15 ജനുവരി 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 15 ജനുവരി 2021)

*സായാഹ്‌ന വാർത്തകൾ*
2021 ജനുവരി 15 | 1196 മകരം 2 | വെള്ളി | അവിട്ടം|
➖➖➖➖➖➖➖➖

🔳പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും ബഡ്ജറ്റ് ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. കോവിഡാനന്തര കേരളത്തിന്റെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹ എഴുതിയ കവിത ഉദ്ധരിച്ചുകൊണ്ടാണ് 2021-22 ലെ കേരള ബജറ്റ് അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചത്.

🔳സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റവതരണമായിരുന്നു ധനമന്ത്രി തോമസ് ഐസകിന്റേത്. ഉമ്മന്‍ചാണ്ടിയുടെ റെക്കോഡ് തകര്‍ത്താണ് മൂന്നുമണിക്കൂറിലേറെ നീണ്ട ബജറ്റ് പ്രസംഗം മന്ത്രി തോമസ് ഐസക് അവസാനിപ്പിച്ചത്. രാവിലെ ഒമ്പതിന് തുടങ്ങിയ അവതരണം ഉച്ചയ്ക്ക് 12.17വരെ നീണ്ടു.

🔳മല എലിയെ പ്രസവിച്ചു എന്ന പറഞ്ഞ പോലെയാണ് ഐസക്കിന്റെ ബജറ്റെന്നും ബജറ്റ് നിരാശജനകമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ ബജറ്റ് പ്രഖ്യാപനത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് കേരള സര്‍ക്കാര്‍ നടത്തിയതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. നടപ്പിലാക്കാന്‍ അധികാരമില്ലാത്ത പ്രഖ്യാപനങ്ങളാണ് ഐസക് നടത്തിയിട്ടുള്ളതെന്നും മുരളീധരന്‍.

*സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍*

🔳മൂന്ന് വ്യവസായിക ഇടനാഴികള്‍ക്കായി 50,000 കോടി രൂപയുടെ പദ്ധതി. കൊച്ചി- പാലക്കാട് വ്യവസായിക ഇടനാഴി, കൊച്ചി -മംഗലാപുരം വ്യവസായിക ഇടനാഴി, കാപ്പിറ്റല്‍ റീജ്യന്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാം എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

🔳എല്ലാ ക്ഷേമ പെന്‍ഷനുകളും ഏപ്രില്‍ മുതല്‍ 1600 രൂപയാക്കി വര്‍ധിപ്പിക്കും. 2021-22 ല്‍ എട്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

🔳അങ്കണ്‍വാടി ടീച്ചര്‍മാക്ക് പ്രതിമാസ പെന്‍ഷന്‍ 2000 രൂപയായും ഹെല്‍പര്‍മാരുടെ പെന്‍ഷന്‍ 1500 രൂപയായും ഉയര്‍ത്തുന്നു. ഇവരുടെ പ്രതിമാസ അലവന്‍സ് 10 വര്‍ഷത്തില്‍ താഴെയുള്ളവര്‍ക്ക് 500 രൂപയായും അതിന് മുകളിലുള്ളവര്‍ക്ക് 1000 രൂപയാക്കിയും വര്‍ധിപ്പിച്ചു.

🔳നീല,വെളള റേഷന്‍ കാര്‍ഡുകളുള്ള 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ ലഭ്യമാക്കും. ഭക്ഷ്യ സബ്‌സിഡിക്ക് 1060 കോടി രൂപ അനുവദിക്കും. കോവിഡ് വ്യാപനം ശക്തിപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം തുടരും.

🔳കോവിഡ് കാലത്ത് തുച്ഛമായ അലവന്‍സിന് വലിയ സേവനം കാഴ്ചവെച്ച ആശാപ്രവര്‍ത്തകരുടെ അലവന്‍സില്‍ 1000 രൂപയുടെ വര്‍ധവ് വരുത്തും. എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും ഉച്ച കഴിഞ്ഞും ഒപിയും ലാബും ഫാര്‍മസിയും ഉണ്ടാകും.

🔳ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി 50 കോടി രൂപയും അവരുടെ മാനസികാരോഗ്യ പരിപാടികള്‍ക്കായി 64 കോടി രൂപയും വകയിരുത്തും. രാജ്യത്തെ ആദ്യത്തെ ബാരിയര്‍ ഫ്രീ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കും. കമ്പോള വിലയേക്കാള്‍ താണനിരക്കില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്ന് വയോജനങ്ങള്‍ക്ക് ഒരു ശതമാനം അധിക ഇളവോടെ മരുന്ന് വീടികളിലെത്തിച്ച് നല്‍കും.

🔳കാര്‍ഷിക മേഖലയില്‍ രണ്ടു ലക്ഷം പേര്‍ക്കെങ്കിലും അധികമായി തൊഴില്‍ നല്‍കും. കര്‍ഷക തൊഴിലാളി ക്ഷേമനിധിക്ക് അധിവര്‍ഷാനുകൂല്യം നല്‍കുന്നതിന് നൂറു കോടി രൂപ കൂടി അനുവദിക്കും.

🔳തൊഴിലുറപ്പ് പദ്ധതിയില്‍ ചുരുങ്ങിയത് മൂന്നുലക്ഷം പേര്‍ക്കു കൂടി തൊഴില്‍ നല്‍കും. 2021-22ല്‍ 75 ദിവസമെങ്കിലും ശരാശരി തൊഴില്‍ നല്‍കാന്‍ ശ്രമിക്കും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ഫെബ്രുവരിയില്‍ ആരംഭിക്കും.

🔳2021-2022 വര്‍ഷം ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കും.
ഇതിനായി 2080 കോടി രൂപ വകയിരുത്തി. വിദ്യാഭ്യാസത്തിന് പട്ടികജാതി വിഭാഗത്തിന് 387 കോടി രൂപയും പട്ടികവര്‍ഗ വിഭാഗത്തിന് 121 കോടി രൂപയും വകയിരുത്തി.

🔳മത്സ്യത്തൊഴിലാളി മേഖലയില്‍ 2021-2022ല്‍ 1500 കോടി രൂപ ചെലവഴിക്കും. വാര്‍ഷിക പദ്ധതിയില്‍ 250 കോടി തീരദേശ വികസനത്തിന് വകയിരുത്തി. കിഫ്ബിയില്‍ നിന്ന് ഫിഷിങ് ഹാര്‍ബറുകള്‍ക്ക് 250 കോടി രൂപ, കടല്‍ഭിത്തി 150 കോടി, ആശുപത്രികളും സ്‌കൂളുകളും 165 കോടി, മാര്‍ക്കറ്റുകള്‍ക്ക് 191 കോടി രൂപ എന്നിങ്ങനെയും ചെലവഴിക്കും.

🔳തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രഖ്യാപിച്ച് കേരള ബജറ്റ്. പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തും. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് ക്ഷേമനിധി അംശാദായം 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു.

🔳വര്‍ക്ക് നിയര്‍ സ്‌കീം പ്രകാരം ബ്ലോക്ക്, മുനിസിപ്പല്‍ തലത്തില്‍ അയ്യായിരം സ്‌ക്വയര്‍ ഫീറ്റ് എങ്കിലും കെട്ടിടം ഏര്‍പ്പാടാക്കിയാല്‍ അവ വര്‍ക്ക് സ്റ്റേഷനുകളാക്കി രൂപാന്തരപ്പെടുത്താനുള്ള സ്‌കീം പ്രഖ്യാപിക്കുകയാണെന്നും ഇതിന് ഇരുപതു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 20ലക്ഷം പേര്‍ക്കെങ്കിലും അഞ്ചുവര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

🔳എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തും. പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ അന്ത്യോദയ വീടുകള്‍ എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ്പ് നല്‍കും. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡിയുണ്ടാകും. സബ്‌സിഡി കഴിഞ്ഞുള്ള തുക മൂന്നുവര്‍ഷം കൊണ്ട് കെഎസ്എഫ്ഇ ചിട്ടി വഴി തിരിച്ചടച്ചാല്‍ മതി.

🔳വിവിധ കാര്‍ഷികോത്പന്നങ്ങളുടെ സംഭരണവില വര്‍ധിപ്പിച്ചു. നാളികേരം(ക്വിന്റലിന്)-32 രൂപ, നെല്ല്(ക്വിന്റലിന്)-28 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. റബ്ബറിന്റെ താങ്ങുവില 170 രൂപയാക്കിയിട്ടുമുണ്ട്.

🔳സംസ്ഥാന സര്‍ക്കാര്‍വകുപ്പുകളില്‍ സ്റ്റാര്‍ട്ടപ്പ് ഇന്നവേഷന്‍ സോണുകള്‍ ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകളെ ബന്ധപ്പെടുത്തുന്ന പരിപാടിയാണ് ഇത്.

🔳വയനാട്ടുകാരുടെ ദീര്‍ഘകാല അഭിലാഷമായ മെഡിക്കല്‍ കോളേജ് 2021-22ല്‍ യാഥാര്‍ഥ്യമാകും. ഇതിനായി കിഫ്ബിയില്‍ നിന്ന് 300 കോടി രൂപ അനുവദിക്കും.

🔳ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ മികവുറ്റതാക്കും. ഉന്നതവിദ്യാഭ്യാസത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കും. സര്‍വകലാശാലകളില്‍ 1000 അധ്യാപകതസ്തികകള്‍ സൃഷ്ടിക്കും. സര്‍വകലാശാലകള്‍ക്കുള്ളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

🔳ജൂലൈ മാസത്തോടെ കെ-ഫോണ്‍ പദ്ധതി പൂര്‍ത്തിയാക്കും. കെ-ഫോണ്‍ പദ്ധതിയില്‍ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കും. കേരളത്തിലെ 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ അതിവേഗ ഇന്‍ട്രാനെറ്റ് സേവനം വഴി ബന്ധപ്പെടാനുള്ള സംവിധാനമൊരുങ്ങും.

🔳ഹെറിറ്റേജ്-സ്‌പൈസ് റൂട്ട് ടൂറിസം പ്രൊജക്ടുകള്‍ യാഥാര്‍ഥ്യമാക്കുന്നതിനായി 40 കോടി രൂപ. തിരുവനന്തുപരം ഹെറിറ്റേജ് പദ്ധതിക്കായി 10 കോടി രൂപ. നിലവിലെ ടൂറിസ്റ്റ് ഡസ്റ്റിനേഷനുകളുടെ പശ്ചാത്തല വികസനത്തിനായി 117 കോടി രൂപ. പഠനടൂറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അഞ്ച് കോടി രൂപ.

🔳സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് ജനുവരി അവസാനം ലഭിക്കുമെന്നും കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ മാസം മുതല്‍ ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ചുകൊണ്ട് ഉത്തരവ് ഇറക്കുമെന്നും മന്ത്രി തോമസ് ഐസക്.

🔳പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. വനിതാ സിനിമാ സംവിധായകരുടെ പ്രോത്സാഹനത്തിന് മൂന്നു കോടി രൂപയും പട്ടിക വിഭാഗ സംവിധായകരുടെ പ്രോത്സാഹനത്തിന് രണ്ടു കോടി രൂപയും വകയിരുത്തി. അമച്വര്‍ നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് മൂന്നു കോടി രൂപയും പ്രൊഫഷണല്‍ നാടക മേഖലയ്ക്ക് രണ്ടു കോടി രൂപയും വകയിരുത്തിട്ടിയിട്ടുണ്ട്. ആറന്‍മുളയില്‍ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കി, അവിടെ മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചു.

🔳ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനുകള്‍ 1000 രൂപ വീതം വര്‍ധിപ്പിക്കും. പത്ര പ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള സംസ്ഥാന സഹായം 50 ലക്ഷമായി ഉയര്‍ത്തും.

🔳ഭാഗ്യക്കുറിയുടെ സമ്മാനവിഹിതം വില്‍പന വരുമാനത്തിന്റെ 1.5 ശതമാനം കൂടി വര്‍ധിപ്പിക്കും. ഇതോടെ പ്രതിവാര ഭാഗ്യക്കുറികള്‍ക്ക് 11,000 സമ്മാനങ്ങള്‍ കൂടിയുണ്ടാകും.

🔳വ്യവസായ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതിയിളവുകളുമായി ധനമന്ത്രി. എല്‍.എന്‍.ജി, സി.എന്‍.ജി. എന്നിവയുടെ മേലുള്ള വാറ്റ് നികുതി അഞ്ച് ശതമാനമായി കുറയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതുകൊണ്ട് 166 കോടി രൂപയുടെ നികുതി വരുമാനമാണ് നഷ്ടമാകുക. പ്രളയ സെസ്സിന്റെ കാലാവധി ജൂലായില്‍ അവസാനിക്കും.

🔳ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി ഇളവ് ഉറപ്പാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആദ്യ അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിലാണ് 50 ശതമാനം ഇളവ് നല്‍കുന്നത്.

🔳വിജയ്, വിജയ് സേതുപതി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ ചിത്രം ചോര്‍ന്നു. ചിത്രത്തിന്റെ എച്ച്.ഡി പതിപ്പാണ് തമിഴ് റോക്കേഴ്‌സടക്കമുള്ള വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്.

🔳ഇന്ത്യന്‍ പ്രതിരോധസേനയ്ക്ക് കൂടുതല്‍ കരുത്തേകാനെത്തുന്ന തേജസ് ലഘു പോര്‍വിമാനങ്ങള്‍ ചൈന-പാകിസ്താന്‍ ജെഎഫ്-17 യുദ്ധവിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മികച്ചവയെന്ന് വ്യോമസേനാമേധാവി ആര്‍കെഎസ് ഭദൗരിയ. ബാലക്കോട്ട് സമാന ആക്രമണത്തിന് കൂടുതല്‍ സജ്ജമാണ് തേജസ് വിമാനങ്ങളെന്നും ഭദൗരിയ കൂട്ടിച്ചേര്‍ത്തു.

🔳അമേരിക്കന്‍ യുവനടി (38) ജെസീക്ക കാംപെല്‍ അന്തരിച്ചു. കുടുംബം തന്നെയാണ് താരത്തിന്റെ മരണവിവരം പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ 29-നാണ് ജസീക്കയുടെ മരണം സംഭവിച്ചതെന്ന് കുടുംബം പറയുന്നു. നാച്ചുറോപതിക് ഫിസിഷ്യന്‍ കൂടിയായിരുന്ന ജെസീക്ക രോഗികളെ പരിശോധിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

🔳അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ചൈനയ്ക്ക് വീണ്ടും പ്രഹരമേല്‍പിച്ച് ട്രംപ് ഭരണകൂടം. ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കും ചൈനീസ് കമ്പനികള്‍ക്കും ഉപരോധമേര്‍പ്പെടുത്തി. കൊമാക്, ഷവോമി എന്നിവ അടക്കമുളള ഒമ്പതു കമ്പനികളെയാണ് പെന്റഗണിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് നടപടി. ഈ കമ്പനികളില്‍ നിക്ഷേപം നടത്തുന്നത് യു.എസ്. നിരോധിക്കും.

🔳ഇന്‍ഡൊനീഷ്യയിലെ സുലവേസി ദ്വീപില്‍ വന്‍ഭൂചലനം. ചുരുങ്ങിയത് ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇന്‍ഡൊനീഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കന്‍ഡ് നീണ്ടുനിന്നു. അതേസമയം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

🔳ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ആദ്യം ബാറ്റുചെയ്യുന്ന ഓസ്‌ട്രേലിയ ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്‌നിന്റെ മികവിലാണ് ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യയ്ക്കായി നടരാജന്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

🔳കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, വീട്ടില്‍ നിന്ന് ജോലി ചെയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതോടെ വാണിജ്യ വസ്തുകകള്‍ക്ക് തിരിച്ചടി. ഓഫീസ് സ്ഥലങ്ങള്‍ക്കായുള്ള ആവശ്യം പൂര്‍ണ്ണമായും ഇല്ലാതാകില്ലെങ്കിലും പാട്ടത്തിനെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാകുമെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് 2020 ന്റെ രണ്ടാം പകുതിയില്‍ ഓഫീസ് പാട്ടത്തിനെടുക്കുന്ന പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്നാണ്. ഡിസംബര്‍ പാദത്തില്‍ ഓഫീസ് പാട്ടത്തിനെടുക്കുന്ന പ്രവര്‍ത്തനം തുടര്‍ച്ചയായി രണ്ട് മടങ്ങ് ഉയര്‍ന്ന് 1.63 ദശലക്ഷം ചതുരശ്ര മീറ്ററായി. എന്നിരുന്നാലും, 2020ല്‍ മൊത്തം ഓഫീസ് ഇടപാടുകള്‍ 33% കുറഞ്ഞ് 2.06 ദശലക്ഷം ചതുരശ്ര മീറ്ററായി.

🔳ആറുവര്‍ഷമായി തുടര്‍ച്ചയായി ആഡംബര കാര്‍ വിഭാഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മെഴ്‌സിഡസ് ബെന്‍സ് 2021ലും വേഗത കുറയ്ക്കില്ല. 2021 ല്‍ 15 മോഡല്‍ കാറുകളാണ് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കുന്നത്. 2020 ലെ മൊത്തം വില്‍പ്പന 7893 യൂണിറ്റാണ്. ഇത് 2019 ല്‍ വിറ്റ 13,786 യൂണിറ്റിനേക്കാള്‍ 42.7 ശതമാനം കുറവാണ്. എന്നാല്‍ ഈ വര്‍ഷം അവസാന പാദത്തില്‍ 40 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുമാസത്തിനിടെ മെഴ്‌സിഡസ് 2,886 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ 36 ശതമാനത്തിലധികമാണിത്.

🔳വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മ്മിച്ച് നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഓപ്പറേഷന്‍ ജാവ' തീയേറ്ററുകളിലേക്കെത്തുന്നു. വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഓപ്പറേഷന്‍ ജാവ ' ഒരു റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ചിത്രീകരണം പൂര്‍ത്തിയായ 'ഓപ്പറേഷന്‍ ജാവ' ഫെബ്രുവരി 12 ന് തീയേറ്ററുകളിലെത്തും.

🔳മമ്മൂട്ടി ആരാധകരുടെ കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ട് 'ദി പ്രീസ്റ്റി'ന്റെ ടീസര്‍ റിലീസ് ചെയ്തു. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് പ്രീസ്റ്റ്. ദുരൂഹതകളും ആകാംക്ഷകളും നിറഞ്ഞതാണ് ടീസര്‍.  'ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറികടന്ന് പോകുന്ന ഡാക്ക് സോണുണ്ടെന്ന് പറയാറുണ്ട്' എന്ന മമ്മൂട്ടിയുടെ ഡയലോഗോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒരുമിച്ചെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

🔳ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ജനപ്രിയ മോഡലായ ഗ്രാന്‍ഡ് ഐ10 ന്റെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഹ്യുണ്ടായിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഈ വാഹനം അപ്രത്യക്ഷമായതോടെയാണ് ഗ്രാന്റ് ഐ10 നിരത്തൊഴിയുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. അതേസമയം സാന്‍ട്രോ, ഗ്രാന്‍ഡ് ഐ10 നിയോസ്, ഐ20 എന്നിങ്ങനെ മൂന്ന് ഹാച്ച്ബാക്കുകള്‍ ഇപ്പോഴും വെബ്സൈറ്റില്‍ ലഭ്യമാണ്.

🔳മലയാളത്തിലെ വാമൊഴിഭാഷകളിലൊന്നായ കടപ്പെറപാസയെ അനുഭവം കൊണ്ടും നിരീക്ഷണം കൊണ്ടും സൂക്ഷമമായി പഠിച്ചു അപഗ്രഥിക്കുന്ന ഗ്രന്ഥം. 'കടപ്പെറ പാസ'. ഡി അനില്‍കുമാര്‍. മൈത്രി ബുക്സ്. വില 133 രൂപ.

🔳പ്രധാനമായും ആറ് അവയവങ്ങളെയാണ് കൊറോണവൈറസ് നോട്ടമിടുന്നത്. അവയ്ക്ക് കോവിഡ് 19 ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നിസ്സാരമല്ല.  ഇതില്‍ ആദ്യത്തേത് നമ്മുടെ ശ്വാസകോശം തന്നെയാണ്. കോവിഡ് രോഗ മുക്തരായ പലരും ക്ഷീണവും നെഞ്ചുവേദനയും ശ്വാസംമുട്ടലും തുടര്‍ന്നും തങ്ങള്‍ക്ക് അനുഭവപ്പെട്ടതായി പറയുന്നു.  കരളിലെ കോശങ്ങളും കോവിഡിനെ ദീര്‍ഘകാല പ്രത്യാഘാതം ബാധിക്കപ്പെടാവുന്നവയാണ്.  കോവിഡ് രോഗ മുക്തരില്‍  കരള്‍ രസങ്ങളുടെ തോത് ഉയരുന്നതായും അസാധാരണ കരള്‍ പ്രവര്‍ത്തനം ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.  ദീര്‍ഘകാലത്തേക്ക് കോവിഡ്  രോഗബാധിതരുടെ ഹൃദയാരോഗ്യത്തെയും കോവിഡ്  താളം തെറ്റിക്കാം.  രക്തത്തില്‍ ക്ലോട്ടുകള്‍  രൂപപ്പെടാനും  ഹൃദയസ്തംഭനം ഉണ്ടാകാനും കൊറോണോ വൈറസ് ബാധ മൂലം കഴിയും. കോവിഡ് രോഗ മുക്തരില്‍ കണ്ടുവരുന്ന മറ്റൊരു പ്രശ്നം കിഡ്നിയുടെ മന്ദഗതിയിലുള്ള പ്രവര്‍ത്തനമാണ്. മൂത്രത്തിന്റെ  അളവ് കുറയുന്നതും മൂത്രമൊഴിക്കലിന്റെ ആവൃത്തി കുറയുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു. യുവാക്കള്‍ പോലും ഇതില്‍ നിന്നു രക്ഷപ്പെടുന്നില്ല എന്നത് ആശങ്കയേറ്റുന്നു. പ്രമേഹമോ രക്താതിസമ്മര്‍ദമോ ഉള്ളവരില്‍ കിഡ്നി പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തലച്ചോറാണ് ദീര്‍ഘകാലത്തേക്ക് ബാധിക്കപ്പെടാവുന്ന മറ്റൊരു അവയവം.  കോവിഡ് രോഗമുക്തരില്‍ പലരും തലവേദന, തലകറക്കം, കാഴ്ച മങ്ങല്‍, ആശയക്കുഴപ്പം തുടങ്ങിയ പ്രശ്നങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങളും കോവിഡിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളുടെ സാധ്യത പട്ടികയില്‍ ഉണ്ട്. വയറും കുടലുകളും  ആണ് കോവിഡ്  പ്രഹരം ഏല്‍പ്പിക്കുന്ന മറ്റൊരിടം.  കോവിഡ്  രോഗലക്ഷണങ്ങളായ അതിസാരം, ഛര്‍ദ്ദി,  മനം മറിച്ചില്‍, വിശപ്പില്ലായ്മ, വയറുവേദന തുടങ്ങിയവ രോഗമുക്തിക്ക് ശേഷവും പലരിലും തുടരുന്നുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.10, പൗണ്ട് - 99.88, യൂറോ - 88.73, സ്വിസ് ഫ്രാങ്ക് - 82.31, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.66, ബഹറിന്‍ ദിനാര്‍ - 194.01, കുവൈത്ത് ദിനാര്‍ -241.25, ഒമാനി റിയാല്‍ - 189.98, സൗദി റിയാല്‍ - 19.50, യു.എ.ഇ ദിര്‍ഹം - 19.92, ഖത്തര്‍ റിയാല്‍ - 20.09, കനേഡിയന്‍ ഡോളര്‍ - 57.70.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only