02 ജനുവരി 2021

പുതുവർഷത്തിൽ പുതിയ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്: ഇന്ന് മുതൽ എല്ലാ ഓഫീസുകളും ഇ- ഓഫീസ്
(VISION NEWS 02 ജനുവരി 2021)


തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിന്റെ കൂടുതൽ സേവനങ്ങൾ ഇന്നു മുതൽ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. മോട്ടോർ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലാകും. ലൈസൻസ് പുതുക്കൽ, മേൽവിലാസം മാറ്റൽ, ഡ്യൂപ്ലിക്കേറ്റ് എടുക്കൽ, അധിക ക്ലാസ് കൂട്ടിച്ചേർക്കൽ എന്നിവയ്ക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ ഫീസിനൊപ്പം തപാൽ ചാർജ് അടയ്ക്കുന്നതോടെ പുതിയ ലൈസൻസ് വീട്ടിലെത്തും. ഇനി മുതൽ ലൈസൻസ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന് വ്യക്തതയില്ലാത്ത/ സംശയകരമായ സാഹചര്യങ്ങളിൽ മാത്രം നേരിട്ട് ഹാജരായാൽ മതി. സാരഥി സോഫ്റ്റ് വെയറിൽ ചേർത്തിട്ടുള്ള ലൈസൻസുകൾക്ക് വ്യക്തമായ കാഴ്ച/ മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്താൽ ഹിയറിംഗ് ആവശ്യമില്ല. ടാക്സ് ടോക്കണും പെർമിറ്റും ഓൺലൈനായി പ്രിന്റ് എടുക്കാം.

പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ലൈസൻസ് പുതുക്കാം. ഇതിനായി അതത് രാജ്യത്തെ അംഗീകാരമുള്ള ഡോക്ടർമാരിൽ നിന്ന് ലഭിക്കുന്ന കാഴ്ച/മെഡിക്കൽ പരിശോധന സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്ത് ഫീസടച്ചാൽ മതി. ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് വിദേശത്തെ അംഗീകൃത ഡോക്ടർമാരിൽ കാഴ്ച/മെഡിക്കൽ ഫിറ്റ്നസ് പരിശോധന സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും (ലൈസൻസ്, വിസ, പാസ്പോർട്ട് മുതലയാവ) ഓൺലൈനായി അപ്‌ലോഡ് ചെയ്ത് അപേക്ഷിക്കാം.

ഇന്നുമുതൽ എല്ലാ പുക പരിശോധന കേന്ദ്രങ്ങളിലും ഓൺലൈൻ സംവിധാനം നിർബന്ധമാക്കും. പുക പരിശോധന ഏകീകൃത വാഹന സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ച് മോട്ടോർ വാഹന വകുപ്പിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളാകും നൽകുക. കൂടാതെ സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ വാഹനിലും, പരിവാഹൻ ആപ്ലിക്കേഷനിലും ലഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഓൺലൈൻ ലേണേഴ്സ് ലൈസൻസ് ടെസ്റ്റ്് വിജയകരമായതിനെ തുടർന്ന് ഇത് തുടരും. നാല് ലക്ഷത്തോളം പേരാണ് ഓൺലൈൻ ടെസ്റ്റിൽ ഇതുവരെ വിജയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only