30 January 2021

പ്രഭാത വാർത്തകൾ
(VISION NEWS 30 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകപ്രഭാത വാർത്തകൾ
2021 ജനുവരി 30 | 1196 മകരം 17 | ശനി | മകം|
➖➖➖➖➖➖➖➖

🔳കര്‍ഷകരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇന്നു മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍നിന്ന് പിന്മാറുന്നതായി ഗാന്ധിയന്‍ അണ്ണാ ഹസാരെ. മുതിര്‍ന്ന ബി.ജെ.പി. നേതാവും മഹാരാഷ്ട്രാ മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയും ഫഡ്‌നാവിസും റാലേഗാവ് സിദ്ധിയിലെത്തി അദ്ദേഹത്തെ അനുനയിപ്പിക്കാനും നിരാഹാര സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് പ്രഖ്യാപനം.

🔳റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷക സംഘടനകള്‍ പോലീസിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ പരോക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ചെങ്കോട്ടയില്‍ പ്രവേശിക്കാന്‍ പ്രക്ഷോഭകരെ അനുവദിച്ചത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും അവ ചവറ്റുകൊട്ടയില്‍ എറിയുകയും ചെയ്യുക എന്നതാണ് പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരമെന്നും രാഹുല്‍ നിര്‍ദേശിച്ചു.


🔳ഡല്‍ഹി അബ്ദുള്‍ കലാം റോഡിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്ഫോടനം. ഇന്നലെ വൈകുന്നേരം 5.15 ഓടെ എംബസിക്ക് മുന്നിലുള്ള നടപ്പാതയിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ അഞ്ചു കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു.  പ്രത്യേക പോലീസ് സേന സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല.

🔳കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാനും രാത്രികളിലെ അനാവശ്യ യാത്രകള്‍ തടയാനും പോലീസ് പരിശോധന ശക്തമാക്കി. ഇതിനായി മുഴുവന്‍ സേനാംഗങ്ങളെയും വിന്യസിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി. ഫെബ്രുവരി 10 വരെയാണ് നിയന്ത്രണം. ആള്‍ക്കൂട്ടം ഉണ്ടാകാനിടയുള്ള മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും. രാത്രി പത്തിനുശേഷം അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ.

🔳കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി സെക്രട്ടേറിയേറ്റ് ജീവനക്കാര്‍. സെക്രട്ടേറിയറ്റ് കാന്റീന്‍ തിരഞ്ഞെടുപ്പിന് കൂട്ടം കൂടിയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ജീവനക്കാര്‍ ലംഘിച്ചത്. സെക്രട്ടേറിയേറ്റിലെ ഡര്‍ബാര്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ജീവനക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നതിന്റെയും തിരക്ക് കൂട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

🔳സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിച്ച സ്ഥലമായി കേരളം മാറിയെന്നും കോവിഡ് കണക്കുകളിലും ടെസ്റ്റുകളിലും സര്‍ക്കാര്‍ കള്ളത്തരം കാണിച്ചെന്നും ബെന്നി ബെഹനാന്‍.

🔳സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വര്‍ധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.കുറഞ്ഞ ശമ്പളം 23,000 രൂപയാക്കി വര്‍ധിപ്പിക്കാനും പുതുക്കിയ ശമ്പളത്തിന് 2019 ജൂലായ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടിയ ശമ്പളം 1,66,800 രൂപ ആണ്. കുറഞ്ഞ ഇന്‍ക്രിമെന്റ് 700 രൂപയും കൂടിയത് 3400 രൂപയും ആയിരിക്കും.

🔳എന്തുകൊണ്ട് ജമാത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കി, എന്തുകൊണ്ട് ബിജെപിക്ക് വോട്ട് കൊടുത്തു എന്നീ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസിന് ഉത്തരമില്ലെന്നും ചോദ്യം ചോദിച്ചവരെ വര്‍ഗീയ വാദികളാക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ബിജെപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാല്‍, ചൂണ്ടിക്കാണിച്ചവരെ വര്‍ഗീയവാദികളാക്കുന്നു. മുസ്ലീം മതമൗലികവാദികളുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കി ലാഭമുണ്ടാക്കുന്നു എന്ന് വിമര്‍ശിച്ചാല്‍, വിമര്‍ശിച്ചവര്‍ വര്‍ഗീയ വാദികളാകുന്നു. വിചിത്രമായ ഈ വാദങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

🔳വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേതാക്കള്‍ കൂട്ടത്തോടെ മത്സരരംഗത്തുണ്ടാവില്ല. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രചാരണം നയിക്കാന്‍ നിയോഗിക്കപ്പെടുന്നതിനാല്‍ മത്സരിക്കാന്‍ സാധ്യതയില്ല. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നേതാക്കളെല്ലാം മത്സരരംഗത്തുവന്നതിനാല്‍ പ്രചാരണം നയിക്കാന്‍ ആളില്ലാത്ത സ്ഥിതി തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.

🔳ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹി യോഗത്തില്‍ നിന്ന് ശോഭ സുരേന്ദ്രന്‍ വിട്ടുനിന്നു. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാതെ യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് ശോഭയുടെ നിലപാട്. എന്നാല്‍ ശോഭ സുരേന്ദ്രനുമായി യാതൊരു പ്രശ്നവുമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

🔳സംസ്ഥാനത്ത് ഇന്നലെ 29,249 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 376 ആക്കി വര്‍ധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി. ഇതോടെ വാക്സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 1,36,473 ആയി.

🔳ഫെബ്രുവരി ആദ്യ ആഴ്ച മുതല്‍ കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിന്‍ വിതരണവും ഇതിനൊപ്പം തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു.

🔳കേരളത്തില്‍ ഇന്നലെ 58,815 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3704 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5647 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 455 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6398 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 72,239 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസര്‍ഗോഡ് 120.

🔳സംസ്ഥാനത്ത് ഇന്നലെ 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 400 ഹോട്ട് സ്‌പോട്ടുകള്‍.

🔳അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ഡി.ജി.പി. ടോമിന്‍ തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ച് തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. തച്ചങ്കരി പ്രതിയായ കേസിലാണ് പുനരന്വേഷണം. നേരത്തേ നടത്തിയ അന്വേഷണത്തില്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ ഈ അന്വേഷണത്തില്‍ തന്റെ ഭാഗം കേള്‍ക്കാനോ രേഖകള്‍ പരിശോധിക്കാനോ തയ്യാറായില്ലെന്ന് കാണിച്ച് തച്ചങ്കരി സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് വിജിലന്‍സിലെ പ്രത്യേകസംഘത്തോട് തുടരന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്.

🔳അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. സുരാജ് വെഞ്ഞാറമൂട് മികച്ച നടനും കനി കുസൃതി മികച്ച നടിക്കുമുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു മികച്ച സംവിധായകനുള്ള പുരസ്‌കാരം. വിവിധ വിഭാഗങ്ങളിലായി 53 അവാര്‍ഡുകളാണ് ചടങ്ങില്‍  വിതരണം ചെയ്തത്. ഇന്നലെ വൈകിട്ട് ആറിന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പുരസ്‌കാര വിതരണം.

🔳ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ഒന്‍പത്, 11 ക്ലാസുകളിലെ അധ്യയനം വെള്ളിയാഴ്ച മുതല്‍ തുടങ്ങും. വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ അറിയിച്ചതാണ് ഇക്കാര്യം. കോളേജുകളും ഡിഗ്രി - ഡിപ്ലോമ ഇന്‍സ്റ്റിറ്റ്യൂട്ടുകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ അനുമതി പത്രവുമായി എത്തണമെന്നും പരീക്ഷ നടത്തുന്ന കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ വിശദമായ പദ്ധതി തയ്യാറാക്കുമെന്നും സിസോദിയ പറഞ്ഞു.

🔳മുംബൈ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഫെബ്രുവരി 1 മുതല്‍ നിശ്ചിത സമയങ്ങളില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് അറിയിച്ചു. നേരത്തെ, കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ നിര്‍ത്തിവെച്ചിരുന്ന ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുഃനരാരംഭിച്ചിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്ക് അനുവാദം നല്‍കിയിരുന്നില്ല.

🔳തൃണമുല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രാജീബ് ബാനര്‍ജി എംഎല്‍എ സ്ഥാനവും രാജി വെച്ചു. മമത മന്ത്രിസഭയില്‍ നിന്ന് രാജി വെച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് എംഎല്‍എ സ്ഥാനവും രാജിബ് ഒഴിയുന്നത്. വനംവകുപ്പ് മന്ത്രിയായിരുന്ന രാജിബിന്റെ രാജി ബി.ജെ.പിയില്‍ ചേരുന്നതിന്റെ മുന്നൊരുക്കമാണെന്ന് നേരത്തെ അഭ്യൂഹം ഉയര്‍ത്തിയിരുന്നു.

🔳ജമ്മു കശ്മീരിലെ അവന്തിപോരയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടല്‍. മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

🔳ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ചത് 10,464 കോവിഡ് രോഗികള്‍. മരണം 100. ഇതോടെ ആകെ മരണം 1,54,147 ആയി. ഇതുവരെ 1,07,31,435 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.68 ലക്ഷം കോവിഡ് രോഗികള്‍.

🔳ഇന്ത്യയില്‍ ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 60 ശതമാനം രോഗികളും കേരളത്തില്‍. കേരളത്തില്‍ ഇന്നലെ 6268 കോവിഡ് രോഗികള്‍. മഹാരാഷ്ട്രയില്‍ 2,771 പേര്‍ക്കും ഡല്‍ഹിയില്‍ 249 പേര്‍ക്കും തമിഴ്‌നാട്ടില്‍ 509 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. പശ്ചിമബംഗാളിലേയും കര്‍ണാടകയിലേയും ആന്ധ്രയിലേയും കോവിഡ് സംബന്ധിച്ച കണക്കുകള്‍ ലഭ്യമല്ല.

🔳ആഗോളതലത്തില്‍ ഇന്നലെ 5,36,327 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,35,079 പേര്‍ക്കും ബ്രസീലില്‍ 58,691 പേര്‍ക്കും സ്പെയിനില്‍ 38,118 പേര്‍ക്കും ഇംഗ്ലണ്ടില്‍ 29,079 പേര്‍ക്കും ഫ്രാന്‍സില്‍ 22,858 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 10.25 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.60 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 13,793 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,880 പേരും മെക്സിക്കോയില്‍ 1,506 പേരും ഇംഗ്ലണ്ടില്‍ 1,245 പേരും ബ്രസീലില്‍ 1,099 പേരും ജര്‍മനിയില്‍ 832 പേരും ദക്ഷിണാഫ്രിക്കയില്‍ 528 പേരും  റഷ്യയില്‍ 534 പേരും സ്പെയിനില്‍ 513 പേരും ഫ്രാന്‍സില്‍ 510 പേരും ഇന്നലെ മരിച്ചു.  ഇതോടെ മൊത്തം 22.13 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച സിംഗിള്‍-ഡോസ് കോവിഡ് വാക്‌സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 66 ശതമാനം ഫലപ്രാപ്തി കാണിച്ചതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. വാക്സിന്‍ മൂന്ന് രാജ്യങ്ങളിലായി 44,000 ഓളം സന്നദ്ധപ്രവര്‍ത്തകരിലാണ് പരീക്ഷിച്ചത്.

🔳ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് പാസ്‌പോര്‍ട്ടിനെ സാധുവായ ഒരു യാത്രാ രേഖയായോ തിരിച്ചറിയല്‍ രേഖയായോ അംഗീകരിക്കില്ലെന്ന് ചൈന. ദശലക്ഷക്കണക്കിന് ഹോങ്കോങ് നിവാസികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് യുകെയില്‍ താമസിക്കാനും ജോലിചെയ്യാനും സൗകര്യമൊരുക്കുന്നതാണ് ബിഎന്‍ഒ പാസ്പോര്‍ട്ട്. തുടര്‍ന്ന് ഇവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം.
പ്രദേശം വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഹോങ്കോങ്  നിവാസികള്‍ക്ക് ദീര്‍ഘകാല സങ്കേതം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം വാഗ്ദാനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ചൈനയുടെ നയം മാറ്റം.

🔳യുഎഇയില്‍ നിന്ന് നേരിട്ടുള്ള യാത്രാവിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തി. ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടായ ദുബായ്-ലണ്ടന്‍ സര്‍വീസുകളെ ബാധിക്കുന്നതാണ് തീരുമാനം.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യുഎഇയെ കൂടാതെ ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളേയും കോവിഡ് യാത്രാ നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ബ്രിട്ടീഷ് അധികൃതര്‍ അറിയിച്ചു.

🔳ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിലെ തന്റെ മൂന്നാം മത്സരത്തില്‍ ആശ്വാസ ജയം സ്വന്തമാക്കി ഇന്ത്യന്‍ താരം പി.വി സിന്ധു. മൂന്നാം മത്സരത്തില്‍ തായ്‌ലന്‍ഡ് താരം പോണ്‍പാവീ ചോചുവോങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്.

🔳ആവേശം നിറഞ്ഞ മത്സരത്തില്‍ കരുത്തരായ ഗോവയെ സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍. ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞു. ഗോവയ്ക്കായി ഇഗോര്‍ അംഗൂളോയും ഈസ്റ്റ് ബംഗാളിനായി ഡാനിയേല്‍ ഫോക്‌സും ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ഗോവ പത്തുപേരായി ചുരുങ്ങിയിട്ടും അവസരം മുതലാക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല.

🔳കൊറോണയില്‍ ഖാദി ബോര്‍ഡിനും തുണയായി 'മാസ്‌ക്'. മാര്‍ച്ച് മുതല്‍ ഇതുവരെ ഖാദി ബോര്‍ഡ് വിറ്റഴിച്ചത് 25 കോടി രൂപയുടെ മാസ്‌ക്. ഇതില്‍ 23 കോടി രൂപയുടെ മാസ്‌ക് ഓര്‍ഡറും സംസ്ഥാന സര്‍ക്കാരിന്റേതായിരുന്നു. 2 കോടി രൂപയുടെ ഓര്‍ഡര്‍ മറ്റുള്ളവരില്‍ നിന്നു വന്നതാണ്. 2.5 കോടി മാസ്‌കാണ് ഇതുവരെ ബോര്‍ഡ് നിര്‍മിച്ചത്. ഒരു മീറ്റര്‍ തുണിയില്‍ നിന്ന് 20 മാസ്‌ക് വീതം നിര്‍മിച്ചു. സര്‍ക്കാരിന് 12.50 രൂപയ്ക്കാണു മാസ്‌ക് വിറ്റത്. ഷോറൂം മുഖേനയുള്ള വില്‍പനയില്‍ തുണിയുടെ വിലയ്ക്കനുസരിച്ചു മാറ്റം വന്നിട്ടുണ്ട്.

🔳സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ വിദ്യാശ്രീ വഴി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു ലാപ്‌ടോപ്പുകള്‍ നല്‍കുക കൊക്കോണിക്‌സ്, ഏയ്‌സര്‍, ലെനോവോ കമ്പനികള്‍. ഐടി മിഷന്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി. ഈ കമ്പനികളെ എംപാനല്‍ ചെയ്യും. സര്‍ക്കാരിനു ഓഹരി പങ്കാളിത്തമുള്ള കൊക്കോണിക്‌സിന്റെ ലാപ്‌ടോപ്പിന് 14,990 രൂപ, ഏയ്‌സര്‍ 17,883 രൂപ, ലെനോവോ 18,000 രൂപ എന്നിങ്ങനെയാണു നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. ഒരു ലാപ്‌ടോപ്പിനു 18,000 രൂപ വരെ ഈടാക്കാനാണു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ഫെബ്രുവരിയില്‍ ആദ്യ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കും. ഇതു ലഭിച്ചു 12 ആഴ്ചയ്ക്കകം കമ്പനികള്‍ ലാപ്‌ടോപ് ലഭ്യമാക്കണമെന്നാണു വ്യവസ്ഥ.

🔳ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 'കെജിഎഫ് ചാപ്റ്റര്‍ 2'  ജൂലൈ 16ന് തിയേറ്ററില്‍ റിലീസ് ചെയ്യും. യഷ് നായകനാകുമ്പോള്‍ കൊടും വില്ലന്‍ അധീരയായി വേഷമിടുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 1951 മുതല്‍ വര്‍ത്തമാനകാലം വരെയുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. കോലര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പിരിഡ് ഡ്രാമയാണ് കെജിഎഫ് കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. രവീണ ടണ്ടണ്‍, സഞ്ജയ് ദത്ത് എന്നീ ബോളിവുഡ് താരങ്ങളും കെജിഎഫ് 2വില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആദ്യ ഭാഗത്തില്‍ നായികയായ ശ്രീനിഥി ഷെട്ടിയും രണ്ടാം ഭാഗത്തില്‍ വേഷമിടുന്നുണ്ട്.

🔳തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് 'തലൈവി'ക്ക് ശേഷം ഇന്ദിര ഗാന്ധി ആയി വേഷമിടാന്‍ ഒരുങ്ങി കങ്കണ റണൗട്ട്. സംവിധായകന്‍ സൗയ് കബിര്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഇന്ത്യയുടെ പ്രഥമ മുഖ്യമന്ത്രി ഇന്ദിര ഗാന്ധിയായി കങ്കണ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇന്ദിര ഗാന്ധിയുടെ ബയോപിക് ആയല്ല ചിത്രം ഒരുങ്ങുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, എമര്‍ജന്‍സി പിരീഡ് എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുമുണ്ട്. തിരക്കഥ അവസാനഘട്ടത്തിലാണ്.

🔳ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലായ കോംപസിന്റെ പുതിയ പതിപ്പിനെ വിപണിയില്‍ പുറത്തിറക്കിയിരിക്കുകയാണ് ജീപ്പ് ഇന്ത്യ.  ജനുവരി രണ്ടാംവാരം അനാവരണം ചെയ്ത 2021 കോംപസ് എസ്യുവിയുടെ വിലയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 16.99 ലക്ഷം മുതല്‍ 28.29 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

🔳ഓര്‍മ്മകളിലൂടെ ജീവിത്ത്തിന്റെ കഥ പറയുകയാണ് ഗ്രന്ഥകാരന്‍.എത്ര എഴുതിയാലും തീരാത്ത പുസ്തകങ്ങളാണ് ജീവിതമെന്ന മഹാഗ്രന്ഥത്തിലുള്ളത്. 'ഒരു പ്രവാസിയുടെ ഓര്‍മ്മകള്‍'. വി.ബി അജിത് രാജ്. ഗ്രീന്‍ ബുക്സ്. വില 266 രൂപ.

🔳കോവിഡ് ബാധിച്ച് രോഗമുക്തരായവരില്‍ പ്രകൃതിദത്തമായി ഉണ്ടാകുന്ന രോഗപ്രതിരോധമാണോ വാക്‌സീന്‍ മൂലമുണ്ടാകുന്ന പ്രതിരോധമാണോ മികച്ചത്? കോവിഡ് വാക്‌സീന്‍ വിതരണം തുടങ്ങിയത് മുതല്‍ പലരും ഉന്നയിച്ച സംശയമാണിത്. കോവിഡ് വന്നു പോയവര്‍ ഇനി വീണ്ടും വാക്‌സീന്‍ എടുക്കേണ്ടതുണ്ടോ എന്നതെല്ലാം ഇതിനോട് അനുബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങളാണ്. പ്രകൃതിദത്തമായുള്ള രോഗപ്രതിരോധമാണ് വാക്‌സീന്‍ വഴിയുള്ള പ്രതിരോധത്തേക്കാല്‍ മികച്ചതെന്ന് മുംബൈ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡോ. സന്ദീപ് പട്ടീല്‍ അഭിപ്രായപ്പെടുന്നു. പക്ഷേ, ഇത് ലഭിക്കാന്‍ വേണ്ടി കോവിഡ് ബാധിതനാകുക എന്ന റിസ്‌ക് എടുക്കണോ എന്നതാണ് ചോദ്യം. പ്രകൃതിദത്തമായ പ്രതിരോധം നല്ലതാണെങ്കിലും വാക്‌സീന്‍ ലഭ്യമാണെങ്കില്‍ അതെടുക്കാന്‍ മടിക്കരുതെന്ന് പകര്‍ച്ചവ്യാധി വിദഗ്ധരെല്ലാം അഭിപ്രായപ്പെടുന്നു. പ്രകൃതിദത്ത പ്രതിരോധം പോലെതന്നെ ദീര്‍ഘകാല രോഗപ്രതിരോധം നല്‍കുന്നവയാണ് വാക്‌സീനുകളും. വിവിധ രാജ്യങ്ങളിലെ മരുന്ന് നിയന്ത്രണ അധികാരികളുടെ അനുമതി ലഭിച്ച വാക്‌സീനുകളുടെ സുരക്ഷയെയും ഫലപ്രാപ്തിയെയും പറ്റി സംശയത്തിനും വകയില്ല. കോവിഡിനെതിരെ പ്രകൃതിദത്ത പ്രതിരോധം തീര്‍ക്കുന്നത് ശരീരത്തിലെ ബി കോശങ്ങളും ടി കോശങ്ങളുമാണ്. എന്നാല്‍ ഇവ നല്‍കുന്ന പ്രതിരോധം എത്ര നാള്‍ നീണ്ടു നില്‍ക്കും എന്നത് സംബന്ധിച്ച് വ്യത്യസ്തമായ ഗവേഷണ റിപ്പോര്‍ട്ടുകളാണുള്ളത്. നേരെ മറിച്ച് ഒരു ജനസംഖ്യയില്‍ 65 മുതല്‍ 70 വരെ ശതമാനം പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന അനുമാനിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
1925 ല്‍ മഹാരാഷ്ട്രയിലെ ഗോന്ദൂര്‍ എന്ന കര്‍ഷകഗ്രാമത്തിലാണ് റാം സുതര്‍ ജനിച്ചത്.  8 മക്കളില്‍ രണ്ടാമന്‍.  മരപ്പണിയും കാര്‍ഷികോല്‍പ്പന്ന നിര്‍മ്മാണവുമായിരുന്നു കുലത്തൊഴില്‍.  കുഞ്ഞ് റാം സുതല്‍ അച്ഛന്റെ ആലയില്‍ മരക്കഷ്ണങ്ങിലും പിന്നെ കളിമണ്ണിലും ധാരാളം ഗണേശവിഗ്രഹങ്ങള്‍ ഉണ്ടാക്കുമായിരുന്നു.  സ്‌കൂളിലെത്തിയപ്പോഴേക്കും വരയിലും ശില്‍പനിര്‍മ്മാണത്തിലും റാം മിടുക്കനായി.  അന്ന് ഗ്രാമങ്ങളില്‍ അഗാഡകള്‍ക്ക് വലിയ പ്രാധാന്യമുണ്ടായിരുന്ന കാലമായിരുന്നു. ശാരീരിക ആരോഗ്യത്തിന് ആളുകള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു.  അതുകൊണ്ട് തന്നെ ശാരീരികാഭ്യാസത്തിനും പഠനങ്ങള്‍ക്കുമായി ധാരാളം പേര്‍ അഗാഡകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.  അങ്ങനെ ആളുകളെ ബോധവത്കരിക്കാന്‍ ബോഡി ബില്‍ഡറുടെ ഒരു പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിച്ചായിരുന്നു റാംമിന്റെ ശില്പകലയിലേക്കുള്ള രംഗപ്രവേശം.  അതിനിടെ ഗാന്ധിജി കൊല്ലപ്പെട്ടു,  ഒരു ഗാന്ധിയനായ റാം മഹാരാഷ്ട്രയുടെ പല സ്‌കൂളുകള്‍ക്ക് മുമ്പിലും ഗാന്ധിജിയുടെ അര്‍ദ്ധകായ പ്രതിമകള്‍ തീര്‍ത്തു.   അച്ഛന്റെ മരണം വീടിനെ സാമ്പത്തിക പ്രതിസന്ധിയിലേക്കെത്തിച്ചു.  ചിത്രകലയും ശില്പകലയുമായിരുന്നു ഇഷ്ടമെങ്കിലും അതുപേക്ഷിച്ച് കുടുബത്തിന് വേണ്ടി ഒരു ജോലിയ്ക്ക് പോകാന്‍ അദ്ദേഹം നിര്‍ബന്ധിക്കപ്പെട്ടു.  അങ്ങനെ ജെജെ കോളേജ് ഓഫ് ആര്‍ട്സില്‍ സ്വര്‍ണമെഡലോടെ ഡിപ്ലോമ പാസ്സായ റാമിനെ തേടി ഇന്ത്യന്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിലെ സര്‍ക്കാര്‍ ജോലി എത്തി. പിന്നീട് 1958ല്‍ ഡല്‍ഹിയിലെ വാര്‍ത്താവിതരണ മന്ത്രാലയത്തിനു കീഴില്‍ മോഡലറായി ജോലി. നല്ല ശമ്പളമുണ്ടെങ്കിലും റാംമിന്റെ മനസ്സ് മുഴുവന്‍ ചിത്രകലയിലും ശില്പകലയിലുമായിരുന്നു.  അവസാനം അന്നത്തെ കാലത്തെ വലിയ ശമ്പളം മറന്ന് തന്റെ ഇഷ്ടമായ ശില്പകലയിലേക്ക് ഇറങ്ങി. പ്രതിസന്ധികള്‍ ധാരാളം കടന്നുവന്നെങ്കിലും റാം സുതര്‍ തന്റെ ശില്പകലയില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്തി.  ഗാന്ധിസാഗര്‍ അണക്കെട്ടിനു സമീപമുള്ള ചമ്പല്‍ദേവിയുടെ പ്രതിമ , ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്നിലുള്ള ധ്യാനനിമഗ്‌നനായ ഗാന്ധി പ്രതിമ, ശ്രീപെരുമ്പത്തൂരിലെ രാജീവ്ഗാന്ധിയുടെ ജീവിതവീക്ഷണങ്ങള്‍ ചേര്‍ത്തുവെച്ച 7 സ്തൂപങ്ങളുടെ സ്മാരകം, ഗാന്ധിജി, പട്ടേല്‍, നെഹ്റു, അംബേദ്കര്‍, ഭഗത് സിംഗ് എന്നിങ്ങനെ ചരിത്രം സൃഷ്ടിച്ച ഒരുപാട് മഹാമനുഷ്യരുടെ ഓര്‍മ്മകള്‍,  കല്ലും വെങ്കലവും കൊണ്ട് അവര്‍ക്ക് ജീവന്‍ നല്‍കിയ രാജശില്പി എന്ന് റാം സുതര്‍നെ നമുക്ക് എഴുതിച്ചേര്‍ക്കാം.  പക്ഷേ, ലോകം ഇന്ന് റാമിനെ മറ്റൊരു പേരിലാണ് ഏറ്റവും കൂടുതല്‍ അറിയുന്നത്,  ലോകത്തെ തന്നെ ഏറ്റവും വലിയ പ്രതിമയെന്ന ഖ്യാതിയോടെ ഗുജറാത്തിലെ നര്‍മ്മദ നദിയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ശില്പി എന്ന പേരില്‍.  രാജ്യം അദ്ദേഹത്തെ പത്ഭൂഷണും പത്മശ്രീയും നല്‍കി ആദരിച്ചു.  95-ാം വയസ്സിലും തനിക്കേറ്റവും ഇഷ്ടപ്പെട്ട ജോലി അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.  എത്ര പ്രതിസന്ധികളിലും നാം കേള്‍ക്കുന്ന ശബ്ദം നമ്മുടെ മനസ്സിന്റേതാകട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only