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ തന്നെ ആ സ്ഥാനത്ത് നിന്നും മാറിനില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
🔳ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വാര്‍ത്ത ഞെട്ടിക്കുന്നതാണ്. തന്റെ പദവിയുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ബധ്യതയുള്ള സ്പീക്കര്‍ ഇത്തരമൊരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ സ്ഥാനമൊഴിയണം. കേരളം ലോകത്തിനു മുന്നില്‍ നാണംകെടുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
🔳കോവിഡ് വാക്സിന് വിതരണത്തിന് സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. വാക്സിന് വിതരണത്തിന്റെ മുന്‍ഗണനാ പട്ടിക, വാക്സിന് സംഭരണം, വാക്സിന് വിതരണത്തിനുള്ള വളണ്ടിയര്‍മാര്‍, അതിനുള്ള പരിശീലനം എന്നിവ നാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
🔳സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. പുതിയ നിരക്കനുസരിച്ച് ആര്.ടി.പി.സി.ആര്. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്സ്പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആര്‍ടി-ലാമ്പിന് 1150, രൂപ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
🔳കേരളത്തില്‍ കോവിഡ് വാക്സിന് ഡ്രൈ റണ്‍ നാല് ജില്ലകളില്‍ നടത്താന്‍ തീരുമാനം. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രികളിലും ഡ്രൈ റണ്‍ നടത്തും.
🔳കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ല, മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ പുനഃസംഘടന വേണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുഡിഎഫിന്റെ പരമ്പരാഗത വോട്ട് ബാങ്ക് തിരിച്ചുപിടിക്കണം, രാഹുല്‍ ഗാന്ധി കേരളത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
🔳കൂടത്തായി കൂട്ടക്കൊല ഉള്‍പ്പെടെ കേരളത്തിന്റെ പൊതുമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ നിരവധി കേസുകളുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥന് കെ.ജി.സൈമണ്‍ മൂന്നരപ്പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തില്‍നിന്ന് ഇന്നലെ വിരമിച്ചു. 1984-ല്‍ തുമ്പ എസ്.െഎ. ആയി തുടങ്ങിയ സര്‍വീസ് ജീവിതത്തിനിടയില്‍ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
🔳കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടും സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ തുറക്കാത്ത നടപടിക്കെതിരെ നടന് ജോയ് മാത്യു. വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ബാറിലിരുന്നാല്‍ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോയെന്ന് ജോയ് മാത്യു ചോദിക്കുന്നു.
🔳ബി.ജെ.പി.യുടെ പിന്തുണയോടെ റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായ കേരള കോണ്‍ഗ്രസ് (എം) അംഗം ശോഭാ ചാര്‍ളിയെ എല്‍.ഡി.എഫില്‍നിന്ന് പുറത്താക്കി. ഇടതുമുന്നണിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് ഇവരെ പുറത്താക്കിയതെന്ന് എല്‍.ഡി.എഫ്. റാന്നി പഞ്ചായത്ത് കണ്‍വീനര്‍ അറിയിച്ചു.
🔳തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയിലില്‍ കാട്ടാന കിണറ്റില്‍ വീണു. വനംവകുപ്പ് സ്ഥലത്തെത്തി, രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ആന കിണറ്റില്‍ വീണു കിടക്കുന്നുവെന്നാണ് വിവരം. എസ്റ്റേറ്റ് മേഖലയായതിനാലാണ് വിവരം പുറത്തറിയാന്‍ വൈകിയത്.
🔳കൊറോണ വൈറസിനെ തുരത്താന്‍ ചോണനുറുമ്പ് ചട്ണി ഉപയോഗപ്പെടുത്താനുള്ള കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം. കോവിഡ്-19 ചികിത്സയില്‍ ചോണനുറുമ്പ് ചട്ണി പ്രയോജനപ്പെടുത്താന്‍ സാധിക്കുമോയെന്ന് മൂന്നു മാസത്തിനുള്ളില്‍ അറിയിക്കണമെന്ന് ആയുഷ് മന്ത്രാലയം ഡയറക്ടര്‍ ജനറലിനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനും(സിഎസ്ഐആര്‍)ഒഡിഷ ഹൈക്കോടതി നിര്‍ദേശം നല്കി. വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധമായി ചോണനുറുമ്പ് ചട്ണി ഉപയോഗിക്കുന്നത് ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ സാധാരണമാണ്.
🔳പുതുവര്‍ഷ രാത്രിയില്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം ഓണ്‍ലൈന്‍ വഴി വാങ്ങിയത് പിസയും ബിരിയാണിയും. ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റോയ്ക്ക് ഓരോ മിനിറ്റിലും ലഭിച്ചത് 3,200 ഓര്‍ഡറുകളാണ്. ഒരു ഘട്ടത്തില്‍ അത് 4,100 വരെ ഉയര്‍ന്നുവെന്ന് സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തു.
🔳തിരക്കേറി വരുന്ന നഗരജീവിതത്തില്‍ ഹൈദരാബാദ്-സെക്കന്തരാബാദ് നിവാസികള്‍ക്ക് അനുഗ്രഹമായിത്തീര്ന്നിരിക്കുകയാണ് കണ്ട്ലകോയ ഓക്സിജന്‍ പാര്‍ക്ക്. ഹൈദരാബാദ്-സെക്കന്തരാബാദ് നഗരത്തിനടുത്ത് ഹൈദരാബാദ് മെട്രോ ഡെവലപ്പ്മെന്റ് അതോറിറ്റി പരിധിക്കുള്ളിലാണ് സുന്ദരവും വിശാലവുമായ ഓക്സിജന്‍ പാര്‍ക്ക്.
🔳പുതുവര്‍ഷത്തില്‍ യൂറോപ്യന്‍ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടന് സ്വതന്ത്രരാജ്യമായി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് 48 വര്‍ഷത്തെ ബന്ധമുപേക്ഷിച്ച് ബ്രിട്ടന് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന് വിട്ടത്. നാലരവര്‍ഷം നീണ്ട ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പുകള്‍ക്കും സംവാദങ്ങള്‍ക്കും ഇതോടെ വിരാമമായി.
🔳അമേരിക്കയിലേക്കുള്ള കുടിയേറ്റ, തൊഴില്‍ വിസാ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2021 മാര്‍ച്ച് വരെയാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്. അമേരിക്കന്‍ തൊഴിലാളികളെ' സംരക്ഷിക്കുക എന്ന കാരണം പറഞ്ഞ് 2020 ഏപ്രില്‍, ജൂണ്‍ മാസങ്ങളിലാണ് ട്രംപ് കുടിയേറ്റ, തൊഴില്‍ വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
🔳ഫൈസര്‍-ബയോണ്‍ടെക് നിര്‍മിച്ച കോവിഡ് വാക്സിന് അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യസംഘടനയുടെ അനുമതി. സംഘടന സാധുത നല്കുന്ന ആദ്യത്തെ വാക്സിനാണ് ഫൈസറിന്റേത്.
🔳സോഷ്യല്‍ മീഡിയയില്‍ വംശ വിരുദ്ധ ചുവയുള്ള സ്പാനിഷ് വാക്ക് ഉപയോഗിച്ചതിന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ യുറഗ്വായ് താരം എഡിന്‍സന്‍ കവാനിക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക്. വിലക്കിനൊപ്പം 1,00,000 പൗണ്ട് പിഴയും ചുമത്തിയിട്ടുണ്ട്.
🔳2021 ലേക്ക് കടന്നപ്പോള്‍ സാമ്പത്തികരംഗത്ത് വന്ന മാറ്റങ്ങളില്‍ പ്രധാനം ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടുകൊണ്ട് റിസര്‍വ് ബാങ്ക് അവതരിപ്പിച്ച 'പോസിറ്റീവ് പേ സിസ്റ്റം' ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്നതാണ്. 50,000 രൂപയില്‍ അധികം വരുന്ന ചെക്ക് ഇടപാടുകള്‍ക്കാണ് ഈ സംവിധാനം ബാധകമാകുക. മറ്റൊന്ന് ജി.എസ്.ടി.ആര്.-3 ബി-യില്‍ എല്ലാ മാസവും റിട്ടേണ്‍ നല്‍കിവരുന്ന അഞ്ചുകോടി രൂപ വരെ വിറ്റുവരവുള്ള ജി.എസ്.ടി നികുതിദായകര്‍ക്ക് മൂന്നു മാസം കൂടുമ്പോള്‍ റിട്ടേണ്‍ നല്കി, പ്രതിമാസം നികുതി അടയ്ക്കാന്‍ അനുവദിക്കുന്ന തരത്തില്‍ അവതരിപ്പിച്ചിട്ടുള്ള പദ്ധതി 'ക്വാര്‍ട്ടര്‍ലി റിട്ടേണ്‍' നിലവില്‍ വന്നു. 100 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള ബിസിനസ്-ടു-ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് ഇ-ഇന്‍വോയിസ് നിര്‍ബന്ധമാക്കി. നികുതിരഹിതമായവയുടെ കച്ചവടത്തിന് ഇത് ബാധകമല്ല. ഇന്നുമുതല്‍ 50 ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതിമാസ വിറ്റുവരവുള്ളവര്‍ കുറഞ്ഞത് ഒരു ശതമാനം നികുതി പണമായി അടയ്ക്കണം. രാജ്യത്ത് കളിപ്പാട്ടങ്ങള്‍ക്ക് ബി.ഐ.എസ്. സര്ട്ടിഫിക്കേഷന് നിര്‍ബന്ധമായി. പ്രധാന കാര്‍ ഉത്പാദകരെല്ലാം ജനുവരി ഒന്നു മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കും.
🔳ബജറ്റ് കരിയറായ ഗോ എയര്‍ യുഎഇയിലേക്ക് സര്‍വീസ് പ്രഖ്യാപിച്ചു. തിരിച്ച് ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്കും മറ്റു ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് ഉണ്ടാകും. കൊച്ചി, കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളിലേക്കും മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലേക്കും സര്‍വീസ് നടത്തുമെന്ന് ഗോഎയര്‍ പ്രഖ്യാപിച്ചു. ഇന്ന് മുതലാണ് എല്ലാ സര്‍വീസുകളും ആരംഭിക്കുക. എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള സര്‍വീസ് ആണ് ഗോ എയര്‍ യുഎഇയിലേക്ക് നടത്തുന്നത്. എല്ലാ സര്‍വീസുകളും എയര്‍ ബബിള്‍ കരാര്‍ പ്രകാരമാണ്.
🔳കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന കുറുപ്പിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ചിത്രം ഒ.ടി.ടി റിലീസിനെത്തുമെന്ന് നേരത്തേ അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാല്‍ തിയേറ്ററുകളിലൂടെ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്ന പ്രതീക്ഷയും ദുല്‍ഖര്‍ പങ്കുവച്ചു. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്.
🔳മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച് പുതിയ പ്രഖ്യാപനം. ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. മോഹന്‍ലാലും ആമസോണ്‍ പ്രൈം വീഡിയോയും ചേര്‍ന്ന് ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടു. ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത ദൃശ്യം 2 വില്‍ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്തര്, സായികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിര്‍മ്മിച്ചിരിക്കുന്നത്.
🔳ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ പ്രമുഖ പെയിന്റ് നിര്‍മ്മാതാക്കളായ നിപ്പോണ്‍ പെയിന്റുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇരു കമ്പനികളും തമ്മില്‍ മൂന്ന് വര്‍ഷത്തേയ്ക്കുള്ള കരാറാണ് ഒപ്പിട്ടിരിക്കുന്നത്. പങ്കാളിത്തത്തിന്റെ ഭാഗമായി, രാജ്യത്തുടനീളമുള്ള നിസാന്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് ഓണ്‍ലൈനില്‍ പെയിന്റ് ഓര്‍ഡര്‍ ചെയ്യാനും നിപ്പോണില്‍ നിന്ന് നേരിട്ട് സാധനങ്ങള്‍ സ്വീകരിക്കാനും കഴിയും. ബോഡി ഷോപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിപ്പോണ്‍ അതിന്റെ ടോപ്പ്-സ്പെക്ക് നക്സ്-പ്രീമില ശ്രേണി ഉത്പ്പന്നങ്ങള്‍ പ്രത്യേകമായി നല്‍കും. പ്രക്രിയ വളരെ വേഗത്തിലാക്കാനും മികച്ച ആസൂത്രണത്തിനും പുതിയ കൂട്ടുകെട്ട് വഴി സാധിക്കും.
🔳➖🔳➖🔳➖🔳➖🔳
Post a comment