28 January 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 28 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സായാഹ്‌ന വാർത്തകൾ
2021 ജനുവരി 28 | 1196 മകരം 15 | വ്യാഴം | പൂയം|
➖➖➖➖➖➖➖➖

🔳ചെങ്കോട്ടയ്ക്കുമുകളില്‍ സിഖ് പതാക നാട്ടിയവര്‍ക്ക് ഖലിസ്താന്‍ വിഘടനവാദികളുമായി ബന്ധമുണ്ടോയെന്ന അന്വേഷണവുമായി ഇന്റലിജന്‍സ് ഏജന്‍സികള്‍. സിഖ് ഗുരുദ്വാരകളിലും മറ്റും കെട്ടാറുള്ള നിഷാന്‍ സാഹിബ് പതാകയാണ് ചെങ്കോട്ടയിലെ കൊടിമരത്തില്‍ കെട്ടിയത്.

🔳സമരരംഗത്തുള്ള കര്‍ഷകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുറപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഗാസിപുരില്‍ നിന്ന് കര്‍ഷകര്‍ ഒഴിഞ്ഞുപോവണമെന്ന് ജില്ലാ ഭരണകൂടം കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ ഗാസിപ്പുരില്‍ നിന്ന് ഒഴിഞ്ഞു പോവണമെന്നാണ് നിര്‍ദേശം.

➖➖➖➖➖➖➖➖

🔳ചെങ്കോട്ടയില്‍ നടന്ന അതിക്രമങ്ങളില്‍ നടനും ഗായകനുമായ ദീപ് സിദ്ദുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഗുണ്ടാനേതാവില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനകനായി മാറിയ ലഖ സിദ്ധാനയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ചെങ്കോട്ടയില്‍ നടന്ന അതിക്രമങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇവരുടെ ബിജെപി ബന്ധവും പുറത്തുവന്നതിനാലാണ് ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ വൈകിയതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

🔳ചെങ്കോട്ടയിലുണ്ടായ അതിക്രമങ്ങളുടെ പേരില്‍ തന്നെ വിശ്വാസവഞ്ചകനെന്ന് വിളിക്കരുതെന്ന് സാമൂഹ്യപ്രവര്‍ത്തകനും നടനുമായ ദീപ് സിദ്ദു.  കര്‍ഷകരുടെ ട്രാക്ടര്‍ റാലി വഴിതിരിച്ചുവിട്ടതിനും ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ അതിക്രമങ്ങള്‍ക്കും പിന്നില്‍ ദീപ് സിദ്ദുവാണെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് ന്യായീകരണവുമായി ദീപ് സിദ്ദു ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സിദ്ദു നിഷേധിച്ചു.

🔳അരനൂറ്റാണ്ട് കാലത്തെ ജനങ്ങളുടെ സ്വപ്നമായ ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും  ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു.  ദേശീയപാത 66-ല്‍ കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാതയാണ്. മേല്‍പ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്.

🔳ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിലേക്ക് രാജ്യസഭ എം.പി. കെ.സി. വേണുഗോപാലിനെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ഉദ്ഘാടന വേദിയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം. ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.

🔳കേരളചരിത്രത്തിലെ സമാനതകളില്ലാത്ത പാര്‍പ്പിട വികസന പ്രവര്‍ത്തനമാണ് ലൈഫ് മിഷന്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരന്റെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന അഭിമാനകരമായ പദ്ധതിയാണ് ലൈഫ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.  ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

🔳യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന്  ഔദ്യോഗികമായി തുടങ്ങും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായും ആര്‍.എസ്.പിയുമായാണ് ഇന്നത്തെ ഉഭയ കക്ഷി ചര്‍ച്ച. പതിനഞ്ചു സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫിന്റെ നിലപാട്. ആര്‍.എസ്.പി യും കൂടുതല്‍ സീറ്റ് ആവശ്യപ്പെടും.

🔳കോണ്‍ഗ്രസ് പാര്‍ട്ടിയോടുളള രാഷ്ട്രീയാഭിമുഖ്യം പരസ്യമാക്കിയിട്ടുളള നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി തിരഞ്ഞെടുപ്പ് അങ്കത്തിന്. കോഴിക്കോട് ബാലുശ്ശേരി നിയോജകമണ്ഡലമാണ് ധര്‍മ്മജന് വേണ്ടി പരിഗണിക്കുന്നവയില്‍ ഒരു സീറ്റ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറഞ്ഞു.

🔳രണ്ടു വോട്ടിന് വേണ്ടി ഏത് വര്‍ഗീയ പ്രചരണവും നടത്താന്‍ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന വാക്കുകളാണ് എ.വിജയരാഘവനില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയരാഘവന്‍ വായ തുറന്നാല്‍ വര്‍ഗീയതയാണെന്നും തമിഴ്‌നാട്ടില്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്ന സിപിഎം കേരളത്തില്‍ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടങ്ങിവെച്ച വര്‍ഗീയ ചേരിതിരുവുണ്ടാക്കാനുളള ശ്രമം ഇപ്പോഴും സിപിഎം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. .

🔳സംസ്ഥാനത്ത് ഇന്ധനവില കുറയണമെന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കട്ടേയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. എന്നാല്‍ നികുതി കുറയ്ക്കുന്ന പ്രശ്‌നമേ ഇല്ലെന്നാണ് തോമസ് ഐസക് പറയുന്നത്. കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ല, പലഘട്ടങ്ങളിലായി കേന്ദ്രം ഇന്ധനനികുതി കുറച്ചിട്ടുണ്ടെന്നും വി മുരളീധരന്‍ പ്രതികരിച്ചു.

🔳ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയും ആനപ്രേമികളുടെ ഹരവുമായ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 60 വയസ്സ് പ്രായമുണ്ട്. പ്രായാധിക്യത്തിന്റേതായ പ്രശ്‌നങ്ങള്‍ കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആന ചരിഞ്ഞത്.  ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്‌കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും.

🔳നിലമ്പൂരില്‍ കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു. പാണ്ടിക്കാടിന് സമീപം ഒറവംപുറത്ത് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍(26) ആണ് മരിച്ചത്. അതേസമയം രാഷ്ട്രീയ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സിപിഎമ്മാണ് സംഘര്‍ഷത്തിന് പിന്നിലെന്നും ലീഗ് ആരോപിച്ചു.

🔳മൂന്നാര്‍ ടൗണില്‍ താപനില മൈനസ് രണ്ടിലെത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് മൂന്നാറില്‍ രേഖപ്പെടുത്തിയത്..

🔳ഉള്‍നാടന്‍ ജലാശയങ്ങളില്‍നിന്ന് നിശ്ചിത വലുപ്പമില്ലാത്ത മീനുകളെ പിടിക്കാന്‍ വിലക്കുവരും. നാടന്‍ മത്സ്യയിനങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്. ആദ്യപടിയായി സംസ്ഥാന മത്സ്യമായ കരിമീനിനാണ് വലുപ്പം നിശ്ചയിക്കുക. മത്സ്യവിത്ത് ഉത്പാദനത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനും വിപണനവും സംഭരണവും നിയന്ത്രിക്കാനുമായി കൊണ്ടുവന്ന മത്സ്യവിത്ത് ആക്ടിന്റെ ചുവടുപിടിച്ചാണ് നിയന്ത്രണം.

🔳നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പുതുച്ചേരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി. നടപടി നേരിട്ട 13 ഓളം നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു. അഞ്ച് സംസ്ഥാന സെക്രട്ടറിമാരും മുന്‍ എംഎല്‍എയുമടക്കമാണ് ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്.

🔳ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാന്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. ഏഴ് പതിറ്റാണ്ടിലേറെക്കാലം സിനിമാരംഗത്ത് നിറഞ്ഞു നിന്ന ക്ലോറിസ് സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങി. ദ ലാസ്റ്റ് പിക്ചര്‍ ഷോയിലെ (1971) അഭിനയത്തിന് ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി.

🔳കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ദുബായ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കി. ഇനി മുതല്‍ ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാണ്. ജനുവരി 31 ഞായറാഴ്ച മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തിലാകും.

🔳കാപിറ്റോള്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയചര്‍ച്ചകള്‍ക്ക് നിയന്ത്രണമേര്‍പ്പടുത്താനൊരുങ്ങി ഫെയ്‌സ്ബുക്ക്. രാഷ്ട്രീയ ഗ്രൂപ്പുകള്‍
ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ലെന്ന് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന
ന്യൂസ്ഫീഡുകളില്‍ രാഷ്ട്രീയ ഉളളടക്കം കുറയ്ക്കുകയും ചെയ്യും. ആഗോളതലത്തില്‍ ഈ നയം വിപുലീകരിക്കാനാണ് ഫെയ്‌സ്ബുക്കിന്റെ തീരുമാനം.

🔳സ്വിറ്റ്സര്‍ലന്‍ഡില്‍ ജനസംഖ്യയുടെ 30 ശതമാനവും ഒരു മതത്തിലും വിശ്വസിക്കാത്തവരെന്ന് ഫെഡറല്‍ സ്റ്റാറ്റിക്കല്‍ ഓഫീസ് റിപ്പോര്‍ട്ട്. 2019-ല്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 1.9 ശതമാനം വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳ആഭ്യന്തര കലാപത്തിന് സാധ്യത മുന്നില്‍ കണ്ട് അമേരിക്കയില്‍ പൂര്‍ണമായും ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചതായി യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി. ജോ ബൈഡന്‍ പ്രസിഡന്റാകുന്നതിനെ എതിര്‍ത്ത ഗവണ്‍മെന്റ് വിരുദ്ധ ശക്തികളില്‍ നിന്നാണ് ഭീഷണിയുയര്‍ന്നിട്ടുള്ളതെന്നും ജനുവരി 20 മുതല്‍ ഈ സാഹചര്യം നിലനില്‍ക്കുകയാണെന്നും ഇന്നലെ പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

🔳നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. നേരത്തെ ജനുവരി ആദ്യ വാരം നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗാംഗുലിയെ കൊറോണറി ധമനികളില്‍ മൂന്നിടത്ത് തടസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി സ്റ്റെന്റ് ഘടിപ്പിച്ചിരുന്നു. ഇത്തവണയും സ്റ്റെന്റിങ് നടപടിക്രമങ്ങള്‍ വേണ്ടിവരുമെന്ന് നേരത്തെ അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്ന വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

🔳ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്സില്‍ 12 പേരുമായി പങ്കെടുത്ത കേരളം മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയുമായി അഭിമാനനേട്ടം സ്വന്തമാക്കി. പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ആന്‍സി സോജനും പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെ. വിഷ്ണുപ്രിയയും 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആന്‍ റോസ് ടോമിയും സ്വര്‍ണം നേടി.

🔳ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് റയോ വല്ലേകാനോയെ മറികടന്ന് ബാഴ്‌സലോണ കോപ്പ ഡെല്‍ റേ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു.  ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ ജയം.

🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡ് യുണൈറ്റഡിനോട് തോറ്റ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫഡില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ചുവന്ന ചെകുത്താന്‍മാരുടെ തോല്‍വി. മാഞ്ചെസ്റ്റര്‍ സിറ്റിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ഈ തോല്‍വിയോടെ യുണൈറ്റഡ് നഷ്ടപ്പെടുത്തിയത്.

🔳ഇന്ത്യയിലെ പ്രമുഖ എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്സ്) കമ്പനിയായ മാരികോ ലിമിറ്റഡ് ബുധനാഴ്ച്ച ഡിസംബര്‍ പാദത്തിലെ സാമ്പത്തികഫലം പുറത്തുവിട്ടു. കഴിഞ്ഞ ഒക്ടോബര്‍ - ഡിസംബര്‍ കാലഘട്ടത്തില്‍ കമ്പനിയുടെ അറ്റാദായം 13.04 ശതമാനം വര്‍ധനവ് കണ്ടു. 312 കോടി രൂപയാണ് മാരികോ ലിമിറ്റഡ് അറ്റാദായം കുറിച്ചതും. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 276 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ഇക്കുറി പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 16.33 ശതമാനം വര്‍ധനവോടെ 2,122 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തികവര്‍ഷം ഡിസംബര്‍ പാദത്തില്‍ 1,824 കോടി രൂപയായിരുന്നു പ്രവര്‍ത്തനങ്ങളില്‍ നിന്നും മാരികോ വരുമാനം കണ്ടെത്തിയത്.

🔳അടുത്തയിടെ 40,000 ഡോളര്‍ കടന്ന ബിറ്റ്കോയിന്റെ മൂല്യം 15 ദിസവം കൊണ്ട് താഴ്ന്നത് 10,000 ഡോളറിലേറെ. 24 മണിക്കൂറിനിടെ മാത്രം 2000 ഡോളറിലേറെയാണ് ചാഞ്ചാട്ടമുണ്ടായത്. വന്‍കിട നിക്ഷേപകര്‍ വന്‍തോതില്‍ വിറ്റൊഴിഞ്ഞതാണ് ബിറ്റ്കോയിന്റെ മൂല്യത്തെ ബാധിച്ചത്. 30,000 ഡോളര്‍ നിലവാരത്തിലേയ്ക്കുപതിച്ച കോയിന്റെ മൂല്യം വൈകാതെ 32,000ത്തിലെത്തുകയും ചെയ്തു. 42,604 ആയിരുന്നു ബിറ്റ്കോയിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യം. പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങളായ ബ്ലാക്റോക്സും ഗോള്‍ഡ്മാന്‍ സാച്സും ക്രിപ്റ്റോ കറന്‍സിയില്‍ നിന്ന് പിന്‍വാങ്ങിയത് ബിറ്റ്കോയിനെ സമ്മര്‍ദത്തിലാക്കിയിരുന്നു.

🔳ഷൈലോക്കിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ അജയ് വാസുദേവ്. 'നാലാം തൂണ്‍' എന്ന പേരിട്ട ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. നാലാം തൂണിന്റെ തിരകഥ ഒരുക്കുന്നത് എസ്. സുരേഷ് ബാബുവാണ്.

🔳അജു വര്‍ഗീസ് നായകനാകുന്ന 'സാജന്‍ ബേക്കറി സിന്‍സ് 1962' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസും നടി ലെനയും സഹോദരങ്ങളായി അഭിനയിക്കുന്നു. ബോബന്‍, ബെറ്റ്‌സി എന്ന സഹോദരങ്ങള്‍ നടത്തുന്ന ബേക്കറിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്. അജു വര്‍ഗീസ് ഡബിള്‍ റോളിലെത്തുന്ന ചിത്രം കൂടിയാണിത്. ആദ്യമായാണ് അജു ഡബിള്‍ റോളിലെത്തുന്നത്. രഞ്ജിത മേനോന്‍, ഗ്രേസ് ആന്റണി, കെ.ബി. ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, രമേഷ് പിഷാരടി, ജയന്‍ ചേര്‍ത്തല, സുന്ദര്‍ റാം തുടങ്ങിയ താരങ്ങളും ഒട്ടേറേ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

🔳ഇന്ത്യയില്‍ എത്തി വെറും 17 മാസത്തിനുള്ളില്‍ രണ്ട് ലക്ഷം വാഹനങ്ങള്‍ നിരത്തിലെത്തിച്ചതാണ് കിയയുടെ കുതിപ്പിലെ ഏറ്റവുമൊടുവിലെ റെക്കോഡ്. കേവലം മൂന്ന് മോഡലുകളുടെ പിന്‍ബലത്തിലാണ് ഈ വില്‍പ്പന നേടിയത് എന്നുള്ളതാണ് ഈ നേട്ടത്തിന്റെ തിളക്കം കൂട്ടുന്നത്. കിയയുടെ വില്‍പ്പനയില്‍ ഒന്നാമന്‍ സെല്‍റ്റോസാണ്. ഈ വാഹനത്തിന്റെ 1,49,428 യൂണിറ്റാണ് ഇതിനോടകം നിരത്തിലെത്തിയത്. കോംപാക്ട് എസ്.യു.വി മോഡലായ സോണറ്റിന്റെ 45,195 യൂണിറ്റും ആഡംബര എം.പി.വി.മോഡലായ കാര്‍ണിവലിന്റെ 5409 യൂണിറ്റുമാണ് വിറ്റഴിച്ചിട്ടുള്ളത്.

🔳ലാളിത്യമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. സുഖങ്ങളെല്ലാം ത്യജിച്ച്, ആഘോഷങ്ങളും ആഹ്ലാദങ്ങളും വര്‍ജിച്ച് സന്ന്യാസതുല്യമായ ജീവിതം എന്നല്ല ലാളിത്യംകൊണ്ട് അര്‍ഥമാക്കുന്നത്. സാധാരണജീവിതങ്ങളില്‍ ആന്തരികമായി മാറ്റങ്ങളുണ്ടാവുകയും ആ മാറ്റങ്ങളിലൂടെ ജീവിതസങ്കീര്‍ണതയെ പ്രതിരോധിക്കുകയും ചെയ്യാനാകുമെന്ന വിശ്വാസമാണ് പുസ്തകത്തിന്റെ ആശയസത്ത. നവ ജീവിതശൈലിയിലൂടെ മറ്റൊരു ജീവിതം സാധ്യമാണെന്ന് കാണിച്ചുതരുന്ന പുസ്തകം. 'ലളിതജീവിതം'. കെ. ജയകുമാര്‍. മാതൃഭൂമി. വില 104 രൂപ.

🔳കൊറോണ വൈറസ് ശരീരത്തില്‍ കയറി കഴിഞ്ഞാല്‍ അത് ഏറ്റവുമധികം ബാധിക്കുന്ന അവയവം ശ്വാസകോശമല്ല മറിച്ച് തലച്ചോറാണെന്ന് പുതിയ പഠനം. ജോര്‍ജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. ശ്വാസകോശം കോവിഡിന്റെ ആഘാതം തരണം ചെയ്താലും തലച്ചോര്‍ രോഗബാധിതമായി തുടരുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് ഒരു ശ്വാസകോശ രോഗമാണെന്ന പൊതുധാരണയ്ക്ക് വിരുദ്ധമാണ് പഠനഫലങ്ങളെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ജോര്‍ജിയ സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസറും ഇന്ത്യന്‍ വംശജനുമായ മുകേഷ് കുമാര്‍ പറയുന്നു. വൈറസസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തിന്റെ ഭാഗമായി ഒരു കൂട്ടം എലികളില്‍ സാര്‍സ് കോവ്-2 വൈറസും ഒരു കൂട്ടം എലികളില്‍ സലൈന്‍ സൊല്യൂഷനും കുത്തിവച്ചു. വൈറസ് കുത്തിവച്ച എലികളുടെ ശ്വാസകോശത്തില്‍ മൂന്നു ദിവസത്തിനു ശേഷം വൈറസ് തോത് മൂര്‍ധന്യത്തിലെത്തി. പിന്നീട് അത് കുറയാന്‍ തുടങ്ങി. എന്നാല്‍ രോഗം ബാധിച്ച് 5-6 ദിവസമായിട്ടും ഇവയുടെ തലച്ചോറിലെ വൈറസ് തോത് കുറഞ്ഞില്ല. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളേക്കാള്‍ 1000 മടങ്ങ് അധികമായിരുന്നു തലച്ചോറിലെ വൈറസിന്റെ തോതെന്നും പഠനം കണ്ടെത്തി. കോവിഡ് രോഗമുക്തി നേടി ശ്വാസകോശ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയില്‍ ആയതിനു ശേഷവും ചില രോഗികള്‍ പെട്ടെന്ന് രോഗഗ്രസ്തരായി മരിക്കാറുണ്ട്. ഇതിന് പിന്നില്‍ ഇത്തരത്തില്‍ തലച്ചോറുമായി ബന്ധപ്പെട്ട വൈറസ് തോതാണെന്ന് ഗവേഷകര്‍ സംശയിക്കുന്നു. ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.14, പൗണ്ട് - 99.86, യൂറോ - 88.43, സ്വിസ് ഫ്രാങ്ക് - 82.19, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.71, ബഹറിന്‍ ദിനാര്‍ - 194.00, കുവൈത്ത് ദിനാര്‍ -241.46, ഒമാനി റിയാല്‍ - 189.95, സൗദി റിയാല്‍ - 19.50, യു.എ.ഇ ദിര്‍ഹം - 19.91, ഖത്തര്‍ റിയാല്‍ - 20.08, കനേഡിയന്‍ ഡോളര്‍ - 56.93.
➖➖➖➖➖➖➖➖

Post a comment

Whatsapp Button works on Mobile Device only