02 ജനുവരി 2021

സായാഹ്‌ന വാർത്തകൾ
(VISION NEWS 02 ജനുവരി 2021)


*സായാഹ്‌ന വാർത്തകൾ*
2021 ജനുവരി 2 | 1196 ധനു 18 | ശനി | ആയില്യം |
➖➖➖➖➖➖➖➖

🔳മധ്യപ്രദേശിലെ ഛത്തര്‍പുരില്‍ വൈദ്യുതി വിതരണ കമ്പനി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് 35-കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മുനേന്ദ്ര രജപുത് എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്. തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ ചെയ്തത്. കോവിഡിനിടയില്‍ 87000 രൂപ വൈദ്യുതി കുടിശ്ശിക ഉണ്ടായതിനെ തുടര്‍ന്ന് വൈദ്യുതി വിതരണ കമ്പനിയായ ഡിസ്‌കോം മുനേന്ദ്രയുടെ മില്ലും മോട്ടോര്‍സൈക്കിളും കണ്ടുകെട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു. *വന്‍കിട രാഷ്ട്രീയക്കാരും വ്യവസായികളും അഴിമതി നടത്തുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ല. അവര്‍ക്ക് യഥേഷ്ടം വായ്പ ലഭിക്കുന്നു. തിരിച്ചടവ് നടത്തിയില്ലെങ്കില്‍ എഴുതി തള്ളുന്നു. എന്നാല്‍ പാവപ്പെട്ടവന്‍ എടുത്ത വായ്പയ്ക്ക് തിരിച്ചടവ് മുടങ്ങിയാല്‍ എന്താണ് പ്രശ്‌നമെന്ന് പോലും സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല. പകരം അവനെ പൊതുമധ്യത്തിലിട്ട് അപമാനിക്കുന്നു* കര്‍ഷകന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

🔳കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലയില്‍നിന്നുള്ള കാഷ്മിര്‍ സിങ് (75) ആണ് മരിച്ചത്. കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

🔳കര്‍ഷകര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ജനുവരി 26 ന് മുമ്പ്  അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി കിസാന്‍ പരേഡ് നടത്തുമെന്ന മുന്നറിയിപ്പുമായി കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാരുമായി തിങ്കളാഴ്ച ചര്‍ച്ച നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കര്‍ഷകരുടെ പ്രക്ഷോഭം കടുപ്പിക്കുമെന്ന പ്രഖ്യാപനം.


🔳ട്വിറ്ററില്‍ പുതുവത്സരാശംസയുമായെത്തിയ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ആംആദ്മി പാര്‍ട്ടി. ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരു മാസത്തിലേറെയായി കര്‍ഷകര്‍ സമരം തുടരുന്നതിനിടെ വിദേശയാത്രയ്ക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാവിനെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് എഎപി പരിഹസിച്ചത്. പുതുവര്‍ഷാശംസ നേര്‍ന്ന് രാഹുല്‍ ഗാന്ധി പങ്കുവെച്ച ട്വീറ്റ് ഷെയര്‍ ചെയ്ത് 'താങ്കള്‍ മിലാനില്‍ നിന്ന് മടങ്ങിയെത്തിയോ' എന്നാണ് പരിഹാസം.

🔳പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ തിക്ഷാന്‍ സുദിന്റെ വീടിന് മുന്നില്‍ ചാണകം തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. പ്രതിഷേധത്തിന്റെ പേരില്‍ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സംഭവത്തോട് പ്രതികരിച്ചു.

🔳രാജ്യത്ത് കോവിഡ് വാക്സിന്‍ നല്‍കുക സൗജന്യമായിട്ടായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. രാജ്യത്ത് ഉപയോഗിക്കുന്ന കോവിഡ് വാക്സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്നും ഹര്‍ഷവര്‍ധന്‍. വാക്സിന്‍ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.

🔳കാര്‍ഷിക ബില്ലിനെതിരായ കേരളത്തിന്റെ പ്രമേയം കേന്ദ്രത്തിനയക്കില്ലെന്ന ഗവര്‍ണ്ണറുടെ നിലപാട് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ അത് പരിഹരിക്കുമെന്ന് മന്ത്രി വി. എസ് സുനില്‍ കുമാര്‍.  പ്രമേയം അയക്കുന്നതിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നില്ല. പ്രമേയം കേന്ദ്രത്തിനയക്കണമെന്ന് സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെടണമെങ്കില്‍ അത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

🔳മുഖ്യമന്ത്രിയുടേത് ഭരണകൂട ഫാസിസമാണെന്നും സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ലെന്നും ഓര്‍ത്തഡോക്സ് സഭ. മുഖ്യമന്ത്രിയുടെ രാഷ്ട്രീയമറുപടികള്‍ ലോക്കല്‍ പാര്‍ട്ടി ഓഫീസുകളില്‍ മതിയെന്നും ഓര്‍ത്തഡോക്സ് സഭയോട് വേണ്ടെന്നും സഭാ മാധ്യമവിഭാഗം തലവന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

🔳ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട്  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നതില്‍ നിയമതടസ്സമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം. നിയമസഭാ സമ്മേളന കാലയളവ് ഒഴിവാക്കി ചോദ്യം ചെയ്യാനാണ് നിയമോപദേശം. അതിനാല്‍ തന്നെ നിയമസഭാ സമ്മേളനം കഴിയുന്നത് വരെ കാത്തിരിക്കാനാണ് കസ്റ്റംസിന്റെ നീക്കം.

🔳നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ സിറ്റിങ് സീറ്റായ പാലാ ജോസ് വിഭാഗത്തിന് തന്നെ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അവിടെ രാജ്യസഭാംഗത്വം രാജിവച്ചെത്തുന്ന ജോസ്.കെ മാണി തന്നെ  മത്സരിക്കാനാണ്  സാധ്യത. ഇതോടെ എന്‍സിപി പൂര്‍ണമായോ ഭാഗികമായോ മുന്നണി വിടാനും  യുഡിഎഫിലെത്താനും വഴിയൊരുങ്ങി. അങ്ങനെയെങ്കില്‍ മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എന്‍സിപി ടിക്കറ്റില്‍ മത്സരിക്കുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍. 

🔳എന്‍.സി.പി ഇടതുമുന്നണി വിടില്ലെന്നും ഇപ്പോള്‍ നടക്കുന്നത്  അടിസ്ഥാനരഹിതമായ ചര്‍ച്ചയാണെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. ഇടതു മുന്നണിയില്‍ സീറ്റ് ചര്‍ച്ച നടന്നിട്ടില്ല. ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എടുക്കില്ലെന്നും എ.കെ ശശീന്ദ്രന്‍

🔳കാഞ്ഞിരപ്പള്ളിക്ക് പകരം പൂഞ്ഞാര്‍ സീറ്റ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐക്ക് നല്‍കിയുള്ള സിപിഎം ഫോര്‍മുല സിപിഐ അംഗകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. സിറ്റിങ് സീറ്റായതിനാല്‍ കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് തന്നെ നല്‍കാന്‍ സിപിഎം തത്വത്തില്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

🔳കെ.എസ്.ആര്‍.ടി.സി.യില്‍ നടന്ന ഹിതപരിശോധനയില്‍ ബി.എം.എസിന് അട്ടിമറിനേട്ടം. ഒറ്റയ്ക്ക് മത്സരിച്ച തൊഴിലാളി സംഘടനകളില്‍ സി.ഐ.ടി.യു.വിനും ബി.എം.എസിനും മാത്രമാണ് അംഗീകാരം ലഭിച്ചത്.

🔳കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. കര്‍ഷക സംഘടനകളെ ചേര്‍ത്താണ് പാര്‍ട്ടിയുടെ രൂപീകരണം. കേരള കര്‍ഷക വ്യാപാരി പാര്‍ട്ടി എന്നായിരിക്കും പാര്‍ട്ടിയുടെ പേര്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഇവരുടെ തീരുമാനം.

🔳സാമ്പത്തിക പിന്തുണയില്ലാതെ തീയറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍ . ആറാം തീയതി ചേരുന്ന ഫിലിം ചേംബര്‍ അടിയന്തര യോഗത്തിന് ശേഷം തീരുമാനമുണ്ടാകും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് തീയറ്റര്‍ സംഘടനയും ആവശ്യപ്പെട്ടു.

🔳തിരുവനന്തപുരം നാവായിക്കുളത്ത് 11 വയസുകാരനേയും 9 വയസുകാരനേയും അവരുടെ പിതാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി. നാവായിക്കുളം സ്വദേശി സഫീറിന്റെയും ഒമ്പത് വയസ്സുള്ള മകന്‍ അന്‍ഷാദിന്റെയും മൃതദേഹം കുളത്തില്‍നിന്നാണ് കണ്ടെടുത്തത്. സഫീറിന്റെ മൂത്ത മകന്‍ അല്‍ത്താഫിനെ വീട്ടിനുള്ളില്‍ കഴുത്തറത്ത നിലയിലും കണ്ടെത്തി. മൂത്ത മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇളയ മകനുമായി സഫീര്‍ കുളത്തില്‍ ചാടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. കുടുംബപ്രശ്നങ്ങളാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു. സഫീറും ഭാര്യയും നിലവില്‍ അകന്നുകഴിയുകയാണ്.

🔳 സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ദിവസവേതനക്കാരായ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം. കഴിഞ്ഞദിവസം കോഴിക്കോട് സര്‍വകലാശാലയില്‍ 35 പേരെ സ്ഥിരപ്പെടുത്താന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു.ഇവരുടെ കൂട്ടത്തില്‍ സ്വന്തം ഡ്രൈവര്‍ കൂടിയുള്ളതിനാല്‍ ചട്ടവിരുദ്ധ സ്ഥിരപ്പെടുത്തല്‍ വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയായിരുന്നുവെന്ന ആക്ഷേപവുമുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പിന്നാലെ കേരള സര്‍വകലാശാലയിലും സംസ്‌കൃത സര്‍വകലാശാലയിലും കൊച്ചി സര്‍വകലാശാലയിലും കാര്‍ഷിക സര്‍വകലാശാലയിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.  

🔳ജനുവരി 6 ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന  മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

🔳കോവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ആഗോള നേതാക്കള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് സര്‍വേ. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ മോര്‍ണിങ് കണ്‍സള്‍ട്ട് നടത്തിയ സര്‍വേയിലാണ് മോദിക്ക് അംഗീകാരം. 

🔳മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബൂട്ടാ സിങ് (86) അന്തരിച്ചു. അകാലിദളിലായിരുന്ന ബൂട്ടാ സിങ് 1960-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1962-ല്‍ മൂന്നാം ലോക്‌സഭയിലേക്ക് സാധ്‌ന മണ്ഡലത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രിസ്ഥാനമടക്കമുള്ള നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

🔳ഒരാള്‍ ഹിന്ദുവാണെങ്കില്‍ അവന്‍ ദേശസ്നേഹിയായിരിക്കുമെന്നും അതായിരിക്കും അവന്റെ അടിസ്ഥാന സ്വഭാവമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ദേശസ്നേഹം ഉത്ഭവിക്കുന്നത് അവന്റെ ധര്‍മ്മത്തില്‍ നിന്നാണെന്ന മഹാത്മാഗാന്ധിയുടെ പരാമര്‍ശം ഉദ്ധരിച്ചുകൊണ്ടായിരുന്നു ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവന.

🔳കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ പത്ത് കോടി ഡോസുകള്‍ക്കുള്ള ചെലവ് പി എം കെയെര്‍സ് ഫണ്ടില്‍ നിന്നായിരിക്കും. കോവിഷീല്‍ഡ് വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയാല്‍ ഉടന്‍ പത്ത് കോടി ഡോസുകള്‍ക്കുള്ള ഓര്‍ഡര്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.
 
🔳ബോളിവുഡ് നടി കങ്കണ റണൗട്ട് കെട്ടിട നിര്‍മാണച്ചട്ടം ലംഘിച്ചെന്ന് ദിന്‍ദോഷി സിവില്‍ കോടതി. കോര്‍പ്പറേഷന്‍ അംഗീകരിച്ച ഫ്‌ളാറ്റിന്റെ പ്ലാനില്‍ മാറ്റം വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. മുംബൈ കോര്‍പ്പറേഷന്റെ നോട്ടീസിനെതിരേ കങ്കണ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി പരാമര്‍ശം. ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ നോട്ടീസില്‍ തെറ്റായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി.

🔳നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ഗുഡ് ലാന്റ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആന്‍ജിയോ പ്ലാസ്റ്റി നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

🔳2020-ലെ മികച്ച ഇന്ത്യന്‍ ചെസ് താരമായി നിഹാല്‍ സരിനെ ചെസ് ഡോട്ട് കോം തിരഞ്ഞെടുത്തു.  ചെസ് ഒളിമ്പ്യാഡില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണം നേടിയ ഈ വര്‍ഷത്തെ ഇന്ത്യന്‍ ടീം അംഗവും ഏഷ്യന്‍ നേഷന്‍സ് കപ്പില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമംഗവുമാണ് പതിനാറുകാരനായ നിഹാല്‍. കൊനേരു ഹംപിയെ മികച്ച വനിതാ താരമായി. തൃശ്ശൂര്‍ ദേവമാതാ സി.എം.ഐ. പബ്ലിക് സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നിഹാല്‍.

🔳ആദ്യജയം സമ്മാനിച്ച ആത്മവിശ്വാസത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കരുത്തര്‍ക്കെതിരേ. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്.സി.യാണ് കേരള ടീമിന്റെ എതിരാളി. മത്സരം ഇന്ന് രാത്രി 7.30 മുതല്‍.

🔳വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡിന്റെ ഓഹരികള്‍ 4.2 ശതമാനം ഉയര്‍ന്ന് ബിഎസ്ഇയില്‍ 99.45 രൂപയിലെത്തി. ഡിസംബറിലെ മൊത്തം വില്‍പ്പന 14 ശതമാനം ഉയര്‍ന്ന് 12,762 യൂണിറ്റായി. ഇടത്തരം, ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍  ട്രക്ക് വില്‍പ്പന 58 ശതമാനം ഉയര്‍ന്ന് 6,235 യൂണിറ്റായി. എം ആന്റ് എച്ച്‌സിവി ബസ് വില്‍പ്പന 79 ശതമാനം ഇടിഞ്ഞ് 649 യൂണിറ്റായി. വാണിജ്യ വാഹന വില്‍പ്പന 42 ശതമാനം ഉയര്‍ന്ന് 5,682 യൂണിറ്റിലെത്തി.

🔳മഹീന്ദ്ര-ഫോഡ് കൂട്ടുകെട്ടില്‍ പുത്തന്‍ വാഹനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന വാഹനപ്രേമികളെ നിരാശരാക്കി ഇരുകമ്പനികളും കൂട്ടുകച്ചവടത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2019 ഒക്ടോബര്‍ ഒന്നിനാണ് മഹീന്ദ്ര-ഫോഡ് പങ്കാളിത്തം ഔദ്യോഗികമായി ഒപ്പിട്ടത്. പുതിയ കമ്പനിയില്‍ മഹീന്ദ്രയ്ക്ക് 51 ശതമാനം ഓഹരിയും ഫോഡിന് 49 ശതമാനം ഓഹരിയും എന്നതായിരുന്നു ധാരണ. ഡിസംബര്‍ 31 ന് ഇരു കമ്പനികളും തമ്മിലുളള കരാറിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇത് പുതുക്കുന്നില്ല എന്നതാണ് ഫോഡിന്റെ തീരുമാനം.

🔳ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഈ വര്‍ഷം മാര്‍ച്ച് 21 ന് ചിത്രം തിയ്യറ്ററുകളിലെത്തും.  സംസ്ഥാനത്ത് തിയ്യറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് മരക്കാറിന്റെ റിലീസ് തിയ്യതി നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് പ്രഖ്യാപിച്ചത്. അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, മധു, അര്‍ജുന്‍ സര്‍ജ, ഫാസില്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്
തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

🔳ഉണ്ണി ആറിന്റെ കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനായി 2015ല്‍ പുറത്തെത്തിയ ചിത്രമാണ് 'ചാര്‍ലി'. തീയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്റെ മറാത്തി റീമേക്ക് നേരത്തെ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റീമേക്കും റിലീസിന് ഒരുങ്ങുന്നു. 'മാര' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. മലയാളത്തില്‍ ദുല്‍ഖറും പാര്‍വ്വതിയും അവതരിപ്പിച്ച കഥാപാത്രങ്ങളായി എത്തുന്നത് മാധവനും ശ്രദ്ധ ശ്രീനാഥുമാണ്. അപര്‍ണ ഗോപിനാഥിന്റെ കഥാപാത്രമായി ശിവദയും കല്‍പ്പനയ്ക്കു പകരം അഭിരാമിയും എത്തുന്നു. മാലാ പാര്‍വ്വതി, സീമ, കിഷോര്‍, അലക്സാണ്ടര്‍ ബാബു, മൗലി എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ അള്‍ട്രോസിന്റെ ടര്‍ബോ പതിപ്പും എത്താന്‍ ഒരുങ്ങുകയാണ്. ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ടാറ്റ ആള്‍ട്രോസ് ടര്‍ബോ എഞ്ചിന്‍ മോഡല്‍ അവതരിപ്പിച്ചിരുന്നു.  ഈ മാസം 13-ന് നിരത്തുകളില്‍ എത്തുന്ന വാഹനത്തിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ടു. ബ്ലു ആന്‍ഡ് ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള വാഹനമാണ് 10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. മുമ്പ് നിരത്തുകളില്‍ എത്തിയിട്ടുള്ള അള്‍ട്രോസിന്റെ ഡിസൈനില്‍ തന്നെയാണ് ടര്‍ബോ പതിപ്പും എത്തുന്നത്ത്. ടര്‍ബോ ബാഡ്ജിങ്ങ് മാത്രമാണ് ഈ വാഹനത്തില്‍ പുറം മോടിയില്‍ അധികമായിട്ടുള്ളത്.

🔳കൗമാരക്കാരെ വിജയകരമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനും ഭാവിയില്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികളെ നേരിടുന്നതിനും തയ്യാറാകാന്‍ സഹായിക്കുന്ന ഗ്രന്ഥം. ജീവിതത്തില്‍ സുഖവും സേന്താഷവും വിജയവും കൈവരിക്കാന്‍ കൗമാരമനസ്സുകളെ പ്രചോദിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ ലക്ഷ്യമിടുന്നത്. 'വിജയകരമായ ജീവിതത്തിന് കൗമാരക്കാരെ പ്രാപ്തരാക്കാം'. ദേവേന്ദ്ര അഘോചിയ. ഡിസി ബുക്സ്. വില 325 രൂപ.

🔳യുകെയില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധരുടെ സംഘം. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാറിലാണ് ദില്ലി എയിംസ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ വിഷയത്തെ അധികരിച്ച് സംസാരിച്ചത്.  ഇന്ത്യയില്‍ ഇതുവരെ 25 പേരിലാണ് യുകെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെല്ലാം തന്നെ മാനദണ്ഡങ്ങളനുസരിച്ച് ഐസൊലേഷനിലാണുള്ളത്. തീര്‍ച്ചയായും ഈ വൈറസിന്റെ വ്യാപനം തടയേണ്ടതുണ്ട്, അതേസമയം വലിയ തോതിലുള്ള ആശങ്ക ഇതെച്ചൊല്ലി ആവശ്യമില്ല- ഡോക്ടര്‍മാരുടെ സംഘം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള യുകെ വൈറസ് രോഗം തീവ്രമാക്കാന്‍ കഴിവുള്ള രോഗകാരിയല്ല. അങ്ങനെ തെളിയിക്കുന്ന ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. അതിനാല്‍ തന്നെ വലിയ ആശങ്ക വേണ്ടതില്ല. ഇതിനെതിരെ വാക്‌സിന്‍ ഫലപ്രദമായിരിക്കില്ല എന്ന പ്രചാരണങ്ങളും വിശ്വസിക്കരുത്. അങ്ങനെയൊരു മുന്‍വിധിയിലേക്ക് നാമിപ്പോള്‍ എത്തേണ്ടതില്ല. അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ ഇനിയും കൃത്യമായി പാലിക്കേണ്ടതുണ്ട്. ഇന്ത്യയെ സംബന്ധിച്ച് വലിയൊരു വിഭാഗം കൊവിഡ് 19നെതിരെ ഇമ്മ്യൂണിറ്റി ആര്‍ജ്ജിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് ഇതിനുദാഹരണമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 73.09, പൗണ്ട് - 99.94, യൂറോ - 88.70, സ്വിസ് ഫ്രാങ്ക് - 82.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.17, ബഹറിന്‍ ദിനാര്‍ - 193.88, കുവൈത്ത് ദിനാര്‍ -240.33, ഒമാനി റിയാല്‍ - 189.87, സൗദി റിയാല്‍ - 19.49, യു.എ.ഇ ദിര്‍ഹം - 19.89, ഖത്തര്‍ റിയാല്‍ - 19.90, കനേഡിയന്‍ ഡോളര്‍ - 57.42.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only