കൊടുവള്ളി: ദേശീയപാതയിൽ ബൈക്കപകടത്തിൽ പാലക്കുറ്റി സ്വദേശികളായ രണ്ടു പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പാലക്കുറ്റി പുളിയപാറക്കൽ താഹിർകോയ തങ്ങൾ (21), ആരാമ്പ്രം സ്വദേശി കെ. ടി. റമീസ് (23) എന്നിവരെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ വാവാട് ഇരുമോത്ത് സിറാജുദ്ദീൻ മദ്രസക്ക് മുൻവശത്താണ് അപകടം. താമരശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഗെയിൽ വാതക പൈപ്പിടാനെടുത്ത കുഴി നികത്തിയ ഭാഗത്ത് വീണാണ് അപകടം.
'ഗെയിൽ കുഴി'യിൽ വീണ് നിരവധി അപകടങ്ങളുണ്ടായിട്ടും സുരക്ഷാ ക്രമീകരണങ്ങളൊരുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് മുക്കാൽ മണിക്കൂറോളം നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. സംഭവത്തെ തുടർന്ന് കൊടുവള്ളി പൊലിസ് സ്ഥലത്തെത്തിയിരുന്നു.
ഗെയിൽ പൈപ്പിടാനെടുത്ത കുഴിയിൽ വീണ് നിരവധി അപകടങ്ങളാണ് വാവാട് ഭാഗത്തുണ്ടായത്. ഇതേ തുടർന്ന് കൊടുവള്ളി നഗരസഭയിലെ വാവാട് പ്രദേശത്തെ കൗൺസിലർമാർ ദേശീയപാത കൊടുവള്ളി സെക്ഷൻ ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തുകയും സെക്ഷൻ അസി. എഞ്ചിനിയർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഒരാഴ്ചക്കകം ആവശ്യമായ നടപടിയെടുക്കാമെന്നായിരുന്നു അറിയിച്ചത്. ഇത് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞായിരുന്നു മദ്രസബസാറിൽ ഗെയിൽ പൈപ്പിടാനെടുത്ത കുഴിക്ക് സമീപത്ത് വഴിയാത്രക്കാരനും രണ്ട് ബൈക്ക് യാത്രക്കാരും ലോറിക്കടിയിൽപ്പെട്ട് മരിച്ചത്.
Post a comment