02 ജനുവരി 2021

കോവിഡ് വാക്സിനേഷൻ: സംസ്ഥാനത്ത് ഡ്രൈ റൺ ഇന്ന്
(VISION NEWS 02 ജനുവരി 2021)


തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പിന് മുന്നോടിയായി ശനിയാഴ്ച ഡ്രൈ റൺ (മോക് ഡ്രിൽ) നടത്തും. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ഡ്രൈ റൺ നടക്കുക.

തിരുവനന്തപുരത്ത് പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളും ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രവും ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.

പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഡ്രൈ റൺ നടക്കും. രാവിലെ ഒമ്പത് മുതൽ 11 വരെയാണ് ഡ്രൈ റൺ. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യപ്രവർത്തകർ വീതമാണ് ഡ്രൈ റണിൽ പങ്കെടുക്കുക. വാക്സിൻ കാരിയർ ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

*രജിസ്റ്റർ ചെയ്തത് 3.13 ലക്ഷം പേർ*

വാക്സിനേഷനായി ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. 20 ലാർജ് ഐ.എൽ.ആർ., 1800 വാസ്കിൻ കാരിയർ, 50 വലിയ കോൾഡ് ബോക്സ്, 50 ചെറിയ കോൾഡ് ബോക്സ്, 12,000 ഐസ് പായ്ക്ക് എന്നിവ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒരിക്കൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന 14 ലക്ഷം സിറിഞ്ചുകളും എത്തിക്കും.

ആദ്യ ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യപ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, ആശാവർക്കർമാർ, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്സിൻ നൽകാൻ തീരുമാനിച്ചിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only