06 ജനുവരി 2021

നെയ്യാറ്റിന്‍കര കേസിൽ വഴിത്തിരിവ്; തർക്കഭൂമി വസന്തയുടേതെന്ന് റവന്യൂ വകുപ്പ്
(VISION NEWS 06 ജനുവരി 2021)


ഒഴിപ്പിക്കലിനിടെ രാജൻ– അമ്പിളി ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിനു നാടകീയമായ മറ്റൊരു വഴിത്തിരിവ്. തർക്ക വസ്തുവായ നാലുസെന്റ് പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്നു അതിയന്നൂർ വില്ലേജ് ഓഫിസ് സ്ഥിരീകരിച്ചു. തൊട്ടടുത്ത് വസന്ത താമസിക്കുന്ന വീട് അടങ്ങിയ എട്ടു സെന്റ് കൊച്ചുമകൻ എ എസ് ശരത്കുമാറിന്റെ പേരിലാണ്.നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ നിന്നു രാജനു നേരത്തെ ലഭിച്ച രേഖയിൽ ഇതേ ഭൂമി വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ എസ്. സുകുമാരൻ നായർ, കെ. കമലാക്ഷി, കെ. വിമല എന്നിവരുടെ പേരുകളിലാണ് എന്നായിരുന്നു. ഈ രേഖയുമായാണു രാജൻ നിയമ വിദഗ്ധരുടെ അഭിപ്രായം തേടിയതെന്നു കരുതുന്നു. പട്ടയം ലഭിച്ചയാൾ ഭൂമി ഉപേക്ഷിച്ചു പോയതിനാൽ, ഈ ഭൂമിയിൽ താമസിക്കാനും താലൂക്ക് ഓഫിസിൽ തന്റെ പേരിൽ പട്ടയം ലഭിക്കാൻ അപേക്ഷ നൽകാനും രാജനു നിയമോപദേശം ലഭിച്ചുവെന്നാണ് കരുതുന്നത്.‌വെൺപകൽ പോങ്ങിൽ നെട്ടത്തോട്ടം ലക്ഷം വീട് കോളനിൽ ഉടസ്ഥർക്കു പട്ടയം നൽകുന്നത് 1989ലാണ്. പത്തുവർഷത്തിനു ശേഷം മാത്രം നിയമപരമായി കൈമാറ്റം ചെയ്യാവൂ എന്ന നിബന്ധനയോടെയാണ് പട്ടയം നൽകിയത്. ആദ്യ ഉടമകൾ വിറ്റ ഭൂമി പിന്നീട് വസന്ത വിലകൊടുത്തു വാങ്ങി പട്ടയം പേരിലാക്കുകയായിരുന്നു.തെറ്റായ രേഖ നൽകിയ നെയ്യാറ്റിൻകര താലൂക്ക് ഓഫിസ് ഇതോടെ പ്രതിക്കൂട്ടിലായി. രാജൻ–അമ്പിളി ദമ്പതികളുടെ മരണത്തിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം തെറ്റായ വിവരങ്ങൾ ലഭിച്ചതു കൊണ്ടാണെന്നു വ്യക്തമാവുന്നു. ഇപ്പോൾ ലഭിച്ച ഉത്തരങ്ങൾ നേരത്തെ ലഭിച്ചിരുന്നെങ്കിൽ മറ്റൊരാളിന്റെ ഭൂമിയിൽ അച്ഛൻ താമസമാക്കില്ലായിരുന്നുവെന്നാണ് രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്.ഒഴിഞ്ഞു കിടന്ന ഭൂമിയിൽ രാജൻ ഷെഡ് നിർമിച്ചു കുടുംബത്തോടൊപ്പം താമസം തുടങ്ങിയത് ഒന്നര വർഷം മുൻപായിരുന്നു. മാസങ്ങൾക്കുശേഷം അയൽവാസിയായ വസന്ത, ഇതു തന്റെ ഭൂമിയാണെന്നവകാശപ്പെട്ട് കോടതിയെ സമീപിച്ചു. ഇതറിഞ്ഞ രാജൻ സെപ്റ്റംബർ 29ന് നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ, വസ്തുവിന്റെ വിശദാംശങ്ങൾ തേടി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകുകയായിരുന്നു. ഇതിനുള്ള മറുപടിയിലാണ് തെറ്റായ വിവരങ്ങൾ ഉണ്ടായിരുന്നത്.തെറ്റായ വിവരം നൽകിയത് ഉദ്യോഗസ്ഥരാണെന്നും നടപടി വേണമെന്നും രാജന്റെ മക്കൾ പറഞ്ഞു: ''ഞങ്ങൾ താമസിക്കുന്നത് അവകാശികളില്ലാത്ത പുറമ്പോക്കു ഭൂമിയിലെന്നാണ് അച്ഛൻ കരുതിയിരുന്നത്. ഞങ്ങളും അങ്ങനെ തന്നെ. തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്കു തള്ളി വിട്ടത്. അവരുടെ മരണങ്ങളിൽ നേരിട്ടല്ലെങ്കിലും തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. അവർക്കെതിരെയും നടപടി വേണം. സർക്കാരിന്റെ ഇതുവരെയുള്ള നടപടികളിൽ പൂർണ തൃപ്തരാണ്''.താലൂക്ക് ഓഫിസിൽ നിന്നും തെറ്റായ വിവരം വിവരാവകാശത്തിലൂടെ നൽകിയതു ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇക്കാര്യവും അന്വേഷിക്കുമെന്നും തഹസിൽദാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only