20 ജനുവരി 2021

പ്രഭാത വാർത്തകൾ
(VISION NEWS 20 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക*പ്രഭാത വാർത്തകൾ*
2021 ജനുവരി 20 | 1196 മകരം 7 | ബുധൻ | രേവതി|
➖➖➖➖➖➖➖➖

🔳ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കാന്‍ രൂപവത്കരിച്ചവയാണ് പുതിയ കാര്‍ഷിക നിയമങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത കര്‍ഷകരുടെ ദുരിതാവസ്ഥ പരാമര്‍ശിക്കുന്ന 'ഖേതി കാ ഖൂന്‍' എന്ന ലഘുപുസ്തകം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുക്കാന്‍ മടിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സുരക്ഷ സംബന്ധിച്ച കിംവദന്തികളില്‍ വീഴരുത്. വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ നേരിയ പാര്‍ശ്വഫലങ്ങള്‍ സാധാരണമാണെന്നും ജനങ്ങളെ കുത്തിവെപ്പെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കരുതെന്നും നീതി ആയോഗ് അംഗം ഡോ. പോള്‍ അഭ്യര്‍ഥിച്ചു.

🔳കോവിഡിനെതിരെ ഏത് വാക്‌സിന്‍ വേണമെന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കണമെന്ന് കര്‍ണാടകയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന. നിലവിലെ വാക്‌സിന്‍ വിതരണ സംവിധാനത്തില്‍ സംഘടനയിലെ ചിലര്‍ക്ക് ആശങ്കകളുണ്ടെന്നും സംഘടനാ പ്രതിനിധികള്‍ ആരോഗ്യ മന്ത്രിക്കെഴുതിയ കത്തില്‍  ചൂണ്ടിക്കാട്ടുന്നു.
➖➖➖➖➖➖➖➖

🔳രണ്ടാംഘട്ടമായി 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി കേരളത്തിന് അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്‌സിനുകളാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് ആകെ 24,558 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന്‍ സ്വീകരിച്ചത്.

🔳ആറ് രാജ്യങ്ങളിലേക്ക് ഇന്ന് മുതല്‍ ഇന്ത്യയില്‍നിന്ന് കോവിഡ്-19 വാക്‌സിന്‍ കയറ്റുമതി ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ആദ്യഘട്ടത്തില്‍ ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് വാക്‌സിന്‍ കൈമാറുന്നത്.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ മറ്റാരെയെങ്കിലുമോ താന്‍ ഭയക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. അവര്‍ക്ക് തന്നെ തൊടാനാകില്ലെന്നും രാഹുല്‍ പറഞ്ഞു. അരുണാചല്‍പ്രദേശില്‍ ചൈന ഗ്രാമമുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയെ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ വിമര്‍ശിച്ചിരുന്നു. ഇതിനെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

🔳തനിക്കെതിരേ ചോദ്യങ്ങള്‍ ഉയര്‍ത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ചോദ്യങ്ങള്‍ക്ക് താനെന്തിന് മറുപടി നല്‍കണമെന്നും അദ്ദേഹം തന്റെ പ്രൊഫസറാണോയെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് യാഥാര്‍ഥ്യം അറിയാം. രാഹുല്‍ ഗാന്ധി എന്താണ് ചെയ്തതെന്ന് എല്ലാ കര്‍ഷകര്‍ക്കും ബോധ്യമുണ്ട്. തികഞ്ഞ രാജ്യസ്‌നേഹിയായ താന്‍ രാജ്യത്തെ സംരക്ഷിക്കുമെന്നും അത് തന്റെ കടമയാണെന്നും രാഹുല്‍ വ്യക്തമാക്കി.

🔳കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി നാളെ ആദ്യ ചര്‍ച്ച നടത്തുമെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി. കഴിഞ്ഞയാഴ്ചയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ സുപ്രീം കോടതി മരവിപ്പിക്കുകയും പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായി സമിതി രൂപവത്കരിക്കുകയും ചെയ്തത്.

🔳പാര്‍ലമെന്റ് ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായി നടക്കും. ആദ്യഘട്ടം ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെയും രണ്ടാംഘട്ടം മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയുമാണ് നടക്കുക. ഇത്തവണ ബജറ്റും സാമ്പത്തിക സര്‍വേയും ഡിജിറ്റല്‍ രൂപത്തിലാണ് അവതരിപ്പിക്കുകയെന്നും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള.

🔳തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിക്കൊണ്ടുള്ള കരാര്‍ ഒപ്പിട്ടു. ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്.  തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്.

🔳നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം പരാക്രം ദിവസമായി ആഘോഷിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

🔳സി.എ.ജി റിപ്പോര്‍ട്ടില്‍ എഴുതിവെച്ചിരിക്കുന്നത് ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രി തോമസ് ഐസക്. നടപടി ക്രമങ്ങള്‍ തെറ്റിച്ച് ശുദ്ധ അസംബന്ധം എഴുതിയുണ്ടാക്കിയാല്‍ അത് നിയമസഭയോടുള്ള അവഹേളനമാണെന്നും ഐസക് വ്യക്തമാക്കി. സി.എ.ജി സുപ്രീം കോടതിയല്ലെന്നും സി.എ.ജി റിപ്പോര്‍ട്ട് മതിയായ ചര്‍ച്ചകളില്ലാതെ ഏതോ ഗൂഢോദ്ദേശവുമായി ധൃതിയില്‍ തട്ടിക്കൂട്ടിയ ഏര്‍പ്പാടാണെന്നും ഐസക് വിമര്‍ശിച്ചു.

🔳വാളയാര്‍ കേസിന്റെ തുടരന്വേഷണത്തിന് റെയില്‍വേ എസ്.പി. ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ ചേര്‍ക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അനുമതി നല്‍കിയിട്ടുണ്ട്.

🔳മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കാലാവധി തികയ്ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി മാസം ഉണ്ടായേക്കുമെന്ന് സൂചന. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷക സംഘം കേരളം സന്ദര്‍ശിച്ചതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

🔳മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയര്‍മാനായ കെപിസിസി തിരഞ്ഞെടുപ്പ് മേല്‍നോട്ടസമിതിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഹൈക്കമാന്‍ഡ്. പത്തംഗങ്ങളാണ് സമിതിയില്‍ ഉള്ളത്. ഉമ്മന്‍ചാണ്ടിക്ക് പുറമേ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ മുരളീധരന്‍, വി.എം സുധീരന്‍, കെ. സുധാകരന്‍, കൊടുക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവരടങ്ങുന്നതാണ് സമിതി. ശശി തരൂരിനെ ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരമാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

🔳പാര്‍ട്ടി നിര്‍ദേശിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്നുവരെ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പറയുന്ന ഏത് നിര്‍ദേശവും ശിരസാവഹിച്ച് മുന്നോട്ടു പോകുന്ന ചരിത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳മന്ത്രി എ.കെ.ശശീന്ദ്രനെതിരേ എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ മാസ്റ്റര്‍ രംഗത്ത്. ശശീന്ദ്രന്റെ വീട്ടില്‍ യോഗം ചേര്‍ന്നത് ശരിയായില്ലെന്നും പാര്‍ട്ടി അറിയാതെയാണ് യോഗം ചേര്‍ന്നതെന്നും ടി.പി.പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

🔳കേരളത്തില്‍ ഇന്നലെ 66,259 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3506 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5541 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 484 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4296 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 70,259 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് : എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63.

🔳സംസ്ഥാനത്ത് ഇന്നലെ 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്നലെ 17 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ആകെ 410 ഹോട്ട് സ്‌പോട്ടുകള്‍

🔳താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദം പുകയുന്ന പശ്ചാത്തലത്തില്‍ നടന്‍ സെയ്ഫ് അലിഖാന് സുരക്ഷ നല്‍കി മുംബൈ പോലീസ്. ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപിച്ച് രാഷട്രീയ നേതാക്കളുള്‍പ്പെടെ ഒട്ടനവധിയാളുകള്‍ രംഗത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാന്‍ നടന് പ്രത്യേക സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്.

🔳പാര്‍ലമെന്റ് കാന്റീന് നല്‍കിവന്ന സബ്‌സിഡി നിര്‍ത്തലാക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. സബ്‌സിഡി നിര്‍ത്തലാക്കുന്നതോടെ എംപിമാര്‍  അടക്കമുള്ളവര്‍ക്ക് ഭക്ഷണത്തിന് ഇനി ഉയര്‍ന്ന വില നല്‍കേണ്ടിവരും. എന്നാല്‍ പുതിയ നീക്കത്തിലൂടെ ലോക്‌സഭാ സെക്രട്ടേറിയറ്റിന് പ്രതിവര്‍ഷം എട്ടു കോടി രൂപയിലേറെ ലാഭിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

🔳ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ടുപയോഗിച്ചാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അന്നദാന മണ്ഡപം കേന്ദ്രത്തിന്റേതാണെന്ന അവകാശവാദങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. അന്നദാനം മഹാദാനമാണ്. അതില്‍ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുതെന്നും കടകംപള്ളി.

🔳കേരളത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളൈാന്‍ ഗോവയിലെ കര്‍ഷകരെ ഉപദേശിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കേരളത്തിലെ ജനങ്ങള്‍ ചക്കയ്ക്ക് വിപണി കണ്ടെത്തിയ രീതി നാം കണ്ടു പഠിക്കണമെന്നും ചക്കയ്ക്ക് പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്ന കണ്ടെത്തലിന് പിന്നാലെ അതില്‍നിന്ന് മലയാളികള്‍ കോടികള്‍ നേടുകയാണും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഗോവയില്‍ ഉണ്ടാകുന്ന ചക്കയുടെ 95 ശതമാനവും ചീഞ്ഞു പോകുകയാണെന്നു മാത്രമല്ല പഴുത്തചക്ക തലയില്‍വീണ് പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳മാവോവാദികളേക്കാള്‍ അപകടകാരികളാണ് ബി.ജെ.പി.യെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാമെന്നും ബിജെപിക്ക് മുന്നില്‍ തങ്ങള്‍ തലകുനിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ നേതാക്കന്മാരെ സൂചിപ്പിച്ചുകൊണ്ട് മമത പറഞ്ഞു.

🔳ജമ്മു കശ്മീരിലെ ഗുപ്കര്‍ സഖ്യത്തില്‍ വിള്ളല്‍. പീപ്പിള്‍സ് കോണ്‍ഫറന്‍സ് സഖ്യംവിടുന്നതായി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സജാദ് ലോണ്‍ അറിയിച്ചു. ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സഖ്യത്തിലെ ചില കക്ഷികള്‍ വിമത സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന് ആരോപിച്ചാണ് സഖ്യത്തില്‍നിന്നുള്ള ലോണിന്റെ പിന്മാറ്റം.

🔳ഇന്ത്യക്കാരായ ഉപയോക്താക്കള്‍ക്ക് സ്വകാര്യതാ നയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കാന്‍ വാട്‌സ്ആപ്പിനോട് നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിക്കുന്നതിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍  ടെക്‌നോളജി മന്ത്രാലയം വാട്‌സ്ആപ്പ് സിഇഒ വില്‍ കാത്കാര്‍ട്ടിന് കത്തെഴുതി.

🔳ഇന്ത്യയില്‍ ഇന്നലെ  13,780 കോവിഡ് രോഗികള്‍. മരണം 161. ഇതോടെ ആകെ മരണം 1,52,754 ആയി. ഇതുവരെ 1,05,96,442 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.94 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,294 കോവിഡ് രോഗികള്‍. ഡല്‍ഹിയില്‍ 231 പേര്‍ക്കും പശ്ചിമബംഗാളില്‍ 412 പേര്‍ക്കും കര്‍ണാടകയില്‍ 645 പേര്‍ക്കും ആന്ധ്രയില്‍ 179 പേര്‍ക്കും തമിഴ്‌നാട്ടില്‍ 543 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 5,52,005 കോവിഡ് രോഗികള്‍. അമേരിക്കയില്‍ 1,47,815 പേര്‍ക്കും ബ്രസീലില്‍ 63,504 പേര്‍ക്കും ഇംഗ്ലണ്ടില്‍ 33,355 പേര്‍ക്കും സ്പെയിനില്‍ 34,291 പേര്‍ക്കും റഷ്യയില്‍ 21,734 പേര്‍ക്കും ഫ്രാന്‍സില്‍ 23,608 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ആഗോളതലത്തില്‍ 9.65 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.52 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 13,995 മരണമാണ് ഇന്നലെ  റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,301 പേരും ഇംഗ്ലണ്ടില്‍ 1,610 പേരും ജര്‍മനിയില്‍ 1,139 പേരും ബ്രസീലില്‍ 1,183 പേരും റഷ്യയില്‍586 പേരും ദക്ഷിണാഫ്രിക്കയില്‍ 839 പേരും  ഇറ്റലിയില്‍ 603 പേരും മെക്സിക്കോയില്‍ 544 പേരും ഇന്നലെ മരിച്ചു.  ഇതോടെ മൊത്തം 20.63 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ വൈറസ് വ്യാപനം തടയാന്‍ ചൈനയുള്‍പ്പടെയുളള രാജ്യങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന വിമര്‍ശനവുമായി ലോകാരോഗ്യസംഘടനയുടെ വിദഗ്ധ സമിതി. യുഎന്‍ ആരോഗ്യ ഏജന്‍സി വളരെ നേരത്തേ തന്നെ കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും പാനല്‍ അഭിപ്രായപ്പെട്ടു.  

🔳റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിനായ എപിവാക് കൊറോണയ്ക്ക് നൂറ് ശതമാനം പ്രതിരോധം നല്‍കാനാവുമെന്ന് അവകാശവാദം. ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് സ്പുട്‌നിക് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

🔳അമേരിക്കയുടെ നാല്‍പത്തിയാറാമത് പ്രസിഡന്റായി ജോ ബൈഡന്‍ ഇന്ന് സ്ഥാനമേല്‍ക്കും. കോവിഡ് മഹാമാരിയും കാപ്പിറ്റോളിലുണ്ടായ മഹാനാണക്കേടും കാരണം ഇത്തവണ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയ്ക്ക് ജനക്കൂട്ടമില്ലാതാക്കിയിരിക്കുന്നു. പകരം ചടങ്ങുകള്‍ പ്രശ്നരഹിതമായി പൂര്‍ത്തിയാകുന്നത് ഉറപ്പ് വരുത്താന്‍ കാല്‍ലക്ഷം നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കും. സത്യപ്രതിജ്ഞാച്ചടങ്ങിന് ഡൊണാള്‍ഡ് ട്രംപ് എത്തില്ലെന്നാണ് ഇതുവരെയുള്ള വിവരം.

🔳കാപ്പിറ്റോളിലെ കലാപത്തിനിടെ സ്പീക്കറുടെ ഓഫീസില്‍നിന്ന് ലാപ്‌ടോപ്പ് മോഷ്ടിച്ചെന്ന് സംശയിക്കുന്ന ട്രംപ് അനുകൂലി അറസ്റ്റില്‍. 22 വയസ്സുകാരിയായ റിലേ ജൂണ്‍ വില്യംസിനെയാണ് പെന്‍സില്‍വാനിയയില്‍നിന്ന് എഫ്.ബി.ഐ. പിടികൂടിയത്.

🔳സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ഹരിയാണയ്‌ക്കെതിരേ കേരളത്തിന് തോല്‍വി. നാലു റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹരിയാണ ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കേരളത്തിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ടൂര്‍ണമെന്റിലെ മികച്ച പ്രകടനങ്ങള്‍ക്കു ശേഷം തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ കേരളം ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി.

🔳നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ട ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയമെന്ന് പിണറായി ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

🔳ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ വിജയിച്ച് പരമ്പര 2-1 ന് സ്വന്തമാക്കിയ ഇന്ത്യ തകര്‍ത്തത് ഓസ്‌ട്രേലിയയുടെ 32 വര്‍ഷത്തെ ഒരു റെക്കോഡ്. നാലാം ടെസ്റ്റിന് വേദിയായ ബ്രിസ്‌ബെയ്നിലെ ഗാബ ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയ 1988-ന് ശേഷം തോല്‍വിയറിഞ്ഞിട്ടില്ല. എന്നാല്‍ ഇന്നലത്തെ ഉജ്ജ്വല വിജയത്തോടെ ഇന്ത്യ ആ റെക്കോഡ് തകര്‍ത്ത് തരിപ്പണമാക്കി. 1988-ല്‍ വെസ്റ്റ് ഇന്‍ഡീസിനോടാണ് ഓസ്‌ട്രേലിയ അവസാനമായി ഗാബയില്‍ പരാജയപ്പെട്ടത്. അതിനുശേഷം നടന്ന 31 മത്സരങ്ങളില്‍ 24 എണ്ണത്തിലും ഓസിസ് വിജയം നേടി. ഏഴുമത്സരങ്ങള്‍ സമനിലയിലുമായി. ഋഷഭ് പന്തിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ വിജയം നേടിയപ്പോള്‍ ഓസിസ് കാത്തുസൂക്ഷിച്ച റെക്കോഡ് പഴങ്കഥയായി.

🔳32 വര്‍ഷമായി ഓസ്‌ട്രേലിയ തോല്‍വിയറിയാത്ത ഗാബയില്‍ അവരെ കൊമ്പുകുത്തിച്ച ഇന്ത്യയ്ക്ക് ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും മുന്നേറ്റം. ഓസീസിനെതിരായ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മെല്‍ബണിലും ഗാബയിലും നേടിയ ജയത്തോടെയാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം വട്ടവും ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫി സ്വന്തമാക്കിയത്.  പരമ്പര ജയത്തോടെ ഓസീസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.

🔳ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. പതിനെട്ടംഗ ടീമില്‍ ഓസ്‌ട്രേലിയക്കെതിരേ ചരിത്ര വിജയം നേടിയ ടീമിലുണ്ടായിരുന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍,ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം പൃഥ്വി ഷായ്ക്കും ടി. നടരാജനും നവ്ദീപ് സെയ്‌നിക്കും സ്ഥാനം നഷ്ടമായി.

🔳ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയെ സമനിലയില്‍ തളച്ച് ഒഡീഷ എഫ്‌സി. പതിമൂന്നാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയുടെ ഗോളിലൂടെ മുന്നിലെത്തിയ ഹൈദരാബാദിനെ 51-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ കോള്‍ അലക്സാണ്ടര്‍ നേടിയ ഗോളിലൂടെയാണ് ഒഡീഷ സമനിലയില്‍ തളച്ചത്.

🔳തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്. വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചെന്ന് കാണിച്ച് എയര്‍ പോര്‍ട്ട് അതോറിറ്റി ട്വീറ്റ് പുറത്തുവിട്ടു. 50 വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതോടൊപ്പം ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും.

🔳സിഎസ്ബി ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ 175.5 കോടി രൂപ അറ്റാദായമുണ്ടാക്കി. 2020 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ 53.1 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 28.1 കോടി രൂപയായിരുന്നു അറ്റാദായം. 2020 ഡിസംബര്‍ 31-ന് അവസാനിച്ച ഒന്‍പതു മാസങ്ങളിലെ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 484.3  കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 173.6 കോടി രൂപയെ അപേക്ഷിച്ച് 179 ശതമാനം വര്‍ധനവാണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ 160.5 ശതമാനം വര്‍ധനവോടെ 182.4 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ചിട്ടുണ്ട്.

🔳ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'കുറുപ്പ്' മെയ് 28ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിനായി റെക്കോര്‍ഡ് തുകയാണ് പല ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളും ഓഫര്‍ ചെയ്തത്. എങ്കിലും ആ ഓഫറുകള്‍ നിരസിച്ച് ചിത്രം തിയേറ്ററില്‍ റിലീസിന് എത്തുകയാണ്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് കുറുപ്പ് ഒരുങ്ങുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍.  കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം.

🔳3ഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേതികവിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍ സിനിമയാണ് ആദിപുരുഷ് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.  ബോളിവുഡ്താരം സെയ്ഫ് അലിഖാനാണ് ചിത്രത്തില്‍ രാവണനായി എത്തുന്നത്.

🔳ഇറ്റാലിയന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ മോട്ടോ ഗുസി പുതിയ 2021 മോഡല്‍ വി9 റോമര്‍, വി9 ബോബര്‍ മോട്ടോര്‍സൈക്കിളുകളെ വിപണിയില്‍ അവതരിപ്പിച്ചു. കസ്റ്റം-ലൈക്ക് രൂപത്തിന് പ്രശസ്തമാണ് മോട്ടോ ഗുസി വി9 മോഡലുകള്‍. രണ്ട് മോട്ടോര്‍സൈക്കിളുകളും ഇത്തവണ മികച്ച അപ്‌ഡേറ്റുകളും 90 ഡിഗ്രി വി-ട്വിന്‍ എഞ്ചിനും ചാസിയിലേക്കുള്ള പുനരവലോകനങ്ങളുമായാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ 850 സിസി, 90 ഡിഗ്രി, വി-ട്വിന്‍ എഞ്ചിനാണ് രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും ഹൃദയം.

🔳വിവിധ ദേശങ്ങളിലൂടെയുള്ള ഒരു നോവലിസ്റ്റിന്റെ യാത്രാനുഭവങ്ങളാണിത്. അനുഭവങ്ങളുടെ ചൂടും ചൂരുമുള്ള യാത്രാകുറിപ്പുകള്‍ അധികമാരും പോകാത്ത ഏറെയൊന്നും എഴുതപ്പെടാത്ത ദേശങ്ങളിലൂടെയുള്ള ഈ യാത്രനുഭവങ്ങള്‍ ഹൃദ്യമായ ഒരു വായനാനുഭവമാക്കുന്നു. 'ചില യാത്രകള്‍, ചില അനുഭവങ്ങള്‍'. സേതു. ഡിസി ബുക്സ്. വില 142 രൂപ.

🔳കോണ്‍ഫ്‌ളേക്‌സ് ഇന്നത്തെ കാലത്ത് മിക്കവരുടെയും പ്രിയപ്പെട്ട ഭക്ഷണമായി മാറിയിരിക്കുകയാണ്. ചിലര്‍ പ്രഭാതഭക്ഷണമായി കോണ്‍ഫ്‌ളേക്‌സ് കഴിച്ച് വരുന്നു. എന്നാല്‍ ശരിക്കും കോണ്‍ഫ്‌ളേക്‌സ് പോലുള്ളവ പ്രാതലിനു കഴിക്കുന്നത് ആരോഗ്യകരമാണോയെന്നത് തീര്‍ച്ചയായും പരിശോധിക്കേണ്ട കാര്യമാണ്.  ചോളം, പഞ്ചസാര, കോണ്‍ സിറപ്പ് എന്നിവയാണ് ഇതിലെ പ്രധാന ചേരുവകള്‍ എന്ന് പറയുന്നത്. ഇവയില്‍ മിക്കതിലും ഗ്ലൈസമിക് സൂചികയുടെ അളവ് കൂടുതലാണ്. ഉയര്‍ന്ന ജിഐ കാര്‍ബോഹൈഡ്രേറ്റുകളുടെ ഉപയോഗം പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, കോണ്‍ഫ്‌ളേക്‌സ് പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കോണ്‍ഫ്‌ളേക്‌സ് ആരോഗ്യകരമായ ഭക്ഷണം എന്ന് പറയാനാകില്ല. ഒരു കപ്പ് കോണ്‍ഫ്‌ളേക്‌സില്‍ 1.7 ഗ്രാം പ്രോട്ടീന്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ. പ്രോട്ടീന്‍ കുറവുള്ള ഭക്ഷണങ്ങള്‍ വയറ് നിറഞ്ഞതായി തോന്നിപ്പിക്കുകയില്ല.  കൂടുതല്‍ പഞ്ചസാര അടങ്ങിയിരിക്കുന്ന സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഉയര്‍ന്ന ഗ്ലൈസമിക് ഭക്ഷണം എന്ന വിഭാഗത്തില്‍ പെടുന്നു. അത് കൊണ്ട് തന്നെ പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. 82 ആണ് കോണ്‍ഫ്‌ളേക്സിന്റെ ഗ്ലൈസമിക് സൂചിക.  ഉയര്‍ന്ന ഗ്ലൈസമിക് സൂചിക രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ന്ന അളവില്‍ ഉത്പാദിപ്പിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ബ്രേക്ക്ഫാസ്റ്റില്‍ കോണ്‍ഫ്‌ളേക്സിന് പകരം ഓട്സ് തിരഞ്ഞെടുക്കാവുന്നതാണ്. പാട നീക്കിയ കൊഴുപ്പ് കുറഞ്ഞ പാല്‍ ഉപയോഗിച്ച് ഓട്സ് കഴിക്കാവുന്നതാണ്. അതില്‍ തന്നെ ആപ്പിള്‍, ബെറിപ്പഴങ്ങള്‍ എന്നിവയും   ചേര്‍ക്കാം.
 
*ശുഭദിനം*
*കവിത കണ്ണന്‍*
പകരത്തിനു പകരം എന്നതു നീതിയല്ല.  പകയാണ്.  ദുര്‍വ്യാഖ്യാനം നടത്തി നീതിക്കും ന്യായത്തിനും രൂപമാറ്റം പോലും സംഭവിച്ചിട്ടുണ്ട്.  തനിക്കു സംഭവിച്ച അതേ ദുരന്തങ്ങള്‍ അയല്‍ക്കാരന് സംഭവിക്കുമ്പോള്‍ ദുഃഖം പാതിയാകുന്നതും,തനിക്കു ലഭിച്ച അതേ സൗഭാഗ്യം ശത്രുവിനു ലഭിക്കുമ്പോള്‍ സന്തോഷം നിലയ്ക്കുന്നതും മനോഭാവത്തിന്റെ പ്രശ്നമാണ്.  തുല്യവിപത്ത് വരുന്നത് നീതിയും തുല്യഭാഗ്യം വരുന്നത് അനീതിയുമാകുന്നതെങ്ങനെയാണ്.  ദുരന്തം നല്‍കിയവര്‍ക്ക് അതേ ദുരന്തം തിരിച്ചുനല്‍കുന്നത് നീതിയല്ല.  സ്വാര്‍ത്ഥതയാണ്.  പകരംവീട്ടലിനു വേണ്ടി ചെലവഴിക്കുന്ന സമയവും സമ്പത്തും പരസ്പരം മനസ്സിലാക്കുന്നതിനായി മാറ്റിവെച്ചിരുന്നുവെങ്കില്‍ പക ഒരു പകര്‍ച്ചവ്യാധിപോലെ പടരുകയില്ലായിരുന്നു.  ദ്രോഹിക്കാനുള്ള കാരണം തലച്ചോറിന്റെയും ക്ഷമിക്കാനുള്ള കാരണം ഹൃദയത്തിന്റെതുമാണ്.  ചിലപ്പോഴൊക്കെ പുഞ്ചിരി നല്ലൊരു പ്രതികാരത്തിന്റെ ഫലം ചെയ്യും. ക്ഷമയുടെ നല്ലപാഠങ്ങള്‍ പിന്തുടരാന്‍ നമുക്കും സാധിക്കട്ടെ - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only