18 January 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 18 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

*
സായാഹ്‌ന വാർത്തകൾ 
2021 ജനുവരി 18 | 1196 മകരം 05 | തിങ്കൾ | പൂരോരുട്ടാതി|📡
🔳➖🔳➖🔳➖🔳➖🔳

🔳റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി ക്രമസമാധാന വിഷയമാണെന്നും ഇക്കാര്യത്തില്‍ ഡല്‍ഹി പോലീസാണ് തീരുമാനമെടുക്കേണ്ടതെന്നും സുപ്രീം കോടതി. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഇടപെടില്ലെന്നും പ്രതിഷേധത്തില്‍ പൊലീസിന് ഉചിതമായ നടപടി എടുക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

🔳മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതിന് മുമ്പ് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങില്ലെന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. രാജ്യത്ത് കോവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

🔳പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുന്നതിനെക്കുറിച്ചും റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നെന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാട്സാപ്പ് ചാറ്റ് രേഖകള്‍ സൂചിപ്പിക്കുന്നു. പുല്‍വാമ ഭീകരാക്രമണം മോദിസര്‍ക്കാരിനും തന്റെ ചാനലിനും ഗുണംചെയ്യുമെന്ന് അര്‍ണബ് ചാറ്റില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നുമുണ്ട്. ഈ ആക്രമണത്തില്‍ നമ്മള്‍ ജയിച്ചുകഴിഞ്ഞു എന്നാണ് ഭീകരാക്രമണമുണ്ടായ ഉടനെ പാര്‍ഥോദാസ് ഗുപ്തയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തില്‍ അര്‍ണബ് പറയുന്നത്.

🔳വിവാദമായ വാട്‌സാപ്പ് ചാറ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ റിപ്പബ്ലിക്ക് ടി.വി. എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടി ആവശ്യപ്പെട്ട് ശിവസേന. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാവിവരങ്ങളുടെ ചോര്‍ച്ചയാണ് വാട്‌സാപ്പ് ചാറ്റുകളിലൂടെ വ്യക്തമാകുന്നതെന്നും സംഭവത്തില്‍ അര്‍ണബിനെതിരേ നടപടി വേണമെന്നുമാണ് ശിവസേനയുടെ ആവശ്യം.

🔳ദേശീയ പതാക ഉയര്‍ത്തിയും വൃക്ഷത്തൈകള്‍ നട്ടും റിപ്പബ്ലിക്ക് ദിനത്തില്‍ അയോധ്യയിലെ പള്ളിയുടെ ഔദ്യോഗിക നിര്‍മാണോദ്ഘാടനം നടത്തുമെന്ന് ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്. രാമക്ഷേത്രം പണിയുന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് പള്ളി പണിയുന്നത്. സുപ്രീം കോടതി വിധി പ്രകാരം പള്ളി പണിയാനായി സര്‍ക്കാര്‍ ധന്നിപ്പുര്‍ ഗ്രാമത്തില്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചിരുന്നു.

🔳സോണിയ ഗാന്ധിയുമായി നടന്നത് തുറന്നചര്‍ച്ച ആയിരുന്നെന്നും പാര്‍ട്ടിക്കുള്ളില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താമെന്ന് ഉറപ്പു ലഭിച്ചിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. എന്നാല്‍ ഇതുവരെ വിഷയത്തില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും എപ്പോഴാണ്, എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുക എന്ന കാര്യത്തില്‍  വ്യക്തത ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳കിഫ്ബി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍. കിഫ്ബി മസാല ബോണ്ട് കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കിഫ്ബി സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതയാണെന്നും മസാല ബോണ്ട് ബാഹ്യമായ കടമാണെന്നും സി.എ.ജി. റിപ്പോര്‍ട്ടിലുണ്ട്. കിഫ്ബിയുടെ കടമെടുപ്പ് ആകസ്മിക ബാധ്യതയാണെന്ന സര്‍ക്കാര്‍ നിലപാട് ആശ്ചര്യകരമാണെന്നും ഭരണഘടനാ വ്യവസ്ഥ പാലിക്കാതെയാണ് കിഫ്ബി വായ്പ എടുക്കലെന്നും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്.

🔳കെഎസ്ആര്‍ടിസി വിവാദത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. വിഷയത്തില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് എംഡി ബിജു പ്രഭാകറിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ബിജു പ്രഭാകറിനെ ഓഫീസിലേക്ക് വിളിപ്പിച്ചാണ് വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതേസമയം, കെ.എസ്.ആര്‍.ടി.സിയില്‍ പരിഷ്‌കരണ നടപടികള്‍ തുടരാന്‍ പിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ബിജുപ്രഭാകറിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

🔳വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡിഎഫിനേയും കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാന്‍ പദവിയും അദ്ദേഹത്തിന് നല്‍കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചുമതലയും ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെയാണ് ഏല്‍പിച്ചിരിക്കുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

🔳കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം കാര്യക്ഷമമാക്കാനുള്ള മാനദണ്ഡങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് ഏകദേശ രൂപം നല്‍കി. മികച്ച പ്രതിച്ഛായയും ജനപിന്തുണയുള്ളവരേയും സ്ഥാനാര്‍ത്ഥികളാക്കും. രണ്ടുതവണ തോറ്റവര്‍ക്കും നാലുതവണ വിജയിച്ചവര്‍ക്കും സീറ്റില്ല. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്ക് ഇളവുനല്‍കും. എം.പിമാരെ മത്സരിപ്പിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവരേയും പരിഗണിക്കില്ല.

🔳ബാര്‍ കോഴക്കേസില്‍ കോടതിയില്‍ എഡിറ്റ് ചെയ്ത ശബ്ദരേഖ ഹാജരാക്കിയതില്‍ ബിജു രമേശിനെതിരെ തുടര്‍നടപടിക്ക് ഉത്തരവ്. കൃത്രിമ രേഖകള്‍ നല്‍കിയതിന് ബിജു രമേശിനെതിരെ നടപടി എടുക്കാനാവില്ലെന്ന മജിസ്‌ട്രേട്ട് കോടതി ഉത്തരവ് ഹൈക്കോടതി തള്ളി.

🔳തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍  പ്രിസൈഡിംഗ് ഓഫീസറെ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ നിയമസഭയില്‍ എം.എല്‍.എയെ  ന്യായീകരിച്ച് മുഖ്യമന്ത്രി. കെ.കുഞ്ഞിരാമന്‍ അത്തരത്തില്‍ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ലെന്നും കള്ളവോട്ട് നടന്നൂവെന്ന ആരോപണം മറ്റെന്തോ ലക്ഷ്യം വെച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഫോണ്‍ബില്ലില്‍ നല്‍കി വരുന്ന ഇളവ് അഞ്ചില്‍ നിന്ന് 10 ശതമാനമാക്കി ബി.എസ്.എന്‍.എല്‍ വര്‍ധിപ്പിച്ചു. ലാന്‍ഡ് ഫോണുകള്‍ക്കും ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ക്കും മാത്രമുണ്ടായിരുന്ന ആനുകൂല്യം അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനായ എഫ്.ടി.ടി.എച്ച്നും ഇനി ലഭിക്കും. ഫെബ്രുവരി ഒന്നിനാണ് ഇവ പ്രാബല്യത്തില്‍ വരിക.

🔳പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകാന്‍  ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ഥോദാസ് ഗുപ്ത റിപ്പബ്ലിക് ടിവി സ്ഥാപകന്‍ അര്‍ണബ് ഗോസ്വാമിയുടെ സഹായം തേടിയതിന്റെ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്. അര്‍ണബ് ഗോസ്വാമിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വാട്‌സാപ്പ് ചാറ്റിലാണ് ഇത് സംബന്ധിച്ച പരാമര്‍ശം ഉള്ളത്. ടൈംസ് നൗ ആണ് ചാറ്റിലെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

🔳ഈ വര്‍ഷം അവസാനം നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശിവസേന തീരുമാനിച്ചുവെന്ന് ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.

🔳ഹിന്ദുസമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന മീം ട്വിറ്ററില്‍ ഷെയര്‍ ചെയ്തുവെന്നാരോപിച്ച് ബിജെപി നേതാവും മേഘാലയ മുന്‍ ഗവര്‍ണറുമായ തഥാഗത് റോയ് ബംഗാളി ടെലിവിഷന്‍ താരവും ഗായികയുമായ സായോനി ഘോഷിനെതിരെ പോലീസില്‍ പരാതി നല്‍കി. ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ അനുബന്ധ വകുപ്പനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്നും പ്രത്യാഘാതങ്ങള്‍ നേരിടാന്‍ താരം തയ്യാറെടുക്കണമെന്നും പരാതിയുടെ പകര്‍പ്പുള്‍പ്പടെ പോസ്റ്റ് ചെയ്ത് തഥാഗത് റോയ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

🔳പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും ചലച്ചിത്ര പിന്നണി ഗായകനുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ (89) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം കിടപ്പിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ബാന്ദ്രയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

🔳മുകേഷ് അംബാനിയുടെ ഇ-കൊമേഴ്‌സ് സംരംഭമായ ജിയോ മാര്‍ട്ടിനെ വാട്‌സാപ്പുമായി ബന്ധിപ്പിക്കുന്നു. 40 കോടി പേര്‍ ഉപയോഗിക്കുന്ന രാജ്യത്തെ ഏറ്റവും ജനകീയമായ മെസേജിങ് ആപ്പുവഴി ഗ്രാമങ്ങളില്‍പോലും അതിവേഗം സാന്നിധ്യമുറപ്പാക്കുകയാണ് റിലയന്‍സിന്റെ ലക്ഷ്യം. 2025ഓടെ 1.3 ലക്ഷം കോടി ഡോളര്‍മൂല്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഓണ്‍ലൈന്‍ റീട്ടെയില്‍മേഖല പിടിച്ചെടുക്കാനാണ് അംബാനിയുടെ ശ്രമം. വാട്‌സാപ്പുമായി കരാറിലെത്തി ഒരുമാസത്തിനകം ആദ്യഘട്ടത്തില്‍ 200 നഗരങ്ങളില്‍ ജിയോമാര്‍ട്ട് പ്രവര്‍ത്തനം തുടങ്ങി.

🔳സ്പാനിഷ് സൂപ്പര്‍ കപ്പിലെ കലാശപ്പോരാട്ടത്തില്‍ കരുത്തരായ ബാഴ്‌സലോണയെ അട്ടിമറിച്ച് അത്‌ലറ്റിക്ക് ബില്‍ബാവോയ്ക്ക് കിരീടം. അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബില്‍ബാവോയുടെ വിജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതോടെ ബാഴ്‌സയ്ക്ക് പൂര്‍ണമായും നിരാശയായിരുന്നു ഫലം. ബാഴ്‌സലോണ കരിയറില്‍ ഇതാദ്യമായാണ് മെസ്സിക്ക് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വരുന്നത്.

🔳ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് ജയം. ലങ്ക ഉയര്‍ത്തിയ 74 റണ്‍സ് വിജയലക്ഷ്യം അഞ്ചാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ലങ്കയെ 135 റണ്‍സിന് എറിഞ്ഞിട്ട ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഇരട്ട സെഞ്ചുറി മികവില്‍ 421 റണ്‍സെടുത്തിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 359 റണ്‍സെടുത്ത ശ്രീലങ്ക, ഇംഗ്ലണ്ടിനു മുന്നില്‍വെച്ചത് 74 റണ്‍സ് വിജയലക്ഷ്യമായിരുന്നു.

🔳ഓസ്ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 328 റണ്‍സ് വിജയലക്ഷ്യം. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ നാല് റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ഓസ്ട്രലിയയുടെ രണ്ടാമിന്നിംഗ്സ് 294 റണ്‍സില്‍ അവസാനിച്ചിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റേയും നാലു വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദുല്‍ താക്കൂറിന്റേയും മികവിലാണ് ഓസ്ട്രലിയയെ 294 ല്‍ ഒതുക്കാന്‍ ഇന്ത്യക്കായത്.

🔳ആഭ്യന്തര വിമാന സര്‍വീസ് മെച്ചപ്പെടുത്താനുള്ള നീക്കവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഫെബ്രുവരി 22 ന് ഡല്‍ഹിക്കും ലേയ്ക്കും ഇടയില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിട്ടുള്ളത്. 2021 ഫെബ്രുവരി 22 മുതല്‍ ദില്ലി-ലേ വിമാന സര്‍വീസ് ആരംഭിക്കുമെന്നും ഇതിനുള്ള ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞതായും വിമാന കമ്പനി വ്യക്തമാക്കി. ലഡാക്കിന്റെ തലസ്ഥാനമായ ലേ ഇന്ത്യയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടേക്ക് ഏറ്റവുമധികം വിനോദ സഞ്ചാരികളെത്തുന്നത്.

🔳വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. 'ലൈഗര്‍' എന്നാണ് ചിത്രത്തിന്റെ പേര്.  കടുവയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ബോക്‌സറുടെ വേഷത്തിലാണ് വിജയ് ഫസ്റ്റ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനന്യ പാണ്ഡെ ആണ് നായിക.  രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

🔳ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ ചെമ്പന്‍ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന 'അജഗജാന്തരം' ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ചിത്രം ഫെബ്രുവരി 26ന് തിയേറ്ററുകളില്‍ റിലീസിനെത്തും.  സാബുമോന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ടിറ്റോ വിത്സല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്ന് നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രം പറയുക.

🔳ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ പ്രീമിയം സെഡാന്‍ മോഡലായ സൂപ്പര്‍ബ് കൂടുതല്‍ ഫീച്ചറുകളുമായി വീണ്ടും അവതരിപ്പിച്ചു. സ്‌പോര്‍ട്‌സ് ലൈന്‍, ലോറിന്‍ ആന്‍ഡ് ക്ലെമന്റ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തുന്ന 2021 സ്‌കോഡ സൂപ്പര്‍ബിന് യഥാക്രമം 31.99 ലക്ഷം രൂപ മുതല്‍ 34.99 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില.
🔳➖🔳➖🔳➖🔳➖🔳

Post a comment

Whatsapp Button works on Mobile Device only