താമരശ്ശേരി: താമരശ്ശേരി ടൗണിൽ നടന്നു വരുന്ന വാതക പൈപ്പ് ലൈൻ പ്രവർത്തി രാത്രി സമയത്ത് നടത്താൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കാരാടി കെ എസ് ആർ ടി സി ഡിപ്പോ മുതൽ ചുങ്കം ബി എസ് എൻ എൽ ജംഗ്ഷൻ വരെയുള്ള ഭാഗത്തു യന്ത്രങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള യാതൊരു പ്രവർത്തനങ്ങളും പകൽ സമയത്ത് നടത്തില്ല. ഈ ഭാഗത്തു രാത്രി 8 മണി മുതൽ രാവിലെ 8 മണി വരെയാണ് പ്രവർത്തി നടത്തുക.
പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതിന്റെ 150 മീറ്റർ അകലെ ഇരു വശങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. പൈപ്പ് സ്ഥാപിക്കൽ പൂർത്തീകരിച്ച കാരാടി കെ എസ് ആർ ടി സി ഡിപ്പോക്കു മുന്നിലും, ഫെഡറൽ ബാങ്കിന് മുന്നിലുമുള്ള കുഴി രണ്ടു ദിവസത്തിനകം അടക്കും. റോഡ് സുരക്ഷക്കായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും. ജോലികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാനും ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥർ ഗ്രാമ പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദു റഹിമാൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ അരവിന്ദൻ, എ പി സജിത്ത്, അനിൽ മാസ്റ്റർ, പ്രൊജക്റ്റ് അസോസിയേറ്റ് മാനേജർ അരുൺ വി പിള്ള, സേഫ്റ്റി മാനേജർ നിധിൻ നാസറുദ്ധീൻ എന്നിവർ പങ്കെടുത്തു.
ഇന്നലെ താമരശ്ശേരി ടൗണിൽ അപകട മരണം സംഭവിച്ച സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധികൃതരെ വിളിച്ചു വരുത്തിയത്.
Post a comment