14 ജനുവരി 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 14 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


*സായാഹ്‌ന വാർത്തകൾ*
2021 ജനുവരി 14 | 1196 മകരം 1 | വ്യാഴം | തിരുവോണം|

🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ റാലി ഡല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ മാത്രമായിരിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ചെങ്കോട്ടയില്‍ സമരം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും അവര്‍ വ്യക്തമാക്കി. കര്‍ഷക സമരത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന വിഘടനവാദ ഘടകങ്ങളില്‍നിന്ന് അകലം പാലിക്കണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ബല്‍ബീര്‍ രജേവാള്‍ കര്‍ഷകരോട് പറഞ്ഞു.

🔳വിവാദ കാര്‍ഷിക നിയമങ്ങള്‍ രൂപവത്കരിക്കുന്നതിനു മുന്‍പ് ഇതുമായി ബന്ധപ്പട്ട് നടന്ന കൂടിയാലോചനകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാതെ കേന്ദ്ര കൃഷിമന്ത്രാലയം. വിഷയം കോടതിക്കു മുന്‍പാകെയാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടി നിഷേധിച്ചത്.

🔳കോവിഡ് വാക്‌സിന്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായാല്‍ നിയമപരമായ ബാധ്യത വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് ആയിരിക്കും. സര്‍ക്കാരും ബാധ്യത ഏറ്റെടുക്കണമെന്ന വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി.

🔳കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയ ഫൈസര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ നിര്‍ബന്ധമായും അനുബന്ധ പ്രാദേശിക പഠനം കൂടി നടത്തണമെന്നും എങ്കില്‍ മാത്രമേ അനുമതിക്കായി പരിഗണിക്കുകയുള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ ഫൈസര്‍ പ്രതികരിച്ചിട്ടില്ല.

🔳സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. പി.ടി. തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ നിങ്ങളൊരു കമ്യൂണിസ്റ്റാണോ എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി.ടി. തോമസ് ചോദിച്ചു. എം.ശിവശങ്കര്‍ വെറുതേ വന്നതല്ലെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായുള്ള ബന്ധം ലാവ്‌ലിന്‍ കാലത്ത് തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.

🔳പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പി.ടി.തോമസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി താന്‍ യു.എ.പി.എ കേസില്‍ പ്രതിയാകണമെന്ന മോഹം പ്രതിപക്ഷത്തിനുണ്ടെന്നും എന്നാല്‍ അതൊരു മോഹമായി തന്നെ അവശേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ആര്‍. ഏജന്‍സികളല്ല തന്നെ പിണറായി വിജയനാക്കിയത്. അഭിമാനിക്കാന്‍ വകയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി കസേരയില്‍ ഞെളിഞ്ഞിരിക്കുന്നത്. താനൊരു പ്രത്യേക ജനുസാണെന്ന് സ്വയം വിശേഷിപ്പിച്ച മുഖ്യമന്ത്രി പ്രതിപക്ഷം ശപിച്ചാല്‍ അധോലോക നായകനാകില്ലെന്നും പറഞ്ഞു.

🔳താന്‍ ഒരു വലിയ സംഭവമാണെന്ന് മുഖ്യമന്ത്രി തന്നെ പറയേണ്ടിയിരുന്നില്ലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താനൊരു പ്രത്യേക ജനുസാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് ചെന്നിത്തലയുടെ പരിഹാസത്തിന് കാരണമായത്. ഇത്രയും തള്ള് തള്ളേണ്ടിയിരുന്നില്ലെന്നും കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പറഞ്ഞു.

🔳അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്ന-നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവെച്ചു. ജനുവരി 16-ല്‍നിന്ന് ജനുവരി 31 ലേക്കാണ് പോളിയോ മരുന്നു നല്‍കാനുള്ള ദിവസം മാറ്റിവെച്ചത്. ജനുവരി 16-ന് രാജ്യമെമ്പാടും കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

🔳കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വാക്‌സിനേഷനെക്കുറിച്ചുള്ള കേന്ദ്ര തീരുമാനം വ്യക്തമല്ലാത്തതിനാല്‍ ഇക്കാര്യത്തേക്കുറിച്ച് പറയാനാകില്ല. കേന്ദ്രം സൗജന്യമായി തന്നില്ലെങ്കിലും കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം ചുരുങ്ങിയ വിലയ്ക്ക് നല്‍കിയാല്‍ നമ്മള്‍ അത്രയും പൈസ മുടക്കിയാല്‍ മതിയെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റില്‍ നികുതി ഭാരമുണ്ടാകില്ലെന്നും ഇളവുകളുമുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു.

🔳യുവതലമുറയെ ആകര്‍ഷിക്കാനും സ്വാധീനിക്കാനുമിടയുള്ള ചില വ്യക്തികള്‍ മയക്കുമരുന്നിന് അടിമകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം വ്യക്തികള്‍ അതില്‍ നിന്ന് പിന്തിരിയണമെന്നും സ്വയം ചികിത്സയ്ക്ക് തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെയാണ് സംസ്ഥാനത്ത് ലഹരിമരുന്നുപയോഗം വര്‍ധിക്കുന്നതെന്നും ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳ഡോളര്‍ കടത്തുകേസില്‍ പ്രവാസി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. മലപ്പുറം സ്വദേശി കിരണിനെയാണ് ചോദ്യം ചെയ്യുന്നത്. മസ്‌ക്കറ്റില്‍ ഇയാള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനം ഉണ്ട്. കിരണ്‍ തിരവനന്തപുരത്ത് വര്‍ഷങ്ങളായി സ്ഥിരതാമസക്കാരനാണ്. വിദേശത്ത് ഇയാള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

🔳നെയ്യാറ്റിന്‍കരയില്‍ ദമ്പതിമാരുടെ മരണത്തിന് കാരണമായ സംഭവത്തില്‍ വസന്ത ഭൂമി വാങ്ങിയതില്‍ അവ്യക്തയെന്ന് കണ്ടെത്തല്‍. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുളളത്. അതേസമയം ഭൂമി വസന്തയുടെ തന്നെയാണെന്ന റിപ്പോര്‍ട്ടാണ് തഹസില്‍ദാര്‍ നല്‍കിയിരുന്നത്. ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്നും മരിച്ച രാജന്‍ ഭൂമി കൈയേറിയതാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

🔳പാര്‍ലമെന്റ് പാസാക്കിയ വ്യവസായബന്ധം, സാമൂഹികസുരക്ഷ, തൊഴില്‍സുരക്ഷ-ആരോഗ്യം എന്നീ നിയമസംഹിതകളുടെ ചട്ടങ്ങള്‍ ഈ മാസം അവസാനത്തോടെ പുറത്തിറക്കും. ഇതോടെ നിയമങ്ങള്‍ നേരത്തേ പ്രഖ്യാപിച്ച ഏപ്രില്‍ ഒന്നിനുമുമ്പുതന്നെ പ്രാബല്യത്തിലാകാനുള്ള സാധ്യതയേറി. ചട്ടങ്ങള്‍ തയ്യാറാക്കുന്ന പ്രക്രിയ ഈ മാസംതന്നെ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് മാധ്യമങ്ങളെ അറിയിച്ചത്. തൊഴില്‍രംഗത്ത് സമഗ്രമാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന നിയമപരിഷ്‌കരണങ്ങള്‍ പ്രബല തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ചാണ് നടപ്പാക്കുന്നത്.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനസമ്മതിയുള്ള പൊതുപ്രവര്‍ത്തകരെയും വ്യത്യസ്ത മേഖലകളില്‍ മികവുകാട്ടിയവരെയും ബി.ജെ.പി. സ്ഥാനാര്‍ഥികളാക്കും. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കേന്ദ്രഘടകത്തിന്റെ ഇടപെടലും നിരീക്ഷണവുമുണ്ടാകും. സംസ്ഥാനത്തിനു മാത്രമായി കേന്ദ്രനേതൃത്വം പ്രത്യേക തന്ത്രവും കര്‍മപദ്ധതിയും തയ്യാറാക്കുകയാണ്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

🔳എണ്ണക്കപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്ന് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസ് 10 കോടി രൂപ നഷ്ടപരിഹാരം നല്കി അവസാനിപ്പിക്കാന്‍ നീക്കം സജീവം. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതര്‍ക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്കി കേസ് അവസാനിപ്പിക്കാനാണ് ഇറ്റലി സര്‍ക്കാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരും ശ്രമം തുടങ്ങിയിരിക്കുന്നത്.

🔳കണ്‍ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള അങ്കണവാടികള്‍ തുറക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പോഷകാഹാരവിതരണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍ദേശം.

🔳പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. സജ്ജന്‍ സിങ് വര്‍മ. പെണ്‍കുട്ടികള്‍ക്ക് 15-ാം വയസ്സില്‍ പ്രത്യുല്‍പാദനശേഷി ഉണ്ടെന്നിരിക്കെ വിവാഹപ്രായം എന്തിന് 18ല്‍നിന്ന് 21ലേക്ക് ഉയര്‍ത്തണമെന്നായിരുന്നു സജ്ജന്‍ സിങ്ങിന്റെ ചോദ്യം. 18 വയസ്സാകുന്നതോടെ  പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോയി സന്തോഷത്തോടെ കഴിയണമെന്നും സജ്ജന്‍ പറഞ്ഞു.

🔳രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതം വര്‍ധിച്ചു. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. ഈ മാസം ഒരു രൂപയിലധികമാണ് ഇന്ധന വില വര്‍ധിച്ചത്.

🔳ബൈഡന്‍ - കമലഹാരിസ് ഭരണചുമതല ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തില്‍ സമൂല പരിവര്‍ത്തനം വരുത്തുമെന്നും അമേരിക്കയില്‍ കുടിയേറി താത്കാലിക സംരക്ഷണയില്‍ കഴിയുന്നവര്‍ക്കും ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് ആക്ടിന്റെ(ഡാക്ക) പരിധിയിലുള്ളവര്‍ക്കും ഉടനെ ഗ്രീന്‍ കാര്‍ഡ് നല്‍കുമെന്നും വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന കമലഹാരിസ് വ്യക്തമാക്കി.

🔳യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി നിരോധിച്ച് സ്‌നാപ്ചാറ്റ്. യു.എസ്. കാപ്പിറ്റോള്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പങ്ക് ചൂണ്ടിക്കാട്ടിയാണ് നടപടി.

🔳ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് നിരോധനം താന്‍ ആഘോഷിക്കുകയോ അതില്‍ അഭിമാനിക്കുകയോ ചെയ്യുന്നില്ലെന്ന് ട്വിറ്റര്‍ മേധാവി ജാക്ക് ഡോര്‍സി. ട്രംപിന്റെ അക്കൗണ്ടിനെതിരെയുള്ള നടപടി ശരിയായ തീരുമാനമാണെന്നാണ് വിശ്വസിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അസാധാരണവും ന്യായീകരിക്കാനാവാത്തതുമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോയത്. അത് പൊതു സുരക്ഷയ്ക്ക് വേണ്ടി എല്ലാ നടപടികളും സ്വീകരിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കിയെന്ന് ഡോര്‍സി പറഞ്ഞു.

🔳കോവിഡ് 19-ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി ചൈനയിലെ വുഹാനിലെത്തി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 10 പേരാണ് സംഘത്തിലുള്ളത്. രണ്ടാഴ്ചത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് വിദഗ്ധര്‍ ജോലി ആരംഭിക്കുക.

🔳പോപ് ഗായകന്‍ ബോബി വൈന്‍ പാട്ടുംപാടി യുഗാണ്‍ഡയുടെ പ്രസിഡന്റ് ആകുമോയെന്ന ഉദ്വേഗത്തിലാണ് ലോകം. യുഗാണ്‍ഡ പൊതുതിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് യോവേരി മുസേവെനിക്കെതിരെയാണ് 38 കാരനായ ബോബി മത്സരിക്കുന്നത്. രാജ്യത്തെ യുവതലമുറയെ ആണ് താന്‍ പ്രതിനിധീകരിക്കുന്നതെന്ന് ബോബി പറയുമ്പോള്‍ സ്ഥിരതയ്ക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്നാണ് 76-കാരനായ യോവേരിയുടെ ഭാഷ്യം.

🔳ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോയിന്‍ അലിയെ ബാധിച്ചിരിക്കുന്നത് ബ്രിട്ടനിലെ അതിതീവ്ര കോവിഡ് വൈറസെന്ന് ശ്രീലങ്കന്‍ ആരോഗ്യവകുപ്പ് അധികൃതര്‍. മോയിന്‍ അലി ശ്രീലങ്കയിലെത്തി 10 ദിവസത്തിനു ശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

🔳റയല്‍ സോസിഡാഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ബാഴ്‌സലോണ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ മാര്‍ക്ക് ആന്ദ്രേ ടെര്‍‌സ്റ്റേഗന്റെ പ്രകടനമാണ് ബാഴ്‌സലോണയുടെ വിജയത്തില്‍ നിര്‍ണായകമായത്. അധികസമയത്ത് രണ്ട് നിര്‍ണായക സേവുകള്‍ നടത്തിയ ടെര്‍‌സ്റ്റേഗന്‍ ഷൂട്ടൗട്ടിലും രണ്ട് കിക്കുകള്‍ തടുത്തിട്ടു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡും അത്‌ലറ്റിക് ബില്‍ബാവോയും തമ്മിലുള്ള മത്സരത്തിലെ വിജയികളായിരിക്കും ഫൈനലില്‍ ബാഴ്‌സയുടെ എതിരാളികള്‍.

🔳വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ സ്വകാര്യത സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെ റെക്കോര്‍ഡ് നേട്ടവുമായി മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാം. ആഗോളതലത്തില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ 50 കോടി മറികടന്നു. ഏറ്റവും പുതിയതായി 25 ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് ടെലിഗ്രാമിന് ലഭിച്ചിട്ടുള്ളത്. നിര്‍ദ്ദിഷ്ട ഉപയോക്താക്കളുടെ എണ്ണം എത്രയെന്ന് ടെലിഗ്രാം ഇന്ത്യ വ്യക്തമാക്കിയിട്ടില്ലെങ്കിലും പുതിയ ഉപയോക്താക്കളില്‍ 38 ശതമാനം ഏഷ്യയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ മാത്രം 25 ദശലക്ഷം പുതിയ ഉപയോക്താക്കള്‍ ടെലിഗ്രാമില്‍ ചേര്‍ന്നു. ജനുവരി 6-10 കാലയളവില്‍ 1.5 ദശലക്ഷം പേര്‍ പുതിയതായി ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് സെന്‍സര്‍ ടവര്‍ ഡാറ്റ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

🔳ഐടി സോഫ്റ്റ് വെയര്‍ ഭീമനായ വിപ്രോ 2020 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 21 ശതമാനം വര്‍ധനയോടെ വരുമാനം 2,968 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 2,456 കോടി രൂപയായിരുന്നു. മൊത്തം വരുമാനം മൂന്നാം പാദത്തിലെ നേരിയ വര്‍ധനയോടെ 15,670 കോടി രൂപയായി. മൊത്തത്തിലുള്ള ഐടി സേവന വരുമാനം ഒരു വര്‍ഷം മുമ്പത്തെ 15,101 കോടിയില്‍ നിന്ന് 15,333 കോടി രൂപയായി ഉയര്‍ന്നു. ഐടി സര്‍വീസസ് വിഭാഗത്തില്‍ 89 പുതിയ ഉപഭോക്താക്കളെ ചേര്‍ത്ത കമ്പനി ഇടക്കാല ലാഭവിഹിതം ഒരു ഓഹരിക്ക് 1 രൂപയായി പ്രഖ്യാപിച്ചു.

🔳വിജയ് ചിത്രം  മാസ്റ്ററിന് റെക്കാര്‍ഡ് കളക്ഷന്‍. ഒറ്റ ദിവസത്തെ പ്രദര്‍ശനം കൊണ്ട്  സിനിമയിലെ വിതരണക്കാര്‍ക്ക് ലഭിച്ചത് രണ്ടരക്കോടി. വരുംദിവസങ്ങളിലും ഈ സ്ഥിതി തുടരുമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. അതെ സമയം ലോകമെമ്പാടും മാസ്റ്ററിന് വന്‍ വരവേല്‍പ്പ് ലഭിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട് സിനിമ റിലീസ് ആയി ആദ്യ ദിവസം തന്നെ ഓസ്‌ട്രേലിയയില്‍ റെക്കാഡ് സൃഷ്ടിച്ചു. മാസ്റ്റര്‍ സിനിമ രജനീകാന്തിന്റെ '2.0' മറികടന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കേരളത്തിലെ തിയേറ്ററുകളില്‍ ആദ്യ ഷോയ്ക്ക് മികച്ച പ്രതികരണമാണ്  ലഭിച്ചത്.

🔳അനുരാഗകരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലവ്' ജനുവരി 29-ന് തിയേറ്ററുകളില്‍ എത്തുന്നു. പൂര്‍ണ്ണമായും ലോക്ഡൗണില്‍ ചിത്രീകരിച്ച സിനിമ ഭാര്യാ-ഭര്‍ത്താക്കന്‍മാര്‍ തമ്മിലെ സ്‌നേഹവും കലഹവുമൊക്കെയാണ് തുറന്നുകാണിക്കുന്നത്. ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വീണ നന്ദകുമാര്‍, സുധി കോപ്പ, ജോണി ആന്റണി, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

🔳ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ  ഇന്ത്യയിലെ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയന്‍. ഇപ്പോള്‍ അപ്ഡേറ്റ് ചെയ്ത ഹിമാലയന്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്. ഈ മാസം അവസാനത്തോടെ വാഹനം വിപണിയിലെത്തിയേക്കും.  ബിഎസ് 6 മാനദണ്ഡങ്ങളിലേക്ക് മാറിയതിന് ശേഷം വരുന്ന ആദ്യ പതിപ്പാണിത്. ഇളം സില്‍വര്‍, കറുപ്പ് നിറങ്ങളില്‍ മാറ്റ് ഫിനിഷിംഗില്‍ ആയിരിക്കും പുതിയ മോഡല്‍ എത്തുക. ഹിമാലയന്‍ ബിഎസ്6 പതിപ്പ് മൊത്തം ആറ് നിറങ്ങളില്‍ ലഭ്യമാണ്.

🔳ലോക കഥയിലെ എക്കാലത്തെയും മികച്ച കഥാകൃത്തായി പരിഗണിക്കപ്പെടുന്ന, നോവല്‍ സമ്മാനം നേടിയ ഹെമിംഗ്വേയുടെ കഥാലോകത്തുനിന്നും തിരഞ്ഞെടുത്ത മികച്ച കഥകളുടെ സമാഹാരം. കഥാകൃത്ത് ബാബു ജോസിന്റെ പരിഭാഷ. മാതൃഭൂമി ബുക്സ്. വില 152 രൂപ.

🔳ദീര്‍ഘനേരം ശ്വാസം പിടിച്ചു വയ്ക്കുന്ന തരം ശ്വസനം  കോവിഡ്  അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ഐഐടി മദ്രാസിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ശ്വാസമെടുപ്പിന്റെ ആവൃത്തി ലബോറട്ടറിയില്‍ മോഡല്‍ ചെയ്തെടുത്ത്  നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.  വൈറസ് അടങ്ങിയ കണികകളുടെ ഒഴുക്കിന്റെ  തോത് അവ ശ്വാസകോശത്തിനുള്ളില്‍ നിക്ഷേപിക്കപ്പെടുന്നതിനെ എപ്രകാരം ബാധിക്കുന്നു എന്നറിയാന്‍ ആണ് പഠനം നടത്തിയത്. ഫിസിക്സ് ഓഫ് ഫ്ലൂയിഡ്സ്  ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. കുറഞ്ഞ ശ്വാസമെടുപ്പ് ആവൃത്തി വൈറസ് കൂടുതല്‍ നേരം ശ്വാസകോശത്തില്‍ തങ്ങി നില്‍ക്കാന്‍ കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ഇത് ശ്വാസകോശത്തിന് അണുബാധയേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.  ഒരാളുടെ ശ്വാസകോശ ഘടനയും കോവിഡ്  വരാനുള്ള സാധ്യതയെ സ്വാധീനിക്കുന്നതായി ഗവേഷകര്‍  ചൂണ്ടിക്കാട്ടി. വൈറസ് കണികകള്‍ ശ്വാസകോശത്തിന്റെ  ഉള്ളറകളില്‍ എത്തി അവിടെ നിക്ഷേപിക്കപ്പെടുന്ന പ്രക്രിയ പഠനം വരച്ചു  കാട്ടുന്നതായി ഐഐടി മദ്രാസിലെ അപ്ലൈഡ് മെക്കാനിക്സ് പ്രൊഫസര്‍ മഹേഷ് പഞ്ചാഗ്നുള്ള  പറഞ്ഞു. ശ്വാസകോശ അണുബാധയ്ക്ക് മെച്ചപ്പെട്ട തെറാപ്പികളും  മരുന്നുകളും വികസിപ്പിക്കുന്നതിലേക്ക് പഠനം വഴിതെളിക്കും. അതേസമയം മൂക്കില്‍ നിന്ന് ശ്വാസകോശത്തിലേക്ക് ഉള്ള വൈറസിന്റെ  സഞ്ചാരത്തെ കുറിച്ച് വ്യക്തമായ ചിത്രം ശാസ്ത്രലോകത്തിന് ഇനിയും ലഭ്യമായിട്ടില്ല.  ഇതിന് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഐഐടി മദ്രാസിലെ ഗവേഷകര്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.08, പൗണ്ട് - 99.74, യൂറോ - 88.79, സ്വിസ് ഫ്രാങ്ക് - 82.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.70, ബഹറിന്‍ ദിനാര്‍ - 193.88, കുവൈത്ത് ദിനാര്‍ -241.00, ഒമാനി റിയാല്‍ - 189.82, സൗദി റിയാല്‍ - 19.48, യു.എ.ഇ ദിര്‍ഹം - 19.90, ഖത്തര്‍ റിയാല്‍ - 20.07, കനേഡിയന്‍ ഡോളര്‍ - 57.63.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only