03 ജനുവരി 2021

കാസര്‍കോട് പാണത്തൂര്‍ ബസ് അപകടത്തില്‍ മരണം ഏഴായി, നിരവധി പേര്‍ക്ക് പരിക്ക്
(VISION NEWS 03 ജനുവരി 2021)കാസർകോട് പാണത്തൂർ ബസ് അപകടത്തിൽ മരണം ഏഴായി. കർണാടക സ്വദേശികളായ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ 49 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 56 പേരാണ് ബസ്സിലുണ്ടായിരുന്നത്.


പാണത്തൂർ- സുള്ള്യ റോഡിൽ പരിയാരത്ത് വിവാഹപാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

അർധമൂല സ്വദേശി നാരായണ നായിക്കിന്റെ മകൻ ശ്രേയസ് (13), സുള്ള്യ സ്വദേശി രവിചന്ദ്ര (40), ഈശ്വരി (39), ബെൽനാട് സ്വദേശി രാജേഷ് (45) ബണ്ട്വാൾ സ്വദേശി ശശിധരപൂജാരി(43) പുത്തൂർ സ്വദേശിനി സുമതി (50), പുത്തൂർ സ്വദേശി ആദർശ് (14) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശശിധര പൂജാരി മംഗലാപുരത്തെ ആശുപത്രിയിൽവെച്ചാണ് മരിച്ചത്.

മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആദർശിന്റെ മൃതദേഹം കാഞ്ഞങ്ങാട് ആശുപത്രിയിലാണുള്ളത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ മംഗലാപുരത്തെ ആശുപത്രിയിലും മറ്റുള്ളവർ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only