22 ജനുവരി 2021

തിരുവല്ലയില്‍ കെഎസ്‌ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി രണ്ട് മരണം
(VISION NEWS 22 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പത്തനംതിട്ട :
തിരുവല്ല പെരുന്തുരുത്തിയില്‍ കെഎസ്‌ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രികരായ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. വൈകീട്ട് 4.15 ഓടെയായിരുന്നു അപകടം.

ചങ്ങനാശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് തൊട്ടുമുന്നില്‍ സഞ്ചരിചിരുന്ന ഇരുചക്ര വാഹനത്തെ ഇടിച്ച ശേഷം നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഇരു ചക്ര വാഹനങ്ങളും കാറും ഇടിച്ചു തെറിപ്പിച്ചാണ് കടയിലേക്ക് ഇടിച്ചു കയറിയത്.

ബൈക്ക് യാത്രികനായിരുന്ന ചെങ്ങന്നുര്‍ പിരളശേരി ആഞ്ഞിലം പറമ്ബില്‍ ജയിംസ് ചാക്കോയും ഇദേഹത്തിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സ്ത്രീയുമാണ് മരിച്ചത്.

ഗുരുതരമായ പരുക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പരുക്കേറ്റ 14 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് കോട്ടയം-തിരുവല്ല പാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only